Joy of Love in Family
എന്താണ് കത്തോലിക്കാ വിവാഹത്തെ മറ്റു മത വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്? ഇവിടെ ഒന്നാക്കുന്ന സ്നേഹവും (Unitive Love) ജീവദായകമായ സ്നേഹവും (Procreative Love) വേർതിരിക്കപ്പെടുന്നില്ല എന്നത് തന്നെ. എന്നാൽ എന്ത് മാർഗം അവലംബിച്ചും കുഞ്ഞിനെ ജനിപ്പിക്കാം എന്ന ഒരു ആശയമാണ് ലോകമെമ്പാടും, കത്തോലിക്കാ കുടുംബങ്ങളിൽ ഉൾപ്പെടെ നിലനിൽക്കുന്നത്. എന്നാൽ സഭ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?
സ്വാഭാവിക ജനന പ്രക്രിയയിലൂടെയുള്ള ഗർഭധാരണം മാത്രമേ സഭ അനുവദിക്കുന്നുള്ളൂ, കാരണം കൃത്രിമ ജനന മാർഗത്തിൽ ഒന്നാക്കപ്പെടുന്ന സ്നേഹം മാറ്റിനിർത്തപ്പെടുകയാണ്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഓരോ ദാമ്പത്യ ധർമ്മാനുഷ്ഠാനവും ഒരേ സമയം സ്നേഹദായകവും ജീവദായകവും ആണ്, അല്ലാതെ ജീവദായകം മാത്രമല്ല. ആയതിനാൽ അണ്ഠ ബീജസംയോജനം ദാമ്പത്യ ധർമ്മനിഷ്ഠാനത്തിലൂടെ മാത്രമേ സംഭവിക്കാവൂ.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ സംഭാവനകളായ IUI (Intra uterine insemination ), IVF (In Virto Fertilization) അഥവാ ടെസ്റ്റ് ട്യൂബ് ശിശു എന്നീ ചികിത്സാരീതികളിൽ ബീജം അല്ലെങ്കിൽ അണ്ഡം മനുഷ്യ ശരീരത്തിൽ നിന്ന് പുറത്തെടുക്കുകയും അണ്ഡ ബീജ സംയോജനം അണ്ഡവാഹിനി കുഴലിൽ (fallopian tube) സംഭവിക്കേണ്ടതിന് പകരം IUI ൽ ഗർഭപാത്രത്തിനുള്ളിലും IVF ൽ ലാബിലും സംഭവിക്കുന്നു. IUI പാപമല്ലെന്ന് വിശ്വസിക്കുന്ന ധാരാളം പേർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ സ്വയംഭോഗത്തിലൂടെ ബീജം പുരുഷ ശരീരത്തിൽ നിന്ന് സ്ത്രീയുടെ ശരീരത്തിൽ നിക്ഷേപിക്കുന്നതിനാൽ തന്നെ സ്നേഹദായകമായ സ്നേഹം ജീവദായകമായ സ്നേഹത്തിൽ നിന്ന് മുറിച്ചുമാറ്റപ്പെടുകയാണ്.
രണ്ടാമതായി, കൃത്രിമ ജനന മാർഗങ്ങൾ പലപ്പോഴും ജീവനെ ഹനിക്കുന്ന പ്രക്രിയ ആണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. ഒരു കുഞ്ഞിനെ ലഭിക്കാൻ ഒരു അണ്ഡവും ബീജവും സംയോജിപ്പിച്ചാൽ ചികിത്സ സ്വീകരിക്കുന്ന നൂറു പേരിൽ അഞ്ച് പേർക്ക് മാത്രമെ കുഞ്ഞിനെ ലഭിക്കൂ. അതിനാൽ വിജയ ശതമാനം ഉയർത്താൻ പലപ്പോഴും ഒന്നിലധികം, ആറു മുതൽ പത്തുവരെ അണ്ഡങ്ങൾ ഒരേ സമയം കുഞ്ഞുങ്ങൾ ആയി മാറ്റുന്നു. ഇവയിൽ 3 എണ്ണം മാത്രമേ അമ്മയുടെ ഉദരത്തിൽ നിക്ഷേപിക്കൂ. ബാക്കി ഭ്രൂണങ്ങൾ/കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുന്നു, അല്ലെങ്കിൽ -196 ഡിഗ്രിയിൽ മരവിപ്പിച്ചു സൂക്ഷിക്കുന്നു, ഭാവിയിൽ ഉപയോഗിക്കാൻ വേണ്ടി. ഇങ്ങനെ അനാഥരായ ദശലക്ഷക്കണക്കിന് ഭ്രൂണങ്ങൾ ലോകത്തിലുണ്ട്.
വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷമായി, കുഞ്ഞുങ്ങൾക്ക് ജന്മ നൽകുക വിവാഹത്തിന്റെ ആത്യന്തികമായ ലക്ഷ്യമാണ്. എന്തുകൊണ്ടാണ് കത്തോലിക്ക സഭയ്ക്ക് ഇത്രയും കാർക്കശ്യo. നമ്മുടെ കുടുംബങ്ങളിൽ കേൾക്കാനിടയുള്ള ഒരു സംഭാഷണം ആണിത്. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ സഹായിക്കാൻ സഭ അനുവദിച്ചിട്ടുള്ള ധാരാളം ചികിത്സാരീതികൾ ഉണ്ട്, ബീജങ്ങളുടെ എണ്ണവും ശേഷിയും കൂട്ടാനുള്ള ചികിത്സകൾ, അണ്ഡോല്പാദനത്തിന് സഹായിക്കുന്ന മരുന്നുകൾ, ബീജത്തിനും അണ്ഡത്തിനും സഞ്ചരിക്കുന്ന വഴികളിലൂടെ തടസ്സങ്ങൾ മാറ്റുന്നതിനുള്ള ഓപ്പറേഷനുകൾ, psycho sexual counselling എന്നിവ ഇവയിൽ ചിലത് മാത്രം.
എല്ലാ രീതികളും അവലംബിച്ചിട്ടും മക്കളില്ലാതെ കഴിയുന്നവരെ ഫ്രാൻസിസ് മാർപാപ്പ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു "your vocation is different", നിങ്ങളുടെ വിളി വേറെയാണ്, അത് ധാരാളം മക്കളെ പഠിപ്പിക്കാനുള്ള പരിപാലിക്കാനുള്ള വിളി ആയിരിക്കാം, നിരാലംബർക്ക് ആശ്വാസമാകുവാൻ ഉള്ള വിളിയായിരിക്കാം, വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും വിശുദ്ധിയുടെയും സാക്ഷികൾ ആകാനുള്ള വിളിയായിരിക്കാം.
അവസാനമായി മക്കളുള്ളവരോട് ഒരു വാക്ക്, സ്വന്തം കഴിവുകൊണ്ട് ജനിപ്പിച്ച് നമ്മുടെ ഇഷ്ടത്തിന് വളർത്തുവാനായി ഏൽപ്പിക്കപ്പെട്ടിട്ടുള്ളവരല്ല നമ്മുടെ മക്കൾ. കുറച്ചുകാലത്തേക്ക് മാത്രം നമ്മളെ നോക്കാൻ ഏൽപ്പിച്ച വിശുദ്ധരായി വളർത്തി സൃഷ്ടാവായ ദൈവത്തിന് തിരിച്ചേൽപ്പിക്കേണ്ട ദൈവത്തിന്റെ ദാനമാണ് അവർ. നമ്മുടെ വിളി ഏതു തന്നെയായാലും നമുക്ക് വിശ്വസ്തരായിരിക്കാം വിശുദ്ധരായിരിക്കാം.
ഡോ. ബെറ്റ്‌സി തോമസ് & ഡോ. ജോണി തോമസ്.
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
ദൈവം സ്നേഹമാകുന്നു. പുരുഷന്റെയും സ്ത്രീയുടെയും മനുഷ്യ സ്വഭാവത്തെ തന്റെ ഛായയിൽ സൃഷ്ടിച്ചുകൊണ്ട് ദൈവം അവരിൽ സ്നേഹത്തിന്റെയും സംസർഗ്ഗത്തിന്റെയും വിളിയും അതിനുള്ള കഴിവും ഉത്തരവാദിത്വവും ഉല്ലേഖനം ചെയ്തു.
ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു. പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. അവരെ അനുഗ്രഹിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഛായയിലു൦ സാദൃശ്യത്തിലും ആയിരിക്കുക എന്നാൽ പുത്രനായിരിക്കുക, മക്കളായിരിക്കുക എന്നാണ്. ദൈവമക്കളുടെ സ്ഥാനം നൽകി സൃഷ്ടിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും ഉത്തമം. ഈശോ തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കാൻ പഠിപ്പിച്ചിട്ടുണ്ട് .
ദൈവം മനുഷ്യന് എല്ലാ ജീവജാലങ്ങളുടെയും മേൽ ആധിപത്യം നൽകിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് മനുഷ്യനുള്ള രാജകീയമായ ദൗത്യമാണ്. രാജാവിനുള്ള ആധിപത്യം തന്റെ അജഗണത്തെ സംരക്ഷിക്കുക, അവർക്ക് ആവശ്യമായത് നൽകുക, അവരെ തിന്മയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് .
മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. മനപ്പൂർവം നടത്തുന്ന ഗർഭഛിദ്ര൦ ധാർമിക തിന്മയാണെന്ന് സഭ ആദിമ നൂറ്റാണ്ടു മുതൽ പഠിപ്പിക്കുന്നു. ജീവൻ സംരക്ഷിക്കുക എന്ന മഹനീയ ദൗത്യം ജീവന്റെ നാഥനായ ദൈവം മനുഷ്യർക്ക് നൽകിയിരിക്കുന്നു.
മരണം ആസന്നമെന്ന് തോന്നിയാലും ഒരു രോഗിക്ക് നൽകേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നത് ശരിയല്ല ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളും ഉള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. കഴിയുന്നിടത്തോളം സാധാരണ ജീവിതം നയിക്കുവാൻ രോഗികളെ സഹായിക്കണം.
പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യ സ്നേഹത്തെയാണ് ലൈംഗികത ഉന്ന൦ വയ്ക്കുന്നത്. വിവാഹത്തിൽ ഫലദായകത്വം ഒരു ദാനമാണ്. ദാമ്പത്യ സ്നേഹം സ്വാഭാവികമായി സന്താനോൽപ്പാദനത്തിലേക്ക് നയിക്കുന്നു. ഒരു കുഞ്ഞു ജനിക്കുമ്പോൾ ദമ്പതികളുടെ പരസ്പര സ്നേഹത്തിലേക്ക് പുറമേനിന്ന് കൂട്ടിച്ചേർക്കപ്പെടുന്നതല്ല മറിച്ച് പരസ്പരദാനത്തിന്റെ ഫലമായി ഉടലെടുക്കുന്നതാണ്.
ജീവൻ നൽകാൻ വിളിക്കപ്പെട്ടിരിക്കുന്ന ദമ്പതികൾ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്നു. ജീവൻ പകരുന്നതും കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതും തങ്ങളുടെ ദൗത്യമായി ദമ്പതികൾ കരുതണം.
അങ്ങനെ സൃഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽ സഹകരിക്കുകയാണെന്ന് എന്നത് ദമ്പതികൾ മനസ്സിലാക്കണം. നിർദിഷ്ട കാലത്തെ സ൦യമനം അതായത് ഗർഭധാരണക്ഷമമല്ലാത്ത കാലത്തിന്റെ വിനിയോഗം അടിസ്ഥാനമാക്കിയുള്ള സന്താനോല്പാദന ക്രമീകരണ മാർഗങ്ങൾ ധാർമികതയുള്ളതാണ്. ഈ മാർഗങ്ങൾ ദമ്പതികളുടെ ശരീരത്തോട് ആദരവ് കാട്ടുകയാണ് ചെയ്യുന്നത്. നേരെമറിച്ച് ദാമ്പത്യ പ്രവർത്തിക്കു മുമ്പോ അതിന്റെ പൂർത്തീകരണത്തിലോ അല്ലെങ്കിൽ അതിന്റെ സ്വാഭാവികമായ അനന്തരഫലങ്ങളുടെ വികസനത്തിലോ, സന്താനോൽപ്പാദനം അസാധ്യമാക്കുന്ന ഏതൊരു പ്രവർത്തിയും തിന്മയാണ് .
പുകുഞ്ഞ് ആരുടെയും അവകാശമല്ല ദാനമാണ്. വിവാഹത്തിലെ പരമമായ ദാനം. തന്റെ മാതാപിതാക്കളുടെ ദാമ്പത്യ സ്നേഹത്തിന്റെ ഫലമായിരിക്കാനും ഗർഭധാരണത്തിന്റെ നിമിഷം മുതൽ ഒരു വ്യക്തിയായി ആദരിക്കപ്പെടാനും കുഞ്ഞിന് അവകാശമുണ്ട് .ന്യായമായ എല്ലാ വൈദ്യശാസ്ത്ര പ്രതിവിധികളും തേടിയിട്ടും വന്ധ്യതയ്ക്ക് പരിഹാരം കാണാത്ത ദമ്പതികൾ എല്ലാത്തിന്റെയും ഉടയവനായ കർത്താവിന്റെ കുരിശിനോട് തങ്ങളെ തന്നെ ഐക്യപ്പെടുത്തേണ്ടതാണ്. അനാഥരായ കുട്ടികളെ ദത്തെടുത്ത് തങ്ങളുടെ ഉദാരത പ്രകടിപ്പിക്കാം.
മനുഷ്യജീവൻ അതിന്റെ ആരംഭം മുതൽ ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതുകൊണ്ടും സൃഷ്ടാവുമായുള്ള സവിശേഷ ബന്ധത്തിൽ നിലനിൽക്കുന്നത് കൊണ്ടും പാവനമാണ്. ദൈവം മാത്രമാണ് ജീവന്റെ ആരംഭം മുതൽ അവസാനം വരെ അതിന്റെ ഉടയവൻ. നിരപരാധിയായ ഒരു മനുഷ്യജീവിയെ നശിപ്പിക്കാൻ ആർക്കും യാതൊരു സാഹചര്യത്തിലും അവകാശമില്ല ......
ബിൻസി സനോജ്
ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക
""എല്ലാ ഗര്ഭഛിദ്രത്തിലും രണ്ടു ഇരകളാണുള്ളത്. മരിച്ച കുഞ്ഞും മരിച്ച മനഃസാക്ഷിയും."
-- വി. മദർ തെരേസ