Joy of Love in Family
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
പിന്നെ എന്താണ് വിശ്വാസ സത്യത്തിന്റെ ഈ 'വളർച്ച' അല്ലെങ്കിൽ പരിണാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതൊരു വിത്ത് മഹാവൃക്ഷമാകുന്നതുപോലെയാണ്. വിത്തിൽ ആ വൃക്ഷം മുഴുവൻ ഒളിഞ്ഞിരിക്കുന്നു. കാലം, ചിന്ത, പുതിയ വെല്ലുവിളികൾ എന്നിവയാകുന്ന വെള്ളവും വെളിച്ചവും ഏൽക്കുമ്പോൾ, ആ വിത്തിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ കൂടുതൽ വ്യക്തതയോടെ, ആഴത്തോടെ പുറത്തുവരുന്നു. ഉദാഹരണത്തിന്, മറിയം "ദൈവമാതാവ്" ആണെന്ന സത്യം ആദിമസഭ മുതൽ വിശ്വസിച്ചിരുന്നുവെങ്കിലും, തർക്കങ്ങൾ ഉയർന്നപ്പോൾ നിഖ്യാ സൂനഹദോസ് അതൊരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഇത് സത്യത്തിൻ്റെ മാറ്റമല്ല, മറിച്ച് അതിൻ്റെ ആഴത്തിലുള്ള തിരിച്ചറിവാണ്.
സഹ-രക്ഷക പദവിയും വത്തിക്കാൻ്റെ വ്യക്തതയും
ഈ വാക്കിലെ 'സഹ' (Co-) എന്ന പ്രയോഗമാണ് ഏറ്റവും വലിയ വെല്ലുവിളി. ദൈവശാസ്ത്രപരമായി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെപ്പോലുള്ളവർ ഈ പദം ഉപയോഗിച്ചപ്പോൾ, അതിനർത്ഥം തുല്യ-രക്ഷകൻ എന്നായിരുന്നില്ല. മറിച്ച്, ക്രിസ്തുവിൻ്റെ ഏക രക്ഷാകരപദ്ധതിയിൽ മറിയം അതുല്യമായ രീതിയിൽ സഹകരിച്ചു എന്നായിരുന്നു. തൻ്റെ 'Fiat' വഴി അവൾ രക്ഷകന് ജന്മം നൽകി. ലത്തീൻ ഭാഷയിലുള്ള Fiat എന്ന ഈ വാക്കിൻ്റെ അർത്ഥം 'അപ്രകാരമാകട്ടെ' എന്നാണ്. ഗബ്രിയേൽ മാലാഖയുടെ അറിയിപ്പിന് മറുപടിയായി, "ഇതാ കർത്താവിൻ്റെ ദാസി, നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ" എന്ന് മറിയം പറഞ്ഞ ആ സമ്പൂർണ്ണമായ സമ്മതത്തെയും സ്വയം സമർപ്പണത്തെയുമാണ് ഇത് കുറിക്കുന്നത്. ആ 'അതെ' എന്ന ഒരൊറ്റ വാക്കിലൂടെയാണ് അവൾ രക്ഷാകരപദ്ധതിയുടെ ഭാഗമായത്.
ഈ 'അതെ' എന്ന സമ്മതത്തിലൂടെയും, കുരിശിൻ ചുവട്ടിലെ സഹനത്തിലൂടെയും മറിയം പുത്രൻ്റെ ബലിയുമായി ഒന്നിച്ചു.
പല പ്രമുഖ ദൈവശാസ്ത്രജ്ഞരും, ആത്മീയവാദികളും മറിയത്തെ വിശേഷിപ്പിക്കാൻ 'സഹ-രക്ഷക' എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉൾപ്പെടെയുള്ള ചില മുൻ മാർപാപ്പമാർ തങ്ങളുടെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും, അവർ ഈ പദം ഉപയോഗിച്ചത് മറിയം ഒരു 'തുല്യ-രക്ഷക' ആണെന്ന് പ്രഖ്യാപിക്കാനല്ല, മറിച്ച് രക്ഷാകരപദ്ധതിയിൽ മറിയം വഹിച്ച അതുല്യമായ 'സഹകരണത്തെ' വിശദീകരിക്കാൻ മാത്രമാണ്
എന്നാൽ, ആധുനിക ഭാഷയിൽ "സഹ-രക്ഷകൻ" എന്ന് കേൾക്കുമ്പോൾ, അത് ക്രിസ്തുവിനോട് തുല്യയായ ഒരു രക്ഷക എന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
അതുകൊണ്ടാണ് തർക്കങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിൽ, ഇന്നലെ വത്തിക്കാനിലെ വിശ്വാസ തിരുസംഘം (Dicastery for the Doctrine of the Faith), അതായത് സഭയുടെ വിശ്വാസപരമായ കാര്യങ്ങളിൽ ആധികാരിക പഠനം നൽകുന്ന ഉന്നത സമിതി, ഒരു പുതിയ പ്രബോധനം പുറത്തിറക്കി ("Mater Populi Fidelis"). ഈ രേഖ ഇപ്രകാരം വിശദീകരിക്കുന്നു: 'സഹ-രക്ഷക' എന്ന വിശേഷണം "ഉചിതമല്ല", കാരണം അത് ക്രിസ്തുവിൻ്റെ അതുല്യവും സമ്പൂർണ്ണവുമായ രക്ഷാകര ദൗത്യത്തെ "മറയ്ക്കാൻ" സാധ്യതയുണ്ട്. മറിയം "അമ്മ"യും "ശിഷ്യ"യുമാണ്, അല്ലാതെ രക്ഷകനല്ല.
അചഞ്ചലമായ പ്രബോധനാധികാരം
ഒരിക്കൽ വിശ്വാസ സത്യമായി പ്രഖ്യാപിച്ച പഠനങ്ങളെ തിരുത്തുവാൻ സഭയ്ക്ക് സാധിക്കുകയില്ല. കാരണം, സഭയുടെ പ്രബോധന അധികാരത്തിന് അപ്രമാദിത്വം (Infallibility) ഉള്ളതാണ്. മാത്രമല്ല, വിശ്വാസ സത്യങ്ങൾ മനുഷ്യൻ്റെ അഭിപ്രായമല്ല, അത് ദൈവീക വെളിപാട് തന്നെയാണ്. ഇവിടെയും സഭ ഒരു പഠനത്തെ തിരുത്തുകയല്ല ചെയ്തത്. കാരണം മറിയം 'സഹ-രക്ഷക'യാണെന്ന് സഭ ഇതിനു മുൻപ് ഒരിക്കലും ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചിട്ടില്ല. അതൊരു ദൈവശാസ്ത്രപരമായ അഭിപ്രായവും ഭക്തിപ്രകടനവും മാത്രമായി നിലനിൽക്കുകയായിരുന്നു. അതിനാൽ വിശ്വാസ തിരുസംഘത്തിൻ്റെ ഈ പഠനം ഒരു വിശ്വാസസത്യത്തെ മാറ്റുകയല്ല. മറിച്ച്, ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ള ഒരു പുതിയ വിശ്വാസസത്യം പ്രഖ്യാപിക്കുന്നതിനെ തടയുകയാണ്. യഥാർത്ഥവും മാറ്റമില്ലാത്തതുമായ സത്യത്തെ, അതായത് ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്ന സത്യത്തെ, സംരക്ഷിക്കുകയാണ് സഭ ഇവിടെ ചെയ്തത്.
ഇത് മറിയത്തിൻ്റെ മഹത്വത്തെ കുറയ്ക്കുകയല്ല, മറിച്ച് അത് അതിൻ്റെ ശരിയായ സ്ഥാനത്ത് ഉറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. അവൾ രക്ഷകയല്ല, മറിച്ച് രക്ഷകൻ്റെ അമ്മയാണ്. ദൈവമല്ല, ദൈവത്തെ ലോകത്തിന് നൽകിയവളാണ്. ഈ വ്യക്തത ഒരു മാറ്റമല്ല. ഇത് സത്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. സത്യത്തെ അതിൻ്റെ കലർപ്പില്ലാത്ത രൂപത്തിൽ സംരക്ഷിക്കുക എന്ന തൻ്റെ അചഞ്ചലമായ ദൗത്യമാണ് സഭ ഇവിടെ നിർവഹിച്ചിരിക്കുന്നത്.
Dr Nelson Thomas
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
പരിശുദ്ധ മാതാവിന് 'സഹരക്ഷക' 'സകല കൃപകളുടെയും മധ്യസ്‌ഥ' എന്നീ സ്ഥാനപ്പേരുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് വത്തിക്കാൻ.
മാതാവിനോടുള്ള ഭക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ദൈവശാസ്ത്രപരമായ കാഴ്ചപ്പാട് നൽകുകയാണ് ഈ പ്രബോധനക്കുറിപ്പിൻ്റെ ലക്ഷ്യമെന്നും വിശ്വാസ തിരുസംഘം പ്രീഫെക്ട് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് വ്യക്തമാക്കി
വത്തിക്കാൻ ഏകഭാര്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഉപദേശപരമായ കുറിപ്പ് പുറത്തിറക്കും
ബഹുഭാര്യത്വം എന്ന വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒരു പുതിയ രേഖ നവംബർ അവസാനം പുറത്തിറക്കുമെന്ന് വത്തിക്കാന്റെ വിശ്വാസ സിദ്ധാന്തത്തിനുള്ള ഡിക്കാസ്റ്ററി പ്രഖ്യാപിച്ചു. "നമ്മൾ രണ്ട്: ഏകഭാര്യത്വത്തെ പ്രശംസിച്ചുകൊണ്ട്. വിവാഹത്തിന്റെ മൂല്യം, എക്സ്ക്ലൂസീവ് കൂട്ടായ്മ, പരസ്പര അവകാശം എന്നിവയെക്കുറിച്ചുള്ള ഡോക്ട്രിനൽ നോട്ട്" എന്ന തലക്കെട്ടിലുള്ള ഈ രേഖ, ഏകഭാര്യത്വ വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലിനെ വീണ്ടും സ്ഥിരീകരിക്കാൻ ലക്ഷ്യമിടുന്നു. ബഹുഭാര്യത്വം ഉയർത്തുന്ന അജപാലന വെല്ലുവിളികളെക്കുറിച്ച് മാർഗനിർദേശം തേടിയ ആഫ്രിക്കൻ ബിഷപ്പുമാരുടെ അഭ്യർത്ഥനകൾക്ക് ഈ സംരംഭം മറുപടി നൽകുന്നുവെന്ന് ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ഫാദർ അർമാണ്ടോ മാറ്റിയോ പറഞ്ഞു. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിനിടെയാണ് ചർച്ച ആരംഭിച്ചത്, 2014 ലും 2015 ലും കുടുംബത്തെക്കുറിച്ചുള്ള സിനഡുകളിൽ ഉന്നയിച്ച മുൻ ആശങ്കകളെ പിന്തുടരുന്നു. ഈ മാസം അവസാനം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ ഒരു പത്രസമ്മേളനം പ്രമാണത്തിന്റെ പ്രകാശനത്തോടൊപ്പം ഉണ്ടാകും.