Joy of Love in Family
"ലയം" എന്നാൽ പരസ്പരമുള്ള ഒരു "ഇഴുകി ചേരൽ" ആണ്. പരിചയമില്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഉണ്ടാകാവുന്ന ജയങ്ങളും പരാജയങ്ങളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
ഒന്നിനെയും കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ഇരിക്കുന്ന പ്രായത്തിൽ ഒരു സ്ഥലത്ത് നിന്ന് ഒരു ചെടി എന്നപോലെ പറിച്ചു നടൽ ഏതൊരു പെൺകുട്ടിയെയും വിഷമിപ്പിക്കുന്ന ഒന്നാണ്. പുതിയ സാഹചര്യങ്ങളുമായി എങ്ങനെ ഒത്തുചേരണം എന്നുള്ള ആകുലതയാണ് മനസ്സ് മുഴുവൻ. എന്തുപറഞ്ഞാലാണ് ഇഷ്ടമാവുക, എന്തു കൊടുത്താലാണ് മനസ്സ് നിറയുക എന്ന് ആവലാതിപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഞാൻ ആണ് ഭർത്താവിനു എല്ലാം ചെയ്തു കൊടുത്തിരുന്നത്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെ ചോദിച്ചറിയുകയും അത് എത്രയും പെട്ടെന്ന് നടത്തിക്കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു മനസ്സു മുഴുവൻ .
കാലമേറെ കഴിഞ്ഞപ്പോൾ സാഹചര്യങ്ങൾ പരസ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തപ്പോൾ എത്രയെത്ര മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ വളരെ വലിയ അത്ഭുതമാണ് തോന്നുന്നത്.
ഇന്ന് എത്രയേറെ മാറ്റങ്ങളാണ് എന്റെ ഭർത്താവിന് വന്നിട്ടുള്ളത്. ഇന്ന് ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുകയും അതിനുവേണ്ട പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നു. പരസ്പരം സഹായിക്കുന്നു.
രാവിലെ എണീറ്റ് വരുമ്പോഴേക്കും മേശപ്പുറത്ത് ചായ റെഡി...... ഇത്രയേറെ മാറാൻ സാധിച്ചു എങ്കിൽ അത് പൂർണമായും ലയിച്ചുചേർന്നതിന്റെ ഫലമാത്രമാണ്. നിറമില്ലാത്തതും മധുരമില്ലാത്തതുമായ പാലിൽ നിന്ന് നിറമുള്ളതും മധുരമുള്ളതുമായ ചായയിലേക്കുള്ള ഒരു മാറ്റത്തിന് വേണ്ടി ഒരുപാട് വർഷങ്ങൾ എടുത്തു.
ഭാര്യ ഭർത്താക്കന്മാർ തമ്മിലും പരസ്പരം ഒരു ചായ എന്നപോലെ ലയിച്ചുചേരുമ്പോഴാണ് മനോഹരമായ വിവാഹജീവിതം ഉണ്ടാവുന്നത് !
നല്ല തമ്പുരാന് നന്ദി.
ഹിമ ബിജു, മ്യൂസിക് ടീച്ചർ
നമ്മുടെ കർത്താവായ ഈശോ സ്ഥാപിച്ച ഏഴ് കൂദാശകളിൽ ഒന്നാണ് വിവാഹം. ദൈവം നടത്തിയ സൃഷ്ടികർമ്മത്തിൽ പങ്കുകാരാകുവാൻ നമ്മെ സഹായിക്കുന്ന കൂദാശ കൂടിയാണിത്. വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പുസ്തകമായ ഉല്പത്തിയിൽ തന്നെ വിവാഹത്തെക്കുറിച്ച് പറയുന്നത് നമുക്ക് കാണാം. പിതാവായ ദൈവം നേരിട്ട് സ്ഥാപിച്ച കൂദാശ കൂടിയാണ് വിവാഹം. "ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ" (മാർക്കോസ് 10 : 9 ) ഈ തിരുവചനത്തിന്റെ പൂർത്തീകരണത്തിന് ഭാര്യയും ഭർത്താവും തമ്മിൽ പരസ്പര സ്നേഹവും ബഹുമാനവും അത്യാവശ്യമാണ് . പരസ്പര സ്നേഹത്തിലൂന്നിയ സഹായത്തിനും സഹകരണത്തിനും ഒരു ബാധ്യതയുടെ ഫീലിംഗ്സ് ഉണ്ടാവുകയില്ല .ഇവിടെ ഭാര്യയുടെയോ ഭർത്താവിന്റെയോ ആവശ്യങ്ങൾ നിറവേറ്റുവാൻ പരസ്പരം മത്സരിക്കുന്നത് നമുക്ക് കാണാം. പരസ്പര സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ ഭാര്യാഭർതൃ ബന്ധം വെറും ഒരു കാട്ടിക്കൂട്ടൽ ആയിത്തീരും. ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി ചെയ്യുന്നതും അതേ പ്രവൃത്തി കഷ്ടപ്പെട്ട് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം കുടുംബജീവിതത്തിലും പ്രകടമാകും.
കുടുംബ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ സന്തോഷത്തോടെ നിറവേറ്റാൻ ഈ പരസ്പര സ്നേഹം ഉണ്ടായിരിക്കണം. ഈ സ്നേഹവും കരുതലും ബഹുമാനവും കണ്ടിട്ട് വേണം നമ്മുടെ മക്കൾ വളരേണ്ടത് . കുഞ്ഞുനാളുകളിൽ മക്കൾ കാണുന്ന ഈ സ്നേഹവും പങ്കുവയ്ക്കലും അവരുടെ ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ സാധിക്കും .വർധിച്ചുവരുന്ന വിവാഹമോചനത്തിന്റെ പ്രധാന കാരണം പരസ്പരം ബഹുമാനമോ ആദരവോ നൽകാത്തതാകാം. സ്നേഹമുള്ളിടത്തേ കരുണയും ദയയും ക്ഷമയും വിട്ടുകൊടുക്കലുകളും ഉണ്ടാകൂ. 'നമ്മുടെ മക്കൾക്ക് നല്ല മാതൃക നൽകി ഈശോ ആഗ്രഹിക്കുന്ന തിരുകുടുംബമായി മാറുവാൻ നല്ലവനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!
ആമേൻ!!
നാൻസി റോയ്
ദൈവമായ കർത്താവ് അരുളി ചെയ്തു "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല, അവന് ചേർന്ന ഇണയെ ഞാൻ നൽകും (ഉൽപ്പത്തി 2 : 18 )".
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജീവിച്ച ഞങ്ങൾ വിവാഹം എന്ന കൂദാശയിൽ ഒന്നിച്ചപ്പോൾ ഏറ്റവും യോജിച്ച ഇണയെ ദൈവം തന്നു എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ദൈവവും, വിശുദ്ധ കുർബാനയും വന്നതോടെയാണ് ഞങ്ങളിൽ മാറ്റങ്ങൾ ആരംഭിച്ചത്. കൂദാശകളുടെ അടുത്തടുത്ത സ്വീകരണം ഞങ്ങളെ പുതിയ മനുഷ്യരാക്കി.
ദൈവത്തെ ആശ്രയിച്ചപ്പോഴാണ് വളരെ വ്യത്യസ്തരായ ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞത്. അനേകം കുറവുകളും അതേ സമയം തന്നെ കഴിവുകളും ഉള്ളവരാണ് ഞങ്ങൾ എന്ന തിരിച്ചറിവ് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിച്ചു. വിട്ടുവീഴ്ചകളുടേയും ക്ഷമിക്കുന്ന സ്നേഹത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയതും ഞങ്ങളുടെ ജീവിതത്തിലെ പുതിയ വഴിത്തിരിവുകൾ ആയിരുന്നു .
ജീവിതത്തിൽ സഹനങ്ങളും അനേകം പരിശ്രമങ്ങളും ഏറ്റെടുത്തു തുടങ്ങിയപ്പോൾ ജീവിതപാതയിൽ തളരാതെ മുന്നേറാൻ ദൈവം സഹായിച്ചു കൊണ്ടിരിക്കുന്നു. പ്രാർത്ഥനയിൽ മാത്രമേ ദമ്പതികൾക്ക് പരസ്പരം കണ്ടെത്താൻ സാധിക്കൂ .
ടെസ്സി നിക്സൺ