Joy of Love in Family
'കുറേ സമർപ്പിതർ, അവർക്ക് ലഭിച്ച ദൈവാനുഭവങ്ങൾ എഴുതിയിട്ടുള്ള ആത്മീയ പുസ്തകം വായിക്കാനിടയായി. അതിനകത്ത് 'ഒരു പ്രാർത്ഥനാ ദൂരം' എന്ന് പറഞ്ഞിട്ട് ഒരു ലേഖനം ഒരു സന്യാസിനി എഴുതിയിട്ടുണ്ട് അവരെ നമുക്ക് സിസ്റ്റർ ദീപ്തിയെന്ന് വിളിക്കാം ആ ലേഖനം ശ്രദ്ധിക്കാം
- ദൂരെ നിന്നും കഷ്ടപ്പെട്ട് വടിയും കുത്തിയാണ് അവർ ആ സന്യാസ ഭവനത്തിലേക്ക് വന്നത്. നടക്കാൻ വലിയ പ്രയാസമുള്ള ഒരു അമ്മച്ചി. ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് ചുളിവൊക്കെ വീണ മുഖമാണ്. അടുത്ത് ചെന്നപ്പോൾ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. നോക്കിയപ്പോൾ മനസ്സിലായി കാലിൽ ഒരു വ്രണമുണ്ട്, പൊട്ടിയൊലിക്കുന്ന ഒരു മുറിവാണ് കാലിൽ. ഈച്ചയൊക്കെ വരുന്നുണ്ട്. കാലിലേക്ക് നോക്കുന്ന കണ്ടപ്പോൾ അവർ പറഞ്ഞു.
" സിസ്റ്ററെ രണ്ടു വർഷമായി കാല് പൊട്ടാൻ തുടങ്ങിയിട്ട് ഒരുപാട് ഡോക്ടർമാരെ കാണിച്ചു ഒരു ഫലവുമില്ല പക്ഷേ ഞാനിപ്പോ വന്നത് വേറൊരു കാര്യം പറയാനാണ് ആ സ്ത്രീ തുടർന്നു എന്റെ വീട് പണിതിട്ട് ഇതുവരെ പൂർത്തിയായിട്ടില്ല എന്തെങ്കിലും സഹായം ചെയ്തു തരാമോ എന്ന് ചോദിക്കാനാണ്. അപ്പൊ അവർക്ക് മറുപടി ഒന്നും കൊടുത്തില്ല പകരം അവരെയും കൊണ്ട് ചാപ്പലിന്റെ മുമ്പിലെ വരാന്തയിൽ ഇരുന്നു കാലിലെ മുറിവ് പൊട്ടിയൊലിക്കുന്നതുകൊണ്ട് ചാപ്പലിൽ കയറ്റാനായിട്ട് സിസ്റ്ററിൻ്റെ ശുചിത്വ ബോധം അനുവദിച്ചില്ല. പെട്ടെന്ന് അവരുടെ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഒരു ശക്തമായ പ്രേരണ. അമ്മച്ചിയോട് കാര്യം പറഞ്ഞു. യേശുവേ എന്നു വിളിച്ച് പ്രാർത്ഥന ആരംഭിച്ചു. അപ്പോസ്തല പ്രവർത്തികൾ 3:6 ലെ വചനമാണ് ഉള്ളിൽ ഉരുവിട്ടത് ' വെള്ളിയോ സ്വർണ്ണമോ എന്റെ കയ്യിലില്ല എനിക്കുള്ളത് ഞാൻ തരുന്നു നിനക്ക് തരുന്നു നസ്രായനായ യേശുവിന്റെ നാമത്തിൽ എഴുന്നേറ്റ് നടക്കുക'
പ്രാർത്ഥനയ്ക്ക് ശേഷം അമ്മച്ചി പോകാനായിട്ട് എണീറ്റപ്പോ പറഞ്ഞു അധികം ഒന്നും തരാൻ ഞങ്ങളുടെ കയ്യിലില്ല എന്തായാലും കമ്മ്യൂണിറ്റിയിലുള്ളവരോട് ആലോചിച്ച് ഉള്ളത് തരാം, അങ്ങനെ പറഞ്ഞ് അവരെ യാത്രയാക്കി. പിറ്റേ ആഴ്ച വരുമ്പോ അവർക്ക് ഉള്ളത് കൊടുക്കാമെന്ന് കരുതിയിരിക്കവേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ വന്നു ആ ശബ്ദം പെട്ടെന്ന് മനസ്സിലായി കഴിഞ്ഞ ദിവസം സഹായത്തിനു വന്ന അമ്മച്ചിയാണ് അവര് വിളിച്ചിട്ട് പറഞ്ഞു " സിസ്റ്ററെ എനിക്കൊരു സഹായവും ചെയ്തു തരണ്ട എന്റെ കാല് സുഖപ്പെട്ടു ഇന്ന് രാവിലെ ഞാൻ നോക്കിയപ്പോൾ കാലിലെ കെട്ടഴിഞ്ഞിരിക്കുന്നു മുറിവുണങ്ങി തൊലി വന്ന് മൂടിയിട്ടുണ്ട് വടിയൊന്നുമില്ലാണ്ട് എനിക്കിപ്പോ നടക്കാം വലിയ ആഹ്ലാദവും അത്ഭുതവും നിറഞ്ഞ ഒരു ശബ്ദം. അവർ പരിപൂർണ്ണമായിട്ട് സുഖപ്പെടാൻ നല്ല ദൈവം ഇടവരുത്തി. ദൈവ വചനം പറയുകയാണ് എഫേസ്യർക്കുള്ള ലേഖനത്തിൽ വചനം പറയുന്നു. " നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍. എഫേസോസ് 3 : 20-21
നമ്മിൽ പ്രവർത്തിക്കുന്ന ദൈവശക്തി നമ്മൾ അറിയുന്നുണ്ടോ? ആ ശക്തി നിറച്ചു വച്ചിരിക്കുന്ന വചനങ്ങൾ നമ്മൾ വായിക്കാറുണ്ടോ? ഉപയോഗിക്കാറുണ്ടോ? നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന ഒരു ദൈവമാണ് നമ്മുടേത്. എന്നാണ് വി.ശ്ളീഹാ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ദൈവം സൗഖ്യം നൽകുന്നവനാണ്. വിശുദ്ധരെല്ലാം സഹനങ്ങളിൽ പരാതിയില്ലാതെ, വലിയ ദുരിതങ്ങളുടെ നടുവിൽ സമചിത്തരായ മനുഷ്യരായിരുന്നു. ന്ന ബോധ്യമില്ലാത്ത ജീവിതമാണ് പലരും നയിക്കുന്നത്. എന്നാൽ ഇവിടെ ഈ സഹായം അഭ്യർത്ഥിച്ചു വന്ന വ്യക്തിയെ ഭൗതികമായിട്ടൊക്കെ വേണമെങ്കിൽ സഹായിക്കായിരുന്നു അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കൊടുത്തു വിടാം പക്ഷേ ആ സന്യാസിനി അവരുടെ ശാരീരിക രോഗങ്ങളൊക്കെ കണ്ടപ്പോൾ തന്റെ വിശ്വാസത്തിന്റെ കണ്ണുകൊണ്ട് ഈശോയുടെ നാമത്തിൽ സൗഖ്യമുണ്ട് എന്നുള്ള ബോധ്യത്തിൽ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു അത് അത്ഭുതത്തിന് കാരണമായി യാക്കോബ് ശ്ലീഹായുടെ ലേഖനം 5 :15 ൽ 'നമ്മൾ കാണുന്നു 'വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും കർത്താവ് അവനെ എഴുന്നേൽപ്പിക്കും .
നമ്മളും വചനത്തിൽ വിശ്വസിച്ച് പ്രാർത്ഥിക്കണം. സാമൂഹ്യക്ഷേമമല്ല, ആത്മീയ മനുഷ്യരുടെ ഒന്നാമത്തെ ലക്ഷ്യം. ആത്മീയ നയനങ്ങൾ തുറക്കപ്പെടണം.ചിലർക്ക് നമ്മൾ നൽകേണ്ടത് പണമാവില്ല. നമ്മുടെ സമയവും, ശ്രദ്ധയുമായിരിക്കും. അവരെ സുഖപ്പെടുത്താൻ കർത്താവിൻ്റെ കൈയിലെ ഉപകരണങ്ങളാകാനുള്ള മനസുണ്ടോ എന്നതാണ് ചോദ്യം?
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും,പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.
അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ് അവ എൻറെ നാവിന് തേനിനേക്കാൾ മധുരമാണ്. സങ്കീർത്തനം (119:103)
ഈ വചനം കേൾക്കുമ്പോഴൊക്കെ ഞാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാറുണ്ട് ഇതിൻറെ പൊരുൾ ഒന്ന് പറഞ്ഞു തരാൻ. ഇന്ന് പ്രായത്തിൽ അർദ്ധ ശതകത്തോട് അടുത്ത് നിൽക്കുമ്പോൾ ദൈവകൃപയാൽ ഈ വചനം എനിക്ക് കൂടുതൽ അനുഭവവേദ്യമാകുന്നുണ്ട് ..ചില വചനങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു എന്നതും ചില വചനങ്ങൾ ജീവിതത്തിലെ വിഷമം ഘട്ടങ്ങളിൽ നമുക്ക് പിടിവള്ളി ആകുന്നു എന്നുള്ളതുമാണ് അതിന് കാരണം.
എൻറെ ജീവിതത്തിൽ എന്നെ വഴി നടത്തിയതും ശക്തിപ്പെടുത്തിയതുമായ ചില വചനങ്ങൾ ഞാൻ നിങ്ങളോട് പങ്കുവെക്കാം. മെഡിക്കൽ കോളേജിൽ ബിരുദ പഠനം കഴിഞ്ഞിരിക്കുന്ന സമയം. ജീസസ് യൂത്ത് മുന്നേറ്റത്തിൻ്റെ പ്രൊഫഷണൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അഖിലകേരള സമ്മേളനം നടത്താൻ ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കേണ്ടതുണ്ടായി.
എന്റെ സഹപാഠികൾ ദേശീയതലത്തിലും അഖിലകേരളതലത്തിലുമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള എൻട്രൻസിന് രാവും പകലുമില്ലാതെ അധ്വാനിക്കുന്ന സാഹചര്യത്തിലാണ് ഞാൻ ഇത്തരം ഒരു തീരുമാനം എടുക്കാൻ നിർബന്ധിതനാകുന്നത്. അന്ന് ഒരു വചനമാണ് ദൈവഹിതം തിരിച്ചറിയാൻ എന്നെ സഹായിച്ചത്.
സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും ആരെങ്കിലും എനിക്ക് വേണ്ടിയോ സുവിശേഷത്തിന് വേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും മാർക്കോ (8:35). ഈ വചനത്തിന്റെ വെളിച്ചത്തിൽ ഞാൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ദൈവ മഹത്വം കാണുവാൻ സാധിക്കുകയും ചെയ്തു.
എൻറെ പങ്കാളിയുമായുള്ള ബന്ധത്തിൽ ഒരു വചനം വഴിത്തിരിവായത് ഞാൻ ഓർക്കുകയാണ്. ഒരിക്കൽ ഞങ്ങൾ തമ്മിൽ ഏതോ ഒരു കാര്യത്തെ ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായി. ഞാൻ ദേഷ്യത്തിൽ മുറിവിട്ട് ഇറങ്ങി പ്രാർത്ഥന മുറിയിൽ ചെന്നിരുന്നു . ബൈബിൾ തുറന്നു വായിക്കാൻ എനിക്ക് പ്രചോദനം ഉണ്ടായി. എനിക്ക് കിട്ടിയ വചനം ഇതായിരുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെ തന്നെയാണ് സ്നേഹിക്കുന്നത് ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ (Ephe 5:28). ഈ വചനം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് പങ്കാളിയോട് ക്ഷമിക്കുവാൻ സാധിച്ചുഎന്നു മാത്രമല്ല സ്വന്തം ശരീരമെന്ന നിലയിൽ സ്നേഹിക്കണം എന്ന് ബോധ്യവും ലഭിച്ചു.
കാനഡയിൽ പഠിക്കുവാൻ പോയ കാലഘട്ടത്തിൽ അവിടെയുള്ള ജോലിയിൽ എനിക്ക് വളരെയധികം പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു. വേണ്ട രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കുമോ എന്ന ആകുലത എന്നെ അലട്ടി. ഈ സാഹചര്യത്തിൽ എന്നെ സഹായിച്ച വചനങ്ങളിൽ ഒന്ന് ഇതായിരുന്നു. എൻറെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി (4:19). ഈ വചനം ജോലിക്ക് പോകുമ്പോൾ കൂടെക്കൂടെ ഞാൻ ഉരുവിടുമായിരുന്നു. ജോലിക്ക് പോകുന്നതിനു മുമ്പ് വചനം വായിക്കുന്നത് പ്രത്യേകമായ ഒരു ഊർജ്ജവും പ്രത്യാശയും എന്നിൽ നിറയ്ക്കുന്നതായിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. കാനഡയിൽ വച്ച് എന്നെ സഹായിച്ച മറ്റൊരു വചനം കൂടി പറഞ്ഞുകൊണ്ട് എൻറെ ഈ ചിന്തകൾ ഞാൻ ഉപസംഹരിക്കുകയാണ്.
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടാകട്ടെ !ആമേൻ eph (3:20).
ഡോ. വിമൽ വിൻസെന്റ് & അഡ്വ.റീനു വിമൽ.
പീഡിയാട്രിക് വിഭാഗം, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ
"അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ് അവ എന്റെ നാവിന് തേനിനേക്കാൾ മധുരമാണ്."
സങ്കീർത്തനം (119:103)