Joy of Love in Family
നമ്മോടു വാഗ്‌ദാനം ചെയ്‌തിരിക്കുന്നവൻ വിശ്വസ്‌തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്‌ഥിരതയുള്ളവരായിരിക്കണം. (ഹെബ്രായര്‍ 10 : 23)
അമ്പതു വയസെത്തിയപ്പോൾ പ്രശസ്ത റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് കൊടിയ നിരാശയുടെയും വിഷാദത്തിന്റെയും പിടിയിലാവുന്നു.
അത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കാൻ തുടങ്ങുന്നു. എന്നാൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് തൻ്റെ കാലത്തെ സാധരണക്കാരായ മനുഷ്യർ ജീവിതത്തോട് പുലർത്തിയിയിരുന്ന പ്രത്യാശയും, പ്രസാദവും, തൃപ്‌തിയുമായിരുന്നു.
അവരുടെ പ്രത്യാശയുടെ രഹസ്യം അവർ വിശ്വസിക്കയും വായിക്കുകയും ചെയ്‌തു കൊണ്ടിരുന്ന സുവിശേഷ പുസ്തകങ്ങൾ (പുതിയ നിയമം) അതിനവരെ വലിയ അളവിൽ സഹായിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി.
അങ്ങനെയാണ് അദ്ദേഹം ഒരിക്കൽ താൻ അവഗണിച്ച ആ പുസ്‌തകത്തെ ഗൗരവമായി എടുക്കാൻ ആരംഭിച്ചത്. തുടർന്നുള്ള മൂന്ന് വർഷം അയാൾ അതിൽ മുങ്ങിപ്പോയി. തന്റേതായ രീതിയിൽ സുവിശേഷങ്ങളെ ധ്യാനിച്ച് അദ്ദേഹം രചിച്ച പുസ്തകമാണ് “The Gospel in Brief”.
പ്രത്യാശയുടെ തീർത്ഥാടകരാകാനാണ് മാർപാപ്പയുടെ ക്ഷണം, നല്ല കാര്യങ്ങളൊന്നും ചുറ്റുപാടും കാണാനും കേൾക്കാനുമില്ല താനും. ടോൾസ്റ്റോയിയെപ്പോലെ വിഷാദത്തിലേക്ക് കൂപ്പുകുത്താനൊന്നും കാത്തു നിൽക്കണ്ട നമുക്കും തുറക്കാം സുവിശേഷം. മറഞ്ഞിരിക്കുന്ന പ്രത്യാശയുടെ ചെറിയ വിത്തുകൾ നമ്മുടെ ഹൃദയ നിലത്തും വീഴാതിരിക്കില്ല. പഴയൊരു ആത്മീയ ഗാനം പോലെയാണത് 'നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ ആനന്ദിക്കാനുള്ളത് ആയിരങ്ങൾ ' അജ്ന ജോർജിനെ ഓർക്കുന്നില്ലേ? ശരീരം മുഴുവൻ ക്യാൻസർ കീഴടക്കി കൊണ്ടിരുന്നപ്പോഴും തൻ്റെ ഡയറിയിൽ ദൈവത്തിന് നന്ദി പറയാൻ അവൾ ചില കാരണങ്ങൾ നിരന്തരം കണ്ടെത്തിയിരുന്നു. മുറ്റത്തെ വെണ്ടച്ചെടി തളിർത്തതും, തോട്ടത്തിൽ പുതിയ പൂക്കൾ ഉണ്ടായതുമൊക്കെ കൊടും സഹനങ്ങളുടെ നടുവിലും ദൈവത്തെ സ്തുതിക്കാനുള്ള കാരണങ്ങളായിരുന്നത്രെ. പ്രത്യാശയുടെ ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കൊണ്ടാണ് ആ കൊച്ചു പെൺകുട്ടി തന്റെ മരണത്തെ അനേകർക്ക് ജീവിക്കാനുള്ള പ്രത്യാശയുടെ ഓർമ്മപ്പെടുത്തലാക്കിയത്.
കൊച്ചുത്രേസ്യ പുണ്യവതി തൻ്റെ ആദ്യ കുർബാന ദിവസം എഴുതിവെച്ചത് ഇപ്രകാരമായിരുന്നത്രെ 'ജീവിതത്തിൽ ഒരിക്കലും ഞാൻ നിരാശപ്പെടുകയില്ല' അസംഖ്യം ശാരീരിക, മാനസിക പീഢകൾക്കു മധ്യേ പോലും അവളിൽ നിരാശയുടേതായി യാതൊന്നും കാണപ്പെട്ടില്ല. പ്രത്യാശയുടെ സങ്കീർത്തനങ്ങൾ അവസാനിക്കുന്നില്ല നമുക്കത് കണ്ടെടുക്കാം, ജീവിക്കാം. വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ നമുക്ക് മറക്കാതിരിക്കാം.
"പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍." (റോമാ 12 : 12 )
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും,പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
"എന്റെ ആത്മനാഥൻ എന്റേതാണ്. ഞാൻ അവന്റേതും .....ഞാൻ എന്റെ പ്രിയന്റേതാണ്, എന്റെ പ്രിയൻ എന്റേതും"
(ഉത്തമഗീതം 2: 16 ,6: 3 )ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ലയം ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതികരമാണെന്ന് പ്രഭാഷകന്റെ പുസ്തകം (25, 1) പറയുന്നുണ്ട്. ലയം എന്ന വാക്ക് കൂടുതൽ ഉപയോഗിക്കുന്നത് സംഗീതവുമായി ബന്ധപ്പെട്ടാണ്. ശ്രുതി താളലയങ്ങൾ നന്നായി വരുമ്പോഴാണ് നല്ല സംഗീതം ഉണ്ടാകുന്നത്. വ്യതിരിക്തമായ സ്വരങ്ങൾ പുറപ്പെടുവിക്കുന്ന വാദ്യോപകരണങ്ങൾ മധുരമായ സംഗീതം പുറപ്പെടുവിക്കുന്നത് പോലെ തന്നെയാണ് വ്യത്യസ്തമായ കഴിവുകളോടെ സൃഷ്ടിക്കപ്പെട്ട ഒരു സ്ത്രീയും പുരുഷനും ദാമ്പത്യത്തിലൂടെ തങ്ങളുടെ ലയം കണ്ടെത്തുന്നത്. ഈ ലയം സാധ്യമാകുന്നതിന് ഭാര്യയും ഭർത്താവും ഒരുപോലെ പരിശ്രമിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ദാമ്പത്യത്തിലെ ആദ്യ ദിവസം തന്നെ ഈ ലയത്തിലേക്ക് ആരും എത്തിച്ചേരുന്നില്ല. വർഷങ്ങൾ എടുത്ത് തൻ്റെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തി ആശയവിനിമത്തിലൂടെ പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലൂടെയാണ് ഈ ലയത്തിലേക്ക് എത്തിച്ചേരുന്നത്.
ദാമ്പത്യലയത്തിലേക്ക് എത്തിച്ചേരുന്നതിന്റെ ഒരു പ്രധാനപ്പെട്ട പടിയാണ് തന്റെ പങ്കാളി എതിർലിംഗത്തിൽ പെട്ടയാളാണെന്നും തന്നെക്കാൾ വ്യത്യസ്തമായ ആവശ്യങ്ങളും രീതികളും ഉള്ളയാളാണെന്നും ഉള്ള തിരിച്ചറിവ്. സ്ത്രീയും പുരുഷനും ശാരീരികമായി വ്യത്യസ്തരാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അവർ മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളിൽ വ്യത്യസ്തരാണെന്ന് അവബോധം ദമ്പതിമാർക്ക് ഉണ്ടാകണം. എന്നാൽ മാത്രമേ പങ്കാളിക്ക് ചേർന്ന ഇണയും തുണയും ആകുവാൻ ഭാര്യാഭർത്താക്കന്മാർക്ക് സാധിക്കുകയുള്ളൂ.
മാനസികതലത്തിൽ അഥവാ ബുദ്ധിയുടെ മണ്ഡലത്തിൽ സ്ത്രീയും പുരുഷനും എപ്രകാരമാണ് വ്യത്യസ്തരാകുന്നതെന്ന് നോക്കാം. സ്ത്രീക്ക് ഒരേസമയം ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമ്പോൾ പുരുഷന് ഒരു സമയം ഒരു കാര്യത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുകയുള്ളൂ. TV കണ്ടുകൊണ്ടിരിക്കുന്ന ഭർത്താവ് പലപ്പോഴും വീട്ടിൽ നടക്കുന്ന മറ്റു കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. ഭാര്യ പലപ്പോഴും ഇത് ഭർത്താവിൻറെ അലസതയാണെന്ന് തെറ്റിദ്ധരിക്കുവാൻ സാധ്യതയുണ്ട്. മാത്രമല്ല ആ സമയത്ത് ഭർത്താവിനോട് പറയുന്ന കാര്യങ്ങൾ അദ്ദേഹം കേൾക്കാൻ ഇടയില്ല, കാരണം പുരുഷന് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ ഒറ്റ കാര്യത്തിൽ മാത്രമായിരിക്കും ശ്രദ്ധ. ഭർത്താവിന്റെ ശ്രദ്ധ ടിവിയിൽ നിന്ന് മാറ്റിയതിന് ശേഷം മാത്രമേ അദ്ദേഹത്തോട് സംസാരിക്കാൻ പാടുകയുള്ളൂ. ഉദാഹരണത്തിന് "ചേട്ടാ എനിക്കൊരു കാര്യം പറയുവാനുണ്ട് ഒന്ന് ശ്രദ്ധിക്കാമോ ........"എന്ന് പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റണം.
പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷനു ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിന് അല്പം ഏകാന്തതയും നിശബ്ദതയും വേണം. സാധാരണ അവർ പ്രശ്നത്തെപ്പറ്റി പൊതുവേ ആരോടും പറയാറില്ല. പ്രശ്നത്തെപ്പറ്റി പറയുന്നുണ്ടെങ്കിൽ തന്നെ അതിന് ഒരു പരിഹാരത്തിനു വേണ്ടിയായിരിക്കും. സ്ത്രീകളാകട്ടെ ഒരു പ്രശ്നം വന്നാൽ അത് തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് തുറന്നു പറയും അങ്ങനെ പറയുന്നത് വഴിയാണ് അവർ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. പക്ഷേ അവർ പരിഹാരത്തിനു വേണ്ടിയല്ല മറ്റുള്ളവരോട് പ്രശ്നങ്ങളെ പറയുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അവർ സംസാരിക്കുമ്പോൾ കേൾക്കുന്ന വ്യക്തി തന്നെ മനസ്സിലാക്കുകയും തന്റെ വേദനയിൽ പങ്കുചേരുകയും വേണം എന്ന് മാത്രമേ സ്ത്രീ ആഗ്രഹിക്കുന്നുള്ളൂ.
ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്ന ദമ്പതികൾക്ക് പരസ്പരം അംഗീകരിക്കുവാനും സഹായിക്കുവാനും സാധിക്കും. ഉദാഹരണത്തിന് ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് അധികം സംസാരിക്കാതെ മൗനത്തിൽ ആയിരിക്കുമ്പോൾ ഭാര്യ മനസ്സിലാക്കണം പങ്കാളിക്ക് എന്തോ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ ഉണ്ടെന്ന്. ഈ സമയത്ത് അദ്ദേഹത്തിന് അല്പം ഏകാന്തതയും നിശബ്ദതയും ആണ് ആവശ്യമെന്നും. അതുപോലെ പലപ്പോഴും ഭാര്യ തൻ്റെ പ്രശ്നങ്ങൾ ഭർത്താവിനോട് പറയുമ്പോൾ ഉടനെ തന്നെ അതിന് പരിഹാരം നിർദ്ദേശിക്കാതെ ഭാര്യ പറയുന്നത് കേൾക്കുകയും ഭാര്യയുടെ വേദനയിൽ പങ്കുചേരുകയും അവളെ 'കഷ്ടമായിപ്പോയി സാരമില്ല...' എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് ആശ്വസിപ്പിക്കുകയും വേണം.
സഹായം ചോദിക്കുന്ന കാര്യത്തിലും സ്ത്രീയും പുരുഷനും വ്യത്യസ്ത രീതികൾ ആണുള്ളത്. സ്ത്രീ ആഗ്രഹിക്കുന്നത് സഹായം ചോദിക്കാതെ തന്നെ അവളുടെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കണമെന്നാണ്. പുരുഷനാകട്ടെ സഹായം ചോദിക്കാതെ ആരെങ്കിലും വന്ന് സഹായിക്കുന്നത് ഇഷ്ടമല്ലതാനും. ഈ വ്യത്യാസം അറിഞ്ഞു കഴിഞ്ഞാൽ ഭാര്യക്കും ഭർത്താവിനും പരസ്പരം സഹായിക്കാൻ മനസ്സിലാക്കുവാൻ സാധിക്കും.
ഉദാഹരണത്തിന് ഭർത്താവ് വണ്ടിയോടിക്കുമ്പോൾ നിർദേശങ്ങൾ നൽകുന്ന ഭാര്യ ആവശ്യമില്ലാതെ ഭർത്താവിന്റെ അപ്രീതി പിടിച്ചുപറ്റും. നല്ല ഉദ്ദേശത്തോടെ ഭാര്യ ചെയ്ത ഒരു കാര്യം എന്തിനാണ് ഭർത്താവിനെ ദേഷ്യപ്പെടുത്തിയതെന്നു മനസ്സിലാവാതെ ഭാര്യയും സങ്കടപ്പെടും. അതേ സമയം ഭാര്യയ്ക്ക് സഹായം ആവശ്യമുള്ള ഒരു സാഹചര്യത്തിൽ; ഉദാഹരണത്തിന് ഭാര്യക്ക് തലവേദന കാരണം വീട്ടുജോലികൾ ചെയ്യുവാൻ സാധിക്കുന്നില്ല എന്ന് കാണുന്ന ഭർത്താവ് ചോദിക്കാതെ തന്നെ സഹായിക്കുമെന്ന് ഭാര്യ പ്രതീക്ഷിക്കുന്നു. അങ്ങനെ ഭർത്താവ് സഹായിക്കാതെ വരുമ്പോൾ അത് സ്നേഹരാഹിത്യം കൊണ്ടാണെന്ന് ഭാര്യ തെറ്റിദ്ധരിക്കുന്നു.
എന്നാൽ ഈ പ്രത്യേകതകൾ മനസ്സിലാക്കുന്ന ഭർത്താവ് ഭാര്യ ചോദിക്കാതെ തന്നെ കണ്ടറിഞ്ഞ് ഭാര്യയെ സഹായിക്കുന്നു. അതേ സമയം ആവശ്യമില്ലാതെ നിർദ്ദേശം നൽകി ഭർത്താവിനെ ദേഷ്യപ്പെടുത്താതെ ഇരിക്കുവാൻ ഭാര്യയും ശ്രദ്ധിക്കും.
വൈകാരിക തലത്തിലും ഭാര്യ ഭർത്താക്കന്മാരുടെ ആവശ്യങ്ങൾ വ്യത്യസ്തമാണ്. ഭാര്യക്കുവേണ്ടത് കരുതുന്ന സ്നേഹമാണ്. ഭാര്യയുടെ എല്ലാ കാര്യങ്ങളും ഭർത്താവ് ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്ന രീതിയിൽ വേണം ഭർത്താവ് സ്നേഹിക്കാൻ. ഭാര്യയാകട്ടെ ഭർത്താവിനെ ബഹുമാനിക്കുകയും ഭർത്താവിൻറെ കഴിവുകളിൽ വിശ്വാസമർപ്പിച്ചു കൊണ്ടും വേണം സ്നേഹിക്കാൻ.
അങ്ങനെ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും ആശയവിനിമയം നടത്തിയും ഭാര്യ ഭർത്താക്കന്മാർക്ക് ലയത്തിൽ എത്തുവാൻ സാധിക്കും.
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ