Joy of Love in Family
എന്തുകൊണ്ടായിരിക്കാം ദാമ്പത്യ പൊരുത്തക്കേടുകൾ ഉണ്ടാകുന്നത്? പേഴ്സണൽ സ്പേസിലേക്ക് പങ്കാളി കടന്നു വരുമ്പോൾ സ്വയം രൂപന്തരീകരണത്തിന് (tranformation) വിമുഖത കാണിക്കുമ്പോൾ അസ്വാരസ്യങ്ങൾ സ്വഭവികമല്ലേ…? വർഷങ്ങളോളം സന്തോഷത്തോടെ വിവാഹിതരായി ജീവിക്കുന്ന ദമ്പതികളോട് ചോദിച്ചാൽ അവർക്ക് വെളിപ്പെടുത്താനാവും പങ്കാളിക്ക് വേണ്ടിയുള്ള transformation ജീവിതത്തിലും സ്വഭാവത്തിലും നടപ്പാക്കിയത്.
ദാമ്പത്യത്തിലെ ഈ രൂപാന്തരീകരണം ക്രിസ്തുവിൻ്റെ രൂപാന്തരീകരണവുമായി ചേർക്കുമ്പോൾ ക്രിസ്തീയ കുടുംബമായി നിലനിൽക്കാനും ഫലം പുറപ്പെടുവിക്കും സാധിക്കുന്നു. ഒരു ക്രൈസ്തവ ദാമ്പത്യത്തിൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഐക്യം ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പുനരുത്ഥാനത്തിൻ്റെയും മാതൃകയിലൂടെ തുടർച്ചയായി രൂപാന്തരപ്പെടുന്നു. ദമ്പതികൾ സ്വയം മറന്ന് സഹനങ്ങളിലൂടെ കൃപ വർദ്ധിപ്പിക്കുകയും ഐക്യത്തിൽ വളരുകയും ചെയ്യുമ്പോൾ, ദമ്പതികളുടെ ബന്ധം ക്രിസ്തുവിൻ്റെ രൂപന്തരീകരണത്തിൻ്റെ സജീവമായ പ്രതിഫലനമായി മാറുന്നു.
ഭാര്യാഭർത്താക്കന്മാർ പരസ്പരം എങ്ങനെ സ്നേഹിക്കണം എന്നതിൻ്റെ ആത്യന്തിക ഉദാഹരണമാണ് സഭയോടുള്ള ക്രിസ്തുവിൻ്റെ ത്യാഗപരമായ സ്നേഹം. ക്രിസ്തു മനുഷ്യരാശിക്ക് വേണ്ടി സ്വയം ബലിയർപ്പിച്ചതുപോലെ, ദമ്പതികൾ പങ്കാളിയുടെ നന്മയ്ക്കായി സ്വാർത്ഥ ആഗ്രഹങ്ങൾ ത്യജിക്കാൻ തയ്യാറാകുമ്പോൾ ദാമ്പത്യത്തിൽ ഐക്യം വളരുന്നു! നമുക്കും ദാമ്പത്യ ഐക്യത്തിൽ വളരാൻ ക്രിസ്തുവിന്റെ സഹായം തേടാം!
വിജോ വിൽസൺ & സിനി ചാക്കോ.
എഡിറ്റർ, ലോഫ് മീഡിയ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.
മത്തായി 19 : 9-11"ഇന്നെന്തൊക്കെയാ വികാരിയച്ചൻ പ്രസംഗത്തിൽ പറഞ്ഞത്? അന്തപ്പേട്ടൻ റോസിയേടത്തിയോട് ചോദിച്ചു- ഭാര്യാഭ൪തൃ ലയം എന്തൂട്ടു തേങ്ങയാ?......
"നിങ്ങൾക്കു മനസ്സിലായില്ലെന്ന് വച്ച് അങ്ങേരെ കുറ്റം പറയരുത്. അങ്ങേര് റോമിലൊക്കെ പഠിച്ച് ഡോക്ടറേറ്റ് ഉള്ള ആളാ"- റോസിയേടത്തി .
"എന്തുട്ടു ഡോക്ടറേറ്റ് ,ഇതിനുമുമ്പത്തെ വല്യച്ചൻ ആരുന്നേൽ വല്ല ചീത്തയും, തമാശയും ഒക്കെ പറഞ്ഞ് പ്രസംഗം ഉഷാറാക്കുമായിരുന്നു. -അന്തപ്പേട്ടൻ.
'അങ്ങേർക്ക് നിങ്ങളുടെ സ്വഭാവമാണ് എപ്പോഴും ചീത്ത പറച്ചിൽ' പണ്ട് കുർബാന കൈക്കൊള്ളാനും, കുമ്പസരിക്കാനും തിക്കുണ്ടാക്കിയപ്പോൾ ചീത്ത പറഞ്ഞത് റോസിയേടത്തി ഇപ്പോഴും മറന്നിട്ടില്ല. വർത്തമാനം പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല. ഗേറ്റിലെ ബോക്സിൽ നിന്നും പത്രം എടുത്ത് അന്തപ്പേട്ടൻ ഉമ്മറത്തിരുന്നു. വിശാലമായി വായന തുടങ്ങി. റോസി ഏടത്തി ഉള്ളിലേക്കും.
ചൂടുചായയും ആയി അന്തപ്പേട്ടന്റെ കൊച്ചുമോൾ വന്നു. ചായ വാങ്ങുന്നതിനും മുൻപ് അന്തപ്പേട്ടൻ ഗൗരവത്തിൽ അവളെ നോക്കി, പിന്നെ ഉള്ളിലേക്കും. "അമ്മാമ അപ്പുറത്തെ ത്രേസ്യേടത്തിയോട് മിണ്ടി കൊണ്ടിരിക്കുവാ” റോസ്മോൾ ചായ കൊടുക്കുമ്പോൾ പറഞ്ഞു .
"കാപ്പി കുടിക്കാം” റോസി ഏടത്തി വന്നു വിളിച്ചു, അന്തപ്പേട്ടൻ പത്രം മടക്കി. മകനും മരുമോളും ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ എത്തിയിട്ടുണ്ട്. ഒരാൾ മൊബൈലിലും മറ്റൊരാൾ ലാപ്ടോപ്പിലും കണ്ണും നട്ടിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. അന്തപ്പേട്ടൻ ഓർത്തു ഏഴു മക്കൾക്ക് വച്ചു വിളമ്പുമ്പോഴും താൻ ഭക്ഷണപാത്രത്തിൽ നിന്ന് കണ്ണുയർത്തിയാൽ റോസിക്ക് അറിയാമായിരുന്നു എന്താണ് നോക്കുന്നത് എന്ന്. ഇവർക്ക് സ്വയം എന്താണ് കഴിക്കുന്നത് എന്ന് നിശ്ചയം ഇല്ല, രണ്ടാളും കോളേജ് അധ്യാപകരും, പുതിയ കുടുംബങ്ങൾക്ക് വേണ്ടി ക്ലാസുകൾ എടുക്കുന്നവരും ആണ് കേട്ടോ.
മക്കൾ ജോലി സ്ഥലത്തേക്കും കൊച്ചുമക്കൾ സ്കൂളിലേക്കും യാത്രയായി. “ഞാൻ ഒന്ന് വല്യേട്ടന്റെ വീട് വരെ പോട്ടെ? നാളെ തിരിച്ചു വരാം, ത്രേസ്യായും മകനും ആ വഴി പോകുന്നുണ്ട്. അവരുടെ കൂടെ പൊക്കോളാം.” റോസി ഏടത്തി ചോദിച്ചു .
"നീ ഇവിടെ ഇല്ലെങ്കിൽ എന്റെ ഒരു കാര്യവും ശരിയാവില്ല എന്ന് അറിയില്ലേ? മറ്റന്നാൾ നമുക്ക് ഒരുമിച്ച് പോവാം”- അന്തപ്പേട്ടൻ .... റോസി ഏടത്തി സമ്മതിച്ചു .
മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നത് കണ്ട് അന്തപ്പേട്ടൻ പറമ്പിൽ നിന്ന് കയറിവന്നു .കുഞ്ഞുമോളും അവളുടെ നാലുവയസ്സുകാരൻ ഉണ്ണിക്കുട്ടനും. 'നീ തനിച്ചേ ഉള്ളോ …” 'പെട്ടെന്ന് തീരുമാനിച്ചു പോന്നതാണ് അപ്പാ ' അവളുടെ മുഖം വാടിയിരിക്കുന്നല്ലോ അന്തപ്പേട്ടനു തോന്നി.
"നിങ്ങൾ ഇല്ലായിരുന്നേൽ ഉച്ച ഊണിന്റെ സമയത്ത് ഒന്ന് പറഞ്ഞ് രണ്ടു പറഞ്ഞു ഞങ്ങൾ തമ്മിൽ വഴക്കാവും" അന്തപ്പേട്ടൻ
"ഇങ്ങേര് എന്തിനെങ്കിലും ഒക്കെ എന്നെ ചീത്ത പറഞ്ഞു കൊണ്ടിരിക്കും" -റോസി ഏടത്തി .' അത് പണ്ട്..... ഇപ്പോൾ ഇവളാണ് വഴക്ക്' ,-അന്തപ്പേട്ടൻ.
"അല്ല കുഞ്ഞുമോളെ, ജോസു മായി എന്തെങ്കിലും വഴക്കുണ്ടായോ ? - അന്തപ്പേട്ടൻ ..... "നീ ഒറ്റയ്ക്ക് വന്നതുകൊണ്ടാ" കുഞ്ഞുമോൾ ഒറ്റ കരച്ചിൽ..... “എന്നോട് ഭയങ്കര വഴക്കാ ,തല്ലുകയും ചെയ്തു”. തല്ലു കിട്ടിയ ലക്ഷണം ഒന്നും അവളുടെ ശരീരത്തിൽ ഇല്ല. അന്തപ്പേട്ടൻ റോസിയേടത്തിയെ നോക്കി. റോസി ഏടത്തി ഉള്ളിൽ ചിരിച്ചു. അവനൊന്ന് തല്ലിയാലും ഇവൾക്ക് എന്താവാനാണ്.
"ആട്ടെ മോളെ എന്താണ് സംഭവിച്ചത്"- റോസി ഏടത്തി. "അയാളുടെ അമ്മ പറയുന്നത് കേട്ട് എപ്പോഴും എന്നെ ചീത്ത പറയും ഇന്നലെ എന്നെ തല്ലി”.
ഓഹോ അത്രയ്ക്കായോ അവനോട് ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം ....അന്തപ്പേട്ടൻ ജോസിനെ ഫോൺ ചെയ്തു . "അപ്പാ അവളും കൊച്ചും അവിടെ തന്നെ ഉണ്ടല്ലോ? ജോസ് വേവലാതിപ്പെട്ടു".
ഉവ്വ് -അന്തപ്പേട്ടൻ ."എന്റെ അപ്പാ അമ്മയോട് അവൾ എപ്പോഴും വഴക്കാ...അമ്മയും മോശമല്ല. ഇന്നലെ ജോലി കഴിഞ്ഞ് മടുത്തു ഞാൻ വരുമ്പോൾ അവൾ അമ്മയെ വഴക്ക് പറയുന്നത് കേട്ട് എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അവൾക്കിട്ട് ഒന്ന് തല്ലി".
ആട്ടെ എന്തിനാണ് അമ്മയുമായി അവൾ വഴക്കിട്ടത് എന്ന് ചോദിച്ചോ?."ഓ, അമ്മ അടുക്കള അലങ്കോലമാക്കിയത്രെ.”
"ഓഹോ ഇനി എന്താ പരിപാടി? - അന്തപ്പേട്ടൻ.
"ഞാൻ ഇതാ പുറപ്പെടുകയായി. എങ്ങനെയെങ്കിലും അവളെ എന്റെ കൂടെ പറഞ്ഞയക്കണമേ” - ജോസ് . കുഞ്ഞുമോളേ...... അന്തപ്പേട്ടൻ വിളിച്ചു .കുടുംബ ജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം ആദ്യ സ്ഥാനം നൽകണം .പിന്നെ മക്കൾ, പിന്നെ മാതാപിതാക്കൾ, ശരി തന്നെ. അതുപോലെ ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തമെന്ന് കണ്ട് പെരുമാറുകയും വേണം. എന്തെങ്കിലും ചെറിയ വഴക്കോ, പ്രശ്നങ്ങളോ ഉണ്ടായാൽ അന്ന് കിടന്നുറങ്ങുന്നതിനു മുമ്പ് പരസ്പരം പറഞ്ഞു പരിഹരിക്കണം. അല്ലാതെ നിന്റെ വീട് വിട്ട് പോവുകയല്ല ചെയ്യേണ്ടത്” ശരിയപ്പാ കുഞ്ഞുമോൾ സമ്മതിച്ചു. വൈകിട്ട് മകനും മരുമകളും കൊച്ചുമക്കളും എത്തി. ഇളയമ്മയെയും ഉണ്ണിക്കുട്ടനെയും കണ്ടപ്പോൾ കുട്ടികൾക്ക് സന്തോഷമായി. മുറ്റത്ത് സന്തോഷത്തോടെ കളിക്കുന്ന കൊച്ചു മക്കളെ അന്തപ്പേട്ടൻ നോക്കിയിരുന്നു. രാത്രി ജോസ് എത്തി. ആഘോഷമായ കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം റോസിയേടത്തി എല്ലാവർക്കും ഭക്ഷണം വിളമ്പി.
മക്കളുടെ മുറികളിൽ നിന്നും സംസാരവും ചിരിയും കേൾക്കാം
റോസി സുഖമായി ഉറങ്ങുന്നു .പാവം പകലത്തെ ജോലികൾ കാരണം മടുത്തായിരിക്കും. അന്തപ്പേട്ടൻ വികാരിയച്ചന്റെ പ്രസംഗത്തെ കുറിച്ച് ഓർത്തു. "ഭാര്യഭർതൃ ലയം " ആ ദിവസത്തെ എല്ലാ വഴക്കുകളും പ്രശ്നങ്ങളും രാത്രി ഉറങ്ങുന്നതിനു മുൻപ് പറഞ്ഞുതീർത്ത് ഒരുമിച്ച് ഒരു പ്രാർത്ഥന ചൊല്ലി സുഖമായി ഉറങ്ങുക. അന്തപ്പേട്ടൻ പതുക്കെ ഉറക്കത്തിലായി.
ഡോ. ജോണി തോമസ്.
അമല മെഡിക്കൽ കോളേജ്, തൃശൂർ.