Page 3

LOAF TIDINGS

Joy of Love in Family

ജാലകം

ഒരു പ്രശസ്ത ആത്മീയ പ്രസിദ്ധീകരണത്തിലാണ് ഈ സംഭവ കഥ വായിച്ചത്

ബ്രസ്ലോവ് നഗരത്തിലെ ഒരു വീട്ടമ്മ, അതുവരെ കേട്ടിട്ടില്ലാത്ത ശ്രുതിമധുരമായ ഗാനം കേട്ടാണ് അന്ന് ഉറക്കം ഉണർന്നത്. സ്വർഗീയ ദൂതഗണങ്ങളുടെ ഗാനാലാപത്തിൽ ലയിച്ച അവർ, താൻ സ്വർഗത്തിലെത്തിയോ എന്നു പോലും സംശയിച്ച് പോയി. അങ്ങിനെ ഇതെന്ത് അത്ഭുതമെന്ന് ചിന്തിക്കവേ, ഒരു സ്വരം ഇങ്ങനെ അവരോട് പറഞ്ഞു: "നാൻകർ മെത്രാൻ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു. 'അദ്ദേഹത്തിന്റെ ആത്മാവിനെ മാലാഖമാർ സ്വർഗത്തിലേക്ക് സംവഹിക്കുകയാണ്." അദ്ദേഹം ശുദ്ധീകരണസ്ഥലത്തെത്താതെ നേരെ സ്വർഗത്തിലേക്ക് സ്വീകരിക്കപ്പെട്ടു എന്നുമാത്രമല്ല, അസംഖ്യം മാലാഖമാർ ആഹ്ലാദാരവങ്ങളോടെയാണ് അദ്ദേഹത്തെ ദൈവസന്നിധിയിലേക്ക് ആനയിച്ചത്. ദുഷ്‌കരമായ ശുദ്ധീകരണാഗ്നിയെ മറികടന്ന് സ്വർഗത്തിൽ ഉന്നതസ്ഥാനം കരഗതമാക്കാൻമാത്രം ഇത്ര ബഹുമതിയും ആദരവും അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്ന് അവർ ചോദിച്ചപ്പോൾ, 'പരിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിൻ്റെ അതിരറ്റ സ്നേഹവും ആദരവും കൊണ്ടത്രേ' എന്നാണ് ദൈവദൂതർ മറുപടി നല്കിയത്. ദിവസവും സാധിക്കുന്നത്ര ദിവ്യബലികളിൽ അദ്ദേഹം പങ്കെടുക്കുമായിരുന്നുവെന്ന് ചരിത്രരേഖകളിൽ കാണാൻ കഴിയുമത്രെ.

പരിശുദ്ധ കുർബാനയിൽ തൻ്റെ ജീവിതത്തെ പൂർണ്ണമായും സമർപ്പിച്ച ഒരു വ്യക്തിയുടെ അന്ത്യനിമിഷങ്ങളുടെ ധന്യതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ആധുനിക ക്രൈസ്തവ കുടുംബങ്ങൾ വളരെയധികം ശിഥിലമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ദിവ്യകാരുണ്യ കേന്ദ്രീകൃതമായി നമ്മുടെ ഭവനങ്ങളെ പുതുക്കിപ്പണിയാൻ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു ഇടവക ദേവാലയത്തിലെ ഏറ്റവും വിലപ്പെട്ട വസ്തു എന്താണ് എന്ന ലളിതമായ ചോദ്യത്തിന്, ആ ദേവാലയത്തിലെ സക്രാരിയോളം വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞിരുന്ന ഒരു പൂർവകാലം നമുക്കുണ്ടായിരുന്നു. ഇന്ന് സക്രാരിയേക്കാളും ദിവ്യകാരുണ്യ നാഥനെക്കാളും വിലപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച് നാം മറ്റു പലതിൻ്റെയും പിറകെ ഓടാൻ ആരംഭിച്ചിടത്താണ് നമുക്ക് പാളിച്ചകൾ സംഭവിക്കുവാൻ തുടങ്ങുന്നത്. പഴയ ഒരു ദിവ്യകാരുണ്യ സ്വീകരണ ഗാനം നമുക്ക് ഓർക്കാം, "..ഓർമ്മവച്ച നാൾ മുതൽ ഓസ്തിൽ നിന്നെ കാണുന്നു വാഴ്ത്തുന്നു, കുഞ്ഞു നാൾ മുതലെൻ്റെ മാനസത്തിന്റെ ഭാഗ്യമേ….." ഈ ഗാനത്തിൽ എഴുത്തുകാരൻ പറയുന്നുണ്ട് എല്ലാരും നിന്നെ സ്വീകരിക്കുവാൻ നിര ചേരുന്നത് കണ്ട നേരത്താണ് ആ ദിവ്യകാരുണ്യ ഈശോയോട് വല്ലാത്തൊരു ഇഷ്ടം തോന്നിയതെന്ന്.

ഇന്ന് ഇത്തരം ദിവ്യകാരുണ്യ ഭക്തിയും സക്രാരി കേന്ദ്രീകൃത ജീവിതവും നമ്മിൽനിന്ന് അകന്നുപോയപ്പോഴല്ലേ നമ്മുടെ കുടുംബങ്ങൾ ഇത്രമാത്രം എളുപ്പത്തിൽ ശിഥിലമാകാനും, തകർക്കപ്പെടാനും തുടങ്ങിയത്. വീട്ടിൽ നിന്ന് ഒരാളെങ്കിലും എല്ലാ ദിവസവും വി.ബലിയിൽ പങ്കെടുക്കണമെന്ന ചാവറ പിതാവിൻ്റെ 'ചാവരുൾ’, "നിങ്ങളുടെ ജീവിതം കുർബാനയ്ക്കു ചുററും നെയ്യപ്പെട്ടിരിക്കണം. നിങ്ങളുടെ കണ്ണ് കർത്താവിലേക്കു തിരിക്കുക. അവിടന്ന് പ്രകാശമാണ്" എന്ന ഭാരതത്തിൻ്റെ സ്വന്തം വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ, ഇവയെല്ലാം നമ്മുടെ കുടുംബ ജീവിത വെല്ലുവിളികൾക്കുള്ള ഈടുറ്റ പരിഹാരമാർഗ്ഗങ്ങളാണ്.

വിദേശ രാജ്യത്ത്, പരിഹരിക്കാനാവാത്ത ഭിന്നതയും വഴക്കുമായി തങ്ങളുടെ വികാരിയച്ചന്റെ അടുത്ത് വന്നതാണ് ആ ദമ്പതികൾ. അദ്ദേഹം നിർദ്ദേശിച്ചത് ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കുംംവേണ്ടി ശാന്തമായി പോയിരുന്ന് പ്രാർത്ഥിക്കാനായിരുന്നു. പതിയെ പ്രശ്നങ്ങളുമായി അൾത്താരയിൽ അഭയം പ്രാപിച്ച ആ ദമ്പതികളെ ഭിന്നതയിൽ നിന്നും കലഹങ്ങളിൽ നിന്നും ദിവ്യകാരുണ്യനാഥൻ മോചിപ്പിക്കാൻ തുടങ്ങി. നമ്മുടെ കുടുംബങ്ങളെല്ലാം ദിവ്യകാരുണ്യത്തിൽ നിന്ന് തുടങ്ങാനും ക്രൈസ്തവ ജീവിതത്തിൻറെ ഉച്ചിയും ഉറവിടവുമായ ദിവ്യകാരുണ്യത്തെ മറ്റുള്ളവരുടെ മുമ്പിൽ പ്രഘോഷിക്കാനും ഇടവരുത്തുന്നതാവട്ടെ.

“സ്വർഗത്തിൽ എത്താനുള്ള ഏറ്റവും ഹ്രസ്വവും എളുപ്പവും സുനിശ്ചിതവുമായ മാർഗം പരിശുദ്ധ കുർബാനയാണ്" (വിശുദ്ധ പത്താം പിയൂസ് മാർപാപ്പ )

Story Image

 ശശി ഇമ്മാനുവേൽ

പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.

പാഥേയം
Story Image

വിശുദ്ധിയിൽ നിലനിൽക്കാൻ വേണ്ടി പോരാടുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും പ്രലോഭനങ്ങളിലും പൈശാചിക പീഡകളിലും നമ്മൾ വീണുപോകുന്നത് നമ്മുടെ ആത്മാവിൽ ദൈവിക വരപ്രസാദം കുറഞ്ഞു പോകുന്നതിനാലാണ്. ആദ്യത്തെ സക്രാരിയായ പരിശുദ്ധ മറിയം വരപ്രസാദപൂർണ്ണയായിരുന്നു. അതിനാൽ തന്നെ അവൾ പാപരഹിതയും പുണ്യപൂർണ്ണയുമായിരുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുമ്പോഴാണ് നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കുക. ഇതുപോലെ നമ്മുടെ ആത്മാവിൽ ദൈവിക വരപ്രസാദം നിറഞ്ഞിരിക്കുമ്പോഴാണ് ആ ആത്മാവിന് പാപ പ്രതിരോധശേഷി ഉണ്ടാകുക.കൗദാശികജീവിതം; ദൈവവചന ധ്യാനം; പരിഅമ്മയുടെയും വിശുദ്ധരുടെയും മാദ്ധ്യസ്ഥം - ഇവയെല്ലാം നമ്മുടെ ആത്മാവിലേക്ക് ദൈവവവര പ്രസാദം ഒഴുക്കിവിടുന്ന ചാനലുകളാണ്. ഇവ അനുഷ്ഠിക്കുന്നതിൽ വീഴ്ച വരുത്തുന്നതിനനുസരിച്ച് ആത്മാവിൽ വരപ്രസാദം കുറഞ്ഞുകൊണ്ടിരിക്കും; പാപസാഹചര്യങ്ങളിൽ വീഴാനും തുടങ്ങും.

കാരണം ഈ ആത്മീയ ആയുധങ്ങൾ ധരിക്കാതെ ക്രിസ്തീയ ജീവിതം നയിക്കുക എന്നത് പടച്ചട്ടകൾ ഒന്നുമണിയാതെ യുദ്ധമുഖത്ത് ശത്രുവിനെതിരെ ഏറ്റുമുട്ടാൻ നിൽക്കുന്നതിന് തുല്യമാണ്. ഇസ്രായേൽ ജനം മരുഭൂമിയിലൂടെ യാത്ര ചെയ്തു കാനാനിൽ എത്തുന്നതുവരെ ദൈവം അവർക്ക് ശക്തി ലഭിക്കുന്നതിന് വേണ്ടി മന്ന വർഷിച്ചുകൊടുത്തു. സ്വർഗീയ കാനാൻ ലക്ഷ്യമാക്കിയുള്ള ക്രൈസ്തവ ജീവിതത്തിൽ എപ്പോഴും കൂടെ കരുതേണ്ട തിരുപാഥേയമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയും ആണെന്ന് കാറ്റെക്കിസം ഓഫ് ദ് കാത്തലിക് ചർച്ച് നമ്മെ ഉദ്ബോധിപ്പിക്കുന്നു.

മനുഷ്യ പാപപരിഹാരത്തിനു വേണ്ടി ബലി കഴിക്കപ്പെട്ട പെസഹാ കുഞ്ഞാടാണ് ഈശോ. "ലോകാവസാനംവരെയ്ക്കും എന്നും ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും” എന്നുള്ള അവിടത്തെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായ സ്വർഗ്ഗീയ മന്നയാണ് വിശുദ്ധ കുർബാന. വൈദികൻ തന്റെ പൗരോഹിത്യാധികാരത്താൽ "ഇത് എന്റെ ശരീരമാകുന്നു " "ഇത് എൻറെ രക്തമാകുന്നു " എന്നു ഉച്ചരിക്കുമ്പോൾ തന്റെ സ്നേഹ സാന്നിധ്യം അതിന്റെ പൂർണ്ണതയിൽ ആ അപ്പത്തിലേക്കും വീഞ്ഞിലേക്കും പകരാൻ മാത്രം അവിടുന്ന് നമുക്കുവേണ്ടി ഏറ്റം എളിയവനായി. ഇത് എൻ്റെ ശരീരത്തിന്റെ അല്ലെങ്കിൽ രക്തത്തിന്റെ പ്രതീകമാണ് എന്നല്ല യേശു പറഞ്ഞത്. മാനുഷിക ബുദ്ധിക്ക് അപ്രാപ്യമായ ഒരു വലിയ സ്വർഗ്ഗീയ രഹസ്യമാണ് തന്റെ പീഡാനുഭവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വളരെ അസന്നിഗ്ദ്ധമായി അവിടുന്ന് അനാവരണം ചെയ്യുന്നത്.

"സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് . ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ് ".(യോഹ 6: 51) എത്ര ആർജ്ജവത്വമുള്ള പ്രസ്താവനയാണിത്. എന്നിട്ടും ഇതുകേട്ട് അവൻ്റെ അനേകം ശിഷ്യൻമാർ "ഈ വചനം കഠിനമാണ്” എന്ന് ആരോപിച്ച് അവനെ വിട്ടുപോയി. പിന്നീടൊരിക്കലും അവർ അവനെ അനുഗമിച്ചില്ല. അപ്പോൾ 12 പേരോട് ആയി ഈശോ ചോദിച്ചു "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ" ?

പേജ് - 9ൽ തുടർന്ന് വായിക്കുക..


 മിനി തട്ടിൽ

...
"പറുദീസായെ രുചിച്ചറിയുന്ന വി.അൾത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദദായകം."

-- വി. പീയൂസ് X പാപ്പ

...
"ദിവ്യകാരുണ്യനാഥനൊപ്പം ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വർഗ്ഗത്തിൻറെയും ഭൂമിയുടേയും ലാവണ്യമാണത്."

-- വി. മദർ തെരേസ

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12