Joy of Love in Family
"ഒരായിരം വർഷം ലൗകികമായ യശസ്സിൽ ആനന്ദം കൊണ്ട് കഴിയുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ഒരു മണിക്കൂർ ദിവ്യകാരുണ്യത്തിലെ യേശുവുമായുള്ള മധുരമായ സഹനത്തിൽ കഴിയുന്നത് "- വിശുദ്ധ പാദ്രേ പിയോ. കുടുംബ ജീവിതത്തിലെ സഹനങ്ങളെ മധുരകരമാക്കാൻ ദിവ്യകാരുണ്യത്തിന് കഴിയും എന്ന് വിശുദ്ധൻ നമ്മെ ഓർമിപ്പിക്കുന്നു .
യേശുവുമായി നിരന്തരസമ്പർക്കത്തിൽ ജീവിക്കുന്ന കുടുംബം ഏതൊരു പ്രതിസന്ധിയിലും ലോകത്തിന്റെ പ്രതിവിധി തേടുന്നതിന് പകരം കർത്താവിനോട് ആലോചന ചോദിക്കുന്നു. എല്ലാ കുടുംബങ്ങളിൽ നിന്നും ഒരു വ്യക്തിയെങ്കിലും അനുദിന വിശുദ്ധബലിക്കണഞ്ഞാൽ അവിടെ അത്ഭുതങ്ങൾ കാണാൻ സാധിക്കും. അവർക്ക് ജീവിതപ്രശ്നങ്ങൾ ഉണ്ടാകുകയില്ലെന്നല്ല; ഉണ്ടാകുന്ന പ്രശ്നങ്ങളെ നന്നായി നേരിടുവാനും ജീവിത പ്രശ്നങ്ങളോടുള്ള സ്വന്തം കാഴ്ചപ്പാട് മാറ്റിയെടുക്കാനും സാധിക്കും. ഈയിടയ്ക്ക് തന്റെ രണ്ടു മക്കളെയും ഒരു ആക്സിഡന്റിൽ നഷ്ടപ്പെട്ട ഒരു അമ്മ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള കാര്യമായി അത് പങ്കുവയ്ക്കുന്നത് അറിയാനിടയായി. കാരണം കർത്താവിന്റെ വേദനകളിൽ പങ്കുചേരാൻ തനിക്ക് അവസരം തന്നതിനെ കുറിച്ച് ആ അമ്മ സന്തോഷിക്കുന്നു. ഇതാണ് ദിവ്യകാരുണ്യ അധിഷ്ഠിതമായ ജീവിതം. തീർന്നില്ല ; തന്റെ രണ്ടു മക്കൾക്ക് പകരമായി ഒരു വൈദിക വിദ്യാർത്ഥിയെ സ്പോൺസർ ചെയ്ത് അവനെ പുരോഹിത ശുശ്രൂഷയിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്തു. ജീവിതകാലം മുഴുവൻ ദൈവത്തെ പഴിച്ച് എളുപ്പത്തിൽ തള്ളിനീക്കാമായിരുന്ന ഒരു ജീവിതമായിരുന്നില്ലേ അത് ??
നോമ്പ് കാലത്തെ സഹനങ്ങളും പരിത്യാഗ പ്രവർത്തികളും അല്ലേ നമ്മളെ ഈസ്റ്ററിന് ശേഷമുള്ള സന്തോഷത്തേക്കാൾ കൂടുതൽ വിശുദ്ധരാക്കുന്നത്. ഈ ലോകം വിശുദ്ധീകരിക്കപ്പെടുന്നത് നമ്മുടെ പ്രായശ്ചിത്ത പ്രവർത്തികളിലൂടെ അല്ലേ ?? ദിവ്യകാരുണ്യത്തിൽ നിന്ന് നമ്മിലേക്ക് ഒഴുകിയെത്തുന്ന അഭൗമമായ സൗന്ദര്യം നമ്മുടെ കുടുംബങ്ങളിൽ, ജോലി മേഖലകളിൽ, നാം ആയിരിക്കുന്ന അവസ്ഥകളിലൊക്കെ നമ്മെ പ്രകാശിപ്പിക്കട്ടെ. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആയിരിക്കുന്ന ഓരോ നിമിഷവും ഈശോ നമ്മെ എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു; ഇന്ന് ഈ ലോകത്തിൽ ഞാൻ നടക്കുന്നത് നിന്റെ പാദങ്ങളിലൂടെയാണ്, ചിന്തിക്കുന്നത് നിന്റെ മനസ്സിലൂടെയാണ്, സംസാരിക്കുന്നത് നിന്റെ അധരങ്ങളിലൂടെയാണ്, ശ്രവിക്കുന്നത് നിന്റെ കാതുകളിലൂടെയാണ്, കാണുന്നത് നിന്റെ കണ്ണുകളിലൂടെയാണ്, പ്രവർത്തിക്കുന്നത് നിന്റെ കരങ്ങളിലൂടെയാണ് ഈശോയ്ക്ക് അനുരൂപരായ വ്യക്തികൾ ജീവിക്കുന്ന കുടുംബം തിരുകുടുംബം അല്ലാതെന്ത് ?
ഈ ലോകം സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനമല്ലാതെന്ത് ?....
ഡോ. ബെറ്റ്‌സി തോമസ് & ഡോ. ജോണി തോമസ്.
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
മീഡിയ ടീം പ്രവർത്തിക്കുന്നത് ഒരു ടീം വർക്ക് ആയാണ്. പരസ്പരം പാസ്സ് ചെയ്തു കളിക്കുന്ന ഒരു അർജന്റീന ഫുട്ബോൾ ടീം പോലെ.
മീഡിയ ടീം Vs അർജന്റീന ഫുട്ബോൾ ടീം.
സ്റ്റാർ സ്ട്രൈക്കർ- മെസ്സി
ഫ്രണ്ടിൽ ഫോർവേർഡ് ആയി മെസ്സി കളം നിറഞ്ഞാടുമ്പോൾ ബാക്കി ഉള്ളവർക്ക് ആവേശം കൂടുന്നു, ടെൻഷൻ കുറയുന്നു. പന്ത് മെസ്സിയിലേക്ക് എത്തിക്കാനായി ടീം ഒന്നായി ശ്രദ്ധിക്കുന്നു. പിന്നെ മെസ്സി അഴകാർന്ന ഗോൾ അടിച്ചോളും. സമയാസമയങ്ങളിൽ സ്പീഡ് കൂട്ടിയും കുറച്ചും കളി മെനയുന്ന ബുദ്ധികേന്ദ്രം. അമ്മ മാലാഖയാണ് അടുത്ത ടൂർണമെന്റ്.
മിഡ് ഫീൽഡർ - എൻസോ ഫെർണാണ്ടസ്
ആള് നമ്മുടെ ടീമിൽ ഗസ്റ്റ് ആണെങ്കിലും മിഡ് ഫീൽഡ് നോക്കുന്നത് പുള്ളിയാണ്. കൃത്യമായി പന്ത് മെസ്സിയിലേക്ക് വീഡിയോ ആയി എത്തിച്ചു കൊടുക്കുന്നതാണ് പുള്ളിയുടെ പ്രധാന ഐറ്റം. കളിയുടെ തന്ത്രപരമായ ആശയങ്ങൾ തരുന്നത് പുള്ളിയാണ്. ഈ മേഖലയിൽ ആളൊരു പ്രൊഫഷണൽ ആണ്.
മിഡ് ഫീൽഡർ - ഡി മരിയ
വെറ്ററൻ താരം ആണ്. ഒരു വർഷം മുൻപ് വരെ Daily Saints ലൂടെ ദിവസേന ഗോൾ അടിച്ചിരുന്നതാണ്. ചില ശാരീരിക വിഷമതകൾ മൂലം റെസ്റ്റിൽ ആണ്. എങ്കിലും ബാക്കിയുള്ള Daily Saints കൂടി പൂർത്തിയാക്കാൻ പരിശീലനം ചെയ്തു കൊണ്ടിരിക്കുന്നു. പന്ത് ഫോർവേഡ്സിലേക്ക് എത്തിക്കുന്നതിൽ പ്രത്യേക മികവാണ് പുള്ളി കാണിക്കുന്നത്.
ഫോർവേർഡ് - ലോട്ടെറോ മാർട്ടിനെസ്
പ്രൊഫഷണൽ ഫുട്ബോളർ ആണ്. മൂന്നു മാസം കൂടുമ്പോൾ വന്നു ഒരടിപൊളി ഗോൾ അടിച്ചിട്ട് അങ്ങ് പോകും. അത്ര മനോഹരമായ ഗോൾ ആയിരിക്കും. അതൊന്നു ആസ്വദിച്ചു തീരുമ്പോഴെക്കും അടുത്ത Tidings ഇറങ്ങാറായിരിക്കും. Website updates ലൂടെ യുള്ള performance മറ്റൊരു സവിശേഷതയാണ്.
ഡിഫെൻഡർ - മൊണ്ടിയേൽ
ഞങ്ങളുടെ ടീമിന്റെ ഡിഫെൻസും സ്ട്രോങ്ങ് ആണ്. ആരെങ്കിലും Tidings ന് വേണ്ടി ടൈപ്പ് ചെയ്തു തരാതെ എഴുതി തന്നു ടീമിനെ പ്രതിസന്ധിയിലാക്കുമ്പോൾ മുന്നോട്ടു വന്നു അവയെല്ലാം ടൈപ്പ് ചെയ്തു തന്നു വീണ്ടും പന്ത് മുന്നിലേക്ക് പാസ് ചെയ്യുന്ന സൂപ്പർ ഡിഫെൻഡർ.
പേജ് - 7ൽ തുടർന്ന് വായിക്കുക.."സത്യദൈവമായ ദിവ്യകാരുണ്യ നാഥാ, ഒന്നും എന്നെ നിന്നിൽ നിന്നും വേർതിരിക്കാതിരിക്കട്ടെ."
-വി.ബേസിൽ-
മാതാപിതാക്കളുടെ സംസാരവും പ്രതികരണവും കുഞ്ഞിൻറെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഗർഭിണിയായിരിക്കുമ്പൊൽ തന്നെ അമ്മയ്ക്ക് കുഞ്ഞിനോട് സംസാരിക്കുവാനും പാട്ടുപാടാനും കഴിയും. അമ്മയുടെ ഉദരത്തിന്റെ സമീപത്തു വന്നു സ്ഥിരമായി അപ്പൻ സംസാരിക്കുകയാണെങ്കിൽ കുഞ്ഞിന് അപ്പൻറെ സ്വരം തിരിച്ചറിയാൻ കഴിയും. കുഞ്ഞിന് നിങ്ങൾ പറയുന്നത് തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ കൂടി സംസാരിച്ചു കൊണ്ടേയിരിക്കുക. കുഞ്ഞു ജനിച്ച ആദ്യത്തെ ആഴ്ചകളിലും ഇതുപോലെതന്നെെ ചെയ്യുക. കുഞ്ഞു ഒരു സ്വരം ഉണ്ടാക്കുമ്പോൾ നിങ്ങളും അതേ സ്വരം ഉണ്ടാക്കുക. അതിലൂടെ കുഞ്ഞ് മനസ്സിലാക്കും അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെന്ന്. ഇത് അവൻറെ തലച്ചോറിന്റെ വളർച്ചയ്ക്ക് വളരെ ആവശ്യമാണ്.
ചിലപ്പോൾ മാതാപിതാക്കൾ ചിന്തിക്കാറുണ്ട് കുഞ്ഞിനോട് എന്താണ് സംസാരിക്കുക എന്ന്? നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കുഞ്ഞിനോട് പറയുക. നിങ്ങൾ ഡയപ്പർ മാറ്റുമ്പോൾ അത് ഉറക്കെ പറയുക. കുളിപ്പിക്കുമ്പോൾ വെള്ളം ഒഴിക്കുന്നതിന് മുമ്പ് പറയുക. എണ്ണ തേച്ച് ഉഴിയുമ്പോൾ കുഞ്ഞിനോട് എന്തെങ്കിലും വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക. നിങ്ങളുടെ സ്വരവും വാക്കുകളും സ്പർശനവും കുഞ്ഞിന്റെ തലച്ചോറിന്റെ കോശങ്ങൾ തമ്മിലുള്ള ബന്ധത്തെ വളർത്തുകയും ബുദ്ധി വികസിക്കുവാൻ ഇടയാവുകയും ചെയ്യും.
കുഞ്ഞിന്റെ തലച്ചോറ് ഏറ്റവും കൂടുതൽ വളരുന്നത് ആദ്യത്തെ ഒരു വർഷം ആകയാൽ മാതാപിതാക്കളുടെ സജീവമായ സാന്നിധ്യം കുഞ്ഞിന് ആവശ്യമാണ്. കുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഈ ആവശ്യത്തെ പരിഗണിക്കേണ്ടതാണ്. കാരണം അതാത് സമയങ്ങളിൽ കുഞ്ഞിൻറെ തലച്ചോറിന് കിട്ടേണ്ട ഉത്തേജനം പിന്നീട് കൊടുത്താൽ വേണ്ടത്ര ഫലപ്രദമാവുകയില്ല.
അതുകൊണ്ടാണ് വികസിത രാജ്യങ്ങളിൽ അമ്മയ്ക്കും അപ്പനും ശമ്പളത്തോടുകൂടിയ അവധി കൊടുത്തു വീട്ടിൽ കുഞ്ഞിനോട് കൂടെ മാതാപിതാക്കൾ ഇരിക്കുവാൻ നിയമസംഹിതയിൽ തന്നെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
കുഞ്ഞിനോട് സംസാരിക്കുമ്പോൾ വ്യക്തമായും സ്ഫുടമായും സംസാരിക്കുക. കുഞ്ഞ് 'പാ' എന്ന് പറയുമ്പോൾ നമ്മൾ വ്യക്തമായി ഇങ്ങനെ പറയണം "കുഞ്ഞിന് പാല് വേണമല്ലേ? ഇപ്പോൾ തരാട്ടോ". ഇതുവഴി ശരിയായി സംസാരിക്കേണ്ടത് എങ്ങനെ എന്ന് കുഞ്ഞു മനസ്സിലാക്കും.
അഞ്ചുമാസം ആകുന്ന കുഞ്ഞ് തന്റെ കളിപ്പാട്ടങ്ങൾ കൈകൊണ്ട് പിടിച്ചു അത് വായിലെക്കു കൊണ്ടുപോകുന്നു. ഇത് അവരുടെ വളർച്ചയുടെ വളരെ പ്രധാനപ്പെട്ട ഒരു സമയമാണ്. ഈ സമയത്ത് ചുണ്ടുകൊണ്ട് സ്പർശിച്ചാണ് അവർ വസ്തുക്കൾ മനസ്സിലാക്കുന്നത്. ആ സമയത്ത് കഴുകി വൃത്തിയാക്കിയ ചായം ഇളകാത്ത ശിശുക്കൾക്ക് സുരക്ഷിതമായ കളിപ്പാട്ടങ്ങൾ കുഞ്ഞിന് കൊടുക്കേണ്ടതാണ്. അത് അവർ ചുണ്ടോടു അടിപ്പിക്കുകയും നാവുകൊണ്ട് സ്പർഷിക്കുകയും വഴി തലച്ചോറ് വളരുന്നു.
തീരെ ചെറിയ കളിപ്പാട്ടങ്ങൾ മുത്തുകൾ കോയിനുകൾ മുഴുവനായിട്ടും വായിൽ ഇടാൻ പറ്റുന്ന കളിപ്പാട്ടങ്ങൾ ഈ പ്രായത്തിൽ കൊടുക്കുന്നത് സുരക്ഷിതമല്ല. ഇത്തരം കളിപ്പാട്ടങ്ങൾ ഇവർ വായിലിടുകയും അത് ശ്വാസകോശത്തിലേക്കൊ ആമാശയത്തിലേക്കൊ പോയി അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
ആദ്യത്തെ ഒരു വർഷം കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയും അവരുടെ അർത്ഥവത്തായ സാന്നിധ്യം ഈ സമയങ്ങളിൽ കുഞ്ഞിന് നൽകേണ്ടതുമാണ്. അങ്ങനെ വളരുന്ന കുഞ്ഞ് വളരെ ആത്മവിശ്വാസത്തോടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയിലേക്ക് പ്രവേശിക്കുന്നു.
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം,
ജൂബിലി മിഷൻ ആശുപത്രി, തൃശൂർ