Page 7

LOAF TIDINGS

Joy of Love in Family

വഴിവിളക്കുകൾ

“അമ്മ മടിയിൽ ഇരുത്തി വിരലാൽ

കുരിശു വരപ്പിച്ച സന്ധ്യകളും

ഇളം മുട്ടിൽ കൈകൾ കൂപ്പി

ഈശോയ്ക്ക് ഉമ്മ കൊടുത്തതും

ഇന്നുമെന്നോർമ്മയിൽ വീണ്ടും തെളിയുന്നു

തിരിച്ചു നടക്കാൻ കൊതിക്കുന്നു.......”

അമ്മ തന്റെ മടിയിൽ ഇരുത്തി സന്ധ്യാ സമയത്ത് കുരിശു വരപ്പിച്ച് "തമ്പാച്ചനെ" സ്തുതി നൽകാൻ പറഞ്ഞതും " തമ്പാച്ചൻ” നമ്മെ നോക്കുന്നുണ്ടെന്ന് പറഞ്ഞ് ദൈവസ്നേഹത്തിന്റെ പ്രത്യേകതകൾ പറഞ്ഞുതന്നത്‌ നോവുള്ള ഓർമ്മയായി ഇപ്പോഴും അവശേഷിക്കുന്നു.

സന്ധ്യാസമയത്ത് പള്ളിയിലെ കുരിശുമണി കൊട്ടുമ്പോൾ ഞങ്ങൾ അഞ്ച് മക്കളുടേയും കളിയും കുളിയും കഴിഞ്ഞ് കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടിയിരുന്നത് സ്നേഹമുള്ള ഓർമ്മയാകുന്നു. പ്രാർത്ഥനയ്ക്ക് ശേഷം പ്രായം അനുസരിച്ച് സ്തുതി നൽകിയിരുന്ന ഓർമ്മ ഇന്നും പങ്കുവെക്കലിന്റെയും പരസ്പര ഐക്യത്തിന്റെയും നോവുള്ള ഓർമ്മയാകുന്നു.

മൂന്നാം ക്ലാസിലെ സ്കൂൾ വെക്കേഷൻ സമയത്ത് "കുർബാന കൈക്കൊള്ളപ്പാട്" എന്ന് വിളിച്ചിരുന്ന ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കമായി ഏപ്രിൽ മാസം മുഴുവൻ ഏഴുമണിക്കുള്ള കുർബാനയ്ക്ക് എന്നെ ഒരുക്കി പറഞ്ഞയച്ചു. നിത്യേന കുടുംബ പ്രാർത്ഥനയിൽ പ്രാർത്ഥിച്ച് ഒരുക്കി.

സ്വർഗ്ഗീയ അനുഭവത്താൽ നിറഞ്ഞ ആദ്യ കുമ്പസാരവും കഴിഞ്ഞ് ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും സ്വീകരിച്ച അന്ന് ക്രിസ്തുവിന്റെ ശക്തനായ പടയാളിയാണ് ഞാനെന്ന് അമ്മ എന്ന ഓർമിപ്പിച്ചു. പിന്നീട് മുടങ്ങാതെ കുർബാനയ്ക്ക് പോകുവാനും തുടങ്ങി.

ഒരു വർഷം കഴിഞ്ഞ് നാലാം ക്ലാസിലെ വെക്കേഷൻ സമയത്ത് വിശുദ്ധ കുർബാനയ്ക്ക് സഹായിക്കുന്ന ശുശ്രൂഷിയാകാനുള്ള പരിശീലനത്തിന് എന്നെ അമ്മ ഒരുക്കി അയച്ചു. ബൈബിൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ള, അല്പം വിക്ക് ഉള്ള എന്നെ വീട്ടിലെ കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം ഉറക്കെ ബൈബിൾ വായിപ്പിച്ച് പരിശീലിപ്പിച്ചു. ആത്മാവിന്റെ പ്രത്യേക ശക്തിയാൽ ഇടവകയിൽ നടന്ന ബൈബിൾ വായന മത്സരത്തിൽ എനിക്ക് സമ്മാനം ലഭിച്ചു.

യൗവന തികവിൽ കോളേജ് പഠനകാലത്ത് " ക്യാമ്പസ്മീറ്റ്" പ്രോഗ്രാമിലൂടെ യേശുവിനെ കുറിച്ച് ഒത്തിരി തിരിച്ചറിവുകൾ ലഭിച്ച ഞാൻ ജീസസ് യൂത്ത് മൂവ്മെന്റിൽ സജീവമായപ്പോഴും ശക്തമായ പിന്തുണയോടെ അമ്മ ഒപ്പമുണ്ടായിരുന്നു. "ഫുൾടൈം കമ്മിറ്റ്മെന്റ്"എടുത്ത്‌ സുവിശേഷപ്രഘോഷണത്തിനായി വീട്ടിൽനിന്നും ആന്ധ്രപ്രദേശിലേക്ക് മാറി നിന്നപ്പോഴും ജപമാലയുമായി അമ്മ ഒപ്പമുണ്ടായിരുന്നു.

പരീക്ഷാസമയത്തും ഞങ്ങളുടെ വിവാഹ സമയങ്ങളിലും യാത്രവേളകളിലും കുരിശുവരച്ചിറങ്ങാനും എല്ലാ ബുദ്ധിമുട്ടുകളിലും കുരിശിനെ മുറുകെ പിടിക്കുവാനും അമ്മ ഞങ്ങൾ അഞ്ച് മക്കളെയും പരിശീലിപ്പിച്ചു.

രോഗശയ്യയിലും അമ്മ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ക്യാൻസറിന്റെ ശക്തമായ വേദനയുടെ സമയത്തും ഞങ്ങളോട് അമ്മയുടെ ശിരസ്സിൽ കുരിശു വരച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രാർത്ഥനയ്ക്കുശേഷം നല്ല ഉറക്കത്തിലേക്ക് വീണു പോകുമായിരുന്നു.

അമ്മ മടിയിൽ ഇരുത്തി പഠിപ്പിച്ച ഓരോ വിശ്വാസ പാഠങ്ങളും ജീവിതത്തിൽ പകർത്തുവാനും എന്റെ മക്കൾക്ക് പഠിപ്പിച്ചു നൽകുവാനും സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

Story Image

ബിജു ആന്റണി & ഹിമ ബിജു.

സീനിയർ മാനേജർ ഇസാഫ് സ്മോൾഫിനാൻസ് ബാങ്ക്

നെല്ലായ ബ്രാഞ്ച്.

Catholic Parenting

കുട്ടികളുടെ സ്വഭാവ രൂപീകരണം

Story Image

വിവാഹം എന്ന കൂദാശയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതോടൊപ്പം തന്നെ അവരെ പഠിപ്പിക്കുക എന്നതും. കുട്ടിയെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ കുട്ടികളെ പഠിപ്പിക്കുക എന്ന കടമയിൽ നിന്ന് അവർ മോചിതരായി എന്നാണ് പല മാതാപിതാക്കളും തെറ്റായി ധരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ സ്കൂളിലെ അധ്യാപകർക്കും വേദപാഠ ക്ലാസിലെ അധ്യാപകർക്കും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സഹായിക്കാൻ സാധിക്കും എങ്കിലും മാതാപിതാക്കൾക്ക് തന്നെയാണ് അതിന്റെ പ്രഥമമായ ഉത്തരവാദിത്വം ഉള്ളത്.

കുട്ടികളുടെ സ്വഭാവ രൂപീകരണം ദുർഘടമായി തോന്നാമെങ്കിലും ചില അടിസ്ഥാനപരമായ തത്വങ്ങൾ ശ്രദ്ധിച്ചാൽ അത് ആയാസം കൂടാതെ ചെയ്യുവാൻ സാധിക്കുന്നതാണ്. കുട്ടികളിലെ സ്വഭാവരൂപീകരണത്തിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

1. തുറവി ഉളളവരാകുക

നമ്മൾ അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നു അവരോട് മുൻകൂട്ടി തന്നെ പറയുകയാണെങ്കിൽ നമ്മളെ അവർ അനുസരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. നാം അതിർവരമ്പുകൾ വയ്ക്കുമ്പോൾ അത് എപ്പോഴും ഒരേപോലെ ആയിരിക്കണം. മാത്രമല്ല അതിർവരമ്പുകൾ ലംഘിക്കുമ്പോൾ ലഭിക്കാൻ സാധ്യതയുള്ള ശിക്ഷണ രീതിയെക്കുറിച്ചും അവരോട് പറയണം. ഉദാഹരണത്തിന് ഭക്ഷണം കഴിച്ച പാത്രം സ്കൂളിൽ നിന്ന് വന്ന ഉടനെ കഴുകി വെക്കേണ്ടത് അവരുടെ ചുമതലയാണെന്ന് പറയുക. കഴുകി വെച്ചില്ലെങ്കിൽ അവർക്ക് അർഹമായ മീഡിയ ടൈം കുറയ്ക്കും എന്ന് പറയുക. ഇങ്ങനെ ചെയ്യുമ്പോൾ അവരിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്നും അത് ചെയ്തില്ലെങ്കിൽ അവർക്ക് ശിക്ഷണം ലഭിക്കും എന്നുള്ള കാര്യം അവർ മനസ്സിലാക്കുകയും അതനുസരിച്ച് അവരുടെ പെരുമാറ്റത്തെ അവർക്ക് ക്രമീകരിക്കാൻ സാധിക്കുകയും ചെയ്യും.

2. നല്ല മാതൃക

മാതാപിതാക്കൾ തന്നെ നല്ല മാതൃക കാണിച്ചാൽ കുട്ടികൾക്ക് അത് അനുകരിക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും. വാക്കുകളേക്കാൾ അവർ നമ്മളിൽ നിന്ന് എന്ത് കാണുന്നു എന്നുള്ളതാണ് അവരെ കൂടുതൽ സ്വാധീനിക്കുക. നല്ല പേരെന്റിങ്ങ് എന്നാൽ അവരിൽ കാണേണ്ട മാറ്റം സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കുക എന്നുള്ളതാണ്. കൃത്യനിഷ്ഠ പാലിക്കണം എന്ന് പറയുമ്പോൾ അത് നമ്മുടെ ജീവിതത്തിൽ നമ്മൾ പാലിച്ചു കാണിച്ചു കൊടുക്കുമ്പോൾ അത് കുറച്ചുകൂടി അവരുടെ ജീവിതത്തിൽ പ്രവർത്തികമാക്കാൻ സാധിക്കും.

3. പ്രോത്സാഹനവും അഭിനന്ദനവും

പല മാതാപിതാക്കളും കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടിക്കാണിക്കുകയും അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് പ്രശംസിക്കാതെ അവഗണിക്കുകയും ചെയ്യും. ഇത് മൂലം കുഞ്ഞുങ്ങൾ നിരുൻമേഷരാകുന്നു. എന്നാൽ അവർ ചെയ്യുന്നത് കൊച്ചുകൊച്ചു കാര്യങ്ങൾ പോലും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ അവർ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനായി ഔത്സുക്യമുള്ളവരാകുന്നു. മാത്രമല്ല സ്നേഹപൂർവ്വമുള്ള നമ്മുടെ തിരുത്തലുകൾ അവർ സന്തോഷത്തോടെ അംഗീകരിക്കുകയും പ്രവർത്തികളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.

4. പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ പരിശീലിപ്പിക്കുക

ഓരോ പ്രവർത്തിക്കും അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്നതു കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. ഉദാഹരണത്തിന് സ്കൂളിലേക്ക് കൊണ്ടുപോയ ചോറ് പാത്രം കഴുകി വെച്ചില്ലെങ്കിൽ മീഡിയ കട്ട് ചെയ്യും എന്ന് മുൻകൂട്ടി പറയണം അങ്ങനെ ചെയ്യുമ്പോൾ മീഡിയ കട്ട് ചെയ്യുകയും വേണം. ഒന്ന് രണ്ട് തവണ കർക്കശ്യത്തിലൂടെ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ പറയുന്ന സ്വഭാവത്തിലേക്ക് അനുരൂപപ്പെടുവാൻ സാധിക്കും.

5. സ്വയാവബോധം വളർത്തുക

കുഞ്ഞുങ്ങളിൽ സ്വയാവബോധം ഉണ്ടാകുവാൻ ആയിട്ട് മാതാപിതാക്കൾക്ക് സഹായിക്കാൻ സാധിക്കും. അവർ ചെയ്ത അവരുടെ പ്രവർത്തിയെക്കുറിച്ച് മുൻ വിധിയില്ലാതെ അവരോട് ചോദിക്കുകയും അവർക്ക് അതിൽ നിന്ന് എന്ത് അനുഭവപ്പെട്ടു എന്നു മനസ്സിലാക്കുകയും വേണം. ഇതേ തെറ്റ് ഭാവിയിൽ ചെയ്യാതിരിക്കുവാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ചോദിക്കുകയും ചെയ്യണം. കുഞ്ഞു വരുത്തുന്ന ഓരോ തെറ്റുകളും അവനെ തിരുത്താനുള്ള സാഹചര്യങ്ങളായി കണ്ടെത്തി അവനു വേണ്ട നിർദ്ദേശങ്ങൾ നൽകണം. അല്ലാതെ അവനെ ശകാരിക്കാനും നിരുന്മേഷവാനാക്കുവാനും തുനിയരുത്.

6. ക്ഷമയും കരുണയും

ക്ഷമയോടും കരുണയോടും കൂടെ നാം കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടുകൂടെ അവൻ നമ്മളോട് പെരുമാറുകയും സഹായം ചോദിക്കുകയും ചെയ്യുന്നു. ഇങ്ങനെ വളർന്നുവരുന്ന കുട്ടികൾ കൂടുതൽ ആത്മവിശ്വാസത്തോടുകൂടി സുകൃതങ്ങളിൽ വളരുന്നു.

ഈ അടിസ്ഥാന തത്വങ്ങൾ നമ്മൾ പാലിക്കുകയാണെങ്കിൽ നമുക്ക് അനായാസം കുഞ്ഞുങ്ങളെ സുകൃതത്തിൽ വളർത്തുവാൻ സാധിക്കും.

Story Image

ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.

പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ

1 2 3 4 5
6 7 8 9 10
1 2 3 4 5
6 7 8 9 10