Page 2

LOAF TIDINGS

Joy of Love in Family

Director's Message

ക്രിസ്തുവില്‍ തുല്യരായ ദമ്പതികള്‍

Story Image

കത്തോലിക്കാ വിവാഹത്തിൽ പുരുഷനും സ്ത്രീയും ദൈവത്തിന്റെ ശായയിലും സാദൃശ്യത്തിലും സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരെന്ന നിലയിൽ തുല്യമായ മഹത്വവും അന്തസ്സും അവകാശങ്ങളും ഉള്ളവരാണ്. കുടുംബത്തിന്റെ തീരുമാനങ്ങളിലും ഉത്തരവാദിത്വങ്ങളിലും മക്കളുടെ വളർച്ചയിലും ഇരുവർക്കും തുല്യ പങ്കാളിത്തമുണ്ട്. ആധിപത്യത്തിന്റെയല്ല, മറിച്ച് പരസ്പര സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ്മയാണ് കത്തോലിക്കാ വിവാഹം. ഭർത്താവ് ഭാര്യയ്ക്കു മുകളിലോ ഭാര്യ ഭർത്താവിനു താഴെയോ അല്ല. ഇരുവരും ക്രിസ്തുവിൽ ഒന്നായി, തുല്യമായ അന്തസ്സോടും ഉത്തരവാദിത്വത്തോടും കൂടി വിശുദ്ധ കുടുംബം കെട്ടിപ്പടുക്കാൻ വിളിക്കപ്പെട്ടവരാണ്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ Mulieris Dignitatem എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പുരുഷന്റെയും സ്ത്രീയുടെയും തുല്യമായ അന്തസ്സിനെക്കുറിച്ച് ശക്തമായി പഠിപ്പിച്ചു. അദ്ദേഹത്തിന്റെ Familiaris Consortio എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ദമ്പതികളുടെ വ്യത്യസ്തമായ കഴിവുകളും സവിശേഷതകളും പരസ്പരം പൂരകങ്ങളാകണമെന്നും; ഒരിക്കലും അസമത്വത്തിന് കാരണമാകരുതെന്നും മാർപാപ്പ വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പ തന്റെ Amoris Laetitia (2016) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ സ്ത്രീകൾക്കെതിരായ എല്ലാതരം അന്യായമായ വിവേചനങ്ങളെയും ശക്തമായി വിമർശിച്ചു. വിവാഹത്തിലെ സ്നേഹം ഭാര്യയുടെയും ഭർത്താവിന്റെയും അന്തസ്സും സ്വാതന്ത്ര്യവും പരസ്പരം മാനിക്കപ്പെടുന്ന ബന്ധമായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. 2008-ൽ Woman and Man: The Humanum in Its Entirety എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പുരുഷനും സ്ത്രീയും പരസ്പരം പൂരകങ്ങളായി സൃഷ്ടിക്കപ്പെട്ടവരാണെന്നും അവരുടെ വ്യത്യാസങ്ങൾ മത്സരത്തിനുള്ള കാരണമല്ല, മറിച്ച് പരസ്പര വളർച്ചയ്ക്കും സമ്പന്നതയ്ക്കും വേണ്ടിയുള്ള ദൈവിക ദാനങ്ങളാണ് പഠിപ്പിച്ചു.

ചുരുക്കത്തിൽ ദൈവത്തിന്റെ മുമ്പിൽ ഭർത്താവിനും ഭാര്യയ്ക്കും തുല്യമായ വ്യക്തിമഹത്വവും അന്തസ്സുമുണ്ട്. ഒരാൾ മറ്റൊരാളെ ഭരിക്കുകയോ അപമാനിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. പരസ്പര ബഹുമാനം വിവാഹജീവിതത്തിന്റെ അടിസ്ഥാനമായിരിക്കണം. കുടുംബത്തിലെ തീരുമാനങ്ങളിലും ഉത്തരവാദിത്വങ്ങളിലും മക്കളുടെ വളർത്തലിലും ഭർത്താവും ഭാര്യയും ഒരുപോലെ പങ്കാളികളാകണം. വ്യക്തിപരമായ വളർച്ചയിലും തൊഴിൽപരമായ മുന്നേറ്റത്തിലും ആത്മീയജീവിതത്തിലും ഇരുവരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. വിശ്വസ്തതയിലും ത്യാഗത്തിലും പരസ്പര സമർപ്പണത്തിലും അധിഷ്ഠിതമായ സ്നേഹത്തിൽ ജീവിക്കാൻ ഇരുവരും വിളിക്കപ്പെട്ടിരിക്കുന്നു.

Story Image

 ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി,

ഡയറക്ടർ, ലോഫ്.

From the President's Desk

സ്ത്രീ - പുരുഷ സമത്വം കത്തോലിക്കാ വിവാഹത്തിൽ

കുടുംബം ദൈവത്തിന്റെ സൃഷ്ടി പരമായ പദ്ധതിയിലെ ഏറ്റവും മനോഹരമായ സ്ഥാപനമാണ് . സ്നേഹത്തിലും വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ടിതമായ കുടുംബ ജീവിതമാണ് ദൈവം മനുഷ്യനു വേണ്ടി വിഭാവനം ചെയ്തത്. സ്ത്രീയും പുരുഷനും ദൈവ ത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാൽ ഇരുവരും തുല്യമായ അന്തസ്സും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ളവരാണ് .

കത്തോലിക്കാ കുടുംബ ജീവിതത്തിൽ സ്ത്രീ-പുരുഷ സമത്വം എന്നത് സ്ത്രീയും പുരുഷനും എല്ലാ കാര്യങ്ങളിലും ഒരുപോലെ ആയിരിക്കണമെന്നല്ല, മറിച്ച് വ്യത്യസ്തമായ കഴിവുകളും പ്രത്യേകതകളും ഉളളവരവായിരിക്കുമ്പോഴും ഒരേ അന്തസ്സോടെയും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ജീവി ക്കണമെന്നതാണ്. കുടുംബത്തിൽ ആരും മറ്റൊരാളുടെ മുകളിലോ താഴെയോ അല്ല. ഇരുവരും പരസ്പരം താങ്ങും തണലുമായി മാറേണ്ടവരാണ്.

1. സൃഷ്ടിയുടെ അടിസ്ഥാനത്തിലുള്ള സ്ത്രീ-പുരുഷ സമത്വം

വിശുദ്ധ ഗ്രന്ഥം ഉത്പത്തി പുസ്തകം1:27ൽ ഇപ്രകാരം പറയുന്നു "ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു. പുരുഷനും സ്ത്രീയുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു."

ഈ വചനം സ്ത്രീക്കും പുരുഷനും ഒരു പോലെ ദൈവീകമായ അന്തസ്സുണ്ടന്ന് വ്യക്തമാക്കുന്നു. സ്ത്രീ പുരുഷന്റെ അടിമയോ പുരുഷൻ സ്ത്രീയുടെ ഉടമയോ അല്ല. ഇരുവരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. ദൈവത്തിന്റെ സ്നേഹത്തിലും പദ്ധതിയിലും ഇരുവർക്കും തുല്യമായ സ്ഥാനമുണ്ട്. സ്ത്രീയുടെ കഴിവുകളേയും വൃക്തിത്വത്തെയും അഭിപ്രായങ്ങളേയും അവഗണിക്കുന്ന കുടുംബജീവിതം ക്രൈസ്തവ കുടുംബത്തിന്റെ യഥാർത്ഥ മാതൃകയല്ല. അതുപോലെ പുരുഷന്റെ അന്തസ്സിനേയും ഉത്തരവാദിത്വങ്ങളേയും നിഷേധിക്കുന്നതും ശരിയല്ല.

2. വിവാഹം അധികാരബന്ധമല്ല, സ്നേഹത്തിന്റെ ഉടമ്പടിയാണ്

കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ വിവാഹം പവിത്രമായ കൂദാശയാണ്. അത് രണ്ടു വ്യക്തികൾ തമ്മിലുള്ള സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഉടമ്പടിയാണ്. ഉത്പത്തി 2:18ൽ ദൈവം പറയുന്നു: "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല. അവന് ചേർന്ന തുണയെ ഞാൻ അവനു വേണ്ടി സൃഷ്ടിക്കും." ഇവിടെ ഭാര്യയും ഭർത്താവും പരസ്പരം സഹായിക്കുന്നവരും ജീവിത യാത്രയിൽ കൂട്ടാളികളുമാണെന്ന സത്യമാണ് വെളിപ്പെടുന്നത്.

ഭർത്താവ് കുടുംബത്തിന്റെ ഏകാധിപതിയും ഭാര്യ അനുസരിക്കേണ്ട വ്യക്തിയും എന്ന രീതിയിലുളള ചിന്താഗതി ക്രൈസ്തവ വിവാഹത്തിന്റെ യഥാർത്ഥ ചൈതന്യത്തിന് വിരുദ്ധമാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ പരസ്പരം ആലോചിക്കുകയും അഭിപ്രായങ്ങൾ മാനിക്കുകയും ഉത്തരവാദിത്വങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നതാണ് നല്ല കുടുംബത്തിന്റെ അടയാളം.

3. പരസ്പരം കീഴ്പ്പെട്ടിരിക്കാനുള്ള ക്രൈസ്തവ വിളി

"എഫേസോസ് 5:21 "(കിസ്തുവിനോടുള്ള ആദരത്താൽ നിങ്ങൾ പരസ്പരം വിധേയരായിരിക്കുവിൻ". എഫേസോസ് 5:25 "ഭർത്താക്കൻമാരേ ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ പ്രതി തന്നെ തന്നെ ഏല്പിച്ചു കൊടുക്കുകയും ചെയ്തതു പോലെ ഭാര്യമാരെ സ്നേഹിക്കുവിൻ". സ്നേഹത്തിന്റെ പേരിൽ സ്വന്തം സ്വാർത്ഥത ഉപേക്ഷിച്ച് ഭാര്യാ ഭർത്താക്കന്മാർ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.

4. കുടുംബ ഉത്തരവാദിത്ത്വങ്ങൾ തുല്യമായി പങ്കു വയ്ക്കുക.

കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ജോലികൾ, സാമ്പത്തിക കാര്യങ്ങൾ, പ്രധാന തീരുമാനങ്ങൾ എന്നിവ പങ്ക് വെക്കണം. രോഗാവസ്ഥയിലും, പ്രയാസങ്ങളിലും പരസ്പരം പരിചരിക്കുകയും പിന്തുണയ്ക്കുകയും വേണം. വ്യക്തിപരമായ വളർച്ചക്ക് ഭാര്യാ ഭർത്താക്കന്മാർ പരസ്പരം സഹായിക്കണം. കുടുംബം ദമ്പതികളുടെ കൂട്ടുത്തരവാദിത്വത്തിലായിരിക്കണം.

5. സ്ത്രീയുടെ അന്തസ്സും വ്യക്തിത്വവും അംഗീകരിക്കുക

കത്തോലിക്കാ വിവാഹജീവിതത്തിൽ ഭാര്യമാരുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും കഴിവുകൾക്കും അർഹമായ അംഗീകാരം നൽകണം.

6. ഭർത്താവിന്റെ അന്തസ്സും ഉത്തരവാദിത്തവും അംഗീകരിക്കുക.

ഭർത്താവിനും ആവശ്യമായ സ്നേഹവും അംഗീകാരവും കരുതലും വൈകാരിക പിന്തുണയും കുടുംബത്തിൽ ആവശ്യമാണ്.

7. കുട്ടികൾക്ക് സമത്വത്തിന്റെ മാതൃക നൽകുക.

അച്ഛൻ അമ്മയെ ബഹു മാനിക്കുന്നതും, അമ്മ അച്ഛനെ അംഗീകരിക്കുന്നതും കുട്ടികൾ കുടുംബത്തിൽ കാണണം. ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ് എന്ന് കുട്ടികളെ ചെറുപ്പത്തിൽ തന്നെ ബോധ്യപ്പെടുത്തണം. കുട്ടികളുടെ വിദ്യാദ്യാസം, തൊഴിൽ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ അവരുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും അർഹമായ പരിഗണന നൽകണം.

8. കുടുംബത്തിലെ അധികാര ദുരുപയോഗവും വിവേചനവും ഒഴിവാക്കുക.

ശാരീരികമായ അക്രമം, മാനസിക പീഢനം, അപമാനിക്കൽ, സാമ്പത്തിക നിയന്ത്രണം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കൽ, സംശയം, അവഗണന എന്നിവ കുടുംബ ബന്ധങ്ങളെ തകർക്കുന്നു. യഥാ൪ത്ഥ ക്രൈസ്തവ കുടുംബം ഭയത്തിന്റെ ഇടമല്ല. സ്നേഹത്തിന്റേയും, സുരക്ഷിതത്വത്തിന്റേയും, സമാധാനത്തിന്റെയും ഇടമാണ്.

9. തിരുക്കുടുംബം മാതൃക

കുടുംബത്തിലെ ഓരോ അംഗത്തിനും ദൈവം നൽകിയിരിക്കുന്ന പ്രത്യേക സ്ഥാനവും ഉത്തരവാദിത്വവും ഉണ്ടെന്നും എല്ലാവരും പരസ്പര സ്നേഹത്തിൽ ഒന്നിച്ചു വളരണമെന്നും തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നു.

10. ഫ്രാൻസീസ് പാപ്പായുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ (Amoris Laetitia) വെളിച്ചത്തിൽ സ്ത്രീപുരുഷസമത്വം.

വിവാഹ ജീവിതം പരസ്പര ദാനത്തിന്റേയും, പങ്കുവെയ്ക്കലിന്റേയും, സ്നേഹത്തിന്റെയും യാത്രയാണ്. ഭാര്യയും ഭർത്താവും പരസ്പരം പൂർണ്ണതയിലേക്ക് വളരാൻ സഹായിക്കുന്നവരാകണം.

സ്ത്രീ പുരുഷ സമത്വം എന്നത് കത്തോലിക്കാ വിവാഹ ജീവിതത്തിൽ വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ടിതമായ ദൈവിക ദർശനമാണ്.

യോഹന്നാൻ 13:34 "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ". ഈ കല്പന ആയിരിക്കെട്ടെ കത്തോലിക്കാ വിവാഹ ജീവിതത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളുടെ അടിസ്ഥാന തത്വം.

Story Image

 ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി

ലോഫ് പ്രസിഡന്റ് ദമ്പതികൾ

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12