Joy of Love in Family
മനുഷ്യജീവന്റെ അമൂല്യതയും പവിത്രതയും ഉയർത്തിപ്പിടിക്കുവാനുള്ള നമ്മുടെ പോരാട്ടങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയായി. ആദ്യ പാപത്തെ തുടർന്ന് ആദിമ കുടുംബത്തിൽ ഉണ്ടായ ആദ്യ കൊലപാതകം മുതൽ ജീവന്റെ സംരക്ഷണത്തിനും നിലനിൽപ്പിനും സമൃദ്ധിക്കും വേണ്ടിയുള്ള ദൈവിക ഇടപെടലുകൾ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാൻ കഴിയും. മനുഷ്യനെ ജീവന്റെ പൂർണ്ണതയിലേക്ക് നയിക്കുവാൻ യേശുവിന്റെ മനുഷ്യാവതാരവും കുരിശു മരണവും ഉത്ഥാനവും ദൈവിക പദ്ധതിയുടെ ഭാഗമായി നാം ദർശിക്കുന്നു. "ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹന്നാൻ 10 : 10) ഏറ്റവും മനോഹരമായ ദൈവവചനമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ അനുയായികളായ നാം ഓരോരുത്തരും ജീവന്റെ ജനം അഥവാ ജീവനുവേണ്ടിയുള്ള ജനമാണ് എന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഓർമ്മിപ്പിക്കുന്നു.
'ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു എന്ന് ജീവന്റെ സുവിശേഷത്തിലൂടെ വിശുദ്ധനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകിയിട്ട് 30 വർഷങ്ങൾ ആകുന്നു. മനുഷ്യ ജീവന്റെ ആരംഭ നിമിഷം മുതൽ സ്വാഭാവിക അന്ത്യം വരെയും ജീവന്റെ മഹത്വത്തിന് എതിരായുള്ള നിരവധിയായ തിന്മകൾ അനുദിനം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഗർഭഛിദ്രം,കൊലപാതകം, മദ്യം, മയക്കുമരുന്നുകളുടെ ദുരുപയോഗം, ആത്മഹത്യ, ലൈംഗിക അരാജകത്വം, വൃദ്ധജനങ്ങളോടുള്ള അവഗണന, കാരുണ്യ വധ൦ തുടങ്ങി മനുഷ്യ ജീവന്റെ മൂല്യത്തിനെതിരായ ഒരു മരണ സംസ്കാരം നമ്മുടെ ഇടയിൽ ശക്തമായിരിക്കുന്നു.
"ഇടപെടാൻ ആരുമില്ലാത്തതിനാൽ, അവിടുന്ന് ആശ്ചര്യപ്പെട്ടു" (ഏശയ്യാ 59 : 16) എന്ന ദൈവവചനം മരണ സംസ്കാരത്തിനെതിരെ ഇടപെടാനും, പോരാട്ടം നടത്തുവാനും നമ്മെ നിർബന്ധിക്കുന്നു. 'If you are not the part of the solution, you are part of the problem'. കൊലയ്ക്കു കൊണ്ടുപോകുന്നവരെ മോചിപ്പിക്കുക ; കൊലക്കളത്തിലേക്ക് വലിച്ചെറിയപ്പെടുന്നവരെ രക്ഷപ്പെടുത്തുക. (സുഭാഷിതങ്ങൾ 24: 11)
കഴിഞ്ഞ 15 വർഷമായി തൃശൂർ അതിരൂപതയിൽ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സമർപ്പിത സമൂഹമായ LOAF (Legion Of Apostolic Families) ജീവന്റെ സംരക്ഷണത്തിനും നിലനിൽപ്പിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ പല രീതിയിൽ പങ്കെടുക്കുന്നു. കുടുംബപ്രേഷിത കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രൊലൈഫ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കുടുംബങ്ങളാണ് 2009ൽ അതിരൂപത അധ്യക്ഷന്റെ നിർദ്ദേശം അനുസരിച്ച് കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുവേണ്ടി ആരംഭിച്ച LOAF സമൂഹത്തിലെ ആദ്യ അംഗങ്ങളായത്.ജീവന്റെ മൂല്യത്തെ കുറിച്ചും ജീവന്റെ പവിത്രതയ്ക്കെതിരായ തിന്മകളെക്കുറിച്ചും വിവാഹ ഒരുക്ക ക്ലാസുകളിലും വിവിധ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സഭാ പഠനത്തിന്റെ വെളിച്ചത്തിൽ ബോധവൽക്കരണം നടത്തുന്നു.
ജീവന്റെ സമൃദ്ധിയെ കുറിച്ച് ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുന്ന വലിയ കുടുംബങ്ങളെ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ LOAF സമൂഹം ജീവന്റെ പുതിയ ഒരു സംസ്കാരത്തെ വളര്‍ത്തുവാൻ പരിശ്രമിക്കുന്നു.
ജീവന്റെ സക്രാരി എന്ന് കുടുംബത്തെ വിശേഷിപ്പിച്ച വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ മനുഷ്യജീവനെ കുറിച്ചുള്ള പ്രബോധനങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റു സഭാ പഠനങ്ങളും പഠന വിഷയമാക്കുകയും അതനുസരിച്ച് ജീവിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. പുതിയ കുടുംബങ്ങൾക്കായി നടത്തപ്പെടുന്ന ദമ്പതീ ധ്യാനങ്ങളിലും മറ്റും സഭയുടെ ജീവനെക്കുറിച്ചുള്ള പ്രബോധനങ്ങളും സാക്ഷ്യങ്ങളും നൽകി വരുന്നുണ്ട്. ഇത് ലോഫ് ധ്യാനങ്ങളുടെ ഒരു പ്രത്യേക സവിശേഷതയാണ്. 'ജീവനെതിരായ വസ്തുനിഷ്ഠമായ ഗൂഢാലോചന കുടുംബങ്ങളിൽ നടക്കുന്നു' (EV-17) എന്നു ജീവന്റെ സുവിശേഷത്തിലൂടെ പാപ്പ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ഗർഭനിരോധന മനോഭാവം, വന്ധ്യകരണം, ഗർഭച്ഛിദ്രം. തുടങ്ങി മരണസംസ്കാരത്തിന്റെ ഉത്ഭവത്തിന് കാരണമാകുന്ന അടിസ്ഥാനതിൻമകളുടെ തുടക്കം കുടുംബങ്ങളിൽ നിന്നാണെന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ എത്ര ഗൗരവമുള്ള കാര്യമാണ്.
'ഒരമ്മക്ക് തന്റെ കുഞ്ഞിനെ കൊല്ലാമെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണ് മറ്റൊരാളോട് കൊല്ലരുത് എന്ന് പറയാൻ ആവുക - ലോകത്തിൽ സമാധാനത്തിന്റെ അന്തകൻ ഭ്രൂണഹതയാണെന്ന്’ വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കുമായുള്ള പോരാട്ടങ്ങൾ കുടുംബങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന വസ്തുത നമ്മെ ഓർമിപ്പിക്കുന്നു.
LOAF- കുടുംബങ്ങളുടെ സമർപ്പിത സമൂഹം, കുടുംബങ്ങളെ വിശുദ്ധീകരിക്കുക, കുടുംബത്തെക്കുറിച്ചുള്ള ദൈവീക പദ്ധതികൾ മറ്റു കുടുംബങ്ങളെ അറിയിക്കുക, എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അതുവഴി ജീവന്റെ ഒരു സംസ്കാരത്തെ വളർത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ആണ് ശ്രമിക്കുന്നത്.
അതുപോലെതന്നെ ദൈവദാനമായ ലൈംഗികതയുടെ സ്നേഹദായകവും ജീവദായകവുമായ ലക്ഷ്യങ്ങളെ ഒരിക്കലും വേർതിരിക്കുവാൻ പാടുള്ളതല്ല എന്നും അങ്ങിനെ ചെയ്യുമ്പോൾ സ്ത്രീകൾ ഉപഭോഗ തുല്യമായ വസ്തുക്കളെ പോലെ കരുതപ്പെടും എന്ന വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ മുന്നറിയിപ്പ് ദാമ്പത്യ വിശുദ്ധിയിലും വിശ്വസ്തതയിലും മനുഷ്യജീവനോടുള്ള തുറവിയിലും ജീവിക്കുവാൻ ഓരോ ക്രൈസ്തവ കുടുംബങ്ങളെയും നിർബന്ധിക്കുന്നു. ദാമ്പത്യ വിശുദ്ധിയിൽ അനുദിനം വളർന്ന് ജീവന്റെ സക്രാരിയായി ഓരോ ക്രൈസ്തവ കുടുംബവും മാറുക എന്ന ദൈവിക പദ്ധതി നടപ്പിലാക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
MTP Act നിർത്തലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജീവന്റെ സംരക്ഷണത്തിനും, സമൃദ്ധിയ്ക്കും വേണ്ടി നടത്തപ്പെടുന്ന “മാർച്ച് ഫോർ ലൈഫ്” പോലെയുള്ള പോരാട്ടങ്ങൾ വഴി മനുഷ്യ ജീവന്റെ ആരംഭ നിമിഷം മുതൽ സ്വാഭാവിക അന്ത്യം വരെ ഓരോ മനുഷ്യജീവനെയും ബഹുമാനിക്കുക, സ്നേഹിക്കുക, സംരക്ഷിക്കുക എന്നീ ദൗത്യം ഏറ്റെടുക്കുവാനും മനുഷ്യ ജീവന്റെ ഒരു പുതിയ സംസ്കാരം വളർത്തുവാനും നമുക്ക് കൈകോർക്കാം.
ജീവന്റെ സമൃദ്ധിയായ ഈശോ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ ........
ഡോ. ജോർജ് ലിയോൺസ് & അനി ജോർജ്
ലോഫ് പ്രസിഡന്റ് ദമ്പതികൾ
ഞാൻ എൻ്റെ ഏഴാമത്തെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന കാലഘട്ടത്തിൽ (ഇപ്പോൾ ഞങ്ങൾക്ക് അഞ്ച് മക്കളാണ് ഉള്ളത്) വളരെ അപ്രതീക്ഷിതമായി കടന്നുവന്ന ഹൃദയസംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം എന്നെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. സാധാരണഗതിയിൽ ഇങ്ങനത്തെ അവസ്ഥയിൽ ഒരു രോഗിക്ക് നൽകുന്ന ട്രീറ്റ്മെൻറ് ഗർഭാവസ്ഥയിൽ നൽകുക സാധ്യമല്ലായിരുന്നു. ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന അമ്മയ്ക്ക് നൽകാവുന്ന Mild dose മരുന്നുകളാണ് ആ സമയത്ത് ഡോക്ടർമാർ എനിക്ക് നൽകിയത്. പക്ഷേ അവരുടെ പ്രതീക്ഷക്ക് അനുസരിച്ച ഒരു പുരോഗതി എന്നിൽ കാണാഞ്ഞത് കൊണ്ട് അവർ ഒരല്പം അസ്വസ്ഥരായി. ഇങ്ങനെ ഒരു അവസ്ഥയിൽ കുഞ്ഞിന്റെ ആരോഗ്യത്തേക്കാൾ ഉപരി അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് അവർ ഉൽകണ്ഠാകുലരായിരുന്നു. എൻറെ ആ സമയത്തെ സ്ഥിതിയെക്കുറിച്ചുള്ള ഉൽക്കണ്ഠ ഡോക്ടർ ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
സ്വാഭാവികമായും അന്തിമമായ തീരുമാനം എടുക്കേണ്ട ഉത്തരവാദി ഞാൻ തന്നെയാണെന്ന് മനസ്സിലായി. ഒരു കാര്യം ഞാൻ തറപ്പിച്ചു പറഞ്ഞു. എൻറെ ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവൻ എൻറെ ജീവൻ പോലെ തന്നെ വിലപ്പെട്ടതാണ്. അതുകൊണ്ട് കുഞ്ഞിന്റെ ജീവന് ആഘാതം ഏൽപ്പിക്കുന്ന ട്രീറ്റ്മെൻറ് സ്വീകരിക്കാൻ ഞാൻ തയ്യാറല്ല.
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ അനേകം വ്യക്തികളുടെ പ്രാർത്ഥനയും മരുന്നുകളും എന്നെ നോർമൽ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരാഴ്ചക്കുള്ളിൽ തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ എനിക്ക് ആ പ്രഗ്നൻസി കാലഘട്ടം പൂർണമായും ദൈവാശ്രയത്വത്തിന്റെ നാളുകൾ ആയിരുന്നു. അധ്യാപികയായ ഞാൻ ഒരു മാസത്തെ അവധിക്കുശേഷം കുഞ്ഞിന് ജന്മം കൊടുക്കുന്നതിന്റെ തലേന്നാൾ വരെ ജോലിക്ക് പോകാൻ ദൈവം അനുവദിച്ചു.
മുൻ പ്രഗ്നൻസി കാലഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി എൻ്റെ ബലഹീനതയിൽ പൂർണ്ണമായി പരിശുദ്ധാത്മാവിന്റെ ആശ്രയം തേടാൻ തുടങ്ങി. പ്രസവസമയത്ത് complications ഉണ്ടാകാമായിരുന്നു എങ്കിലും സാധാരണ പ്രസവത്തിലൂടെ പൂർണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി. ദൈവത്തിന്റെ സ്നേഹവും കരുതലും ആവോളം അനുഭവിച്ചറിഞ്ഞ നാളു കളായിരുന്നു അത്.
എൻ്റെ വിദ്യാർഥികളോട് ജീവന്റെ മൂല്യത്തെക്കുറിച്ച് സംവദിക്കുവാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. Moral science ക്ലാസുകളിൽ കുഞ്ഞിന്റെ ജീവൻ അമ്മയുടെ ജീവൻ പോലെ തന്നെ വിലയുള്ളതാണ് എന്ന് പറയാൻ എളുപ്പമായിരുന്നു. ജീവിതത്തിൽ ഇങ്ങനെയുള്ള പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ ആ തീരുമാനം എളുപ്പമായിരുന്നില്ല. എന്നാൽ ആ ഘട്ടത്തിൽ ഒരു കുഞ്ഞു ജീവനെ സംരക്ഷിക്കാനുളള തീരുമാനം എടുക്കാൻ ഞങ്ങളുടെ കൂടെ നിന്ന് കരുത്ത് പകർന്ന നിരവധി പേരുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രാർത്ഥനയിലൂടെ ഞങ്ങളെ ചേർത്തു പിടിച്ചവർ അനേകർ ആയിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള ആഴമായി ബോധ്യങ്ങൾ പകർന്നു തരാൻ അന്ന് പരിശ്രമിച്ച എല്ലാ അധ്യാപകരെയും ഈ സമയത്ത് നന്ദിയോടെ ഓർക്കുന്നു. കൃത്യമായും വ്യക്തമായും ജീവന്റെ മൂല്യത്തെക്കുറിച്ച് അവർ പകർന്നു തന്ന ബോധ്യങ്ങൾ ജീവിതയാത്രയിൽ എന്നും വഴികാട്ടിയായിരുന്നു, പ്രചോദനമായിരുന്നു.
നമുക്കും ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവന്റെ വക്താക്കൾ ആകാം, സംരക്ഷകരാകാം. അതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം!
അനി ജോർജ്ജ് ലിയോൺസ്