Joy of Love in Family
ലോഫ് കൂട്ടായ്മയിൽ ഉള്ള കൗമാരപ്രായക്കാരുമായുള്ള വിളക്കന്നൂർ യാത്ര ഒരു അവിസ്മരണീയ അനുഭവമായിരുന്നു . കേരളത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം കാണുവാനുള്ള ആഗ്രഹം ഈ ചെറുപ്പക്കാർ പ്രകടിപ്പിച്ചത് തന്നെ വളരെ അഭിനന്ദനാർഹമായിരുന്നു. വളരെ നാളത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനുമൊടുവിൽ ഒക്ടോബർ 18-ാം തിയതി ഈ തീർത്ഥയാത്ര സ്ഥലമായി. യാത്രയിൽ ഉടനീളം ഉണ്ടായിരുന്ന ദൈവ പരിപാലന എടുത്തു പറയേണ്ട ഒന്നായിരുന്നു.
കണ്ണൂർക്കുള്ള യാത്ര നീണ്ടതും വാഹന ഗതാഗതത്തിന്റെ ബാഹുല്യം കൊണ്ട് ദുഷ്കരമാകുമെന്ന് അറിയാ മായിരുന്നതുകൊണ്ടും അതിരാവിലെ പുറപ്പെടുക എന്നത് പ്രധാനമായിരുന്നു. ദൈവാനുഗ്രഹത്താൽ രാവിലെ ആറുമണിക്ക് മുമ്പ് തന്നെ യാത്ര ആരംഭിച്ചു. കോഴിക്കോട് ക്രിസ്തുദാസി ജനറലൈറ്റ് സന്ദർശിക്കാനും അവിടെ അഭിവന്ദ്യ തൂങ്കുഴി പിതാവിൻറെ കബറിടത്തിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കുവാനും സാധിച്ചു. ക്രിസ്തുദാസി സന്യാസിനി സമൂഹം ഞങ്ങളെ സന്തോഷത്തോടെ എതിരേൽക്കുകയും ഞങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു തരികയും ചെയ്തു.
ഒരുമണിയോടുകൂടി ഞങ്ങൾ വിളക്കന്നൂർ എത്തിച്ചേർന്നു. ഗ്രാമാന്തരീക്ഷത്തിൽ ഒരു സാധാരണ പള്ളി, പക്ഷേ അനേകം തീർത്ഥാടകർ അവിടെ വന്നു പോയിക്കൊണ്ടിരുന്നു. ഉച്ചക്കുള്ള ഭക്ഷണം ഞങ്ങൾ മുൻകൂട്ടി ഏർപ്പാട് ചെയ്തതിനാൽ അവിടെയുള്ള ഭക്ഷണശാലയിൽ ചെന്ന് ഭക്ഷണം കഴിച്ചു.
ദിവ്യകാരുണ്യ അൽഭുതം കാണുവാനുള്ള ആഗ്രഹമായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും . അൾത്താരയുടെ ഇടതുഭാഗത്ത് അത്ഭുതകരമായി തെളിഞ്ഞുവന്ന ഈശോയുടെ മുഖചിത്രമുള്ള തിരുവോസ്തി ആരാധനയ്ക്കും വണക്കത്തിനുമായി പ്രദർശിപ്പിച്ചിരുന്നു. തിരക്ക് അധികം ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് എല്ലാവർക്കും തന്നെ അടുത്ത് ചെന്ന് ഈശോയുടെ തിരുമുഖം കാണുവാൻ സാധിച്ചു. പീഡാനുഭവത്തിൽ വേദനിക്കുന്ന ഈശോയുടെ മുഖമായിരുന്നു ദിവ്യകാരുണ്യത്തിൽ തെളിഞ്ഞു കണ്ടത്.
ഏകദേശം 12 വർഷത്തോളം പല പഠനങ്ങളും നടത്തിയതിന് ശേഷമാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി ഈ അത്ഭുതം സ്വീകരിച്ചത് .അതിൻറെ പഠനങ്ങൾ നടത്തിയതിന്റെ രേഖകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. എല്ലാ പഠനങ്ങളും പറയുന്നത് ഈ ചിത്രം അപ്പത്തിന്റെ ഉള്ളിലാണ് എന്നാണ്. ബാഹ്യമായ ഇടപെടലുകൾ ഒന്നും ഈ ഓസ്തിയിൽ ഉണ്ടായിട്ടില്ല എന്ന് അസന്ദിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ഒരു തിരുവോസ്തി അഴുകാതെ ഇത്രയും വർഷം നിലനിൽക്കുന്നത് തന്നെ ഒരു അത്ഭുതമാണ്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദിവ്യബലി അർപ്പിക്കാൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി. നാലുമണിയോടെ ഞങ്ങൾ വിളക്കന്നൂരിനോട് വിട പറഞ്ഞു. തിരിച്ചു വരുന്ന വഴിക്ക് പായമ്പലം ബീച്ചിൽ അല്പസമയം ചിലവഴിക്കാൻ കഴിഞ്ഞത് ഉല്ലാസം പകർന്ന നല്ല അനുഭവമായിരുന്നു. മട്ടന്നൂരിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം രാത്രി ഒരു മണിയോടുകൂടി തൃശ്ശൂരിൽ തിരികെ എത്തി.
ഭാര്യ ഭർത്താക്കന്മാർ തമ്മിലും പരസ്പരം ഒരു ചായ എന്നപോലെ ലയിച്ചുചേരുമ്പോഴാണ് മനോഹരമായ വിവാഹജീവിതം ഉണ്ടാവുന്നത്!
ഈ യാത്രയിൽ ലോഫിൻ്റെ സ്പിരിച്ച്വൽ ഡയറക്ടർ അനീഷ് അച്ചൻറെ സാന്നിധ്യം എടുത്തു പറയേണ്ട ഒന്നായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് ആത്മീയമായ നേതൃത്വം നൽകുകയും ഞങ്ങൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. യുവജനങ്ങൾക്കും കൗമാരക്കാർക്കും അച്ഛൻറെ സ്നേഹ സാന്നിധ്യം ഒരു വേറിട്ട അനുഭവമായിരുന്നു. ഈ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി തന്ന ഡയറക്ടർ ബഹു. ട്വിങ്കിൾ അച്ചനെയും LOAF കോർ ടീമിനെയും നന്ദിയോടെ സ്മരിക്കുന്നു. തിരുവോസ്തിയിൽ കണ്ട ഈശോയുടെ തിരുമുഖം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. ദിവ്യകാരുണ്യ ഭക്തിയിൽ കൂടുതൽ വളരാനും ദിവ്യകാരുണ്യം നിന്ദിക്കപ്പെടുന്നത് മൂലം ഈശോ അനുഭവിക്കുന്ന ദുഃഖം ലഘൂകരിക്കാനും നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ഗൗരവമായ ചിന്ത ഈ യാത്ര തന്ന ഏറ്റവും വലിയ സമ്മാനമാണ്.
ലോഫ് ടൈഡിങ്സ് : 2025 ഓഗസ്റ്റ് മാസത്തിൽ ലോഫ് ടൈഡിങ്സ് രണ്ടു വർഷം പൂർത്തിയാക്കി. ലോഫ് ടൈഡിങ്സ് ലക്കം 9 പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തിൽ കൃത്യ സമയത്ത് തന്നെ പുറത്തിറക്കാൻ സാധിച്ചു. അതിനായി സഹകരണം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു.
ലോഫ് മീഡിയ മിനിസ്ട്രിയുടെ രണ്ടാമത്തെ പുസ്തകം "ഈശോയുടെ സ്വന്തം ബാജു" ബാജുവിന്റെ ഒന്നാം ചരമ വാർഷികത്തിന് പുറത്തിറക്കാൻ സാധിക്കണമെന്ന അഭ്യർത്ഥന മോളി ബാജു നടത്തിയിരുന്നു. ഇതിനായി ആത്മമിത്ര പബ്ലിക്കേഷൻസും ലോഫ് മീഡിയ മിനിസ്ട്രിയും ചേർന്ന് അത്യദ്ധ്വാനം ചെയ്തു. രചനകളുടെ ആദ്യ രൂപം ബാജുവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് നിർവ്വഹിച്ചത്. ഇത് മോളി ബാജു രചയിതാവായ ഓമന ചേച്ചിക്ക് അയച്ചു കൊടുത്തു. ഓമന ചേച്ചിയും മറ്റു രചയിതാക്കളും എഴുതി പൂർത്തിയാക്കിയ മാറ്റർ ലോഫ് മീഡിയ മിനിസ്ട്രിക്ക് കൈമാറി. ഇവ സംയോജിപ്പിച്ച് ആത്മമിത്ര പബ്ലിക്കേഷൻസിന് കൈമാറി. അനുഗ്രഹ സന്ദേശം നൽകിയ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിനും മനോഹരമായ എഡിറ്റോറിയൽ രചിച്ച ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി അച്ചനും മീഡിയ മിനിസ്ട്രിയുടെ അകൈതവമായ നന്ദി അറിയിക്കുന്നു. പ്രെസ്സിലെ കാര്യങ്ങൾ ക്രോഡീകരിച്ച ടോബി ജോസഫ് അച്ചനും ആത്മമിത്ര ടീമിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വളരെ ഏറെ തടസ്സങ്ങൾ ഉണ്ടായിട്ടും കൃത്യമായി ബാജുവിന്റെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ മനോഹരമായ ഈ പുസ്തകം പ്രകാശനം ചെയ്യാൻ അനുവദിച്ച നല്ല ദൈവത്തിന് എപ്പോഴും മഹത്വം ഉണ്ടാകട്ടെ!
പുസ്തകം പ്രകാശനം ചെയ്തത് ബഹുമാനപ്പെട്ട അഗസ്റ്റിൻ കല്ലേലി അച്ചനാണ്. അച്ചന് ഹൃദയപൂർവ്വം നന്ദി പറയുന്നു. പുസ്തകം പ്രകാശനം ചെയ്ത ദിവസം ലോഫിൽ നിന്നും പരിപാടികളിൽ പങ്കെടുത്ത് ധന്യമാക്കിയ ബഹുമാനപ്പെട്ട ഡയറക്ടർ ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി അച്ചനും, ഡോ. ജോർജ്ജ് ലിയോൺസ് അനി ടീച്ചർ ദമ്പതികൾ, ഡോ നോബി പൊന്നു ദമ്പതികൾ, അമ്പിളി ഇമ്മാനുവൽ, രാജു ആന്റണി, ബിജു ആൻ്റണി, വിജോ, മനേഷ് നിസ ദമ്പതികൾ എന്നിവർക്കും നന്ദി പറയുന്നു.
ലോഫ് യൂട്യൂബ് ചാനൽ: കുറച്ചു നാളുകളായി നിർജീവമായ യൂട്യൂബ് ചാനൽ വീണ്ടും സജീവമാക്കാൻ വീഡിയോകൾ നൽകിയ ഡോ. ബെറ്റ്സി തോമസിന് പ്രത്യേകം നന്ദി പറയുന്നു.
ഡെയിലി വേർഡ് ഓഫ് ഗോഡ്: അനുദിന വചന സന്ദേശം അനേകരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ജാസ്മിൻ ജെറി കുടുംബത്തെ പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.