Page 3

LOAF TIDINGS

Joy of Love in Family

ജാലകം

അമ്മമാരില്ലാത്ത ഒരു ലോകം

Story Image

കുറച്ചുനാളുകൾക്കു മുമ്പ് വായിച്ചതാണ് ഈ ലേഖനം. അരാജകത്വം നിറഞ്ഞ ഒരു കാലത്ത് കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറിയ ഒരു സംഘം പട്ടാളക്കാർ നിഷ്ക്കരുണം പലരേയും പീഢിപ്പിക്കുന്നു. അവരിൽ ഒരു സന്യാസിനി ഗർഭിണിയാവുന്നു. തൻ്റെ ജീവിതം മുഴുവനും ദിവ്യനാഥന് സമർപ്പിച്ച ഒരു കന്യകയാണ് ക്രൂരതയുടെ ഇരയായി നിർബന്ധിത ഗർഭധാരണത്തിന് ഇരയായത്.ഏത് നിയമവും തൻ്റെ ഉദരത്തിൽ വളരുന്ന കുരുന്ന് ജീവനെ ഇല്ലാതാക്കാൻ തന്നെ തുണക്കുമെന്നറിഞ്ഞിട്ടും, അവർ ആ വെറുപ്പിൻ്റേയും നൊമ്പരത്തിൻ്റേയും ബാക്കിപത്രമായ കുഞ്ഞിനെ ഹനിക്കാൻ തയ്യാറായില്ല. ആരേയും, വെറുക്കാതിരിക്കാനും, ഹനിക്കാതിരിക്കാനും അവനെ പഠിപ്പിക്കുമെന്ന നിശ്ചയദാർഢ്യത്തിൻ്റെ ആത്മീയ ബലത്തിൽ ആ കുഞ്ഞിന് സമർപ്പിത അമ്മയായി മാറുന്നു. ലേഖനത്തിൻ്റെ പേര് 'സെർബിയൻ ഭടന്മാരുടെ പെസഹ കുഞ്ഞാട് 'എന്നായിരുന്നു. അമ്മയായി മാറാൻ തന്നെ നിർബന്ധിച്ച വിധിയോട് അവർ ആത്മീയമായി പകരം വീട്ടി. എല്ലാവരും ഇന്ന് "അവകാശങ്ങളെക്കുറിച്ച് ഘോരഘോരം സംസാരിക്കുകയാണ്. ഒരു തരം സുഖലോലുപതാ മനോഭാവം (Hedonistic mentality). എന്നാൽ മനുഷ്യൻ എന്ന നിലയിലും, പിതാവ്, മാതാവ് എന്ന നിലയിലുമൊക്കെയുള്ള കടമകളെക്കുറിച്ച് സംസാരിക്കാൻ പലരും ഇഷ്ട്ടപ്പെടുന്നില്ല, (അഥവാ വാ തുറക്കുന്നില്ല)."

ഗർഭഛിദ്രം നടത്താൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് വാദിക്കുന്നവർ, മാതൃത്വത്തിൻ്റെ മഹനീയതയെ മറച്ചു പിടിക്കുകയാണ്, തങ്ങളുടെ വികലമായ തത്വശാസ്ത്രം കൊണ്ട്. ഒരമ്മക്ക് തൻ്റെ കുഞ്ഞിനെ കൊല്ലാമെങ്കിൽ നമുക്ക് പരസ്പരം കൊല്ലരുത് എന്ന് പറയാൻ കഴിയുന്നതെങ്ങിനെ എന്ന മദർ തെരേസയുടെ വാക്കുകളുടെ പ്രതിധ്വനിയാണ് നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്ന ഓരോ കൊടും ക്രൂരതകളുടെയും പിന്നിൽ മറഞ്ഞിരിക്കുന്നത്. മാതൃത്വത്തിൻ്റെ അന്തസ്സ് ഹനിക്കപ്പെടുന്നിടത്ത്, വേറേ എന്ത് നന്മയും പുരോഗതിയുമാണ് വേരുപിടിക്കുക. അമ്മമാരില്ലാത്ത ഒരു ലോകമാണ് ഡിജിറ്റൽ യുഗത്തിൻ്റെ പുരോഗമന വാദം. ജാഗ്രത വേണ്ടത് നമ്മുടെ വീട്ടകങ്ങൾക്കാണ്, കാരണം മനുഷ്യരെ രൂപപ്പെടുത്തുന്ന ഇടം അവിടമാണല്ലോ.

അമ്മയെന്ന മനോഹാരിതയെക്കുറിച്ച് ഖലിൽ ജിബ്രാൻ എഴുതിയ ഈ വാക്കുകളുടെ ആന്തരികതയൊക്കെ വീണ്ടെടുക്കപ്പെടുക തന്നെ വേണം.

" മനുഷ്യൻ്റെ അധരങ്ങളിൽ തങ്ങി നിൽക്കുന്ന ഏറ്റവും മനോഹരമായ പദം അമ്മയാണ്. അമ്മേ, എന്ന വിളിയാണ് ഏറ്റവും മധുരമായ സംബോധന. പ്രതീക്ഷയും, പ്രേമവും നിറഞ്ഞ ഒരു വാക്കാണത്. അമ്മ എല്ലാമാണ്, ദുഃഖത്തിൽ ആശ്വാസവും, വേദനകളിൽ പ്രതീക്ഷയും, ബലഹീനതയിൽ ശക്തിയുമാണ്. സ്നേഹം, ക്ഷമ, സഹതാപം ഇവയുടെ ഉത്ഭവസ്ഥാനം അമ്മയാണ്. അമ്മയെ നഷ്ടമാകുന്ന ഒരുവന് തന്നെ അനുഗ്രഹിക്കുകയും എന്നുമെന്നും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പരിശുദ്ധമായ ഒരു ആത്മാവിനെയാണ് നഷ്ടമാവുക " അമ്മത്വം നഷ്ട്ടപ്പെട്ട ഒരു ലോകത്ത് എന്താണ് നടന്നു കൂടാത്തത്. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു.

(പ്രഭാഷകന്‍ 3 : 4)

Story Image
  ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും, പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.

"അമ്മെ ഞാനും ജീവിച്ചോട്ടെ.. "

വഴിവിളക്കുകൾ

Just P U S H

Pray Until Something Happens

ഞാനിന്ന് എറണാകുളത്തുള്ള സെന്റ് മേരിസ് ജാക്കോബൈറ്റ് പള്ളിയിൽ മാമോദിസയുടെ പ്രധാന ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സ് അന്നു നടക്കുന്ന മാമോദീസ കുഞ്ഞിന്റെ അച്ഛന്റെ ഓർമ്മകളിലേക്ക് ആണ് പോയത്.

മൂന്നാലു വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് നടന്ന ഒരു ജീസസ് യൂത്ത് ബാങ്കേഴ്സ് മിനിസ്ട്രിയുടെ പ്രോഗ്രാമിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ പ്രോഗ്രാമിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും പങ്കെടുക്കാൻ എത്തിയിരുന്നു. പരിചയപ്പെട്ടു വിശേഷങ്ങൾ പങ്കുവെച്ചു. ഒരു പ്രാർത്ഥന ആവശ്യം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷത്തോളം ആയി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ല. പരിചയപ്പെടലിന്റെ ഇടയിൽ അവർ പറഞ്ഞു.

ഞാൻ അവരോട് പറഞ്ഞു. നിങ്ങൾക്ക് കുഞ്ഞുങ്ങൾ തീർച്ചയായും ഉണ്ടാകും. മക്കൾ ഉണ്ടായിക്കഴിയുമ്പോൾ ഞങ്ങളെ മാമോദിസക്ക് ക്ഷണിക്കണം പ്രോഗ്രാം കഴിഞ്ഞ് പ്രത്യാശയോടെ അവർ മടങ്ങി.

ഞങ്ങൾ വിശ്വാസത്തോടെ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ ഞങ്ങൾ അവരോട് പറഞ്ഞു, തീർച്ചയായിട്ടും ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ നിങ്ങളെ ഞങ്ങൾ ഓർക്കുന്നുണ്ട്.

ഏകദേശം ഒരു വർഷം മുൻപ് ആ മകൻ എന്നെ വിളിച്ചു പറഞ്ഞു ചേട്ടാ ഭാര്യയ്ക്ക് വിശേഷം ആയിട്ടുണ്ട്. തീർച്ചയായിട്ടും ഇത് വിശ്വാസത്തിന്റെ കുഞ്ഞാണ്. ഞങ്ങൾ ഒത്തിരി പരീക്ഷണങ്ങളും ഒത്തിരി ട്രീറ്റ്മെന്റുകളും പലവിധ ഡോക്ടർമാരെയും കണ്ടു. കേരളത്തിൽ ഞങ്ങൾ പോകാത്ത ഡോക്ടർമാരില്ല. ചികിത്സിക്കാത്ത കേന്ദ്രങ്ങൾ ഇല്ല.

അവിടെയൊക്കെ പരാജയപ്പെട്ട ഈ കാര്യത്തിന് ദൈവം ഉത്തരം തന്നിരിക്കുന്നു. തീർച്ചയായിട്ടും ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ ദിവസങ്ങളിൽ അവർ വിശ്രമത്തിലാണ്, ലീവിലാണ് എന്നൊക്കെ പറഞ്ഞു. ഞങ്ങൾ തീർച്ചയായിട്ടും അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അറിയുന്നവരോടൊക്കെ ഈ ദമ്പതിമാർക്ക് വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് കുഞ്ഞായപ്പോഴും ആദ്യം വിളിച്ചു ഞങ്ങളെ അറിയിച്ചു. ഇത് വിശ്വാസത്തിന്റെ ഒരു വലിയ അടയാളമാണെന്നും ദൈവത്തിന്റെ ദാനമാണ് മക്കൾ എന്നും, അവർ ഉറച്ചു വിശ്വസിക്കുന്നു.

Story Image

മാമോദീസ തീരുമാനിച്ച അന്ന് തന്നെ അദ്ദേഹം ഞങ്ങളെ വിളിച്ചു, മാമോദീസ യുടെ വിവരം അറിയിച്ചു. വിശ്വാസത്തിന്റെ വലിയ അടയാളമാണെന്ന് അവൻ വിശ്വസിക്കുന്നുവെന്നും ഏറ്റുപറയുന്നു എന്നും, അവൻ എന്നോട് പറഞ്ഞു. ആ ദിവസം എന്റെ മനസ്സിലൂടെ ഇശോയുടെ ദേവാലയ സമർപ്പണമായിരുന്നു കടന്നു പോയത്. ഉണ്ണീശോയെ സമർപ്പിക്കാനായി, മറിയം കൊണ്ട് ചെന്നപ്പോൾ കർത്താവിന് നന്ദി പറയുന്ന അന്നയേയും ശെമയോനെയും ഓർമ്മ വന്നു

മാമോദീസ ചടങ്ങുകൾ കഴിഞ്ഞ് തിരിച്ച് എറണാകുളത്തു നിന്ന് തൃശൂരിലേക്ക് മടങ്ങുമ്പോഴൊക്കെ എന്റെ മനസ്സിൽ രണ്ട് ചിന്തകൾ ആയിരുന്നു. ഒന്ന് വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകും. രണ്ട്, ദൈവത്തിന്റെ ദാനമാണ് മക്കൾ ഉദരഫലം അവിടുത്തെ അനുഗ്രഹം ആണെന്ന്.

ഇതു ഞങ്ങളെ പഠിപ്പിച്ച ഈശോയുടെ മുൻപിൽ ആ കുടുംബത്തെയും ആ കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,,,, ദൈവമേ... ആ കുഞ്ഞിനെ നീ അനുഗ്രഹിക്കേണമേ.

ഇതുപോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വേദനിക്കുന്ന എല്ലാ ദമ്പതിമാർക്കും വേണ്ടി ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അവരെയും നീ അനുഗ്രഹിക്കണമേ.

ആമേൻ

  ബിജു ആന്റണി & ഹിമ ബിജു .
സീനിയർ മാനേജർ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. നെല്ലായ ബ്രാഞ്ച്.

1 2 3 4
5 6 7 8
1 2 3 4
5 6 7 8