Joy of Love in Family
അതെ രക്ഷാകർതൃത്വം ഒരു കല തന്നെയാണ്. ഒരുപാട് ശ്രദ്ധയും പരിശീലനവും ക്ഷമയും ഒക്കെ വേണ്ട ഒരു കല. നമ്മുടെ ചുറ്റും നോക്കിയാൽ നാലുതരം മാതാപിതാക്കളെ ദർശിക്കുവാൻ സാധിക്കും.
ഇവർ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. അവരുടെ ജീവിതം ഏത് വിധേനയും ലളിതമാക്കി കൊടുക്കുന്നു. എന്ത് നിസ്സാര കാര്യത്തിനായി പോലും കുട്ടികളെ അതിരുവിട്ട് സഹായിക്കുന്നു. തങ്ങളെ കൊണ്ട് തന്നെ ഒന്നും സാധിക്കുകയില്ല എന്ന ഒരു തോന്നൽ കുട്ടികളിൽ സാവകാശം ഉടലെടുക്കുന്നു. കുറെ നാളുകൾക്കു ശേഷം മാതാപിതാക്കൾക്ക് പോലും ഈ കുട്ടികളെ സഹായിക്കാൻ സാധിക്കാതെ ആകുന്നു. വൈകാരികമായ ഒരു രക്ഷാകർതൃത്വ൦ ആണ് ഇവിടെ പ്രകടമാകുന്നത്.
ഇവർ പട്ടാള ചിട്ടയോടെ മക്കളെ വളർത്തുന്നു. ചെറിയ തെറ്റുകൾ പോലും ക്ഷമിക്കുവാൻ ഇവർക്ക് സാധിക്കുന്നില്ല. അകാരണമായ ദേഷ്യം ഇവരുടെ സന്തത സഹചാരി. സ്നേഹമസൃണമായ സഹഗമനം ഇവരുടെ നിഘണ്ടുവിൽ ഇല്ല. ഇങ്ങനെയുള്ള മാതാപിതാക്കളിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയിരിക്കുന്ന കുട്ടികൾ തക്കം കിട്ടിയാൽ തെറ്റുകൾ ചെയ്യാൻ മടി കാണിക്കുകയില്ല. ഇവിടെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഒരിക്കലും ദൃഢമാകുന്നില്ല.
'സ്വന്തം കാര്യം സിന്ദാബാദ്' എന്നതാണ് ഇവരുടെ ആപ്തവാക്യം. കുട്ടികളുടെ കാര്യത്തിൽ തീരെ ശ്രദ്ധ ചെലുത്താറില്ല. ഇവിടെ കുട്ടികളുടെ മേൽ ശിക്ഷണവും ശിക്ഷയും തീരെയില്ല. മാതാപിതാക്കൾ അവരുടെ വഴിക്ക്, കുട്ടികൾ തങ്ങളുടെ വഴിക്ക്. മൊബൈൽ യുഗത്തിൽ ഇങ്ങനെയുള്ള മാതാപിതാക്കൾ കൂടി കൂടി വരുന്നു. ഇങ്ങനെയുള്ള കുട്ടികൾ താന്തോന്നികളായി വളർന്നു വരുന്നു.
ഇങ്ങനെയുള്ള മാതാപിതാക്കൾ വളരെ പക്വമതികളായി കുഞ്ഞുങ്ങളെ വളർത്തുന്നു. ആവശ്യത്തിന് സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ തെറ്റുകൾ തിരുത്തേണ്ട വേളയിൽ സ്നേഹശാസനം നൽകുന്നു. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവരെ സഹഗമിച്ച് നേരായ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നു. നന്മ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കാണിച്ചു കൊടുത്തുകൊണ്ട് കൂടെ നിൽക്കുന്നു. ഇതാണ് ഏറ്റവും അഭികാമ്യമായ രക്ഷാകർതൃത്വം.
നമ്മൾ ഏതുതരത്തിലുള്ള രക്ഷകർത്താവാണ് എന്ന് ഒരു നിമിഷം നമുക്ക് വിചിന്തനം ചെയ്യാം. ആധുനിക യുഗത്തിലെ മാതാപിതാക്കളുടെ ചില പ്രത്യേക വെല്ലുവിളികൾ
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത് എന്ന് പഠനങ്ങൾ; കാരണം ഈ പ്രായത്തിലുള്ള ഫോൺ ഉപയോഗം കുഞ്ഞുങ്ങളിൽ പലവിധത്തിലുള്ള പഠന വൈകല്യങ്ങൾക്കും കാരണമാകുന്നു. മുതിർന്ന കുട്ടികൾ ആണെങ്കിൽ പോലും കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ എന്നിവ എല്ലാവരും കാണുന്ന ഡ്രോയിങ് റൂം, ഡൈനിങ് റൂം എന്നിവിടങ്ങളിലിരുന്ന് ഉപയോഗിക്കാൻ നിർബന്ധം പിടിക്കുക, ഇപ്പോൾ ധാരാളം 'parental control' ആപ്പുകൾ ലഭ്യമാണ്. (കുട്ടികളുടെ അതിബുദ്ധി അതിനെയും പലപ്പോഴും കടത്തിവെട്ടാറുണ്ട്). കുട്ടികളുടെ സാന്നിധ്യത്തിൽ മാതാപിതാക്കളുടെ ഫോൺ ഉപയോഗവും ഇന്ന് വളരെയധികം നിയന്ത്രിക്കേണ്ടതാണ്. "മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?"
ഇന്ന് മിക്ക മാതാപിതാക്കളും തിരക്കുപിടിച്ച് എങ്ങോട്ടോ ഓടുകയാണ്. കുട്ടികൾ വീട്ടിലുള്ള സമയം നമുക്ക് കഴിയുന്നതും അവരുടെ കൂടെ ആയിരിക്കുവാൻ ശ്രമിക്കാം.
അവരുടെ സംശയങ്ങൾക്ക് ശരിയായ രീതിയിൽ ഉത്തരം നൽകുക, അവരോടൊത്ത് കളിക്കുക, പ്രാർത്ഥിക്കുക, ഭക്ഷണം കഴിക്കുക, വിനോദയാത്രകൾ പോകുക ഇവയെല്ലാം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു.
ഇന്നത്തെ കൗമാരക്കാരായ മക്കളെ ശിക്ഷയിലൂടെയോ, ശിക്ഷണത്തിലൂടെയോ വരുതിയിലാക്കാം എന്ന വ്യാമോഹം വച്ചുപുലർത്തുന്നവരാണോ നാം? എന്നാൽ നമുക്ക് തെറ്റ് പറ്റി. അവരെ സ്നേഹിച്ച്, മനസ്സിലാക്കി, സഹഗമിച്ച് അവരുടെ ഏറ്റവും അടുത്ത സുഹൃത്താകുക എന്നതാണ് ഒരു കൗമാരക്കാരന്റെ / കൗമാരക്കാരിയുടെ രക്ഷകർത്താവിന്റെ ഏറ്റവും വലിയ വിജയം. നമ്മുടെ മക്കളുടെ കൂട്ടുകാർ ആരെന്നറിയുക. അവരെ നമ്മുടെയും കൂട്ടുകാരാക്കുക എന്നത് നമ്മുടെ മക്കളെ കൂടുതൽ അടുത്തറിയാനുള്ള എളുപ്പമാർഗമാണ്. അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്തും നമ്മോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നമ്മളോട് ഉണ്ടാകണം.
'Every child is unique'. കുറച്ചുനാളുകൾക്കു മുമ്പ് അമലയിൽ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്യാമ്പിന്റെ സമാപനത്തിൽ ഒരു എട്ടുവയസ്സുകാരന്റെ അമ്മ മനസ്സും കണ്ണും നിറഞ്ഞ് നന്ദി പറയുന്നത് കേൾക്കാൻ ഇടയായി. "ഈ രണ്ടാഴ്ചത്തെ ക്യാമ്പ് കഴിഞ്ഞപ്പോൾ എന്റെ മകൻ എന്റെ മുഖത്ത് നോക്കി അമ്മ എന്ന് വിളിച്ചു തുടങ്ങി". ഈ ലോകത്തിലെ മത്സരപരീക്ഷകൾക്കായി മക്കളെ ഒരുക്കുന്ന അനേകം മാതാപിതാക്കളുടെ പ്രതിനിധിയായ എന്റെ തലതാണുപോയ നിമിഷം. 'എന്റെ ഇഷ്ടത്തിനെതിരായി എന്റെ മാതാപിതാക്കൾ നിർബന്ധിച്ച് ചേർന്ന MBBS course എനിക്ക് തുടർന്നു കൊണ്ടുപോകാൻ സാധിക്കില്ല മാഡം' എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ എൻ്റെ വിദ്യാർത്ഥിയെയും, എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ എന്നെ നിർബന്ധിക്കരുത് എന്ന് എന്നെ കൂടെ കൂടെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ പുത്രനെയും ഞാൻ ഓർക്കുന്നു. ഓരോ കുഞ്ഞിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ ചാരം നീക്കി അഗ്നിശുദ്ധി ചെയ്ത് പുറത്തുകൊണ്ടുവരാൻ ആയിട്ടാണ് നാം മാതാപിതാക്കൾ വിളിക്കപ്പെട്ടിട്ടുള്ളത്, അല്ലാതെ നമ്മുടെ നഷ്ട സൗഭാഗ്യങ്ങൾ എല്ലാം വെട്ടിപ്പിടിക്കാനുള്ള യന്ത്രങ്ങൾ അല്ല അവർ.
എല്ലാം മനുഷ്യരുടെയും ആദ്യത്തെ വിദ്യാലയം സ്വന്തം കുടുംബം തന്നെയാണ്. ആദ്യത്തെ അദ്ധ്യാപകർ മാതാപിതാക്കളും. 'The distance between me and my spouse = the distance between me and my child'. എന്നും വഴക്കിടുന്ന മാതാപിതാക്കളുടെ മക്കൾക്ക് വിവാഹ ജീവിതത്തിനോട് വിരക്തി തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. പുകവലിയും മദ്യപാനവും പോ൪ണോഗ്രാഫിയും ശീലമാക്കിയ ഒരു കുടുംബത്തിലെ കുട്ടി അങ്ങനെയായാൽ ആരെ പഴിക്കും? മറ്റുള്ളവരെ കുറിച്ചുള്ള അപവാദങ്ങൾ മാത്രം കേട്ട് വളരുന്ന ഒരു കുട്ടി നല്ലത് മാത്രം സംസാരിക്കുന്നതെങ്ങനെ?
'Be the change that you wish to see in the world'. മാറ്റം നമ്മളിൽ തന്നെ ആദ്യമേ സംഭവിക്കട്ടെ. നമ്മുടെ മക്കളിലെ അത്ഭുതകരമായ മാറ്റം നമുക്ക് കാണാം. അവർ എത്ര തന്നെ വഴിതെറ്റി പോയാലും നമ്മൾ കാട്ടിയ നല്ല മാതൃകയിലേക്ക് തിരിച്ചുവരും, തീർച്ച! ധാരാളം കൗമാരക്കാരുടെ മാതാപിതാക്കൾ പങ്കുവെക്കുന്ന വേദനകളും നഷ്ടസ്വപ്നങ്ങളും ആണ് ഇങ്ങനെയൊരു ലേഖനം എഴുതാൻ ലേഖികയ്ക്ക് പ്രേരണയായത്. ഈ ലേഖന രചനയ്ക്കായി Dr Vimal Vincent ചെയ്ത സഹായത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.
ഡോ. ബെറ്റ്‌സി തോമസ് & ഡോ. ജോണി തോമസ്.
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
പരിശുദ്ധാത്മാവും കുടുംബവും - കുടുംബത്തെക്കുറിച്ച് പരിശുദ്ധാത്മാവ് എന്താണ് പറയുന്നതെന്ന് ചിന്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മാർപ്പാപ്പ ആരംഭിച്ചത്. "വിവാഹവുമായി പരിശുദ്ധാത്മാവിന് എന്ത് ബന്ധമുണ്ട്? വളരെ ഏറെ, ഒരുപക്ഷേ അത്യന്താപേക്ഷിതമായത്, എന്തുകൊണ്ടെന്ന് ഞാൻ വിശദീകരിക്കാൻ ശ്രമിക്കാം!"
ക്രിസ്തീയ വിവാഹം, പുരുഷൻ്റെയും സ്ത്രീയുടെയും സ്വയം ദാനത്തിൻ്റെ കൂദാശയാണെന്ന് മാർപ്പാപ്പ എടുത്തുപറഞ്ഞു. 'അങ്ങനെ ദൈവം തൻ്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു... പുരുഷനും സ്ത്രീയുമായി അവൻ അവരെ സൃഷ്ടിച്ചു' എന്ന് പറഞ്ഞപ്പോൾ "ഇങ്ങനെയാണ്," സ്രഷ്ടാവ് ഉദ്ദേശിച്ചത്.അതിനാൽ മനുഷ്യ ദമ്പതികൾ, ത്രിത്വാത്മകമായ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ആദ്യത്തേതും അടിസ്ഥാനപരവുമായ സാക്ഷാത്കാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ഐക്യസമൂഹം രൂപീകരിക്കുന്നു - വിവാഹിതരായ ദമ്പതികൾ "ഞങ്ങൾ" എന്ന ബഹുവചനം (First Person Plural) രൂപപ്പെടുത്തണമെന്ന് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു, "അവർ തങ്ങൾക്കിടയിൽ 'ഞാനും' 'നിങ്ങളും' ആയി നിൽക്കുകയും ലോകത്തിൻ്റെയും മറ്റുള്ളവരുടെയും പ്രത്യേകമായി കുട്ടികളുടെയും മുന്നിൽ ഒരു 'ഞങ്ങൾ' ആയി നിൽക്കുകയും വേണം. "ഒരു അമ്മ തൻ്റെ കുട്ടികളോട് ഇങ്ങനെ പറയുന്നത് കേൾക്കുക "എത്ര മനോഹരമാണ്"!: 'നിൻ്റെ പിതാവും ഞാനും...', പന്ത്രണ്ടാം വയസ്സിൽ ദൈവാലയത്തിൽ യേശുവിനെ കണ്ടെത്തിയപ്പോൾ മേരി യേശുവിനോട് പറഞ്ഞതുപോലെ. ഒരു പിതാവ് പറയുന്നത് കേൾക്കൂ: 'നിൻ്റെ അമ്മയും ഞാനും,' അവർ ഒന്നാണെന്ന മട്ടിൽ.
മാതാപിതാക്കൾക്കിടയിൽ ഈ ഐക്യത്തിൻ്റെ അഭാവം ഉണ്ടാകുമ്പോൾ കുട്ടികൾ എത്രമാത്രം കഷ്ടപ്പെടുന്നുവെന്നും മാതാപിതാക്കൾ വേർപിരിയുമ്പോൾ കുട്ടികൾ എത്രമാത്രം സ്വാധീനിക്കപ്പെടുന്നുവെന്നും പരിശുദ്ധ പിതാവ് വിലപിച്ചു. ഈ കാലഘട്ടത്തിൽ “ഇത്തരം ഐക്യം എളുപ്പമുള്ള കാര്യമാണെന്ന് ആരും പറയുന്നില്ല,” മാർപാപ്പ അംഗീകരിച്ചു. എന്നിരുന്നാലും, അദ്ദേഹം തുടർന്നു, "സ്രഷ്ടാവിന്റെ രൂപകൽപ്പനയിലെ വിവാഹത്തിന്റെ സത്യമാണിത്, അതിനാൽ അത് വിവാഹത്തിലെ അടിസ്ഥാന സ്വഭാവമാണ്."
ഉറച്ച അടിത്തറ വേണം - തീർച്ചയായും "പാറയിൽ പണിയുന്നതിനേക്കാൾ മണലിൽ" പണിയുന്നത് എളുപ്പവും വേഗവുമാണെന്ന് തോന്നാം. എന്നിരുന്നാലും, "മണലിൽ നിർമ്മിച്ച വിവാഹങ്ങളുടെ അനന്തരഫലങ്ങൾ, നിർഭാഗ്യവശാൽ, എല്ലാവർക്കും കാണാവുന്നതാണ്, പ്രധാനമായും കുട്ടികളാണ് അതിന്റെ വലിയ വില നൽകുന്നത്." വിവാഹത്തിന് മുമ്പ് ദമ്പതികൾ ആശ്ലേഷിക്കേണ്ട ആത്മീയമായ തയ്യാറെടുപ്പിനെക്കുറിച്ച് ഒരു നിരീക്ഷണം കൂടി നടത്തി പരിശുദ്ധ പിതാവ് ഉപസംഹരിച്ചു.
വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുടെ പരിശീലനത്തിൽ നിയമപരവും മനഃശാസ്ത്രപരവും ധാർമ്മികവുമായ സ്വഭാവത്തിൻ്റെ വിവരങ്ങൾക്കൊപ്പം, ഈ 'ആത്മീയ' ഒരുക്കം കൂടുതൽ ആഴത്തിൽ പഠിച്ചാൽ അത് മോശമായ കാര്യമല്ല," അദ്ദേഹം പറഞ്ഞു. "ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ വിരൽ വയ്ക്കരുത്, ഒരിക്കലും ഇടപെടരുത്." എന്ന ഇറ്റാലിയൻ പഴഞ്ചൊല്ല് ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.
എങ്കിലും, അവൻ പറഞ്ഞു, "വാസ്തവത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഒരു 'വിരൽ' വയ്ക്കാനുണ്ട്, 'ദൈവത്തിൻ്റെ വിരൽ': പരിശുദ്ധാത്മാവ്!"
(കാത്തലിക് ന്യൂസ് ഏജൻസിയോട് കടപ്പാട്)