Page 9

LOAF TIDINGS

Joy of Love in Family

പാറമേൽ ഭവനം പണിയുന്നവരാകുക

  "എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും . മഴപെയ്തു , വെള്ളപ്പൊക്കം ഉണ്ടായി , കാറ്റൂതി അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു . എങ്കിലും അതു വീണില്ല എന്തുകൊണ്ടെന്നാൽ അത് പാറമേൽ സ്ഥാപിതമായിരുന്നു ".(മത്തായി 7 : 24- 25 )

ആധുനിക കാലഘട്ടത്തിൽ ഏറെ കുടുംബജീവിതങ്ങൾ അതിവേഗം തകരുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു .ദൈവവചനം അനുസരിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് മുകളിലെ വചനം നമുക്ക് ബോധ്യം നൽകുന്നത് .ഈ ലോകത്ത് രണ്ട് തരത്തിലുള്ള ഭവനം പണിയുന്നവരാണുള്ളത് .ദൈവവചനം അനുസരിച്ച് ജീവിക്കുന്നവരും , അനുസരിക്കാതെ ജീവിക്കുന്നവരും .ആദിമ കുടുംബത്തിൽ സംഭവിച്ചതുപോലെ ദൈവത്തിന്റെ ഇഷ്ടത്തിനെതിരെ പ്രവർത്തിച്ച ആദി മാതാപിതാക്കൾ വലിയ തകർച്ചയിലേക്ക് പോകുന്നത് നമുക്ക് കാണാനാകും . ഇന്നും വലിയ ഒരു ഭൂരിപക്ഷം ആളുകളും ദൈവഹിതം തിരിച്ചറിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നു. എന്നാൽ ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമപ്പെടുത്തുന്നവരും ഉണ്ട് . കഴിഞ്ഞ ദിവസങ്ങളിൽ ദൈവവചനത്തിലൂടെ ഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങിയ ദൈവസ്നേഹത്തെ പ്രതി ജീവിതം മുഴുവനായും ദൈവത്തിന് സമർപ്പണം ചെയ്ത സഹോദരങ്ങളെ കണ്ടുമുട്ടാൻ ഇടയായി . ദൈവവചനം വായിക്കുകയും പഠിക്കുകയും ആവർത്തിച്ച് ഉരുവിടുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം പൂർണമായി നിറവേറ്റാൻ പരിശ്രമിക്കുന്നവർ ...

"യുവാവ് തന്റെ മാർഗ്ഗം എങ്ങനെ നിർമലമായി സൂക്ഷിക്കും ? അങ്ങയുടെ വചനമനുസരിച്ച് വ്യാപരിച്ചുകൊണ്ട് ,പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ തേടുന്നു ; അങ്ങയുടെ കൽപ്പന വിട്ടു നടക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ ; അങ്ങേക്കെതിരായി പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു (സങ്കീ 119 : 9-11).

ദൈവവചനത്തിന്റെ പ്രാധാന്യം നമുക്ക് നൽകുന്ന 119-ാം സങ്കീർത്തനം വളരെ മനോഹരമാണ് . എന്റെ യൗവനത്തിന്റെ നാളുകളിൽ വചനം വായിക്കാനും പഠിക്കാനും പ്രഘോഷിക്കാനുമുള്ള ഒരു പ്രത്യേക അഭിഷേകം ദൈവം നൽകിയത് നന്ദിയോടെ ഓർക്കുന്നു . യൗവനത്തിന്റെ നാളുകളിലും കുടുംബജീവിതത്തിലും എന്നെ വഴി നടത്തിയ ഏറെ ദൈവ വചനങ്ങൾ ഉണ്ടായിരുന്നു . കുടുംബ ജീവിതത്തിന്റെ ആദ്യ നാളുകളിൽ ജോലി ആവശ്യത്തിന് ജീവിതപങ്കാളിയിൽ നിന്ന് ഒരു വർഷത്തേക്ക് അകന്നു നിൽക്കേണ്ടിവന്ന സാഹചര്യം ഓർക്കുന്നു .അതിനുശേഷം ദൈവ ഇഷ്ടം വചനത്തിലൂടെ തിരിച്ചറിഞ്ഞ് ഞാൻ ഏറെ താമസിയാതെ നാട്ടിലേക്ക് തിരിച്ചെത്തി ജീവിതപങ്കാളിയോടൊപ്പം ജീവിതം ആരംഭിച്ചു . ഏറെ പ്രതിസന്ധികൾക്ക് നടുവിൽ ദൈവവചനത്തിലൂടെ ദൈവം വഴി നടത്തിയ അനുഭവങ്ങൾ നന്ദിയോടെ ഓർക്കുന്നു . കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന അവസരത്തിൽ, ഒരു രാത്രിയിൽ പ്രസവ വേദനയുടെ തീവ്രതയിലൂടെ ജീവിതപങ്കാളി കടന്നുപോകുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ദൈവവചനം എടുത്തപ്പോൾ ദൈവം കൃത്യമായി സംസാരിച്ചത് ഓർക്കുന്നു . " സ്ത്രീക്ക് പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീട് ഒരിക്കലും അവൾ ഓർമിക്കുന്നില്ല (യോഹന്നാൻ 16 : 21 )" .ആ രാത്രിയിൽ ഞങ്ങളോട് ദൈവം സംസാരിച്ചത് അനുസരിച്ച് ആശുപത്രിയിലേക്ക് യാത്രയായതും മൂന്നാമത്തെ മകനെ ലഭിച്ചതും നന്ദിയോടെ ഓർക്കുന്നു.

നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മെ വഴി നടത്താൻ , ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കി ജീവിക്കുവാൻ തമ്പുരാൻ നമ്മെ സഹായിക്കുന്നു . ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിന്റെ ഇഷ്ടത്തിന് കാതോർക്കുന്ന ഒത്തിരി മനുഷ്യരെ കണ്ടുമുട്ടിയിട്ടുണ്ട് . വിവാഹ സമയത്തും , വീടുപണിയുമ്പോഴും, മക്കൾക്ക് കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും മക്കളുടെ ഭാവി ജീവിതമായി ബന്ധപ്പെട്ടുമെല്ലാം ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി ദൈവഹിതം തിരിച്ചറിയുന്നവരാകാ൯ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ എത്ര നല്ലതാണ് .

" അവൻ ഇത് അരുളി ചെയ്തുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോട് പറഞ്ഞു : നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ . അവൻ പറഞ്ഞു ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ "(ലൂക്കാ 11 : 27-28)

"ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും" (ലൂക്കാ 8 : 21).

ദൈവവചനം അനുസരിച്ച് കുടുംബ ജീവിതത്തെ ക്രമപ്പെടുത്തുന്നവ൪ എത്രയോ ഭാഗ്യമുള്ളവരാണെന്നും അവരെ ഈശോയുടെ അമ്മയും സഹോദരനും ആയിട്ടാണ് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് .അതുകൊണ്ട് ദൈവം വചനം വായിക്കുവാനും പഠിക്കുവാനും ആവർത്തിച്ച് ഉരുവിടാനും വചനം അനുസരിച്ച് ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

"അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവും ആണ് "(സങ്കീ 119 :105 ).

Story Image
  ജോർജ്ജ് ലിയോൺസ് & അനി പോൾ
"കുടുംബത്തിന്റെ വചനം"

വർഷങ്ങൾക്കു മുമ്പ് നടന്ന ലോഫിന്റെ ഒരു വാർഷിക റിട്രീറ്റ് നടത്തിയ ധ്യാനഗുരു ഫാ. അഗസ്റ്റിൻ കല്ലേലിയച്ചൻ ഞങ്ങളോട് പറഞ്ഞു, ഓരോ കുടുംബത്തിനും ഒരു ദൈവവചനം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഓരോ കുടുംബവും യേശുവിനോട് ചേർന്നിരുന്ന് ആ വചനം കണ്ടുപിടിക്കണം. ആ വചനം നിങ്ങൾ പഠിക്കണം. ആ വചനം നിങ്ങൾ ജീവിക്കണം. ആ വചനം ജീവിക്കാൻ നിങ്ങൾ മക്കളോട് പറയണം. അങ്ങനെ ദൈവഹിതപ്രകാരം ഞങ്ങൾക്ക് ലഭിച്ച വചനമാണ് 1തെസലോനിക്കാ 5:16 -18 "എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം." നാം എന്തിന് ദൈവഹിതം അറിയണം എന്നുള്ള ഒരു ചോദ്യം നമ്മുടെ മനസ്സിലുണ്ട്. ജറെമിയ 29:11 വാക്യം ഇങ്ങനെ പറയുന്നു, "കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻറെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണിത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി". നമ്മെക്കുറിച്ചുള്ള പദ്ധതി എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ നമ്മൾ ദൈവത്തെ കേൾക്കാനിരിക്കണം. എങ്കിൽ മാത്രമേ ദൈവം നമുക്ക് അവിടുത്തെ നിഗൂഢമായ പദ്ധതി വെളിപ്പെടുത്തി തരികയുള്ളൂ.

"എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ." ദൈവം തന്റെ മക്കൾ സന്തോഷിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. കർത്താവ് നമുക്ക് തരുന്ന സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ട്. റോമാ 8:15 വാക്യത്തിൽ പറയുന്നതുപോലെ "നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല മറിച്ച് പുത്രസ്വീ കാരത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഈ ആത്മാവ് മൂലമാണ് നാം അബാ- പിതാവേ എന്ന് വിളിക്കുന്നത്." നമ്മുടെ ജീവിതത്തിൽ സഹനം വരുമ്പോഴും ആനന്ദം അനുഭവിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ട്. കർത്താവിൽ വിശ്വസിക്കുന്നവന് മാത്രമേ അവിടത്തിൽ പ്രത്യാശ വയ്ക്കുന്നവന് മാത്രമേ സഹനം വരുമ്പോഴും തിരുകുടുംബത്തെപ്പോലെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയുകയുള്ളൂ. നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടിവരും. നമ്മെ വിശുദ്ധീകരിക്കാനാണ് ദൈവം സഹനം അനുവദിക്കുന്നത് എന്നുള്ള ഒരു കാഴ്ചപ്പാടിൽ നാം വളരേണ്ടി വരും. 1പത്രോസ് 4:12 -14 വാക്യങ്ങൾ ഇങ്ങനെ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. "പ്രിയപ്പെട്ടവരെ നിങ്ങളെ പരിശോധിക്കാനായി അഗ്നി പരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാൽ എന്നപോലെ പരിഭ്രമിക്കരുത്.

ക്രിസ്തുവിൻറെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ. അവൻറെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും." കർത്താവിൻറെ സഹനം നമുക്ക് രക്ഷയായി മാറിയത് പോലെ നമ്മുടെ ചെറിയ ചെറിയ സഹനങ്ങൾ കർത്താവിനോട് ചേർന്ന് സഹിച്ച് കാഴ്ചവയ്ക്കുമ്പോൾ അത് നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും രക്ഷക്കായിട്ട് ദൈവം മാറ്റും. രണ്ടാമതായി വചനം പറയുന്നത് "ഇടവിടാതെ പ്രാർത്ഥിക്കുവിൻ" എന്നാണ്. മത്തായി18:19-20 വാക്യങ്ങൾ ഇങ്ങനെ ഓർമ്മിപ്പിക്കുന്നുണ്ട് "വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും എന്തെന്നാൽ രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും". യുക്യാറ്റ് 372 പറയുന്നത്, മാതാപിതാക്കളുടെ കടമ തങ്ങളുടെ മക്കളുടെ മുമ്പിൽ സുവിശേഷം അവതരിപ്പിക്കുകയും, വിശ്വാസം അവർക്ക് പകർന്നു നൽകുകയും ചെയ്യുക എന്നുള്ളതാണ്. വി.അഗസ്റ്റിനോസ് പറയുന്നതുപോലെ കുട്ടികൾ വായിക്കുന്ന പുസ്തകം മാതാപിതാക്കളുടെ ജീവിതമാണ്. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ വന്നാലും കർത്താവിൽ ആശ്രയിച്ച് അവിടുത്തോട് പ്രാർത്ഥിച്ച് മുന്നോട്ടുപോകുന്നത്, നമ്മുടെ മക്കൾ കാണുമ്പോൾ അവർക്കും, അവരുടെ പ്രതിസന്ധികളിൽ ദൈവത്തോട് ചേർന്നുനിൽക്കുവാനുള്ള വിശ്വാസവും കൃപയും ധൈര്യവും ലഭിക്കും. നമ്മുടെ കുടുംബത്തിൽ എന്തെല്ലാം പ്രതിസന്ധികൾ വന്നാലും രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതൊരു കാര്യവും നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് നിർവഹിച്ചു തരും, അല്ലെങ്കിൽ അതിനെ കുറിച്ചുള്ള ദൈവിക പദ്ധതി വെളിപ്പെടുത്തി തരും എന്നുള്ള വലിയൊരു വിശ്വാസത്തിൽ മുന്നേറാനായിട്ട് ഈ വചനം ഞങ്ങളെ സഹായിക്കുന്നുണ്ട്.

മൂന്നാമതായി, "എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ"- നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കൃതജ്ഞത സമർപ്പണമാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുക എന്നത്. നമ്മുടെ ജീവിതത്തിൽ, നമുക്കും മക്കൾക്കും ദൈവത്തിൻറെ സ്നേഹം കൂടുതൽ അനുഭവിച്ചറിയാൻ വിശുദ്ധ കുർബാന ഒത്തിരി സഹായിക്കുന്നുണ്ട്. ഓരോ നിമിഷവും ദൈവം എത്രമാത്രം നമ്മെ പരിപാലിക്കുന്നു എന്ന് നാം ചിന്തിക്കുമ്പോൾ, ഓരോ ദിവസവും തൻറെ പുതിയ സ്നേഹം നൽകി ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കും. അതിനെല്ലാം നന്ദി പ്രകാശിപ്പിക്കുവാൻ നാം കടപ്പെട്ടവരാണ്. നാം നന്ദി പറഞ്ഞു തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ചെറിയ കാര്യങ്ങളും ദൈവം നമുക്ക് നൽകുന്ന നന്മകളായി നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. ദൈവം നമ്മെ കൂടുതലായി സ്നേഹിക്കുന്നത് നമുക്ക് അനുഭവവേദ്യമാകുന്നു. നിയമാവർത്തനം 8-ാം അദ്ധ്യായത്തിൽ പറയുന്നതുപോലെ കർത്താവിൻറെ പ്രവർത്തികൾ വിസ്മരിക്കരുത്. ഞങ്ങളുടെ ജീവിതത്തിൽ ഓരോ നിമിഷവും ഉണ്ടാകുന്ന നന്മകൾക്ക് നന്ദി പറയാനായിട്ട് ശ്രമിക്കുന്നു. അങ്ങനെ ഞങ്ങളുടെ കുടുംബജീവിതം ഈ വചനത്തിൻ്റെ അടിസ്ഥാനത്തിൽ മുന്നേറുവാൻ വേണ്ട കൃപ ദൈവം ഞങ്ങൾക്ക് തരുന്നു. ദൈവത്തിന് നന്ദി, ദൈവത്തിന് സ്തുതി.

Story Image

 പൊന്നു & നോബി

"അങ്ങേക്കെതിരായി പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു

(സങ്കീ 119 : 9-11)
1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12