Joy of Love in Family
വിവാഹം കഴിഞ്ഞ നാളുകൾ........
ജോലി സംബന്ധമായി ഞാൻ കോയമ്പത്തൂരിലേക്ക് ട്രാൻസ്ഫർ ആയ സമയം,,,,,, പുതിയ ബാങ്കും പുതിയ ജോലിയുമായി ഞാൻ പതുക്കെ പൊരുത്തപ്പെട്ട് വരുമ്പോഴാണ് അമ്മയുടെ മരണം. അമ്മയുടെ മരണശേഷം വീട്ടിലെ കാര്യങ്ങൾ ക്രമീകരിക്കപ്പെട്ടു വരുന്നു. ഭാര്യയുടെ പ്രെഗ്നൻസി ചെക്ക് അപ്പിനു വേണ്ട ക്രമീകരണങ്ങൾ കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് ഞാൻ പോയത്. പിറ്റേന്ന് ജോലി സ്ഥലത്തു ഇരിക്കുമ്പോൾ ഫോൺ കോൾ കിട്ടി. അതായതു ഹിമക്ക് സീരിയസ് ആയതു കൊണ്ടു വേഗം നാട്ടിലേക്ക് വരണം.
ഞാൻ ഉടനെ ഹോസ്പിറ്റലിലേക്ക് വിളിച്ചു. കാര്യങ്ങൾ അന്വേഷിച്ചു. ഫ്ലൂയിഡിൻെറ കുറവ് മൂലം ഹിമയുടെ പ്രസവത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും, കുഞ്ഞിന് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നും ഹിമയെ ചികിത്സിച്ചിരുന്ന ഡോക്ടർ ബിന്ദു എന്നോട് സംസാരിച്ചു.
ഈ സമയം അവർ എല്ലാവരും ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ദേവാലയത്തിൽ ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്ന് അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിച്ചു. ഞാൻ കോയമ്പത്തൂരിൽ നിന്ന് ഉടനെ പുറപ്പെട്ടു ഹോസ്പിറ്റലിൽ എത്തി. യാത്രയിൽ ഉടനീളം ദൈവത്തോട് ഭാര്യക്കും കുഞ്ഞിനും വേണ്ടി മുട്ടിപ്പായി പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവിൻെറ ഒരു സ്വരം എനിക്ക് ലഭിച്ചു. കുഞ്ഞ് ആൺകുഞ്ഞ് ആയിരിക്കുമെന്നും കുഞ്ഞിന് *ക്രിസ്റ്റഫർ* എന്ന പേരിടാനും നിർദ്ദേശിച്ചു യാതൊരു അപകടങ്ങളും കൂടാതെ ഭാര്യ പ്രസവിക്കുമെന്നും കുഞ്ഞ് ഉന്മേഷവാനായിരിക്കുമെന്നും കർത്താവിൻെറ ആത്മാവ് എനിക്ക് ഉറപ്പു നൽകി.
ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഭാര്യയുടെ പ്രസവം നടന്നിരുന്നു. അമ്മയെ മുറിയിലേക്കും കുഞ്ഞിനെ ഇൻക്യുബേറ്ററിലേക്കും മാറ്റിയിരുന്നു.
അടുത്ത ദിവസം കുട്ടികളെ പരിചരിക്കുന്ന ഡോക്ടർ സജീവൻ കുഞ്ഞിന് യാതൊരു കുഴപ്പങ്ങളും ഇല്ല എന്നും ശരീരഭാരം പതിയെ മെച്ചപ്പെടുമെന്നും അറിയിച്ചു. തുടർന്ന് ഒരു മാസക്കാലം ഹോസ്പിറ്റലിലെ പരിചരണത്തിന് ശേഷം അമ്മയും കുഞ്ഞും ദൈവാനുഗ്രഹത്താൽ വീട്ടിലെത്തി.
പരിശുദ്ധാത്മാവിൻെറ നിർദ്ദേശപ്രകാരം മാമോദിസയിൽ ‘ക്രിസ്റ്റഫർ’ എന്ന് പേര് നൽകുകയും ചെയ്തു.
ബിജു ആന്റണി & ഹിമ ബിജു.
സീനിയർ മാനേജർ ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്,
നെല്ലായ ബ്രാഞ്ച്.
... പേജ് -3ൽ നിന്നും
പരിശുദ്ധ കത്തോലിക്കാ സഭയുടെ സമ്പത്തും പവർഹൗസും വിശുദ്ധ കുർബാനയാണ്. ഇത് വയലിൽ ഒളിപ്പിച്ചുവെച്ച നിധിക്ക് സമാനമാണ്. ആ നിധി കണ്ടെത്താനാകുക ജന്മസൗഭാഗ്യവും. തിരുസഭയിലെ വിശുദ്ധർ മരണം വരെ വിശുദ്ധിയിൽ നിലനിന്നത് വിശുദ്ധ കുർബാന നൽകിയ ശക്തി സ്വീകരിച്ചുകൊണ്ടാണ്. സിയന്നായില വിശുദ്ധ കാതറിൻ മാസങ്ങളോളം വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച് ജീവിച്ചു. ഭക്ഷണം കഴിക്കാൻ നിർബന്ധിതയായപ്പോഴൊക്കെ അവൾ രോഗിണിയായി. എന്നാൽ വിശുദ്ധ കുർബാന മാത്രം സ്വീകരിച്ചപ്പോൾ ആരോഗ്യവതിയും പ്രസന്നവതിയുമായി കാണപ്പെട്ടു. 2004 ഏപ്രിൽ 26ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്ത വാഴ്ത്തപ്പെട്ട അലക്സാണ്ട്രിന അവളുടെ ജീവിതത്തിൻെറ അവസാന 13 വർഷങ്ങൾ വിശുദ്ധ കുർബാന മാത്രം ഉൾക്കൊണ്ടാണ് ജീവിച്ചത്. അതെ നമ്മുടെ ജീവിത സഹനങ്ങൾക്കു മീതെ ചവിട്ടി നിൽക്കാൻ ഉൾക്കരുത്ത് പകരുന്നത് അവൻ്റെ സ്നേഹ ചൂടിൽ ചുട്ടെടുത്ത ഈ അപ്പമാണ്. വേദനിക്കുന്നവരിൽ യേശുവിൻെറ തിരുമുഖം കണ്ട് ത്യാഗോജ്വലമായ പരസ്നേഹ പ്രവർത്തനങ്ങൾ ചെയ്യാൻ അനേകർക്ക് ഊർജ്ജം പകരുന്നത് വിശുദ്ധ കുർബാനയാണ്. ഓടയിൽ പുഴുവരിച്ച് കിടന്നവനിൽ യേശുവിനെ കാണാൻ മദർ തെരേസക്ക് മിഴി തുറന്നു കൊടുത്തത് ഈ വിശുദ്ധ കുർബാന തന്നെ. ഭീകരപ്രവർത്തനങ്ങളും യുദ്ധങ്ങളും നടമാടുന്ന രാജ്യങ്ങളിലും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സേവനങ്ങൾ നൽകാൻ മദർ തയ്യാറായിരുന്നു. അനുദിനം വിശുദ്ധ ബലി അർപ്പിക്കാനുള്ള സാഹചര്യവും ഒരു വൈദികനേയും അനുവദിക്കുക എന്നതു മാത്രമാണ് അവിടുത്തെ ഭരണാധികാരികളോട് മദർ ആവശ്യപ്പെട്ടത്. ഒരിക്കൽ ഒരു മുസ്ലിം ഭരണാധികാരിയോട് മദർ പറഞ്ഞു "We live because of Christ and Christ lives because of a priest." പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ ഓരോ വിശുദ്ധ കുർബാന അർപ്പണവും ഉത്ഥിതനായ കർത്താവിനെ കണ്ടുമുട്ടലാണ്.
തേനിൻെറ മാധുര്യം എങ്ങനെയാണെന്ന് ആരാഞ്ഞാൽ എന്താണ് നാം പറയുക? കാരണം അത് രുചിയുടെ ഒരു അനുഭവമാണ്. ഓരോ വിശുദ്ധ കുർബാനയും കഴിയുമ്പോൾ അവൻറെ സ്നേഹത്തിൻെറ പുഴയിൽ ഒന്ന് മുങ്ങി കുളിച്ചു കയറി വരുന്ന സുഖമാണ്. ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇടംകയ്യാൽ കുട പിടിച്ചും വേദനിയ്ക്കുന്ന വലംകൈയ്യാൽ വീൽ ചെയർ നിയന്ത്രിച്ചും ഏതു മഴയത്തും വെയിലത്തും തേടിയിറങ്ങുന്നത് ഈ സ്നേഹ നദിയിൽ ഒന്ന് കുളിച്ചു കയറാനാണ്. പാടുപീഡകളുടെ നേരത്തും പ്രാണൻ പകുത്തു നൽകിയ അവനുവേണ്ടി ഒരു കൊച്ചു സക്രാരി നമ്മുടെ ശരീരമാകുന്ന ദേവാലയത്തിലും ഒരുക്കി വയ്ക്കാം. അവിടെ അവനോടുള്ള സ്നേഹത്തിന്റെ ഒരു കൊച്ചു കെടാവിളക്ക് സദാ ജ്വലിച്ചു നിൽക്കട്ടെ !
അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി !!!
മിനി തട്ടിൽ
... പേജ് -1ൽ നിന്നും
നാട്ടിൻപുറത്തെ ഒരു സാധാരണ ബാല്യത്തിൽ നിന്ന് തീക്ഷ്ണമതിയായ സുവിശേഷ
പ്രഘോഷകയിലേക്കുള്ള യാത്ര,
ചുറ്റിലും ഉള്ളവരുടെ വേദനകളിൽ എപ്പോഴും പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന സപ്നയുടെ ചിത്രവും
ഇതിലെ വരികൾ നമ്മുടെ ഉള്ളിൽവരച്ചിടുന്നുണ്ട്.
സപ്ന ഗർഭസ്ഥശിശുക്കളെ എന്നും സ്നേഹിച്ചിരുന്നു. ആശുപത്രി വരാന്തകളിൽ ഇരുന്ന് ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി നിരന്തരം കൊന്ത ചൊല്ലി പ്രാർത്ഥിച്ചിരുന്ന സപ്നയെ നാം ഇവിടെ കണ്ടുമുട്ടുന്നു.
ഉദരത്തിലുള്ള തൻെറ കുഞ്ഞിൻെറ ജീവനെ തൻ്റെ ജീവനെക്കാൾ വിലപ്പെട്ടതായി കണ്ട സപ്ന ത്യാഗോജ്ജ്വലമായ മാതൃത്വത്തിൻെറ ഉദാത്തമായ മാതൃക നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. മാതൃത്വം ഒരു സ്ത്രീയുടെ ജീവിതത്തിൽ സ്വയം ബലിയായി തീർന്ന് പിതാവിൻെറ തിരുമുഖ ദർശനത്തിനുള്ള ഏറ്റവും വലിയ സാധ്യതയാണെന്ന് സപ്നയുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു .
മാതൃത്വം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ ആധുനിക കാലഘട്ടത്തിൽ മാതൃത്വത്തിൻെറ ശ്രേഷ്ഠമായ എല്ലാ ഭാവങ്ങളും വരച്ചുകാട്ടുന്ന ഈ “അമ്മ മാലാഖ” അനേകം അമ്മമാർക്ക് വലിയ പ്രചോദനവും വഴികാട്ടിയും ആകും എന്നുള്ളത് തീർച്ചയാണ്.
അനി ജോർജ്ജ് ലിയോൺസ്.
പ്രിയപ്പെട്ടവരേ,
2022 നവoമ്പർ മാസത്തിൽ തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ലോഫിൻെറ മീഡിയ മിനിസ്ട്രി ഇങ്ങനെ ഒരു പരസ്യം ചെയ്തിരുന്നു:
*മാതൃത്വത്തിൻെറ മഹത്വം പ്രഘോഷിച്ച് സ്വന്തം കുഞ്ഞിൻെറ ജീവൻ രക്ഷിക്കാൻ വീരോചിതമായി മരണം പുൽകിയ സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. സപ്നയുടെ ജീവിത ഏടുകളിൽ നേരിട്ടുളള അനുഭവങ്ങളോ, സപ്നയുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചപ്പോൾ ലഭിച്ച അനുഗ്രഹങ്ങളോ സാക്ഷ്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അത് വൃത്തിയായി എഴുതി പേര്, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ സഹിതം താഴെ പറയുന്ന അഡ്രസ്സിൽ അയച്ചു തരാൻ താൽപ്പര്യപ്പെടുന്നു. പ്രസിദധീകരണ യോഗ്യമായവ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതാണ്.*
അന്ന് മുതൽ ആരംഭിച്ച ഒരു തപസ്യ ഇപ്പോൾ പരിസമാപ്തിയിലേക്ക് എത്തുകയാണ്. മീഡിയ മിനിസ്ട്രി അംഗങ്ങൾ അന്നത്തെ ലോഫ് ഡയറക്ടർ ഫ്രാൻസിസ് ആളൂർ അച്ചനോടൊപ്പം സപ്നയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ചിറ്റാട്ടുകരയിൽ പോയി പ്രാർത്ഥിച്ചു, തുടർന്ന് ഭർത്താവ് ജോജുവിൻെറയും അമ്മയുടേയും മക്കളുടെയും സുദീർഘമായ ഇൻറർവ്യൂ റെക്കോർഡ് ചെയ്തു. ആവശ്യമുള്ള ഫോട്ടോകൾ, സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ എന്നിവ ശേഖരിച്ചു. കേരളത്തിൽ നിന്നും ഭാരതത്തിൻെറ പല ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നു പോലും സപ്നയുടെ കാര്യങ്ങൾ പങ്ക് വെക്കാൻ അനേകർ വിളിച്ചിരുന്നു. അതെല്ലാം റെക്കോർഡ് ചെയ്തു. തുടർന്ന് ട്രാൻസ്ക്രിപ്റ്റ് തയ്യാറാക്കി. നല്ല രചനാ വൈഭവമുളള എ. ഡി. ഷാജു ജോജിമോൾ ദമ്പതികളെ രചനയുടെ ഉത്തരവാദിത്വം പുതിയ ഡയറക്ടർ ഡെന്നി താണിക്കൽ അച്ചൻ ഏൽപ്പിച്ചു. ഷാജു മാഷും ഭാര്യ ജോജിമോളും സപ്നയുടെ ജീവിതവുമായി ബന്ധപ്പെട്ട കേരളത്തിലെ എല്ലാ സ്ഥലങ്ങളും സന്ദർശിച്ച് കൂടുതൽ റിസർച്ച് നടത്തിയ ശേഷം കരടു രൂപം എഴുതി നൽകി.
മീഡിയ മിനിസ്ട്രി കരടു രൂപം പല തവണ പരിഷ്കരിച്ചു. ഭാഷാപരമായ പരിശോധന നടത്തിയത് റവ. സി. ഹംബലിൻ സി.എം.സി ആണ്. പ്രസിദ്ധീകരണം ലോഫിൻെറ സഹകരണത്തോടെ കാർമ്മൽ ഇൻറർനാഷണൽ പബ്ലിഷിംഗ് ഹൗസ് ഏറ്റെടുത്തു.
കാത്തിരിപ്പിൻെറ അവസാനം “അമ്മ മാലാഖ” വായനക്കാരുടെ കരങ്ങളിലേക്ക് എത്തുകയാണ്.
*സ്വന്തം കുഞ്ഞിനെ ഉദരത്തിൽ വച്ചോ ജനിച്ച ശേഷമോ നിഷ്കരുണം വധിക്കുന്ന അമ്മമാരുടെ ഈ കാലഘട്ടത്തിൽ എട്ടാമത്തെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയായി നൽകിയ സപ്ന ട്രേസി എന്ന “അമ്മ മാലാഖ”യുടെ ജീവിത കഥ ആണ് ഇത്. 2024 മെയ് മാസം 11ന് രാവിലെ 9.45ന് തൃശ്ശൂർ അതിരൂപത ഫാമിലി അപ്പോസ്തൊലേറ്റിൽ വച്ച് നടക്കുന്ന “ലക്സ് ദോമൂസ്” സെമിനാറിൻെറ ഉദ്ഘാടന ചടങ്ങിൽ വച്ച് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് “അമ്മ മാലാഖ” പ്രകാശനം ചെയ്യുന്നു. കോപ്പികൾ അന്ന് ഫാമിലി അപ്പോസ്തൊലേറ്റിൽ ലഭ്യമായിരിക്കും. ലക്സ് ദോമൂസ് സെമിനാറിൽ പങ്കെടുക്കാനും “അമ്മ മാലാഖ”യുടെ കോപ്പികൾ ഡിസ്ക്കൗണ്ടഡ് റേറ്റിൽ സ്വന്തമാക്കാനും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.*
സ്നേഹപൂർവ്വം,
ലോഫ് മീഡിയ മിനിസ്ട്രി.