Joy of Love in Family
(ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നവരാകുക )
"എന്റെ ആത്മനാഥൻ എന്റേതാണ്. ഞാൻ അവന്റേതും .....ഞാൻ എന്റെ പ്രിയന്റേതാണ്, എന്റെ പ്രിയൻ എന്റേതും" (ഉത്തമഗീതം 2: 16 ,6: 3 )
മനുഷ്യബന്ധങ്ങളിലെ ഏറ്റവും തീവ്രമായ സ്നേഹത്തെ, ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ലയത്തെ, അവതരിപ്പിക്കുന്ന മനോഹരമായ വിശുദ്ധ ഗ്രന്ഥ വചനമാണിത്. ഒരിക്കലും വേർപിരിയാൻ ആകാത്ത ഒരു സ്നേഹ ഐക്യത്തിലേക്ക് വിവാഹം എന്ന കൂദാശയിലൂടെ ദമ്പതികൾ പ്രവേശിക്കുന്നു .
ഈയിടെ വാർദ്ധക്യ സഹജമായ രോഗം മൂലം മരണമടഞ്ഞ എന്റെ ബന്ധുവിന്റെ മൃതദേഹം വീട്ടിൽനിന്ന് ദേവാലയത്തിലേക്ക് കൊണ്ടുപോകുന്ന സമയം, പ്രായാധിക്യത്താൽ ജീവിതപങ്കാളി അന്ത്യചുംബനം നൽകിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഓർക്കുന്നു 'എന്നെ തനിച്ചാക്കിയിട്ട് പോവാണല്ലേ’ 50 വർഷത്തിലധികം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിലെ സ്വാഭാവികമായ അവസാനത്തിലും പിരിയാൻ ആകാത്ത ഒരു ആത്മബന്ധമാണ് ദാമ്പത്യ സ്നേഹത്തിന്റെ വ്യതിരിക്തമായ ചിത്രം നമ്മുടെ മുന്നിൽ വഹിക്കുന്നത്.
"മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവനു ചേർന്ന ഇണയെ ഞാൻ നൽകും”. ( ഉല്പത്തി 2: 18 ) എന്ന് അരുളി ചെയ്ത തമ്പുരാൻ സ്ത്രീക്ക് രൂപം നൽകി പുരുഷന്റെ മുമ്പിൽ കൊണ്ടുവരുമ്പോൾ “..(അപ്പോൾ)….. അവൻ പറഞ്ഞു: ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും" ( ൾഉല്പത്തി 2:23). ഈ വചനത്തെ ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത് 'ആദ്യത്തെ പ്രേമഗാനം’ എന്നാണ് .
മനുഷ്യന്റെ ഏകാന്തതയകറ്റുന്ന ഈ കണ്ടുമുട്ടൽ പുതിയ ജനനത്തിനും കുടുംബത്തിനും കാരണമാകുന്നു. എല്ലാ കാലത്തെയും സ്ഥലത്തെയും മനുഷ്യന്റെ പ്രതിനിധി കൂടിയായ ആദം അയാളുടെ ഭാര്യയോടൊപ്പം പുതിയ കുടുംബം തുടങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. ഉല്പത്തി ഗ്രന്ഥത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് യേശു ഇതിനെപ്പറ്റി പറയുന്നു" പുരുഷൻ... തന്റെ ഭാര്യയോട് ചേർന്നിരിക്കും. അവർ ഇരുവരും ഒറ്റശരീരമായി തീരും" (മത്തായി 19 : 5). 'ചേർന്നിരിക്കുക' അല്ലെങ്കിൽ 'ഒട്ടിച്ചേരുക 'എന്ന പ്രയോഗം അഗാധമായ ഐക്യമാണ് അർത്ഥമാക്കുന്നത് - ശാരീരികവും ആന്തരികവുമായ അടുപ്പം, ദൈവവുമായുള്ള നമ്മുടെ ഐക്യത്തെ വിവരിക്കാൻ മാത്രം അഗാധം ആണത്.
"എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു" (സങ്കീർത്തനങ്ങൾ- 63: 8). അങ്ങനെ വൈവാഹികൈക്യം അതിന്റെ ലൈംഗികവും ശാരീരികവുമായ തലത്തിൽ മാത്രമല്ല സൂചിതമായിരിക്കുന്നത്; അതിന്റെ സ്നേഹ പ്രചോദിതമായ സ്വതന്ത്ര ആത്മദാനത്തിലും കൂടിയാണ്. ഈ ഐക്യത്തിന്റെ ഫലം രണ്ടുപേർ 'ഒറ്റശരീരമായി തീരുന്നു' എന്നതാണ് - ശാരീരികമായും, ഹൃദയങ്ങളുടെയും ജീവിതങ്ങളുടെയും ഐക്യത്തിലൂടെയും, ഒരുപക്ഷേ കുഞ്ഞുങ്ങളിലൂടെയും (AL-13)..അതുകൊണ്ടാണ് വ്യതിരിക്തമായ ഈ ദാമ്പത്യ സ്നേഹത്തിലുള്ള വളർച്ച ക്രിസ്തുവിന്റെ നമ്മോടുള്ള സ്നേഹത്തിനു സമാനമാണ് എന്ന് ഫ്രാൻസിസ് പാപ്പ 'സ്നേഹത്തിന്റെ സന്തോഷം' എന്ന പ്രബോധനത്തിൽ (AL-120) പങ്കുവയ്ക്കുന്നത്.
'ദൈവത്തോട് നമ്മെ ഐക്യപ്പെടുത്തുന്ന സ്നേഹം കഴിഞ്ഞാൽ ദാമ്പത്യ സ്നേഹം സൗഹൃദത്തിന്റെ ഏറ്റവും വലിയ രൂപമാണ് (AL-123 ).
ദാമ്പത്യ സ്നേഹം ആരോഹണം ചെയ്യപ്പെടുന്നില്ലെങ്കിൽ അത് അവരോഹണം ചെയ്യപ്പെടും. സ്നേഹത്തിന്റെ മൂന്ന് തലങ്ങളെ കുറിച്ച് ബനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നത് ഇങ്ങനെയാണ്,ആദ്യം അത് 'eros'-ജഡിക തലത്തിൽ നിന്ന് ആരംഭിച്ച്, 'Philios '-സൗഹൃദത്തിന്റെ തലത്തിലേക്ക് വളർന്ന് , 'Agape'-യിൽ ക്രിസ്തുവിന്റെ കുരിശിലെ സ്നേഹത്തിലേക്ക് എത്തുന്നു. (ദൈവം സ്നേഹമാകുന്നു - Deus Caritas Est).
ദാമ്പത്യ സ്നേഹത്തിന്റെ ഈ പരിപൂർണ്ണതയിലേക്ക് ദാമ്പത്യ ലയം എത്തുമ്പോൾ തമ്പുരാന്റെ ഹൃദയം സന്തോഷിക്കുന്നു. "എന്റെ ഹൃദയം മൂന്നു കാര്യങ്ങളിൽ ആനന്ദം കൊള്ളുന്നു ; അവ കർത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ മനോഹരമാണ് - സഹോദരന്മാർ തമ്മിലുള്ള യോജിപ്പ് , അയൽക്കാർ തമ്മിലുള്ള സൗഹൃദം , ഭാര്യാ ഭർത്താക്കന്മാർക്കു പരസ്പരമുള്ള ലയം" (പ്രഭാഷകൻ 25 : 1 ).
ദൈവം ആനന്ദിക്കുന്ന ദാമ്പത്യ സ്നേഹത്തിൽ അനുദിനം വളരാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ .
ഡോ. ജോർജ് ലിയോൺസ് & അനി ജോർജ്
ലോഫ് പ്രസിഡന്റ് ദമ്പതികൾ
എന്‍റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ ആനന്ദംകൊള്ളുന്നു; അവ കര്‍ത്താവിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് - സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കു പരസ്പരമുള്ള ലയം.
പ്രഭാഷകന്‍ 25 : 1"പാലും ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന നമ്മുടെ ചായയുടെ രസക്കൂട്ട് ചില അവസരങ്ങളിൽ ഏറ്റവും സൂപ്പർ ആയി വരും.
അതുവരെയും ശരിയാകാതെയിരുന്ന ചായ ഒരു പ്രത്യേക രുചിക്കൂട്ടിൽ സെറ്റ് ആകുന്നത് പോലെയാണ് നമ്മുടെ വിവാഹ ബന്ധവും
ഒരിക്കൽ ചായ കൂട്ടുന്നത് സെറ്റ് ആയാൽ പിന്നീട് അതെ രസകൂട്ട് lഅനുസരിച്ച് നമുക്ക് രുചിയുള്ള ചായ ഉണ്ടാക്കാൻ കഴിയും."
കുറച്ചുനാൾ മുമ്പ് കണ്ട സിനിമയിൽ അച്ഛൻ സ്വന്തം മകനുമായി വിവാഹത്തിന് ഒരുങ്ങിയിരിക്കുന്ന പെൺകുട്ടിയോട് സ്വന്തം മകനെ ഒറ്റയ്ക്കാക്കി പോകല്ലേ എന്ന് പറയുന്നതാണ് ഈ രംഗം.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലയം എങ്ങനെയായിരിക്കണമെന്ന് ചിന്തിച്ചപ്പോഴൊക്കെ കടന്നുവന്നത് ഈ സംഭാഷണമാണ്.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ വളർന്നു വിവാഹം എന്ന കൂദാശയുടെ ജീവിതത്തിൽ ഒന്നാകുന്ന സ്ത്രീയും പുരുഷനും ഈ രസക്കൂട്ടുകൾ മനസ്സിലാക്കി മുന്നോട്ടുപോകണമെന്ന് ഈശോ ഓർമിപ്പിക്കുകയായിരുന്നു...
അൾത്താരയുടെ മുൻപിൽ ദൈവവചനത്തിന്റെ സാന്നിധ്യത്തിൽ *ഭാര്യയും ഭർത്താവും കർത്താവും* ചേർന്ന് ആരംഭിക്കുന്ന ക്രിസ്തീയ കുടുംബം പരസ്പരം ലയത്തിൽ മുന്നോട്ടുപോകുന്നത് പരിശുദ്ധാത്മാവിന്റെ പ്രത്യേക കൃപയാൽ ആണ്.
മധുരമേറേ ഇഷ്ടമുള്ള ഞാനും മധുരത്തോട് ഒട്ടും ഇഷ്ടമില്ലാത്ത എന്റെ ഭാര്യയും.... വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്ന ഞാനും എന്നാൽ എല്ലാ കാര്യങ്ങളും മിതമായ വേഗതയിൽ മനോഹരമായി ചെയ്യുന്ന എന്റെ ജീവിതപങ്കാളിയും.... പരിശുദ്ധാത്മാവിന്റെ കൃപയാൽ മുന്നോട്ടുപോകുന്നതു ഭാര്യ ഭർത്തു ലയത്തിന് ഉത്തമ ക്രിസ്തു സാക്ഷ്യമാണ്.
എല്ലാ വ്യത്യസ്തതകളെയും ഒന്നിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടൽ സ്വന്തം ജീവിതത്തിൽ അനുഭവിച്ച് പരസ്പരം പങ്കുവെച്ച് ഞങ്ങളുടെ രസക്കൂട്ട് 22ആം വർഷത്തിലുടെ കടന്നുപോകുന്നു.
പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോട് ചേരും അവർ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു രഹസ്യമാണ്. (എഫെ സൂസ് 5.31) പൗലോസ് ശ്ലീഹാ അഞ്ചാം അധ്യായത്തിൽ 22 മുതലുള്ള മുഴുവൻ വചനങ്ങളും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പരസ്പരലയത്തെപ്പറ്റി സൂചിപ്പിക്കുന്നു.
പാലും പഞ്ചസാരയും ചായപ്പൊടിയും അലിഞ്ഞ് രുചിയുള്ള ചായ ഉണ്ടാകുന്നതുപോലെ ഞാനും ഭാര്യയും എന്റെ കർത്താവിന്റെ സാന്നിധ്യത്തിൽ പരസ്പര പങ്കുവെയ്പിലൂടെയും പ്രാർത്ഥനയിലൂടെയും ഒന്നാകുന്ന രുചിയുള്ള "മറ്റൊരു ചായയായി" മാറുന്നു.
ബിജു ആന്റണി & ഹിമ ബിജു.
സീനിയർ മാനേജർ ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്,
നെല്ലായ ബ്രാഞ്ച്.