Joy of Love in Family
മാനുഷിക ലൈംഗികത, വിവാഹം, കുടുംബാസൂത്രണം എന്നിവയുടെ പശ്ചാത്തലത്തിൽ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ച് കത്തോലിക്കാ സഭയുടെ കാറ്റക്കിസം (CCC) പഠിപ്പിക്കുന്നു.
_CCC 2366-2372_: വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളുടെ അകലത്തെക്കുറിച്ച് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് സഭ പഠിപ്പിക്കുന്നു, എന്നാൽ ധാർമ്മിക നിയമത്തെ മാനിക്കുന്ന വിധത്തിൽ അത് ചെയ്യണം.
_CCC 2370_: വന്ധ്യംകരണം, കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ അല്ലെങ്കിൽ ഗർഭഛിദ്രം എന്നിവ ഉൾപ്പെടുന്ന ജനന നിയന്ത്രണ രീതികൾ സഭ നിരസിക്കുന്നു.
_CCC 2371_: ഗർഭധാരണം കൈവരിക്കുന്നതിനോ മാറ്റിവെക്കുന്നതിനോ സ്ത്രീയുടെ പ്രത്യുൽപാദന ചക്രം നിരീക്ഷിക്കുന്നതും മനസ്സിലാക്കുന്നതും ഉൾപ്പെടുന്ന സ്വാഭാവിക കുടുംബാസൂത്രണ (NFP) രീതികളെ സഭ പ്രോത്സാഹിപ്പിക്കുന്നു.
_CCC 2399_: ലൈംഗികബന്ധം എല്ലായ്പ്പോഴും ജീവിതത്തിൻ്റെ സാധ്യതയിലേക്ക് തുറന്നിരിക്കണമെന്നും ഗർഭനിരോധന മാർഗ്ഗം ഈ തുറന്ന മനസ്സിനെ ദുർബലപ്പെടുത്തുമെന്നും സഭ പഠിപ്പിക്കുന്നു.
1. മനുഷ്യ ജീവനോടും അന്തസ്സിനോടുമുള്ള ബഹുമാനം
2. വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും സമഗ്രത
3. ഉത്തരവാദിത്തമുള്ള രക്ഷാകർതൃത്വത്തിൻ്റെ പ്രാധാന്യം
4. ഫെർട്ടിലിറ്റി നിയന്ത്രിക്കുന്നതിനുള്ള കൃത്രിമ മാർഗങ്ങൾ നിരസിക്കുക
കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനുപകരം സ്ത്രീയുടെ പ്രത്യുൽപാദന ചക്രം നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ള NFP രീതികൾ ഉപയോഗിക്കാൻ സഭ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നു.
സഭയുടെ പഠനങ്ങൾ മനസ്സിലാക്കി നമുക്കും ജീവന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ അണി ചേരാം!
എഡിറ്റർ, ലോഫ് മീഡിയ.
നമ്മുടെ ചുറ്റുപാടുമുള്ള എത്രപേർക്ക് പ്രോലൈഫിനെക്കുറിച്ച് അറിയാം? ഭൂരിഭാഗം ഉള്ള ആളുകൾക്ക് ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്തവരാണ്. അതിൽ ഒരാളായിരുന്നു ഞാനും. ഞങ്ങളുടെ ജീവിതത്തിലെ ഒരു അനുഭവം വന്നപ്പോഴാണ് പ്രോലൈഫിന്റെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിഞ്ഞത്.
ഞങ്ങളുടെ രണ്ടാമത്തെ മകന് ഒരു വയസ്സ് തികഞ്ഞ പിറ്റേ മാസമാണ് എന്റെ ഉദരത്തിൽ ഒരു കുഞ്ഞഥിതി സ്ഥാനം പിടിച്ചിട്ടുണ്ട് എന്നറിഞ്ഞത്. സന്തോഷത്തോടെ തന്നെ ആ കുഞ്ഞിനെ സ്വീകരിക്കാൻ ഞങ്ങൾ ഒരുങ്ങി, പക്ഷേ മൂന്നാമത്തെ മാസത്തെ സ്കാനിംഗിൽ ആണ് അറിഞ്ഞത് ഉദരത്തിലുള്ള കുഞ്ഞിന് ജനിതക വൈകല്യങ്ങൾ ഉണ്ടെന്ന്, ഡൗൺ സിൻഡ്രോം ബേബി ആയിരിക്കും. ഈ കുഞ്ഞു ജനിച്ചാൽ സാധാരണക്കാരായ നിങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാകും, ചികിത്സിക്കാൻ ഒത്തിരി സാമ്പത്തികം ആവശ്യമായി വരും എന്നൊക്കെ പറഞ്ഞു. ഈ കുഞ്ഞിനെ ഇപ്പോഴേ ഒഴിവാക്കുന്നതാണ് നല്ലത്, എനിക്ക് പ്രത്യേകിച്ച് ഇനി ഒന്നും ചെയ്യാനില്ല എന്നു ഡോക്ടർ പറഞ്ഞു.
ഡോക്ടറുടെ ഈ വാക്കുകൾ കേട്ട് ഞാനും ജീവിതപങ്കാളിയും ദൈവസന്നിധിയിൽ ഇരുന്ന് കരഞ്ഞ് പ്രാർത്ഥിച്ചു. എന്തൊക്കെ വൈകല്യങ്ങൾ ഉണ്ടെങ്കിലും എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. എന്റെ ഒരു ചേച്ചി ഒഴികെ ബാക്കി ആരും ഞങ്ങളുടെ ഈ തീരുമാനത്തെ അനുകൂലിച്ചില്ല. അപ്പോഴാണ് ഒരു വീഡിയോയിൽ ജീവന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന ഡോക്ടറെ ഓർമ്മ വന്നത്, ഡോക്ടർ ഫിന്റോ ഫ്രാൻസിസ്. അന്ന് തന്നെ ഡോക്ടറെ പോയി കണ്ടു. ജീവൻ നൽകുന്നത് ദൈവമാണ് അതെടുക്കാൻ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല, നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകൂ. ഏത് അവസ്ഥയിലാണെങ്കിലും നമ്മൾക്ക് ആ കുഞ്ഞിനെ സ്വീകരിക്കാം ഡോക്ടർ കൂടെ ഉണ്ടാകും. പ്രോലൈഫ് പ്രവർത്തകനായ ആ ഡോക്ടറുടെ വാക്കുകൾ ഞങ്ങൾക്ക് ഒത്തിരി ആശ്വാസമായി ...ധൈര്യമായി... ഒരു പ്രതീക്ഷയായി .....കൃത്യം ഒരു മാസം കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് പോയി. ഡോക്ടർ പരിശോധിച്ചപ്പോൾ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലായിരുന്നു. ഇത്രയും ദിവസം എന്റെ ഉദരത്തിലുള്ള കുഞ്ഞു ജീവൻ ഇനി ഇല്ല എന്നറിഞ്ഞപ്പോൾ എന്നിലെ അമ്മയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഡോക്ടർ ഞങ്ങളെ ആശ്വസിപ്പിച്ചു, ജനിതക വൈകല്യങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും നിങ്ങൾ ആ കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായല്ലോ അത് മികച്ച ഒരു തീരുമാനമായിരുന്നു, ബാക്കിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. അന്ന് തന്നെ ഞങ്ങൾ അവിടെ അഡ്മിറ്റ് ആയി. എന്റെ ആദ്യത്തെ രണ്ട് മക്കളെ സിസേറിയനിലൂടെയാണ് ജന്മം നൽകിയത്. ഈ കുഞ്ഞിനെ മരുന്ന് വച്ച് പ്രസവിച്ച് പുറത്തെടുക്കാം എന്ന് ഡോക്ടർ പറഞ്ഞു. മരുന്ന് വച്ച് വേദനയോടെ തന്നെയാണ് ഞാൻ ആ കുഞ്ഞിനെ പ്രസവിച്ചത് .കുഞ്ഞ് പുറത്തുവന്ന സമയത്ത് മുറിയിൽ എന്റെ കൂടെ ജീവിതപങ്കാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തന്നെ ആ കുഞ്ഞിനെ കൈകളിൽ എടുത്തു. എന്റെ കൈപ്പത്തിയേക്കാൾ ചെറിയ കുഞ്ഞ് .....കുഞ്ഞു വിരലുകൾ ......കുഞ്ഞു കൈകാലുകൾ ഇതെല്ലാം കണ്ടപ്പോൾ സങ്കടം സഹിക്കാൻ ആയില്ല. ഹന്നാൻ വെള്ളം കയ്യിൽ കരുതിയിരുന്നു. കുഞ്ഞിനെ കുരിശ് വരച്ചുകൊടുത്ത് അറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലിയിട്ടാണ് ലേബർറൂമിൽ വിവരം അറിയിച്ചത്. പിന്നീട് അവർ വന്ന് ആ കുഞ്ഞിനെ കൊണ്ടുപോയി. ഒരുപക്ഷേ ലേബർ റൂമിൽ വച്ചാണ് ഞാൻ ആ കുഞ്ഞിനെ പ്രസവിച്ചതെങ്കിൽ ഞങ്ങൾക്ക് ആ കുഞ്ഞിനെ കാണാനും ആ കുഞ്ഞു ജീവന്റെ പ്രാധാന്യം ഇത്രയും ആഴത്തിൽ മനസ്സിലാക്കുവാനും കഴിയില്ലായിരുന്നു.
ആ ഒരു സന്ദർഭത്തിൽ ദൈവം ഞങ്ങളെ പരീക്ഷിച്ചതായിരുന്നോ എന്ന് തോന്നിപ്പോയി, ഒരുപക്ഷേ കുഞ്ഞിന് വൈകല്യമുണ്ടെന്ന് അറിഞ്ഞ ഉടൻ കുഞ്ഞിനെ എന്റെ ഉദരത്തിൽ വച്ച് നശിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ആ പാപഭാരത്താലും കുറ്റബോധവും കൊണ്ട് ഉരുകി ജീവിക്കേണ്ടി വന്നേനേ. ദൈവം തന്നു ദൈവം എടുത്തു ദൈവത്തിനു സ്തുതി! പിന്നീട് രണ്ടു മക്കൾക്ക് കൂടി ജന്മം നൽകാൻ ഞങ്ങൾക്ക് സാധിച്ചു!
പ്രോലൈഫ് ജീവനുവേണ്ടി, ജീവന്റെ സമഗ്ര സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന സംവിധാനമാണ്. ഉദരത്തിൽ വച്ച് ഇനി ഒരു കുഞ്ഞും എന്തൊക്കെ കാരണത്തിന്റെ പേരിൽ ആയാലും കൊല ചെയ്യപ്പെടാതിരിക്കട്ടെ. ജീവന്റെ സംരക്ഷണത്തിനായി നമുക്ക് ഉണർന്നു പ്രവർത്തിക്കാം! മാർച്ച് ഫോർ ലൈഫിന് ഞങ്ങളുടെ കുടുംബത്തിന്റെ വിജയാശംസകൾ!