Joy of Love in Family
... പേജ് -1ൽ നിന്നും
ബലിയർപ്പണം ആത്മദാനം സ്വയം ദാനം.
വിവാഹ കൂദാശാ കർമ്മത്തിനിടയിൽ താലിയും മന്ത്രകോടിയും വെഞ്ചിരിക്കുന്ന പ്രാർത്ഥന ശ്രദ്ധേയമാണ്. ക്രിസ്തു കുരിശു മരണം വഴി തിരുസഭയെ തന്റെ വധുവായി സ്വീകരിച്ചത് പോലെ എന്നാണത്. വി.ബൈബിളിലെ പുതിയ നിയമത്തിലേക്ക് വരുമ്പോൾ ക്രൈസ്തവ വിവാഹത്തെ ക്രിസ്തുവും സഭയും ആയുള്ള ബന്ധത്തോടാണ് സാദൃശ്യപ്പെടുത്തുന്നത്.
വിശുദ്ധ വിവാഹത്തിലൂടെ ഒന്നായിത്തീരുന്ന ദമ്പതികൾ ക്രിസ്തുവും ഒന്നിച്ച് പരസ്പരം കുരിശായി കുരിശെടുത്ത് മുന്നോട്ടു നീങ്ങുവാനും അതേ കുരിശിൽ തന്നെ ബലിയായിത്തീരുവാനുള്ളവരുമല്ലേ? അതുതന്നെയല്ലേ വിവാഹ ജീവിതത്തിലെ - കുടുംബജീവിതത്തിലെ പരസ്പര വിശുദ്ധീകരണത്തിന്റെയും രക്ഷയുടെയും അടിസ്ഥാനം. ജീവിതത്തിൻറെ പ്രയാസങ്ങൾക്കും വേദനകൾക്കും നടുവിലൂടെ ഭയം കൂടാതെ കുരിശു മെടുത്ത് മുന്നോട്ട് നീങ്ങേണ്ടവരാണ് ദമ്പതികൾ . അതുവഴി വിശുദ്ധ കുർബാനയിൽ ബലിയർപ്പകനാകുന്ന വൈദികനെ പോലെ ബലിയാകുവാനും ബലിയേകുവാനുമുള്ളവരാണ് ദമ്പതികൾ. വിശുദ്ധ കുർബാനയിലെ പുരോഹിതരുടെ സ്ഥാനത്ത് വിശുദ്ധ വിവാഹത്തിൽ ദമ്പതികളാണ് കാർമികരായി തീരുന്നത്. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിലൂടെ ക്രിസ്തുവിൽ തന്നെ പിതാവുമായുള്ള ഐക്യത്തിൽ ബലിയർപ്പിക്കുമ്പോൾ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീര രക്തങ്ങൾ ആയി മാറുന്നു. അപ്രകാരം തന്നെ വിശുദ്ധ വിവാഹത്തിൽ ദമ്പതികളിലൂടെ ദമ്പതികൾ തന്നെ ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഒരേ മനസ്സും ഒരേ ഹൃദയവും ഒരു ശരീരവുമായി പരസ്പരം ഒന്നിക്കുമ്പോൾ പുതിയ ദൈവിക ഛായയിലുള്ള മനുഷ്യസൃഷ്ടി രൂപം പ്രാപിക്കുന്നു. അതുവഴി പിതാവായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്നതോടൊപ്പം ജീവനുണ്ടാകുവാനും അത് സമൃദ്ധമായി നൽകുവാനും വന്ന യേശുനാഥന്റെ ദൗത്യം ദമ്പതികളിലൂടെ തുടരുന്നു. ഇപ്രകാരം ദൈവീക ഛായയിലുള്ള ഒരു സൃഷ്ടിക്ക് രൂപം നൽകുന്നതിന് ദമ്പതികൾ വിശുദ്ധ വിവാഹത്തിലൂടെ കൃപാവരം സ്വീകരിക്കുന്നതോടൊപ്പം വിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യം സ്വീകരിക്കുക വഴി സ്വന്തം ശരീരത്തിലും മനസ്സിലും ആത്മാവിലും ഈശോയെ ഉൾക്കൊള്ളുകയും അതുവഴി ഉദരത്തിലെ കുഞ്ഞിലേക്ക് ഈശോയെ നൽകുകയും ചെയ്യുന്നു.
ആദ്യ കുടുംബത്തിന്റെ വീഴ്ചയിൽ നിന്നും രക്ഷയിലേക്ക് നയിക്കുന്നതിനു് വിശുദ്ധ കുർബാന .
പിതാവായ ദൈവം ഏദൻ തോട്ടത്തിൽ രൂപപ്പെടുത്തിയ ആദ്യ കുടുംബം പാപം മൂലം അകന്നു പോയതിനാൽ കുടുംബങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വന്തം പുത്രനെ തന്നെ കുടുംബത്തിലൂടെ ഭൂമിയിലേക്ക് മനുഷ്യരുടെ ഇടയിലേക്ക് നൽകി, പുത്രന്റെ കുരിശുമരണം വഴി മനുഷ്യകുലത്തെ പാപത്തിൽ നിന്നും മോചിപ്പിച്ച് ഉത്ഥിതനായത്. തുടർന്ന് കുടുംബങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുമ്പസാരം എന്ന കൂദാശയിലൂടെ പാപമോചനം നൽകി വിശുദ്ധ കുർബാന എന്ന കൂദാശയിലൂടെ ഉത്ഥിതനായ അതേ ക്രിസ്തു ഇന്നും നമ്മുടെ കുടുംബങ്ങളിൽ വസിക്കുന്നത്.
ജെറുസലേമിലെ രാജകീയ പ്രവേശം ഇന്നും വിശുദ്ധ കുർബാനയിലൂടെ തുടരുന്നു.
ക്രിസ്തുവിന്റെ പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ ജെറുസലേം ദേവാലയത്തിലേക്കുള്ള കഴുതപ്പുറത്തെ വരവ് വിവാഹിതരാകുന്ന കുടുംബജീവിതക്കാർക്ക് ധ്യാന വിഷയം ആകേണ്ടതാണ്. ജെറുസലേം ദേവാലയങ്ങൾ ആകുന്ന നമ്മുടെ ഭവനങ്ങളിലേക്ക് നാമാകുന്ന കഴുതപ്പുറത്ത് യേശുവിനെ ഓശാന പാടി എതിരേറ്റ് കൊണ്ടുവരുന്ന പ്രക്രിയയാണ് ഓരോ വിശുദ്ധ കുർബാനയിലും പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുന്നതു വഴി ദമ്പതികളിലൂടെ മാതാപിതാക്കളിലൂടെ -നമ്മിലൂടെ നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്, സംഭവിക്കേണ്ടത്. അതുവഴി നമ്മുടെ ഭവനങ്ങളിലെ എല്ലാ തിന്മയുടെ സ്വാധീനങ്ങളെയും യേശു ആട്ടിപ്പായിക്കുന്നു. അനുദിന ജീവിതത്തിന്റെ പ്രയാസങ്ങളെ നേരിടുവാനുള്ള ശക്തിയും ഊർജ്ജവും അതുവഴി ലഭിക്കുന്നു.
"മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവൻ ദിവ്യകാരുണ്യത്തിൽ പ്രകടമാകുന്നു."
-വി. ഫിലിപ്പിനേരി-
അപ്പവും വീഞ്ഞും ആകുന്ന ദമ്പതികൾ
വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിൻറെ ശരീര രക്തങ്ങൾ ആയി തീരുന്നതു പോലെ വിശുദ്ധ വിവാഹത്തിലൂടെ ദമ്പതികൾ പരസ്പരം അപ്പവും വീഞ്ഞും ആയി തീർന്ന് മക്കൾക്ക് ജന്മം നൽകി അവരെ നിത്യരക്ഷയിലേക്ക് നയിക്കുന്നു. ഗോതമ്പുമണി പൊടിഞ്ഞരഞ്ഞ് അപ്പമാകുന്നതുപോലെ മുന്തിരിപ്പഴം ഞെരിഞ്ഞമർന്ന് വീഞ്ഞാകുന്നത് പോലെ ദമ്പതികൾ വിയർപ്പൊഴുക്കി അധ്വാനിച്ച് ഞെരിഞ്ഞമർന്ന് അപ്പമേകുന്ന അപ്പനും അമ്മിഞ്ഞ നൽകുന്ന അമ്മയുമായി ത്തീരുന്നതാണ് വിവാഹജീവിതം. അതിനകത്ത് ക്രിസ്തുവിന് കൂടെ ഇടം കൊടുക്കുമ്പോൾ അത് വിശുദ്ധ വിവാഹ ജീവിതമായി തീരുന്നു. ദിവ്യകാരുണ്യമാകുന്ന ഈശോയെ സ്വീകരിച്ച ദമ്പതികൾ ഈശോയോടൊന്നിച്ച് തങ്ങളുടെ മണിയറയിൽ അർപ്പിക്കുന്ന ബലിയർപ്പണത്തിലൂടെ രൂപപ്പെടുന്ന കുഞ്ഞുങ്ങളും, അനുദിന ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഭവനം ആകുന്ന ദേവാലയത്തിലേക്ക് ആനയിച്ചു കൊണ്ടുവരുന്ന ക്രിസ്തുവും ഒന്നിച്ചുള്ള കുടുംബജീവിത പശ്ചാത്തലത്തിൽ വളരുന്ന മക്കളും ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്ന ഗാർഹികസഭയാകുന്ന കുടുംബമായി തീരുന്നു. ഇത്തരം കുടുംബങ്ങളുടെ കൂട്ടായ്മയാകുന്ന തിരുസഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്.
രക്ഷാകര ചരിത്രം ഇന്നും വിശുദ്ധ കുർബാനയിലൂടെ തുടരുന്നു.
രക്ഷാകര ചരിത്രം എന്നത് മനുഷ്യരക്ഷയേക്കാൾ ഒരുപക്ഷേ കുടുംബത്തിന്റെ രക്ഷാകര ചരിത്രമാണ്. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിന്റെ രക്ഷക്കായി നൽകിയ മന്നയുടെയും പാറ പിളർന്നു നൽകിയ ജലത്തിന്റെയും സ്ഥാനത്ത് പുതിയ നിയമത്തിൽ ക്രിസ്തു അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങൾ ആക്കി മാറ്റി അവരെ ശക്തിപ്പെടുത്തി അയക്കുന്നു. ഇന്നും വിശുദ്ധ കുർബാനയിലൂടെ അതേ ക്രിസ്തു നമ്മുടെ കുടുംബങ്ങളിൽ വസിക്കുന്നു. ദിവ്യകാരുണ്യമാകുന്ന ഈശോയെ സ്വീകരിക്കുന്ന ഓരോ അമ്മയും ഒരു സഞ്ചരിക്കുന്ന സക്രാരിയാണ്. അമ്മയുടെ ഉദരത്തിലൂടെയാണ് ഗാർഹിക സഭ രൂപം കൊള്ളുന്നത്. ഗാർഹിക സഭയുടെ കൂട്ടായ്മയാണ് ക്രിസ്തുവിൻറെ മണവാട്ടിയായ മൗതിക ശരീരമാകുന്ന തിരുസഭ.
കാനായിലെ കല്യാണ വിരുന്നിലെ ക്രിസ്തു ഇന്നും സന്നിഹിതനാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ കുടുംബങ്ങൾക്കായി എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു. "കാനായിലെ കല്യാണത്തിന് വരനും വധുവും തങ്ങളുടെ ജീവിതം മുഴുവനും വേണ്ടി പരസ്പരം സമർപ്പിച്ചപ്പോൾ മണവാളനായ യേശു അവരുടെ ഇടയിൽ ഉണ്ടായിരുന്നു. ഇന്നും മണവാളനായ ക്രിസ്തു നമ്മോടുകൂടെ നമ്മുടെ കുടുംബങ്ങളിൽ ഉണ്ട്". മാത്രമല്ല "ദൈവീക ജീവന്റെ സംക്രമണത്തിന് മാനുഷിക ജീവന്റെ സംക്രമണം ആവശ്യമാണ്. അതുകൊണ്ട് വിശുദ്ധ വിവാഹത്തിലൂടെ മനുഷ്യശിശുക്കളുടെ ജനിപ്പിക്കൽ മാത്രമല്ല സാധിക്കുന്നത് മാമോദിസയുടെ ശക്തിയാൽ ദൈവത്തിന്റെ ദത്തുപുത്രരെ ജനിപ്പിക്കാനും സാധിക്കുന്നുണ്ട് "
. കുടുംബങ്ങൾക്കുള്ള കത്തിൽ വീണ്ടും ഇപ്രകാരം പറയുന്നു "അന്ത്യ അത്താഴ സമയത്ത് കുടുംബസാദൃശ്യമായ ഒരു പശ്ചാത്തല സജ്ജീകരണത്തിൽ ക്രിസ്തു കുർബാന സ്ഥാപിച്ചു. നിങ്ങൾ ഭക്ഷണം കഴിക്കുന്നതിന് ഐക്യത്തോടെ സമ്മേളിക്കുമ്പോൾ ക്രിസ്തു നിങ്ങളുടെ അടുത്താണ് ". മാതാപിതാക്കളുടെ രക്തത്തിന്റെയും വിയർപ്പിന്റെയും മണമുള്ള മേശക്കുചുറ്റും മക്കളുമൊന്നിച്ച് ഐക്യത്തോടെ ഇരുന്ന് ഭക്ഷിക്കുന്നത് പെസഹാ തിരുനാളിന് സെഹിയോൻ ഊട്ടുശാലയിൽ ക്രിസ്തു നടത്തിയ വിരുന്നിനെ ഓർമ്മപ്പെടുത്തുന്നു. വിശുദ്ധ കുർബാനയും വിശുദ്ധ വിവാഹവും പരസ്പരം ഓർമ്മപ്പെടുത്തുന്ന കൂദാശകളാണ്. വിശുദ്ധ കുർബാനയാണ് വിശുദ്ധ വിവാഹത്തിന്, അതുവഴി കുടുംബജീവിതത്തിന് ഊർജ്ജവും കരുത്തും പകരുന്നത്.
ഏദൻ തോട്ടത്തിൽ ഉലാത്തുന്ന ദൈവം ഇന്നും നമ്മുടെ ഭവനങ്ങളിൽ ഉണ്ട് .
വിശുദ്ധ ബൈബിളിലെ ഉല്പത്തി പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ ആദ്യവിവാഹം നടത്തി കുടുംബം രൂപപ്പെടുത്തിയ ഏദൻ തോട്ടത്തിൽ ദൈവം ഉലാത്തുന്നതായി കാണുന്നു. ഇന്നും വിശുദ്ധ വിവാഹം വഴി രൂപപ്പെടുത്തുന്ന നമ്മുടെ കുടുംബങ്ങളിൽ ദൈവം ഉലാത്തുന്നുണ്ട്. ആ ദൈവത്തെ തിരിച്ചറിയാനും കൂടെ ഇരിക്കുവാനും വിശുദ്ധ കുർബാന നമ്മെ പ്രാപ്തരാക്കുന്നു. ക്രിസ്തുവിന്റെ ഉത്ഥാനശേഷം ശിഷ്യരെ സന്ദർശിച്ച ക്രിസ്തുവിനെ ശിഷ്യന്മാർ തിരിച്ചറിഞ്ഞത് ക്രിസ്തു നൽകിയ പ്രാതൽ കഴിച്ചപ്പോഴാണ്. അപ്പോഴാണ് അവരുടെ കണ്ണുകൾ തുറന്നതെന്ന് വചനം പറയുന്നു. അതുതന്നെയാണ് വിശുദ്ധ കുർബാനയിലെ ദിവ്യകാരുണ്യ സ്വീകരണം വഴി നമ്മിലും സംഭവിക്കുന്നത്.
അവസാനമായി ജോൺപോൾ രണ്ടാമൻ മാർപാപ്പ കുടുംബങ്ങൾക്കായുള്ള കത്തിൽ പറഞ്ഞു വച്ച വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് ചുരുക്കട്ടെ. "പ്രിയ കുടുംബങ്ങളെ, നിങ്ങൾ ഭയമില്ലാത്തവരായിരിക്കണം. അപകട സാധ്യതകളെപ്പറ്റി ഭയപ്പെടരുത്. ദൈവത്തിന്റെ ശക്തി എപ്പോഴും നിങ്ങളുടെ പ്രയാസങ്ങളേക്കാൾ വലുതാണ് -പ്രബലതരമാണ്. എല്ലാറ്റിനേക്കാളും പ്രബലമായ - അതുല്യമായ ഒന്നാണ് കുർബാനയുടെ ശക്തി. പ്രിയ ഭർത്താക്കന്മാരെ ഭാര്യമാരെ മാതാപിതാക്കളെ കുടുംബങ്ങളെ, വിശുദ്ധ കുർബാന നിങ്ങൾക്കുള്ളതാണ്. മാതാപിതാക്കളെ, നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും നിങ്ങൾക്ക് തന്നെ പഠിക്കാനും തക്കതായ മറ്റൊരു ശക്തിയോ വിജ്ഞാനമോ ഇല്ല. ദിവ്യകാരുണ്യത്തിന്റെ വിദ്യാഭ്യാസപരമായ ശക്തി തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ".
ജെയിംസ് ആഴ്‌ചങ്ങാടൻ & ജെസ്സി ജെയിംസ്
റിട്ട: ഡെ. തഹസിൽദാർ