Page 4

LOAF TIDINGS

Joy of Love in Family

സന്ദർശക രചന
കുടുംബ ആധ്യാത്മികത

"ദൈവം സ്നേഹമാണ്" - 1 യോഹ 4:8. പിതാവും പുത്രനും പരിശുദ്ധാത്മാവും അംഗങ്ങളായ സ്നേഹകുടുംബമാണ് ദൈവം. തൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനും ഒരു കുടുംബം വേണമെന്നു അവിടുന്നു തീരുമാനിച്ചു. തിരുവിവാഹം എന്ന കൂദാശയും അതിലൂടെ രൂപം കൊള്ളുന്ന കുടുംബവും ദൈവം നേരിട്ടു സ്ഥാപിച്ചതാണ്. "ദൈവമായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേർന്ന ഇണയെ ഞാൻ നൽകും"-ഉത്പത്തി 2:18.

Story Image

തിരുവിവാഹം ഉടമ്പടിബന്ധം:

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വിവാഹത്തോടാണ് (മണവാളൻ-മണവാട്ടി) ബൈബിൾ ഉപമിക്കുന്നത്. ഈ ബന്ധം ഒരിക്കലും പൊട്ടാത്ത സ്നേഹഉടമ്പടിയാണ്. കാൽവരിക്കുരിശിൽ രക്തം ചിന്തിക്കൊണ്ട് ഈശോ ഈ ഉടമ്പടിബന്ധത്തെ ഉറപ്പിക്കുന്നു. ഈ ബന്ധംപോലെ പരിശുദ്ധമായ, ശ്രേഷ്ഠമായ ഒരേയൊരു മാനുഷികബന്ധമേയുള്ളൂ; അതു ഭാര്യയും ഭർത്താവും തമ്മിലുള്ള വിവാഹഉടമ്പടിയാണ്. "എന്റെ ഹൃദയം മൂന്നുകാര്യങ്ങളിൽ ആനന്ദംകൊള്ളുന്നു; അവ കർത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ മനോഹരമാണ് - സഹോദരൻമാർ തമ്മിലുള്ള യോജിപ്പ്, അയൽക്കാർ തമ്മിലുള്ള സൗഹൃദം, ഭാര്യാഭർത്താക്കന്മാർക്കു പരസ്പരമുള്ള ലയം" - പ്രഭാഷകൻ 25:1. ഈ ബന്ധം വളർത്താനാണ് ഓരോ ദമ്പതിയും മരണംവരെ അനുദിനം പരിശ്രമിക്കേണ്ടത്.

വിവാഹമെന്ന കൂദാശയിലെ വ്രതങ്ങളും കൃപാവരവും:

സ്വയംദാനമായിത്തീർന്നു കൊണ്ടാണു പരി.ത്രിത്വത്തിലെ ഓരോ വ്യക്തിയും മറ്റു വ്യക്തികളെ സ്നേഹിക്കുന്നത്. ഈ ദൈവസ്നേഹത്തിനു 4 പ്രത്യേകതകളാണുള്ളത് - സ്വതന്ത്രം, സമ്പൂർണം, വിശ്വസ്തതം, ഫലദായകം. ഇവയാണു കത്തോലിക്കാസഭയിൽ തിരുവിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന ദമ്പതിമാർ എടുക്കുന്ന 4 വ്രതങ്ങൾ.

ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാനാണ് ദമ്പതിമാർ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സ്നേഹമാണ് കാൽവരിക്കുരിശിൽ ഈശോ വെളിപ്പെടുത്തിയത്. യഥാർഥസ്നേഹം എന്തെന്ന് തിരിച്ചറിയുന്ന ദമ്പതിമാർ കുടുംബജീവിതത്തിൽ അനിവാര്യമായ ത്യാഗങ്ങളും സഹനങ്ങളും ഏറ്റെടുക്കാൻ തയ്യാറാവും.

‘വിവാഹം കഴിക്കുന്നതു രണ്ടുപേരല്ല, മൂന്നുപേരാണ് - ഭർത്താവും കർത്താവും ഭാര്യയും’ (വിവാഹിതരാകാൻ മൂന്നുപേർ, ധന്യൻ ആർച്ച് ബിഷപ്പ് ഫുൾട്ടൻ. ജെ. ഷീൻ). ഭാര്യക്കും ഭർത്താവിനും തമ്മിൽ എന്തെങ്കിലും അകലമുണ്ടെങ്കിൽ അതു ഈശോയ്ക്കു ഇരിക്കാനുള്ള സ്ഥലമാണ്. വിവാഹത്തിലെ ഈശോയുടെ സാന്നിധ്യമാണ് ദമ്പതിമാരുടെ കുറവുകളെ നിറവുകളാക്കി മാറ്റുന്നത്. "മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല"-സഭാപ്രസംഗകൻ 4:12. വിവാഹദിനത്തിൽ തങ്ങൾ സ്വീകരിച്ച കൂദാശയുടെ കൃപാവരം, ദമ്പതിമാർ പ്രാർഥനയിലൂടെ നിരന്തരം ജ്വലിപ്പിക്കുകയും അതിൽ വളരുകയും വേണം.

‘വിവാഹം കഴിക്കുന്നതു രണ്ടുപേരല്ല, മൂന്നുപേരാണ് - ഭർത്താവും കർത്താവുംഭാര്യയും’

-- വിവാഹിതരാകാൻ മൂന്നുപേർ, ധന്യൻ ആർച്ച് ബിഷപ്പ് ഫുൾട്ടൻ. ജെ. ഷീൻ

വിവാഹമെന്ന കൂദാശയുടെ ലക്ഷ്യങ്ങൾ:

പ്രധാനമായും 3 ലക്ഷ്യങ്ങളാണുള്ളത് (CCC 1652)

1. ദമ്പതിമാരുടെ സ്നേഹം

2. മക്കൾ

3. അവരുടെ വിദ്യാഭ്യാസം

ദമ്പതിമാരുടെ ഐക്യം:

കുടുംബത്തിൽ സ്വീകരിക്കുന്ന എല്ലാ ദൈവാനുഗ്രഹങ്ങളുടെയും അടിസ്ഥാനം ദമ്പതിമാരുടെ ഐക്യമാണ്. "വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു; ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗസ്ഥനായ പിതാവ് നിറവേറ്റിത്തരും"-മത്തായി 18:19. മാതാപിതാക്കളുടെ ഐക്യമാണു മക്കൾക്കു ഏറ്റവും കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നത്. ദാമ്പത്യസ്നേഹത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവാണ് വ്യത്യസ്ത വ്യക്തികളായ ഭാര്യയെയും ഭർത്താവിനെയും ഒന്നാക്കിമാറ്റുന്നത്.

ദാമ്പത്യധർമ്മാനുഷ്ഠാനം:

ഭാര്യയും ഭർത്താവും ചേർന്നു ദൈവത്തെ ആരാധിക്കുന്ന നിമിഷമാണ് ദാമ്പത്യസംയോഗം. "ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന"-റോമാ 12:1. ഈ ആരാധനയിൽ പ്രസാദിക്കുന്ന ദൈവം ദമ്പതിയിലേക്ക് ഇറങ്ങിവരുന്നു. അവർ പരിശുദ്ധാത്മാവിനാൽ പരിപൂരിതരാകുന്ന നിമിഷമാണത്. ഓരോ ദാമ്പത്യസംയോഗവും ജീവനിലേക്കു തുറവിയുള്ളതായിരിക്കണം. പ്രസവം നിർത്തുന്നതും ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്നതും മാരകപാപങ്ങളാണ്. കൂടുതൽ മക്കളെ സ്വീകരിക്കാൻ ദമ്പതിമാർ തയ്യാറാവണം.

കുടുംബത്തിലെ മതബോധനം:

'മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനാധ്യാപകരും'- CCC1653. 'മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള വിശ്വാസപരിശീലനം ശൈശവത്തിൽത്തന്നെ ആരംഭിക്കണം'-CCC 2226. 'തങ്ങളുടെ കുട്ടികളെ സുവിശേഷവത്കരിക്കാനുള്ള ഉത്തരവാദിത്വവും ആനുകൂല്യവും വിവാഹമെന്ന കൂദാശയുടെ കൃപാവരത്തിലൂടെ മാതാപിതാക്കൾ സ്വീകരിക്കുന്നു'-CCC 2225. 'കുടുംബത്തിന്റെ മടിയിൽ മാതാപിതാക്കൾ വാക്കുകൊണ്ടും മാതൃകകൊണ്ടും തങ്ങളുടെ മക്കൾക്കു വിശ്വാസത്തിന്റെ ആദ്യസന്ദേശവാഹകരാകുന്നു. ഓരോരുത്തരെയും സംബന്ധിച്ച ദൈവവിളി പ്രത്യേകശ്രദ്ധയോടെ പരിപോഷിപ്പിക്കാൻ അവർ കടപ്പെട്ടവരാണ്'-CCC1656.

ആരാധിക്കുന്ന കുടുംബം:

ദൈവവുമായി ഓരോ അംഗത്തിനും എത്രമാത്രം വ്യക്തിപരമായി ബന്ധമുണ്ടോ അത്ര കൂടുതലായി കുടുംബം അനുഗ്രഹിക്കപ്പെടും. അനുദിനമുള്ള വ്യക്തിപരമായ പ്രാർഥനയും ദൈവവചനധ്യാനവും കുടുംബപ്രാർഥനയും കുടുംബത്തിൽ ദൈവസാന്നിധ്യം കൊണ്ടുവരും. അതിരാവിലെ എഴുന്നേറ്റ് ദൈവത്തെ ആരാധിക്കുന്ന സാമുവലിന്റെ മാതാപിതാക്കളായ എല്ക്കാനയും ഹന്നയും നമുക്കു മാതൃകയാണ് (1സാമുവൽ 1:19). കൂടെക്കൂടെ കുമ്പസാരിക്കുകയും ദിവസവും വി.കുർബാനയർപ്പിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. 'ഓരോ ദിവസവും ഗാർഹികസഭ എന്ന നിലയ്ക്ക് വിവാഹഉടമ്പടി ജീവിക്കുവാൻ ആവശ്യമായ ശക്തിയും പ്രോത്സാഹനവും ദിവ്യകാരുണ്യഭക്ഷണം ദമ്പതികൾക്കു നൽകുന്നു'-318, സ്നേഹത്തിന്റെ ആനന്ദം, ഫ്രാൻസീസ് മാർപാപ്പ.

മോശ കരങ്ങളുയർത്തി പ്രാർഥിച്ചപ്പോൾ ഇസ്രായേൽ വിജയിച്ചതുപോലെ മക്കൾക്കുവേണ്ടി മാതാപിതാക്കൾ മധ്യസ്ഥപ്രാർഥന നടത്തണം(പുറപ്പാട് 17:11). ജോബിനെപ്പോലെ പ്രായശ്ചിത്തപ്രവൃത്തികൾ ചെയ്യുകയും വേണം(ജോബ് 1:5). മക്കൾക്കു എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അവരെ ദിവസവും ശിരസ്സിൽ കരങ്ങൾവച്ച് അനുഗ്രഹിച്ചു പ്രാർഥിക്കണം.

പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ക്രിസ്തീയ കുടുംബങ്ങൾ മുന്നോട്ടു വരണം. "ഒരുവൻ തന്റെ സ്വന്തക്കാരുടെയും പ്രത്യേകിച്ച്, തന്റെ കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ അവൻ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാൾ ഹീനനുമാണ്"-1തിമോ 5:8. ദമ്പതിമാർ മക്കളോടും പ്രായമായ മാതാപിതാക്കളോടൊപ്പവും ഗുണമേന്മയുള്ള സമയം ചെലവഴിക്കണം മക്കൾക്കു ആവശ്യമായ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാനും അഭിനന്ദനങ്ങളും പ്രോത്സാഹനവും കൊടുക്കാനും സുകൃതങ്ങളും മൂല്യങ്ങളും ചിട്ടകളും ചട്ടങ്ങളും അഭ്യസിപ്പിക്കാനും അങ്ങനെ കുടുംബം മുഴുവൻ സ്വർഗ്ഗത്തിൽ എത്തിച്ചേരാനും ഇടയാകട്ടെ!

കുഞ്ഞാടിന്റെ വിവാഹം:

ഭൂമിയിൽ നടക്കുന്ന ഓരോ വിവാഹവും സ്വർഗത്തിൽ വച്ചു നടക്കാൻ പോകുന്ന കുഞ്ഞാടിന്റെ വിവാഹത്തിൻ്റെ (വെളിപാട് 19:7) ഒരു മുന്നാസ്വാദനമാണ്. ദൈവത്തിനു മനുഷ്യനെക്കുറിച്ചുള്ള നിത്യമായ പദ്ധതി നമ്മെ വിവാഹം കഴിക്കുക എന്നതാണ്. "എന്നേക്കുമായി നിന്നെ ഞാൻ പരിഗ്രഹിക്കും"-ഹോസിയ 2:19. പറുദീസയിൽ നഷ്ടപ്പെട്ടുപോയ ഓരോ മനുഷ്യനെയും നിത്യമണവാളനായ ഈശോ വീണ്ടും സ്വന്തമാക്കും. അതാണ് കുഞ്ഞാടിന്റെ വിവാഹം. "നിൻ്റെ സ്രഷ്ടാവാണ് നിൻ്റെ ഭർത്താവ്"-ഏശയ്യാ 54:5. "യുവാവ് കന്യക എന്നപോലെ നിൻ്റെ പുനരുദ്ധാരകൻ നിന്നെ വിവാഹം ചെയ്യും. മണവാളൻ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും"-ഏശയ്യാ 62:5. സ്വർഗം ലക്ഷ്യമാക്കി, ഭൂമിയിൽ സ്വർഗത്തിൻ്റെ പ്രതീകമായി ജീവിക്കാൻ ഓരോ ക്രിസ്തീയ കുടുംബത്തിനും സാധിക്കട്ടെ!

Story Image

ഡോ. റെജു വർഗീസ് കല്ലേലി

1 2 3 4 5
6 7 8 9 10
1 2 3 4 5
6 7 8 9 10
7