Joy of Love in Family
സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് അനാരോഗ്യകരമായ ചർച്ചകളും വാഗ്വാദങ്ങളും നമുക്ക് ചുറ്റും ഉയർന്നു വരുന്നു . പുരുഷന്മാരെ തോൽപ്പിക്കാനും, മികച്ചവർ ഞങ്ങളാണെന്ന് തെളിയിക്കാനുള്ള ചില പ്രവണതകളും കണ്ടുവരുന്നു. ഇതിനുപിന്നിൽ പുരുഷ മേധാവിത്തത്തിന്റെ ഫലമായി അടിച്ചമർത്തപ്പെട്ടവരായി ഒരു കാലത്ത് കഴിഞ്ഞിരുന്ന സ്ത്രീ സമൂഹം ഏത് വിധേനയും പുരുഷന്മാരെ ചവിട്ടിത്താഴ്ത്താൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത് കാണാനാകും. ഇവിടെ സ്ത്രീ - പുരുഷ സമത്വത്തെ കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം എന്താണെന്ന് മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം.
* ബൈബിളിന്റെ വെളിച്ചത്തിൽ സൃഷ്ടിയിലെ തുല്യത:
ഉല്പത്തി പുസ്തകത്തിൽ (1 : 27 ) മനുഷ്യനെ ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്ടിച്ചപ്പോൾ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു 'എന്ന് കാണുന്നു. ഇത് സ്ത്രീയും പുരുഷനും ദൈവത്തിനു മുമ്പിൽ സമന്മാരാണ് എന്ന് കാണിക്കുന്നു.
* പരസ്പര പൂരകത്വം
ആദത്തിന് ഒരു തുണയും ഇണയുമായി ഹവ്വായേ ( ഉല്പത്തി 2 : 18 ) സൃഷ്ടിച്ചത്, സ്ത്രീ പുരുഷന് താഴെയാണെന്ന അർത്ഥത്തിലല്ല, മറിച്ച് പരസ്പരം താങ്ങും തണലുമായി വർത്തിക്കാനുള്ള തുല്യ പങ്കാളിത്തത്തിന്റെ സൂചനയാണ് . മനുഷ്യബന്ധങ്ങളിലെ ഏറ്റവും മനോഹരമായ ബന്ധം , തുല്യതയാർന്ന ബന്ധം.
*യേശുവിന്റെ സമീപനം
യേശുവിന്റെ കാലഘട്ടത്തിലും അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി യേശു സ്ത്രീകളോട് സംസാരിക്കാനും അവരെ ശിഷ്യഗണത്തിൽ ഉൾപ്പെടുത്താനും തയ്യാറായി.(ഗലാത്തിയ 3: 28) " യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ ആണെന്നോ പെണ്ണെന്നോ ഇല്ല: നിങ്ങൾ എല്ലാവരും ക്രിസ്തുവിൽ ഒന്നാകുന്നു" എന്ന വചനം ആത്മീയവും വ്യക്തിപരവുമായ പൂർണ മഹത്വത്തെ എടുത്ത് കാണിക്കുന്നു.
*ആധുനിക കാലഘട്ടത്തിന്റെ കാഴ്ചപ്പാട്
ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം,സ്വത്തവകാശം എന്നിവയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കണമെന്ന് ആധുനിക സമൂഹം ഉറപ്പാക്കുന്നു. ലിംഗ ഭേദമില്ലാതെ ഓരോ വ്യക്തിക്കും സ്വന്തം തീരുമാനങ്ങൾ എടുക്കാനും, സുരക്ഷിതത്വത്തോടെ ജീവിക്കാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. വീട്ടു ജോലികളിലും,കുട്ടികളെ വളർത്തലും, വരുമാനം ഉണ്ടാക്കലും സ്ത്രീ പുരുഷ ഭേദമില്ലാതെ പങ്കുവെക്കേണ്ട ഉത്തരവാദിത്തങ്ങൾ ആയി ആധുനിക സമൂഹം കാണുന്നു.
*പ്രതിബന്ധങ്ങളും മുന്നേറ്റവും
നിയമപരമായി വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വേതനത്തിലെ അസമത്വം, സാമൂഹിക മുൻവിധികൾ, ലൈംഗിക ചൂഷണം, ഇന്നും നിലനിൽക്കുന്ന പഴഞ്ചൻ പുരുഷമേധാവിത്വ പ്രവണതകൾ, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവ ഇന്നും പൂർണമായി മാറിയിട്ടില്ല എന്ന യാഥാർത്ഥ്യവും ആധുനിക ചർച്ചകളിൽ സജീവമാണ്.
'എന്താണ് അമ്മ പാത്രം കഴുകാൻ ചേട്ടനോട് പറയാത്തത് '
എന്ന പെൺമക്കളുടെ ചോദ്യം സ്ത്രീസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ സ്ത്രീ ശബ്ദമാണ് . സ്ത്രീയും പുരുഷനും തുല്യരാണ് എന്ന ബോധത്തിൽ മക്കൾ വളരേണ്ട നല്ല ഇടം കുടുംബം തന്നെയാണ്. കുടുംബത്തിൽ നിന്നാണ് പരസ്പര ബഹുമാനവും സ്നേഹവും സ്ത്രീ പുരുഷന്മാർക്കിടയിൽ ഉണ്ടാകേണ്ടത്. സ്ത്രീകളാണ് അടുക്കളയിൽ പണിയെടുക്കേണ്ടത് , സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് തുടങ്ങി പഴഞ്ചൻ ചിന്താഗതികളുടെ അവശിഷ്ടഭാഗം ഇന്നത്തെ ചില കുടുംബങ്ങളിലും ചില മനുഷ്യരുടെ ചിന്താഗതികളിലും നിലനിൽക്കുന്നുണ്ട്. ആൺമക്കളെ അമിതമായി ലാളിച്ച് വീട്ടിലെ പണിയൊന്നും എടുപ്പിക്കാതെ വഷളാക്കുന്ന ചില ന്യൂജൻ അമ്മമാരെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തറയിൽ പിതാവ് ശക്തമായി പറഞ്ഞത് ഓർക്കുന്നു. സ്ത്രീസമത്വത്തെക്കുറിച്ച് പറയേണ്ടിവരുന്ന ചില സാഹചര്യങ്ങൾ, ചില സ്ത്രീജനങ്ങൾ തന്നെ സൃഷ്ടിച്ചെടുത്തതാണെന്നത് വലിയ വിരോധാഭാസം തന്നെ... കുഞ്ഞിനാൾ മുതൽ ഈ സമത്വബോധം കുഞ്ഞിന്റെ ഉള്ളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ബോധപൂർവ്വം ശ്രമിക്കണം.
ആൺകുട്ടികളെയും പെൺകുട്ടികളെയും വീട്ടിലെ ജോലികൾ ചെയ്യാനും മറ്റും ഉത്തരവാദിത്വങ്ങളിൽ ആയാലും തുല്യപങ്കാളിത്തത്തോടെ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുന്ന ചില വിവേകമതികളായ അമ്മമാരെ കുറിച്ച് ഈ അവസരത്തിൽ ഓർമ്മവരുന്നു. അവർ സ്ത്രീപുരുഷ സമത്വത്തെ കുറിച്ചുള്ള കൃത്യമായ ബോധം പുതിയ തലമുറയ്ക്ക് കൈമാറുന്നു.
എന്റെ വീട്ടിൽ അമ്മയെ അടുക്കളയിൽ സഹായിക്കുന്ന അപ്പനെ കണ്ടു വളർന്നതാകണം.... അടുക്കള ജോലിയിലും മറ്റും എന്റെ ജീവിതപങ്കാളിയെ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന ബോധ്യം ഞങ്ങളുടെ കുടുംബജീവിതത്തിലെ കൂടുതലായുള്ള സ്നേഹത്തിനും കൂട്ടായ്മയ്ക്കും കെട്ടുറപ്പിനും കാരണമാകുന്നു .
ചുരുക്കത്തിൽ ദൈവികസൃഷ്ടിയിലെ തുല്യതയും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കുന്ന ബൈബിൾ കാഴ്ചപ്പാടുകളും തുല്യവകാശങ്ങളും അവസരങ്ങളും ലക്ഷ്യമാക്കുന്ന ആധുനിക കാഴ്ചപ്പാടും മനുഷ്യന്റെ അന്തസ്സിനും നീതിക്കും തന്നെയാണ് പ്രാധാന്യം നൽകുന്നത്.
"സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയുടെ തുല്യ അവകാശിനി എന്ന നിലയിൽ അവളോട് ബഹുമാനം കാണിക്കുവിൻ" 1 പത്രോസ് 3 : 7
"ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍."
എഫേസോസ് 5 : 21