Joy of Love in Family
അമേരിക്കയിലും മറ്റു യൂറോപ്പ്യൻ രാഷ്ട്രങ്ങളിലും ശക്തമായി വേരുറപ്പിച്ചു കഴിഞ്ഞപ്രൊലൈഫ് പ്രസ്ഥാനം ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും ഇന്ന് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രോലൈഫ് എന്നാൽ "ജീവനുവേണ്ടി " എന്നാണ് അർത്ഥമാക്കുന്നത്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ "ലൗദത്തോസി " എന്ന ചാക്രിക ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള
"എനിക്കു വേണ്ടി വാദിച്ചു എന്നെ വിടുവിക്കേണമേ! അങ്ങയുടെ വാഗ്ദാനമനുസരിച്ചു എനിക്കു ജീവൻ നൽകേണമേ."
-- സങ്കീർത്തനങ്ങൾ 119: 154
"നമ്മുടെ പൊതു ഭവനമായ ഭൂമി "യുടെയും പ്രപഞ്ചം മുഴുവന്റെയും ജീവൻ നഷ്ടപ്പെടാതിരിക്കുന്നതിനായി പ്രയത്നിക്കേണ്ട മനുഷ്യന്റെ തന്നെ ജീവനെ സംരക്ഷിക്കുന്നതിനും അതുവഴി പ്രകൃതിയുടെയും പക്ഷി മൃഗാദികളുടെയുംസർവ്വ സൃഷ്ടി ചരാചരങ്ങളുടെയും സന്തുലിതാവസ്ഥ ക്രമീകരിക്കപ്പെടുന്നതിനും അവയെ പരിപാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ജീവനെ സ്നേഹിക്കുകയും ആദരിക്കുകയും ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രോലൈഫ് പ്രവർത്തനം . അത്തരം പ്രവർത്തികൾ ചെയ്യുന്നവരാണ് പ്രൊലൈഫേഴ്സ് എന്നറിയപ്പെടുന്നത്. ജീവനെതിരെയുള്ള എല്ലാ തിന്മകളെയും ചെറുക്കുവാൻ അതുവഴി ജീവനെ സംരക്ഷിക്കുവാൻ പ്രോലൈഫ് പ്രവർത്തനം വഴി സാധ്യമാകുന്നു.ഭ്രൂണഹത്യ (അബോർഷൻ ), ദയാവധം, വധശിക്ഷ, ആത്മഹത്യ, വംശഹത്യ, വ്യക്തിഹത്യ, കൊലപാതകം, യുദ്ധം ,ഭീകര പ്രവർത്തനം, മദ്യപാനം, മയക്കുമരുന്ന്, മാഫിയ പ്രവർത്തനം, പ്രകൃതിയെ നശിപ്പിക്കൽ തുടങ്ങിയ മേഖലകളിലും പ്രകൃതിക്ഷോഭം, മഹാമാരികൾ, ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയിൽ നിന്നും ജീവന് സംരക്ഷണം നൽകുന്ന മേഖലകളിലും പ്രോലൈഫ് പ്രവർത്തനങ്ങൾ സാധ്യമാണ്. കൃത്രിമ ഗർഭനിരോധനം സ്വാഭാവിക ലൈംഗികതയ്ക്കെതിരെയുള്ള നിയമനിർമ്മാണങ്ങളും പ്രവർത്തനങ്ങളും ,ലൈംഗിക പീഡനങ്ങൾ, കുട്ടികളെ ദുരുപയോഗിക്കൽ , പോണോഗ്രാഫി തുടങ്ങി ക്രൈസ്തവ ധാർമികതയ്ക്കെതിരെയുള്ള മേഖലകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി ശരിയായ ദിശാബോധം നൽകുക എന്നതും പ്രോലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമാണ് . മനുഷ്യ വ്യക്തിയുടെ പൂർണ്ണതയെ നശിപ്പിക്കുന്നതെന്തും മനുഷ്യമഹാത്മ്യത്തെ അധിക്ഷേപിക്കുന്നതെന്തും ജീവനെതിരെയുള്ള തിന്മകളാണ്.ജീവന്റെ സമഗ്ര സമൃദ്ധിയാണ് പ്രോലൈഫ് ലക്ഷ്യമാക്കുന്നത്.
കേരളത്തിൽ കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ കീഴിലുള്ള ഫാമിലി കമ്മീഷന്റെ ഒരു വിഭാഗമായി സി ബി സി പ്രോലൈഫ് സമിതിയും വിവിധ രൂപതകളിൽ ഡയറക്ടർ അച്ചന്മാരുടെ നേതൃത്വത്തിൽ പ്രോലൈഫ് സമിതികളും പ്രവർത്തിച്ചുവരുന്നു.സീറോ മലബാർ സഭയിൽ പ്രൊലൈഫ് അപ്പസ്തോലറ്റും പ്രവർത്തിച്ചുവരുന്നുണ്ട്.ഭാരതത്തിൽ 2022 മുതൽ "ഇന്ത്യ മാർച്ച് ഫോർ ലൈഫ് "എന്ന പേരിൽ നാഷണൽ പ്രോലൈഫ് റാലിയും ആരംഭം കുറിച്ചിട്ടുണ്ട്. 2024ലെ "ഇന്ത്യ മാർച്ച് ഫോർ ലൈഫ് "ആഗസ്റ്റ് മാസം പത്താം തീയതി തൃശ്ശൂരിൽ വച്ച് നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.
തൻറെ കുഞ്ഞ് മൊബൈൽ കൈകാര്യം ചെയ്യുന്നതിൽ അതിസമർത്ഥനാണ് എന്ന് അഭിമാനത്തോടെ പറയുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കന്മാരും. തനിക്ക് പോലും മനസ്സിലാകാത്ത കാർട്ടൂണുകളും മറ്റും ശ്രദ്ധയോടെ വളരെ നേരം കുഞ്ഞു കണ്ടിരിക്കുന്നു എന്നും പലരും പറയാറുണ്ട്. എന്നാൽ ഇളം പ്രായത്തിൽ പരിധിയിൽ കൂടുതൽ സ്ക്രീൻ എക്സ്പോഷർ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചുള്ള അറിവിൻറെ അഭാവമാണ് പരിധിയില്ലാത്ത മൊബൈൽ ഉപയോഗത്തിന് കുഞ്ഞുങ്ങളെ വിട്ടുകൊടുക്കാൻ ഒരു വലിയ കാരണം. തൻറെ പിഞ്ചു ഭാവനകളുടെ ലോകത്ത് സ്വസ്ഥമായി കുറച്ചുസമയം എങ്കിലും കുഞ്ഞുങ്ങൾ ഇരിക്കേണ്ടത് ഉണ്ട്. ഇത് അവരുടെ സർഗാത്മക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.കൊച്ചുകുട്ടികൾ സ്ക്രീനുകളാൽ നിരന്തരം ഉത്തേജിപ്പിക്കപ്പെടുന്ന അവസ്ഥയിൽ അവർ വിനോദത്തിനായി മൊബൈലിനെ അഥവാ സ്ക്രീനിനെ മുഴുവനായി ആശ്രയിക്കുന്നവരായി വളർന്നുവരികയും അത് അവരുടെ ഭാവനയെയും സർഗാത്മകതയെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തന്നെയുമല്ല ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ സ്ക്രീനിൽ നിന്നും യാതൊന്നും തന്നെ പഠിക്കുന്നില്ല എന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ലോക ആരോഗ്യ സംഘടന രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സ്ക്രീൻ ഒട്ടു തന്നെപാടില്ല എന്ന് നിഷ്കർഷിക്കാനുള്ളള കാരണവും ഇതുതന്നെ. മനുഷ്യസമ്പർക്കത്തിൽ നിന്ന് പഠിക്കേണ്ട അനവധി കാര്യങ്ങൾ ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്കുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികൾ അവർക്ക് ചുറ്റുമുള്ള കാര്യങ്ങളോട് വളരെയധികം പ്രതികരിക്കാൻ കഴിവുള്ളവരാണ് . എന്നാൽ പുറമേ നിന്ന് വരുന്ന വാക്കുകളെയും ദൃശ്യങ്ങളെയും സ്വരങ്ങളെയും അപഗ്രഥിക്കുവാനുള്ള സാവകാശം കുഞ്ഞുങ്ങൾക്ക് ലഭിക്കണം. സ്ക്രീനിനു മുന്നിൽ കുട്ടിയെ ഇരുത്തുമ്പോൾ അവർക്ക് ഇത് ചെയ്യുവാനുള്ള സമയം ലഭിക്കാതെ വരുന്നു. ഇപ്രകാരം വാക്കുകളെയും ദൃശ്യങ്ങളെയും സ്വരങ്ങളെയും അപഗ്രഥിക്കുവാനുള്ള സാവകാശം ലഭിക്കാത്തതുകൊണ്ട് ഒരു കാര്യത്തിൽ തന്നെ ശ്രദ്ധിക്കുവാനുള്ള കഴിവ് ഈ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ല. കഥാപുസ്തകത്തിൽ നിന്ന് കഥ വായിച്ചു കേൾക്കുന്ന കുട്ടിക്ക് ആകട്ടെ, ഇപ്രകാരം ശ്രദ്ധ കേന്ദ്രീകരിച്ച്, ഭാവനാ ലോകത്തു മുഴുകുവാനുള്ള കഴിവും സമയവും ലഭിക്കുന്നുണ്ട് താനും. ഒപ്പം തന്നെ മറ്റുള്ളവരുടെ മുഖം വായിച്ചെടുക്കുവാനും സാമൂഹ്യപരമായ കഴിവുകൾ വളർത്തിയെടുക്കുവാനും ജീവനും ഓജസും ഉള്ള മനുഷ്യരുമായുള്ള സമ്പർക്കം അത്യാവശ്യമാണ്. ഇളം പ്രായത്തിൽ സ്ക്രീനിന് മുന്നിൽ ചടഞ്ഞു കൂടിയിരിക്കുന്ന കുട്ടിക്ക് ഇപ്രകാരമുള്ള മനുഷ്യസമ്പർക്കത്തിനുള്ള സമയം ലഭിക്കാത്തത് കൊണ്ട്, മറ്റുള്ളവരോടുള്ള പരിഗണന, സഹാനുഭൂതി എന്നിങ്ങനെയുള്ള മൂല്യങ്ങളിൽ വളരുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായി അവർ കാണപ്പെടുന്നു.
വാക്കുകൾക്കപ്പുറമുള്ള ഭാഷ (ശരീര ഭാഷ) മനസ്സിലാക്കുവാൻ "മുഖാമുഖം" ഉള്ള ഇടപെടൽ കുഞ്ഞുങ്ങൾക്ക് അത്യാവശ്യമാണ്. വാക്കുകൾ കൂട്ടി സംസാരിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ കുഞ്ഞുങ്ങൾ മുഖത്തേക്ക് നോക്കുകയും മുഖത്തെ ഭാവങ്ങളിൽ നിന്ന് അർത്ഥം കണ്ടെത്തുകയും ചെയ്യേണ്ടത് അവരുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
കുഞ്ഞു പ്രായത്തിലുള്ള screen എക്സ്പോഷർ മനുഷ്യൻറെ വികാരങ്ങൾ വായിച്ചെടുക്കുവാനുള്ള കുഞ്ഞുങ്ങളുടെ സ്വാഭാവിക സിദ്ധിയെ പരിമിതപ്പെടുത്തുന്നു. ചുരുക്കി പറഞ്ഞാൽ, ഇളം പ്രായത്തിൽ കുഞ്ഞുങ്ങളെ സ്ക്രീനുകളിൽ നിന്നും പൂർണ്ണമായോ വലിയ ഒരു അളവ് വരെയോ അകറ്റിനിർത്തുന്നത് ജീവിതകാലം മുഴുവൻ അവർക്ക് ഗുണം ചെയ്യുന്നതായി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.