Joy of Love in Family
പുറപ്പാടിൻ്റെ പുസ്തകത്തിലാണ് ഒരു വീടിൻ്റെ സുരക്ഷക്ക് ദൈവം നിർദ്ദേശിക്കുന്ന ഇക്കാര്യം നാം കാണുന്നത്.
"കട്ടിളയിലുള്ള രക്‌തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല. (പുറപ്പാട് 12 : 13 )
നമ്മുടെ വീട്ടകങ്ങളെ, ഉള്ളിൽ വസിക്കുന്നവരെ കാത്തു സംരക്ഷിച്ചിരുന്നത് കട്ടിളയിലെ കുഞ്ഞാടിൻ്റെ രക്ത തുള്ളികളായിരുന്നു. മറ്റൊരർത്ഥത്തിൽ പ്രാർത്ഥന കൊണ്ട് നാം തീർത്തിരുന്ന രക്ഷാകവചങ്ങൾ. എല്ലാ കാലത്തും വിവിധങ്ങളായ പ്രഹരങ്ങൾ വീടിനേയും നാടിനേയും പിടിച്ചുകുലുക്കിയിരുന്നു. പക്ഷേ അത് നേരിടാൻ ഒരു കൃപയുടെ സംരക്ഷണ മുദ്ര നമുക്കുണ്ടായിരുന്നു. എന്നിട്ടും എങ്ങിനെയാണ് നമ്മുടെ വീടുകളിൽ ഇന്ന് ഇരുട്ടിന് കനം വയ്ക്കുന്നത്. ഒരു ആത്മീയ ഗ്രന്ഥത്തിൽ വായിച്ചതാണ് ഈ വരികൾ "സന്ധ്യകളിൽ ജപമണികൾ ഉരുളാത്ത വീടുകളും, വിരുന്നു മേശകളിൽ സല്ലാപങ്ങൾ ഇല്ലാതായ ഭവനങ്ങളും, മുറ്റത്ത് കുട്ടികളുടെ കളിചിരികൾ ഇല്ലാതാകുന്ന, അകത്തെ മുറിയിൽ വൃദ്ധരുടെ സാന്നിദ്ധ്യമില്ലാത്ത ഭവനങ്ങളുമൊക്കെ ഒരു തരം സൂചനയാണത്രെ! വീട് ഇരുളാൻ തുടങ്ങുന്നതിൻ്റെ സൂചന!
എത്ര പെട്ടെന്നാണ് വീടിന് പരിണാമം സംഭവിച്ചത്. നമ്മളെ നമ്മളല്ലാതാക്കുന്ന ഡിജിറ്റൽ ലോകത്തിൻ്റെ തടവറയിലും, നിയന്ത്രണത്തിലും നമ്മുടെ വീടുകൾ ജപമണികളുരുളാത്ത, കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരിയില്ലാത്ത, ഊട്ടു മേശയുടെ ഊഷ്മളത നഷ്ട്ടമായ ഏകാന്തതയുടെ തുരുത്തുകളായി മാറിയിരിക്കുന്നു. ഇരുട്ട് ബാധിച്ചിരിക്കുന്ന വീടുകളിൽ നിന്ന് മൂല്യങ്ങളും വിശ്വാസ്യതകളും എന്തിന് മക്കളെപ്പോലും നമുക്കിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്.
ജോൺ പോൾ പാപ്പ കുടുംബങ്ങൾക്കൊരെഴുത്ത് എന്ന തൻ്റെ പ്രബോധനത്തിൽ ഇരുട്ട് പരക്കാതിരിക്കാൻ ഒരു വീട് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നായി കുടുംബ പ്രാർത്ഥനയെ വരച്ചുകാട്ടുന്നു.
"കുടുംബപ്രാർത്ഥനയ്ക്ക് ദൈവത്തോടു പലതും പറയുവാനുണ്ട്. മറ്റുള്ളവരോടും അതിന് ഏറെപ്പറയുവാനുണ്ട്..." വി.ജോൺ പോൾ പാപ്പ തുടരുന്നു
"പ്രാർത്ഥന ഓരോ കുടുംബത്തിന്റെയും അനുദിന ജീവിതത്തിലെ സ്ഥിരശീലമായിത്തീരണം. പ്രാർത്ഥന, കൃതജ്ഞതാ പ്രകടനമാണ്, ദൈവത്തെ സ്‌തുതിക്കലാണ്, ക്ഷമ ചോദിക്കലാണ്, യാചിക്കലും സഹായത്തിനായി വിളിച്ചപേക്ഷിക്കലുമാണ്. പ്രകാശം പരത്തുന്ന വീടുകൾക്ക് ഒരു പൊതു സ്വഭാവം കാണാനാകും. ആ വീടുകളെല്ലാം പ്രാർത്ഥനയുടെ വീടുകളാണ്.
പ്രഭാഷകൻ്റെ പുസ്തകത്തിലെ ഈ ശക്തമായ മുന്നറിയിപ്പ് നാം മുഖവിലക്കെടുത്തിട്ടുണ്ടോ? ദൈവഭക്‌തിയില്‍ ദൃഢതയും തീക്‌ഷ്‌ണതയും ഇല്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും. പ്രഭാഷകന്‍ 27 : 3.
നമ്മുടെ ജീവിതത്തെ മുഴുവൻ പ്രകാശപൂർണ്ണമാക്കാൻ കെല്പുള്ളവനെ നമ്മൾ മറന്നു പോയാൽ സംഹാര ദൂതൻ നമ്മുടെ വീടിനകത്തും നാശം വിതക്കും.
ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് മുന്നേറുന്നു. വളരുന്നു.
ജോൺ പോൾ പാപ്പ പഠിപ്പിക്കുന്നു
1. പ്രാർത്ഥന, കൃതജ്ഞതാ പ്രകടനമാണ്
2. ദൈവത്തെ സ്‌തുതിക്കലാണ്
3. ക്ഷമ ചോദിക്കലാണ്, യാചിക്കലും സഹായത്തിനായി വിളിച്ചപേക്ഷിക്കലുമാണ്
നമുക്ക് കുടുംബ പ്രാർത്ഥന മുടക്കാതിരിക്കാം, അതിനെ വീണ്ടെടുക്കാം. എല്ലാ വീടുകളും പ്രകാശമുള്ളതാകട്ടെ
ശശി ഇമ്മാനുവേൽ
പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
"ദൈവശുശ്രൂഷയിൽ പുരോഗമിക്കാനാഗ്രഹിക്കുന്നവർ ഓരോ ദിവസവും നവതീക്ഷ്‌ണതയോടെ ആരംഭിക്കണം, ദൈവസന്നിധിയിൽ കഴിയുന്നിടത്തോളം സമയം പ്രാർത്ഥിക്കണം. ദൈവമഹത്ത്വമല്ലാതെ മറ്റൊരു ലക്ഷ്യവും പ്രവൃത്തികൾക്കുണ്ടാകരുത്"
(വിശുദ്ധ ചാൾസ് ബൊറോമിയൊ Feast നവം: 4)
എല്ലാ വേദപാഠ അധ്യാപകർക്കും പ്രാർത്ഥനാശംസകൾ.
‘ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.’
-- 2 തിമോത്തേയോസ് 4 : 7പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
ക്രിസ്തീയ രക്ഷാകർതൃത്വത്തിന്റെ മഹനീയ മാതൃകയാണ് ഇവരുടെ കുടുംബജീവിതം. ക്രിസ്തീയ പിതൃത്വത്തിന്റെ ഈ കാലഘട്ടത്തിലെ ധീരമായ സാക്ഷ്യമായിരുന്നു ബാജു അഗസ്റ്റിന്റെ ജീവിതം. 53 -ാ൦ വയസ്സിൽ ഈ ലോകം വിട്ടു പോകുമ്പോഴും ദൈവം തന്നെ ഏൽപ്പിച്ച ആത്മാക്കളെയെല്ലാം രക്ഷിക്കാൻ എന്റെ സഹനത്തിനും പ്രാർത്ഥനയ്ക്കും കഴിഞ്ഞുവോ എന്ന ഉത്കണ്ഠയിൽ ആയിരുന്നു ബാജു എപ്പോഴും. തന്റെ അഞ്ചു മക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം പങ്കുവെച്ച് ആത്മാക്കളുടെ രക്ഷക്കായി ജീവിക്കുന്നത് ഈ അപ്പൻ സ്വപ്നം കണ്ടു. തന്റെ അകാലത്തിലുള്ള മരണം അവരുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ അണുവിട പുറകോട്ടു പോകാതെ തന്റെ സഹനം അനേകം ആത്മാക്കളെ നേടാനുള്ള അവസരമായി എടുത്തു കൊണ്ട് മക്കൾക്ക് രക്ഷകരമായ സഹനത്തെക്കുറിച്ച് ബോധ്യം നൽകി. മരിക്കുമ്പോൾ പോലും തന്റെ മക്കൾ യേശുവിലുള്ള അടിയുറച്ച വിശ്വാസത്തിന് എന്നും സാക്ഷികൾ ആയിരിക്കില്ലേ? എന്ന് കൂടെക്കൂടെ തന്റെ ജീവിതപങ്കാളിയോട് ബാജു ചോദിക്കുമായിരുന്നു.
Catholic parenting ന്റെ ഏറ്റവും മഹത്തായ മാതൃക നമ്മുടെ മുന്നിൽ വരച്ചുകാട്ടി ഈ ലോകം വിട്ട് സ്വർഗ്ഗത്തിലേക്ക് പോയ എന്റെ വിശുദ്ധനായ സുഹൃത്തിനെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നുന്നു. മരിക്കുന്നതിന് ഏതാനും നിമിഷം മുമ്പ് ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ ശ്വാസമെടുക്കാൻ ക്ലേശിക്കുന്ന ബാജുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ എന്നെ കൈകൊണ്ട് വിജയ ചിഹ്നം കാണിച്ചത് ഇപ്പോൾ ഓർക്കുന്നു. ധീരമായ ഒരു പോരാട്ടം തന്നെയായിരുന്നു ആ ജീവിതം.
"വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക, ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത് ". (1തിമോ .6:12)
ക്രിസ്തീയ രക്ഷാകർതൃത്വത്തിന്റെ പരമമായ ലക്ഷ്യം യേശുവിലുള്ള രക്ഷകരമായ വിശ്വാസത്തിൽ വളർന്ന് നിത്യജീവനെ മുന്നിൽ കണ്ട് ജീവിക്കാനുള്ള കൃപ മക്കൾക്ക് പകർന്നു കൊടുക്കലാണ്. 'മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ദൈവത്തിന്റ മക്കളായി കരുതണം, മനുഷ്യ വ്യക്തികൾ എന്ന നിലയിൽ അവരെ ബഹുമാനിക്കുകയും വേണം. സ്വർഗ്ഗസ്ഥനായ പിതാവിന്റെ അഭീഷ്ടം അനുസരിച്ച് കൊണ്ട് അവർ തങ്ങളുടെ കുട്ടികളെ ദൈവത്തിന്റെ നിയമം നിറവേറ്റാൻ പരിശീലിപ്പിക്കണം. "ccc -2222
"ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാർദ്ധക്യത്തിലും അതിൽ നിന്ന് വ്യതിചലിക്കുകയില്ല." (സുഭാഷിതങ്ങൾ 22 :6 )
Parentingൽ എനിക്കു വന്നുപോയ കുറവുകളിലേക്ക് ദൈവമേ അവിടുത്തെ സ്നേഹം കൊണ്ട് നിറയ്ക്കണമേ എന്നു പ്രാർത്ഥിക്കാം. ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെയായ ഈശോയ്ക്ക് എന്റെ മക്കളുടെ ജീവിതത്തെ വിശുദ്ധീകരിക്കാൻ കഴിയും എന്ന് പ്രത്യാശിക്കാം. നമ്മുടെ കുഞ്ഞിന്റെ parentingന് ആവശ്യമായ സ്വർഗ്ഗത്തിന്റെ അഭിഷേകം, ജ്ഞാനം പരിശുദ്ധാത്മാവിന്റെ ഗൈഡൻസ് നിരന്തരം നമുക്ക് ചോദിക്കാം.
"നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ ദൈവത്തോട് ചോദിക്കട്ടെ, അവന് അത് ലഭിക്കും.” യാക്കോബ്- 1:5.
ഡോ. ജോർജ് ലിയോൺസ് & അനി ജോർജ്
ലോഫ് പ്രസിഡന്റ് ദമ്പതികൾ