Joy of Love in Family
HOLY FAMILY EVE, DECEMBER 2023
ഇക്കാലത്ത് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്കായി "വിശ്വസ്തത " മാറിയിരിക്കുന്നു. മനുഷ്യർക്കിടയിലെ വിശ്വാസം ക്ഷയിച്ചു പോയിരിക്കുന്നു. അവിശ്വസ്തതയുടെ തലങ്ങൾ ദാമ്പത്യത്തിലേക്കും ഗാർഹിക സഭയുടെ ബന്ധങ്ങളിലേക്കും അതുവഴി കത്തോലിക്കാ സഭയുടെ വിവിധ മണ്ഡലങ്ങളിലും അവിശ്വസ്തതയുടെ നിഴലുകൾ വീണിരിക്കുന്നു. ദാമ്പത്യ വിശ്വസ്തത തകർന്ന ഇടങ്ങളിൽ ദൈവത്തോടുള്ള - ദൈവവചനത്തോടുള്ള വിശ്വസ്തതയും ഇല്ലാതായിരിക്കുന്നു. നിസ്സംഗതയും നിഷ്ക്രിയത്വവും ബാധിച്ച തലമുറയിൽ അവിശ്വസ്തത കൂടെ കടന്നുവരുമ്പോൾ എല്ലാം പൂർത്തിയാകുന്നു.
ഈ ജനം എനിക്കെതിരെ രണ്ടു തിന്മകൾ പ്രവർത്തിച്ചു എന്ന പഴയ നിയമ ഗ്രന്ഥത്തിലെ വചനം വീണ്ടും ആവർത്തിക്കേണ്ടി വരുന്നു. ഒന്നാമതായി ക്രിസ്തു തന്റെ ഉത്ഥാനശേഷം സഭയെ - സഭാ മക്കളെ ഏൽപ്പിച്ച ഉത്തരവാദിത്വമായ " നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുക. വിശ്വസിക്കുന്നവർക്ക് ജ്ഞാനസ്നാനം നൽകുക" എന്ന കൽപ്പന വിശ്വസ്തതയോടെ നിറവേറ്റുവാൻ നാം മറന്നു പോയി. അക്രൈസ്തവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിക്കുവാൻ നമുക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട്? രണ്ടാമതായി പിതാവായ ദൈവം സൃഷ്ടിയുടെ ആരംഭത്തിൽ മനുഷ്യനെ - ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചപ്പോൾ "ഭൂമിയിൽ പെരുകി അതിനെ കീഴടക്കുവിൻ" എന്ന് നൽകിയ കൽപ്പനയോട് ശരിയാംവണ്ണം വിശ്വസ്തത പുലർത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? "ദമ്പതികളേ, നിങ്ങൾ ഭൂമിയിൽ ദൈവത്തിന്റെ ഛായയിലുള്ള മനുഷ്യജീവനുകൾക്ക് രൂപം കൊടുക്കുവാൻ വിളിക്കപ്പെട്ടവരാണ്" എന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ജീവൻറെ സുവിശേഷം എന്ന ചാക്രിക ലേഖനത്തിലെ വരികൾ നാം മനസ്സിലാക്കാതെ പോയിരിക്കുന്നു. നമ്മുടെ ഗാർഹിക സഭയാകുന്ന ക്രൈസ്തവ ഭവനങ്ങളിൽ കഴിയുന്ന സഭാ മക്കളുടെ അവിശ്വസ്ഥതയ ല്ലേ ഇന്ന് സഭയുടെ വിവിധ തലങ്ങളിലും സമൂഹത്തിലും പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത് ?
ഗാർഹിക സഭയുടെ ഉത്തരവാദിത്വപൂർണ്ണമായ പിതൃത്വവും മാതൃത്വവും തങ്ങൾക്ക് ദൈവത്തോടും ദൈവവചനത്തോടും വിശ്വസ്തത പുലർത്തുവാൻ സാധിക്കാതെ പോയതിന്റെ വീഴ്ചകൾ അല്ലേ ഇന്ന് സമൂഹത്തിൽ കാണുന്ന വിശ്വാസരാഹിത്യത്തിന്റെ ഉറവിടമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ചിന്തകൾ നമ്മെ ഒരു തിരിച്ചുപോക്കിലേക്ക് നയിക്കട്ടെ! ജോൺപോൾ രണ്ടാമൻ മാർപാപ്പ തന്റെ പ്രബോധനത്തിലൂടെ ആവശ്യപ്പെട്ടതുപോലെ "കുടുംബമേ നീ എന്താണോ അതായിത്തീരുക" എന്ന ആഹ്വാനം നമുക്ക് തിരിച്ചറിയാൻ ശ്രമിക്കാം. കുടുംബത്തിന്റെ അവിശ്വസ്തത സഭയേയും സമൂഹത്തേയും വിശ്വാസരാഹിത്യത്തിലേക്ക് നയിക്കും. അതുവഴി കുടുംബത്തിന്റെ തകർച്ച സഭയുടെയും സമൂഹത്തിന്റെയും തകർച്ചക്ക് വഴിവക്കും. വീണ്ടും ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾക്ക് നമുക്ക് കാതോർക്കാം. "ഈ കാലഘട്ടം വിവേകമതികളെ ആവശ്യപ്പെടുന്നു". വിവേകമതികളായ വിശ്വസ്തതയുള്ള ദമ്പതികളെയും മാതാപിതാക്കളെയും ഗുരുഭൂതന്മാരെയും നമുക്ക് ലഭിക്കാൻ ഈശോയുടെ അനുഗ്രഹം നമുക്ക് ഏവർക്കും ഉണ്ടാകട്ടെ.
ജെയിംസ് ആഴ്‌ചങ്ങാടൻ & ജെസ്സി ജെയിംസ്
റിട്ട: ഡെ. തഹസിൽദാർ
സാധാരണ മൂന്നു വയസ്സാകുന്ന കുഞ്ഞിനെ മാതാപിതാക്കൾ പ്ലേ സ്കൂളിൽ ആക്കാറുണ്ട്. അതുവരെ മാതാപിതാക്കളെയും വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെ മാത്രം കണ്ടു വീടിനുള്ളിൽ കഴിയുന്ന കുഞ്ഞിനെ സംബന്ധിച്ചിടത്തോളം പ്ലേ സ്കൂൾ ഒരുപാട് സംഘർഷം നിറഞ്ഞ ഇടം ആകാൻ ഇടയുണ്ട്. അപ്പനും അമ്മയ്ക്കും തന്നെ നോക്കാൻ സമയമില്ലാത്തതു കൊണ്ടാണ് തന്നെ സ്കൂളിലാക്കുന്നത് എന്ന് കുഞ്ഞ് ചിലപ്പോൾ ചിന്തിച്ചേക്കാം.
തീർത്തും അപരിചിതരായ ടീച്ചർമാരും മറ്റു ജോലിക്കാരും. തീരെ പരിചയമില്ലാത്ത മറ്റു കുട്ടികൾ. തന്റെ ആവശ്യങ്ങൾ ആരോട് പറയണം എന്നറിയാതെ കുഞ്ഞ് വിഷമിക്കുന്നു. ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്ന കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഇത് മനസ്സിനെ താങ്ങാൻ കഴിയുന്നതിനപ്പുറം ഒരു വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. എന്നാൽ ഈ സംഘർഷം കുറയ്ക്കുവാനും സ്കൂളിലെ ആദ്യത്തെ ദിവസം ആനന്ദപ്രദം ആക്കുവാനും കുറച്ചു മുൻകരുതൽ ഉണ്ടെങ്കിൽ നമുക്ക് സാധിക്കും.
വാനഴ്സറിയിൽ ചേർക്കുന്നതിന് ആഴ്ചകളും മാസങ്ങളും മുമ്പ് തന്നെ മാതാപിതാക്കൾക്ക് കുട്ടിയെയും കൂട്ടി സ്കൂളും ക്ലാസ് മുറികളും അതിനു ചുറ്റുമുള്ള കളിസ്ഥലങ്ങളും സന്ദർശിക്കാവുന്നതാണ്. കളിസ്ഥലങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണല്ലോ. പെട്ടെന്ന് "അപരിചിതമായ ഒരു സ്ഥലത്ത് പെട്ടുപോയി" എന്ന തോന്നൽ അത് ഇല്ലാതാക്കും. സ്കൂളിൽ ചേരാൻ സാധ്യതയുള്ള മറ്റു കുട്ടികളെ കാണുവാനും അവരോടൊപ്പം കളിക്കുവാനും ഉള്ള ഒരു സാഹചര്യം ഒരുക്കുന്നതും നല്ലതായിരിക്കും. സ്കൂളിൽ അവർ എങ്ങനെയായിരിക്കും കളിക്കുക, എന്തൊക്കെയായിരിക്കും ചെയ്യുക എന്നൊക്കെ മുൻകൂട്ടി കുട്ടിയോട് വർണിച്ചു പറയാവുന്നതാണ്. സ്കൂളിനെ പറ്റി മാസങ്ങൾക്കു മുമ്പ് തന്നെ കുട്ടിയോട് പറയുന്നത് കുട്ടിയിൽ ജിജ്ഞാസ വളർത്തുകയും സ്കൂളിൽ പോകാൻ താല്പര്യം വർദ്ധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു മുന്നൊരുക്കം ഉണ്ടെങ്കിൽ നിങ്ങളുടെ പൊന്നോമനയുടെ സ്കൂളിലെ ആദ്യദിവസം ആനന്ദപ്രദമാക്കാം.
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ