Joy of Love in Family
" ഒരു പ്രാവശ്യം പാടുന്നവൻ രണ്ടുപ്രാവശ്യം പ്രാർത്ഥിക്കുന്നതിന് തുല്യമാണ്"
ഈ വചനം എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരുപാട് വൈകിയിട്ടാണ്.
മനുഷ്യരായ നമ്മൾ ഓരോരുത്തർക്കും ദൈവം നൽകിയ ദാനങ്ങളാൽ സമ്പന്നരാണ്. അത് ദൈവ മഹത്വത്തിന് തന്നെ ഉപയോഗിക്കുമ്പോൾ ആണ് അത് കൂടുതൽ വിലയുള്ളത് ആകുന്നത്. അത് എന്നെ ബോധ്യപ്പെടുത്തി തന്നത് എന്റെ മാതാപിതാക്കളാണ്.
വളരെ കുഞ്ഞിലെ തന്നെ പള്ളിയിൽ ഗായക സംഘത്തോടൊപ്പം കർത്താവിന്റെ പാട്ടുകൾ പാടി ദൈവത്തെ മഹത്വപ്പെടുത്താനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനുവേണ്ടി എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. എന്റെ പപ്പ വളരെ നന്നായി ഹാർമോണിയം വായിക്കുന്ന ഒരാളാണ്. പപ്പയുടെ ശിക്ഷണത്തിലാണ് കുഞ്ഞിലെ തന്നെ വളർന്നുവന്നത്. അന്ന് അതിന്റെ വില എത്രത്തോളം ഉണ്ട് എന്നുള്ളത് എനിക്ക് അറിയില്ലായിരുന്നു ഇന്ന് എനിക്ക് അതിന്റെ മഹത്വം വളരെയധികം മനസ്സിലാകുന്നു.
ഗായക സംഘത്തിന് പുറമേ തന്നെ ജീസസ് യൂത്ത് മ്യൂസിക് മിനിസ്ട്രിയിൽ വളരെ സജീവമായി പ്രവർത്തിക്കാനുള്ള ഒരു അവസരം ദൈവം നൽകിയിട്ടുണ്ടായിരുന്നു. അതിനുവേണ്ടി ഒരു എതിർപ്പ് പോലും പറയാതെ എന്റെ കൂടെ നിന്ന് എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. കുർബാനയിൽ പങ്കെടുക്കുമ്പോൾ ഗായക സംഘത്തോടൊപ്പം ചേർന്ന് നിൽക്കാതെ വരുന്ന അവസരങ്ങളിൽ എനിക്ക് ആഴത്തിൽ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ മാലാഖമാരോട് ചേർന്ന് പാട്ടുകൾ പാടി ദൈവത്തെ മഹത്വപ്പെടുത്താൻ കിട്ടുന്ന ഓരോ അവസരങ്ങളും വളരെ സന്തോഷപൂർവ്വം ഉപയോഗിക്കാറുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അതിനെല്ലാം എന്നെ പ്രോത്സാഹിപ്പിക്കാറുള്ളത് എന്റെ മാതാപിതാക്കളാണ്. ദിവസേനയുള്ള കുടുംബ പ്രാർത്ഥനയും കുർബാനയും എല്ലാം വഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള ഒരവസരവും ഞാൻ പാഴാക്കാറില്ല.
ഇന്ന് ഞാൻ എന്തെങ്കിലും ഒക്കെ ആയി തീർന്നിട്ടുണ്ടെങ്കിൽ എല്ലാം ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്.വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എന്റെ മാതാപിതാക്കൾ തുടങ്ങിവച്ച ദൈവാനുഗ്രഹത്തിന്റെ പാത പിന്തുടരുന്നതിനുള്ള പ്രോത്സാഹനം നൽകുന്നത് ഇന്ന് എന്റെ പ്രിയപ്പെട്ട ഭർത്താവ് ആണ്. ഞാൻ ഇന്ന് സ്കൂളിൽ ഒരു മ്യൂസിക് ടീച്ചറായി ജോലി എടുക്കുന്നുണ്ടെങ്കിൽ വർഷങ്ങൾക്കു മുമ്പ് തന്നെ ദൈവം എനിക്ക് പരിശീലനം നൽകിയിരുന്നു, എന്നുള്ള ഒരു സത്യം ഞാൻ ഇന്ന് ഓരോ നിമിഷവും ജോലിയെടുക്കുന്ന മേഖലയിൽ മനസ്സിലാക്കുന്നു.
ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്കുണ്ടായ മക്കളെയും ദൈവീക ചിന്തകളോട് ചേർന്ന വിധം പ്രവർത്തിക്കുവാനും പ്രാർത്ഥിക്കാനും ഉള്ള പ്രോത്സാഹനം അവർക്ക് ലഭിക്കുന്നതിനുവേണ്ടി ഞങ്ങളാൽ ആവുന്ന വിധം ഞങ്ങൾ ശ്രമിക്കാറുണ്ട്. അതിനുവേണ്ടി ആത്മാർത്ഥമായി നല്ല തമ്പുരാനോട് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്. ഏറെ സ്നേഹമുള്ള ദൈവത്തിന് ഒരുപാട് നന്ദി!
ഹിമ ബിജു, മ്യൂസിക് ടീച്ചർ
മകനെ ജീവിതകാലം മുഴുവൻ നമ്മുടെ ദൈവമായ കർത്താവിനെ ഓർക്കുക ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കൽപ്പനകൾ ലംഘിക്കുകയോ അരുത്. ജീവിതകാലം മുഴുവൻ നിന്റെ പ്രവൃത്തികൾ നീതിനിഷ്ഠമായിരിക്കട്ടെ! (തോബിത് 4:5)
കുടുംബ ജീവിതത്തെക്കുറിച്ചും ദാമ്പത്യ വിശുദ്ധിയെ കുറിച്ചും, പ്രതിസന്ധികൾ നേരിടാൻ മക്കളെ പ്രാപ്തരാക്കുന്നതിനെക്കുറിച്ചും, വ്യക്തമായി പറയുന്ന തിരുവചന ഭാഗമാണ് തോബിത്തിൻ്റെ പുസ്തകം. അന്ധനായ തോബിത് മേദിയായിലെ റാഗെസിൽ വച്ച് ഗബായേലിന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച പണം വാങ്ങാൻ മകൻ തോബിയാസിനെ അയക്കുന്നതിന് മുൻപ് നൽകിയ നിർദ്ദേശങ്ങളിലെ ഒരു പ്രധാന ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്ന തിരുവചന ഭാഗം.
ഒരിക്കൽ ഒരു കർഷകൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം അവന്റെ മുമ്പിൽ വന്ന് എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചു. കൃഷിയെക്കുറിച്ച് ശരിയായി അറിയുന്ന എനിക്ക് കാറ്റ്, മഴ എന്നിവയെ നിയന്ത്രിക്കാനുള്ള വരം തരണം എന്ന് ആവശ്യപ്പെട്ടു. അല്പം വിഷമത്തോടെയാണെങ്കിലും ദൈവം ആവശ്യം അംഗീകരിച്ചു. കാറ്റും മഴയും കർഷകനെ അനുസരിച്ച് കൃഷിയെ സഹായിച്ചു. കൃഷി സ്ഥലം വളരെ മനോഹരമായിത്തീർന്നു. കൊയ്ത്തുകാലം വന്നു. നെൽക്കതിർ കൊയ്തെടുത്ത കർഷകൻ ആകെ വിഷമത്തിലായി. അതിൽ ധാന്യം ഉണ്ടായിരുന്നില്ല. അയാൾ ദൈവത്തോട് ദേഷ്യപ്പെട്ടു. ഞാനെല്ലാം കൃത്യമായാണ് ചെയ്തത്, എന്നിട്ടും എന്തുകൊണ്ടാണ് എനിക്ക് നല്ല വിളവ് ലഭിക്കാതിരുന്നത്. അപ്പോൾ ദൈവം കർഷകനോട് പറഞ്ഞു: എൻ്റെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ കാറ്റ് സസ്യങ്ങളുടെ വേരുകളെ ആഴത്തിലേക്ക് ഇറക്കുകയും മഴ കുറയുമ്പോൾ വെള്ളം അന്വേഷിച്ച് വേരുകൾ പല വശങ്ങളിലേക്ക് വളരുകയും ചെയ്യുമായിരുന്നു.
പ്രതിസന്ധികൾ ഉണ്ടെങ്കിലേ തങ്ങളുടെ ശക്തി മുഴുവൻ ഉപയോഗിക്കുകയുള്ളൂ. എല്ലാ സൗകര്യവും ചെയ്തു കൊടുത്തപ്പോൾ സസ്യങ്ങൾ മടിയന്മാരായിത്തീർന്നു. സമൃദ്ധമായി വളർന്നെങ്കിലും ധാന്യമണികൾ നൽകാൻ അവർക്ക് സാധിച്ചില്ല. നമ്മുടെ മക്കളിൽ പ്രതിസന്ധികളും പരാജയങ്ങളും സംഭവിക്കുമ്പോൾ മാത്രമാണ് അവരുടെ ശരിയായ കഴിവ് പുറത്തുവരികയുള്ളൂ. എല്ലാ സുഖസൗകര്യങ്ങളും ഇഷ്ടാനുസരണം നൽകിയാൽ കതിർ മാത്രം ഉണ്ടാകും, ധാന്യം ലഭിക്കുകയില്ല.
കുഞ്ഞുന്നാളിൽ നെറ്റിയിൽ വരയ്ക്കുന്ന കുരിശടയാളം മുതൽ അവർ സ്വീകരിക്കുന്ന കൂദാശകൾ ഓരോന്നും അവരെ കൃപാവരത്തിൽ വളർത്തുന്നു. രണ്ടു വരയും നാലു വരയും എഴുതിക്കൊടുക്കുന്ന, ഹോംവർക്ക് ചെയ്തുകൊടുക്കുന്ന , പ്രോജക്ടുകളും അസൈൻമെന്റുകളും ഏറ്റെടുക്കുന്ന, പ്രിയ മാതാപിതാക്കളെ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ധാന്യമില്ലാത്ത കതിരുകൾ ആക്കുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളും വെല്ലുവിളികളും തോൽവികളും നേരിടാൻ മക്കളെ പരിശീലിപ്പിക്കാം. അവരുടെ പ്രതിസന്ധികളിൽ ദിശാബോധം നൽകി നല്ല തീരുമാനങ്ങളിലേക്ക് നയിക്കാൻ അവരെ പരിശീലിപ്പിക്കാം. ദൈവത്തോട് വിശ്വസ്തരായി അവരെ വളർത്താം. അങ്ങനെ നമുക്ക് ദൈവത്തിന്റെ പരിശീലകരാകാം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
സിത്താർ പനംകുളം & റെൻസി സിത്താർ
ലോഫ് സെക്രട്ടറി ദമ്പതികൾ