Joy of Love in Family
കത്തോലിക്ക സഭയിലെ കുടുംബങ്ങളിൽ സ്ത്രീ പുരുഷ സമത്വം എന്നത് വെറുമൊരു ആധുനിക ആശയമല്ല, മറിച്ച് ക്രിസ്തീയ ദാമ്പത്യത്തിന്റെ അടിസ്ഥാനപരമായ ആത്മീയ യാഥാർത്ഥ്യമാണ്. ഉല്പത്തി പുസ്തകത്തിൽ ദൈവം ആദത്തിനു ചേർന്ന ഇണയായി ഹവ്വായെ നൽകിയത് പോലെ കുടുംബ ജീവിതത്തിന്റെ തുടക്കത്തിൽ പുരുഷനും സ്ത്രീയും ക്രിസ്തുവും തമ്മിലുള്ള വിവാഹത്തിലൂടെ കുടുംബത്തെ സ്ഥാപിക്കുന്നു. സ്ത്രീയും പുരുഷനും തുല്യമായ ഉത്തരവാദിതത്തിലൂടെ വിവാഹജീവിതം ആരംഭിക്കുമ്പോൾ ആ കുടുംബത്തിന്റെ മനോഹാരിത കൂടുന്നു. * ഭർത്താവും ഭാര്യയും ദൈവത്തിന്റെ മുമ്പിൽ തുല്യ അന്തസ്സുള്ള വ്യക്തികളാണ്. പരസ്പരമുള്ള ബന്ധത്തിൽ ഒരാൾ മറ്റൊരാളുടെ യജമാനനോ കീഴ്പ്പെട്ടവളോ അല്ല. വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രബോധനം അനുസരിച്ച് ക്രിസ്തുവിനോടുള്ള ബഹുമാനത്താൽ പരസ്പരം കീഴ്പ്പെട്ടിരിക്കുന്നു.
* കത്തോലിക്കാ കുടുംബങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഭാര്യാ ഭർത്താക്കന്മാർ തുല്യ പങ്കാളികളാണ്. കുടുംബ ബജറ്റ് തയ്യാറാക്കുന്നതിലും, മക്കളുടെ വിദ്യാഭ്യാസം, ഭവനം നിർമ്മിക്കൽ തുടങ്ങിയ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിലും, വീട്ടിലെ ജോലികളിൽ പരസ്പരം സഹായിച്ചും ചുമതലകൾ പങ്കുവെച്ചും മുന്നോട്ടുപോകുന്ന ശൈലികൾ കത്തോലിക്കാ കുടുംബങ്ങളിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
* മക്കളുടെ ആത്മീയവും ധാർമികവുമായ വളർച്ചയിൽ അപ്പനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വമുണ്ട്... ഒരു അമ്മ കുട്ടികൾക്ക് പ്രാർത്ഥനയും സ്നേഹവും നൽകുമ്പോൾ അപ്പൻ സംരക്ഷണവും വിശ്വാസപരമായ ഉറപ്പും നൽകുന്നു. കുടുംബ പ്രാർത്ഥനയും, കുടുംബം ഒത്തുള്ള വിശുദ്ധബലി അർപ്പണവും കുടുംബങ്ങളുടെ ആത്മീയ വളർച്ചയിൽ ഇരുവരും തുല്യതയോടെ മാതൃകയാകുന്നു .
സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും അവർക്ക് വ്യത്യസ്തമായ കഴിവുകളും സ്വഭാവവിശേഷങ്ങളുമാണ് ഉള്ളത്. ഒരാളുടെ കുറവുകളെ മറ്റൊരാൾ തന്റെ കഴിവുകൾ കൊണ്ട് നികത്തുന്നു. ഈ സവിശേഷത കുടുംബത്തിന് സുരക്ഷിതത്വവും സന്തുലിതാവസ്ഥയും നൽകുന്നു. "1 കൊറി 7:14 ഭാര്യയുടെയും ഭർത്താവിന്റെയും വിശുദ്ധീകരണത്തിൽ ഇരുവരുടെയും തുല്യപങ്കാളിത്തത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
ക്രിസ്തുവിന്റെ സ്നേഹത്തെയും ത്യാഗത്തെയും മാതൃകയാക്കിക്കൊണ്ട് പരസ്പരം താങ്ങും തണലുമായി ജീവിക്കുന്നവരായി കത്തോലിക്ക സഭയിൽ കുടുംബം പണിയാം.......
ടോംസി മനോജ്
കത്തോലിക്ക വിവാഹം ഒരു ഉടമ്പടിയാണ് കരാറല്ല എന്ന തിരിച്ചറിവ് അടിത്തറയാക്കി ജീവിക്കുന്ന സ്ത്രീ പുരുഷൻമാക്ക് മാത്രമെ സ്ത്രീ പുരുഷ സമത്വം എന്താണ് എന്ന് വിശദമാക്കി അവതരിപ്പിക്കാനാകൂ; അല്ലെങ്കിൽ അതിൻ്റെ അകക്കാമ്പ് വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശ്യമാകും.
അതായത് ഈ വിവാഹ ബന്ധം എന്നത് ഇഷ്ടം കൊണ്ട് തുടങ്ങി, തീരുമാനം കൊണ്ട് മുന്നോട്ട് പോയി, കൃപകൊണ്ട് അവസാനം വരെ എത്തുന്ന ഒരു യാത്രയാണ്.
അതിനാൽ ഈ വിവാഹത്തിലെ സമത്വം എന്നത് ഓഫീസും അടുക്കളയും ഒരുപോലെ എന്നതിനേക്കാൾ പരസ്പരം മനസ്സിലാക്കി ദൈവ ഛായയിൽ സൃഷ്ടിക്കപ്പെട്ട നമ്മൾ ദൈവൈക്യത്തിൽ തുല്യരാണെങ്കിലും ദൗത്യത്തിൽ വിഭിന്നരാണ് എന്ന തിരിച്ചറിവാണ്.
ചുരുക്കത്തിൽ :- കത്തോലിക്ക വിവാഹത്തിലെ സമത്വം ( തുല്യമായ അവസ്ഥ) - ഭാര്യ ഭർത്താവിനെപ്പോലെയാകുക എന്നല്ല അതുപോലെ ഭർത്താവ് ഭാര്യയെപ്പോലെ ആകുക എന്നുമല്ല രണ്ടുപേരും ക്രിസ്തുവിനെപ്പോലെയാകുക എന്നതാണ്.
ഡാർവിൻ ഫ്രാൻസീസ് & ലിസ് മോൾ
"ആദിമ ക്രൈസ്തവരെ പോലെ വിശ്വാസമുള്ള, പ്രാർത്ഥിക്കുന്ന, സ്നേഹിക്കുന്ന സമൂഹങ്ങളായി ജീവിക്കുവാൻ ചെറിയ സമൂഹങ്ങൾ വിശ്വാസികളെ സഹായിക്കുന്നു . സ്നേഹ സംസ്കാരത്തിന്റെ പ്രകാശമായ പുതിയൊരു സമൂഹത്തെ പടുത്തുയർത്തുന്നതിനുള്ള സുദൃഢമായ ആരംഭമാണിത്." ജോൺപോൾ രണ്ടാമൻ (ഏഷ്യയിലെ സഭ No. 25)
ലോകവും മനുഷ്യരും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മാറ്റം മാത്രമാണ് സ്ഥിരമായിട്ടുള്ളത് എന്ന് നമുക്കറിയാം. എന്നാൽ എല്ലാ മാറ്റവും നല്ലതാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ഉത്തരം പറയേണ്ടിവരും. ഈ കാലഘട്ടത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ നമ്മുടെ ചിന്തകൾക്ക് അതീതമാണ്. അത്രമാത്രം വെല്ലുവിളികൾ നിറഞ്ഞതായി കുടുംബങ്ങൾ മാറിയിരിക്കുന്നു. കാരണങ്ങൾ പലതായിരിക്കാം, എങ്കിലും കുടുംബങ്ങൾ തകരുന്നത് കണ്ടുനിൽക്കാൻ സാധ്യമല്ല.
ഒറ്റയ്ക്ക് നിന്ന് ഈ വെല്ലുവിളികൾ നേരിടാൻ സാധിക്കുമോ? 'സാധ്യമല്ല' എന്ന് പറയേണ്ടിവരും. അവിടെയാണ് കുടുംബപ്രേക്ഷിത സമൂഹങ്ങളുടെ പ്രാധാന്യം. കുടുംബങ്ങൾ ദൈവ സാന്നിദ്ധ്യത്തിൽ ഒരുമിച്ച് വരുകയും, ദൈവത്തെ ആരാധിക്കുകയും, തങ്ങൾ കടന്നുപോകുന്ന അവസ്ഥകൾ പങ്കുവെക്കുകയും, വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന സമയം ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തങ്ങൾ മാത്രമല്ല ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് എന്നറിയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം അത് ചെറുതല്ല.
ആദ്യകാലങ്ങളിൽ സഭ വളർന്നത് ഈ ചെറു സമൂഹങ്ങളിലൂടെ ആയിരുന്നു. ഒരുമിച്ച് നിന്ന്, ഒരുമിച്ച് പ്രാർത്ഥിച്ച്, ഒരുമിച്ച് മുന്നേറാൻ സർവ്വശക്തൻ നമ്മെ സഹായിക്കട്ടെ.........
സിത്താർ പനംകുളം & റെൻസി സിത്താർ
ലോഫ് സെക്രട്ടറി ദമ്പതികൾ