Page 10

LOAF TIDINGS

Joy of Love in Family

പ്രത്യാശയുടെ തീർത്ഥാടനം

പേജ് - 9ൽ നിന്നും നിന്നും തുടരുന്നത്..

പിന്നീട് ഞങ്ങൾ റോമിന് പുറത്തുള്ള സെൻറ് പോൾസ് ബസിലിക്ക കാണുവാൻ ആയിട്ടാണ് തിരിച്ചത് . ഈ മനോഹര ദേവാലയത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹായെ ബന്ധിച്ചിരുന്ന ചങ്ങലയും, ജെറുസലേമിലെ വിശുദ്ധ കുരിശിന്റെ ഒരു ഭാഗവും സൂക്ഷിച്ചു വച്ചിട്ടുണ്ട്. വിശുദ്ധ പൗലോസിന്റെ കബറിടവും ഈ ദേവാലയത്തിലെ അൾത്താരയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സെന്റ് പോൾ റോമൻ പൗരൻ ആയതുകൊണ്ട് റോമിൽ വെച്ച് വധിക്കുവാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് റോമിന് പുറത്തുകൊണ്ടുപോയി സെൻറ് പോളിനെ വധിച്ചത്. റോമിന്റെ ചുറ്റുമതിലിനു (ഔറേലിയൻ വാൾ) പുറത്താണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. സഭയിലെ എല്ലാ മാർപാപ്പമാരുടെയും ശിൽപ്പങ്ങൾ ഈ ദേവാലയത്തിനു മുകളിൽ കൊത്തിവെച്ചിട്ടുണ്ട് .

അടുത്തത് റോമിലെ ഏറ്റവും പഴക്കമേറിയ സെൻറ് ജോൺ ലാറ്ററൻ മേജർ ബസിലിക്കയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. റോമിലെ ആദ്യത്തെ ബസിലിക്കയാണിത്. റോമിലെ മെത്രാന്റെ കത്തീഡ്രൽ ദേവാലയം കൂടിയാണിത്. ലോകത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളുടെയും അമ്മ എന്ന പേരിലും ഈ ദേവാലയം അറിയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ട് വരെ മാർപാപ്പമാരുടെ താമസവും ദേവാലയത്തിനോട് ചേർന്നുള്ള പാലസിൽ ആയിരുന്നു. ലാറ്ററൻ ബസിലിക്കയുടെ മുൻവശത്ത് സ്ഥിതി ചെയ്യുന്ന "Scala Sancta"(Holy Stairs) നമ്മെ കർത്താവിന്റെ പീഢാനുഭവ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു. പന്തിയോസ് പീലാത്തോസിന്റെ അരമനയിൽ യേശുവിനെ വലിച്ചിഴച്ചു കൊണ്ടുപോയ ആ പടവുകൾ കോൺസ്റ്റസ്റ്റയിൻ ചക്രവർത്തിയുടെ അമ്മ ഹെലൻ രാജ്ഞി അവിടെനിന്നും കൊണ്ടുവന്നു ഇവിടെ സ്ഥാപിച്ചതാണ് . യേശുവിന്റെ രക്തമണിഞ്ഞ കാൽപ്പാടുകൾ പതിഞ്ഞ ആ സ്റ്റെപ്പുകൾ ഇന്ന് വിശുദ്ധ പടവുകൾ ആയി അറിയപ്പെടുന്നു. ഇതിലൂടെ നമുക്ക് മുട്ടിൽ ഇഴഞ്ഞ് പ്രാർത്ഥിച്ച് മുകളിലേക്ക് കയറാം. കർത്താവിന്റെ പീഢാനുഭവ ഓർമ്മകൾ ചിലർക്കെങ്കിലും വരുത്തുന്ന മാനസാന്തരത്തിന്റെ നേർക്കാഴ്ചകൾ ഇവിടെ നമുക്ക് കാണുവാൻ സാധിക്കും .

ഉച്ചകഴിഞ്ഞ് ഞങ്ങൾ ജൂബിലി പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി പോയി. പ്രാർത്ഥനകളും ലുത്തിനിയയു൦ ജപമാലയും ഇടകലർന്ന സ്വരങ്ങളും; ഒപ്പം സംഗീത ബാന്റുകൾ തീർക്കുന്ന നാദ വിസ്മയവും, ദിവ്യകാരുണ്യ ആരാധനയും എല്ലാം ഈ ജൂബിലി ആഘോഷത്തിന്റെ ഭാഗമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഒത്തുചേർന്ന് ഉറക്കെ പാട്ടുകൾ പാടി സ്തുതിച്ചു൦, പതാകകൾ വീശിയും ആഘോഷിക്കുന്നത് ഒരു അത്ഭുത കാഴ്ചയാണ്. ചിലർ ഞെട്ടിത്തിരിഞ്ഞ് ഒന്നും മനസ്സിലാകാതെ തരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ കൗതുകം നിറഞ്ഞതാണ്. ചിലർ കുരിശ് ഉയർത്തിപ്പിടിച്ചും, മാതാവും വിശുദ്ധരും നിറഞ്ഞ പതാകകൾ പാറിപ്പറപ്പിച്ചും, പാടി പ്രാർത്ഥിക്കുന്ന രംഗങ്ങൾ ഒരുകാലത്തും മനസ്സിൽ നിന്നും മായുകയില്ല.

രാത്രി റോമിലെ ഹോട്ടലിലെ വാസത്തിനുശേഷം ഞായറാഴ്ച അതിരാവിലെ തന്നെ സെൻറ് പീറ്റേഴ്സ് ചതുരത്തിൽ എത്തി. എല്ലാവരുടെയും മനസ്സിൽ ആകാംക്ഷയും ആഹ്ലാദവും തിരതല്ലുന്ന സുന്ദര സ്വപ്നങ്ങൾ പൂവണിയുന്ന ദിനം. പരിശുദ്ധ പിതാവിനെ കാണുന്നതിനും പിതാവിന്റെ ശ്ലൈഹീക ആശിർവാദം സ്വീകരിക്കുന്നതിനും ജൂബിലിയുടെ ഭാഗമായി കുടുംബങ്ങൾക്ക് വേണ്ടി പരിശുദ്ധ പിതാവ് അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കുചേരുന്നതിനും ഞങ്ങൾ രാവിലെ 8:30ന് തന്നെ വത്തിക്കാൻ സ്ക്വയറിൽ സ്ഥാനം പിടിച്ചു. ശ്വാസം പിടിച്ചു നിൽക്കുന്ന നിമിഷങ്ങൾ കടന്നുപോയി. പത്തുമണിയോടെ പേപ്പൽ മൊബൈൽ സ്ക്വയറിലേക്ക് കടന്നുവന്നു. ഞങ്ങൾക്ക് എല്ലാവർക്കും പരിശുദ്ധ പിതാവ് ലെയോ പതിനാലാമനെ വളരെ അടുത്തുനിന്ന് നേരിൽ കാണുവാൻ സാധിച്ചത് ഒരു ജന്മ സുകൃതം അല്ലെങ്കിൽ മറ്റെന്താണ്.... ഈ തീർത്ഥാടനത്തിന്റെ ധന്യമായ നിമിഷങ്ങൾ ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടി കത്തോലിക്കാ സഭയുടെയും പരിശുദ്ധ പിതാവിന്റെയു൦ ലോകത്തിലെമ്പാടുമുള്ള ജനകോടികളുടെയിടയിലുളള സ്വീകാര്യതയാണ് വിളിച്ചോതുന്നത് .

സങ്കീർണമായ ജീവിതയാത്രയിൽ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളിൽ വീർപ്പുമുട്ടുമ്പോൾ പലപ്പോഴായി പ്രതീക്ഷകളോടെ കരുതിവെച്ച മോഹങ്ങൾ സാക്ഷാത്കരിച്ച നിർവൃതിയുടെ നിമിഷങ്ങൾ ആയിരുന്നു ഈ തീർത്ഥാടനം. ഇങ്ങനെയൊരു സുന്ദര മുഹൂർത്തത്തിന് ഈ തീർത്ഥാടനത്തിലൂടെ അവസരം ഒരുക്കിയ സർവ്വേശ്വരനും, തൃശ്ശൂർ അതിരൂപതയ്ക്കും, ലോഫിനും പ്രണാമം. അധികം മുൻപരിചയം ഇല്ലാതിരുന്ന കുറച്ചുപേർ ഒന്നിച്ചുള്ള തീർത്ഥാടന യാത്ര; നിഷ്കളങ്ക സ്നേഹത്തിൻ്റെയും കറയില്ലാത്ത ബന്ധങ്ങളുടെയും സൗന്ദര്യം ഈ യാത്ര സമ്മാനിക്കുന്ന സ്വർഗത്തിന്റെ ചുംബനങ്ങളാണ്. എന്ത് സഹായവും ഏതുനിമിഷവും ചെയ്യുവാൻ ഒരുങ്ങി നിൽക്കുന്ന ഒരു കൂട്ടം, അതുതന്നെയാണ് ഈ യാത്ര സുഖകരവും സുരക്ഷിതവും ആക്കി തീർത്തത്. ഈ ജൂബിലി വർഷത്തിൽ യേശു നൽകുന്ന പ്രത്യാശയിൽ നിറയുവാനും മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ഈ തീർത്ഥാടനം വഴിയൊരുക്കി .

അവർണ്ണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി!

Story Image

 ഷാജി പറമ്പൻ

St. പീറ്റേഴ്സ് ചർച്ച്,

നെഹ്‌റു നഗർ.

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

സങ്കീര്‍ത്തനങ്ങള്‍ 27 : 14
പ്രത്യാശയുടെ തീർത്ഥാടകരായി വത്തിക്കാനിലേക്ക്

പേജ് - 2ൽ നിന്നും നിന്നും തുടരുന്നത്..

ബസ് മിലാൻ സിറ്റിയിൽ പറഞ്ഞതിൽ നിന്നും ഏകദേശം ഒരു മണിക്കൂറിലധികം വൈകി എത്തിയതിനാൽ ഗൈഡും അല്പം താമസിച്ചാണ് എത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ മികവിൽ ഗൈഡ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവർക്കും അവരുടെ ചെവിയിൽ എത്തുന്ന തരത്തിലുള്ള ഒരു റെസിവറും ഇയർഫോൺസും അവർ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. ആയതിനാൽ ഗൈഡിൽ നിന്നും അല്പം അകലെയാണെങ്കിലും അവർ പറയുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി കേൾക്കുവാനും മനസ്സിലാക്കുവാനും ഞങ്ങൾക്ക് സാധിക്കുമായിരുന്നു. (ഇതുപോലെയുള്ള സാങ്കേതിക വിദ്യ ഗൈഡുകളുടെ സേവനം സ്വീകരിച്ച മറ്റു സ്ഥലങ്ങളിലും ലഭ്യമായിരുന്നു).

മിലാൻ പട്ടണം. ഗതകാല പ്രൗഢിയുടെ സ്മാരകമായി നിലകൊള്ളുന്ന Dumo കത്തീഡ്രൽ. പുറത്തുനിന്ന് അതിന്റെ ഭംഗി ആസ്വദിച്ചു. ( കാരണം ഞങ്ങൾ ഇപ്പോൾ തന്നെ വൈകീയിരിക്കുന്നു, കൂടാതെ ടിക്കറ്റ് എടുത്ത് വേണം ആ ദേവാലയത്തിൽ കയറുവാൻ ) മിലാൻ പട്ടണത്തിലെ വാസ്തു ശില്പഭംഗി ആ പട്ടണത്തിൽ കണ്ട കെട്ടിടങ്ങളിലും മറ്റും ദൃശ്യമായിരുന്നു. Dumo കത്തീഡ്രലിനെ പറ്റി ഒരു വാക്ക്. ആ ദേവാലയം ഇറ്റാലിയൻ മാർബിൾ കൊണ്ട് മാത്രം നിർമ്മിച്ച ആയിരത്തിലധികം വിശുദ്ധരുടെ പ്രതിമകൾ ദേവാലയത്തിന് പുറത്തും അകത്തുമായി സ്ഥാപിച്ചിട്ടുള്ള ഒരു ദേവാലയമാണ്. ഏതാണ്ട് ഒന്നരമണിക്കൂർ സമയം പട്ടണത്തിൽ ഗൈഡിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പട്ടണത്തിന്റെ ഗരിമ കണ്ട് ഉച്ചഭക്ഷണത്തിനായി ഇറ്റാലിയൻ റസ്റ്റോറന്റിലേക്ക് പുറപ്പെട്ടു.

റസ്റ്റോറന്റിൽ ഞങ്ങളെ കാത്തിരുന്നത് ഇറ്റാലിയൻ പാസ്തയും മറ്റ് വിഭവങ്ങളുമായിരുന്നു. അവയൊക്കെ ആസ്വദിച്ച് ഞങ്ങൾ റോസാമിസ്റ്റിക്കയിലേക്ക് പോകുവാൻ ബസ്സിൽ കയറി. ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്ന ഡേവച്ചന്റെ (Fr. Dev Akkara Capuchin) ന്റെ നേതൃത്വത്തിൽ റോസാമിസ്റ്റിക്ക ചാപ്പലിൽ കുർബാന ഏർപ്പാട് 3.00 പിഎം ന് ചെയ്തിരുന്നെങ്കിലും ഞങ്ങൾ താമസിച്ചതിനാൽ അത് തരപ്പെട്ടില്ല. അതുകൊണ്ടുതന്നെ അഞ്ചരയ്ക്ക് അവിടെ നടക്കുന്ന വിശുദ്ധ കുർബാനയിൽ അച്ചനും സഹകാർമികനാകാം എന്നുള്ള ആ വാർത്തയറിഞ്ഞപ്പോൾ ഏകദേശം ഒരു മണിക്കൂറിൽ അധികം ദേവാലയ പരിസരത്ത് പ്രാർത്ഥനാ അന്തരീക്ഷത്തിൽ കഴിയുവാൻ ഞങ്ങൾക്ക് ദൈവം അവസരം ഒരുക്കി.

ആ പ്രദേശം മുഴുവനും പ്രകൃതിയുടെ വരദാനമായി റോസാപ്പൂക്കൾ കൊണ്ട് നിറഞ്ഞതായിരുന്നു. റോസാമിസ്റ്റിക്ക മാതാവിന്റെ നെഞ്ചിൽ കാണുന്ന മൂന്ന് നിറത്തിലുള്ള റോസാപുഷ്പങ്ങൾ- വെള്ള ചുവപ്പ് മഞ്ഞ എന്നിവയാൽ സമൃദ്ധം ആയിരുന്നു ദേവാലയത്തിലേക്ക് പോകുന്ന വഴികൾ.

പച്ചപ്പ് നിറഞ്ഞ ആ പ്രദേശത്ത് ചെരിവ് നിലനിർത്തിക്കൊണ്ടുതന്നെ നിർമ്മിച്ച ദേവാലയത്തിൽ ആയിരുന്നു വിശുദ്ധ കുർബാന അർപ്പണം. ആ കുർബാന അർപ്പണത്തിന് മുമ്പ് അവിടെ മുഴുവൻ ചുറ്റി കാണുവാനും ആ ദേവാലയത്തിലും പരിസരത്തും പ്രാർത്ഥനാപൂർവ്വം കഴിയുവാൻ ഞങ്ങൾക്ക് ദൈവം ഒരുക്കിയ അവസരമായിരുന്നു അത്. അവിടെ ഒരു അത്ഭുത നീരുറവ ഉണ്ടെന്നും അതിലെ വെള്ളത്തിനു രോഗശാന്തി ഉൾപ്പെടെയുള്ള ശക്തിയുണ്ടെന്നും ഉള്ള അറിവ് കൂടെയുണ്ടായിരുന്ന പലരെയും അവിടെ നിന്ന് വെള്ളം ശേഖരിപ്പിച്ചു . അൾത്താരയുടെ വലതുവശത്ത് ആ നീരുറവയിൽ നിന്നുള്ള വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ധാരാളം വിശ്വാസികൾ നടക്കുന്നത് കണ്ടപ്പോൾ ചിലർ അതിൽ വിശ്വാസത്തോടെ ഇറങ്ങി. അതിനോട് ചേർന്ന് 9 പടികളും അതിന്റെ മുകളിൽ റോസാമിസ്റ്റിക്ക മാതാവിന്റെ രൂപവും കണ്ടപ്പോൾ ആ പടികളിലൂടെ എല്ലാവരും ചെയ്യുന്നതുപോലെ മുട്ടിൽ നിരങ്ങി സംഘാങ്ങളിൽ പലരും അതിൽ കയറി മാതാവിന്റെ രൂപത്തെ വണങ്ങി അനുഗ്രഹം പ്രാപിച്ചു.

വിശുദ്ധ കുർബാനയ്ക്ക് മുമ്പ് വിശ്വാസികളുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ഭാഷയിൽ ജപമാല ചൊല്ലിയപ്പോൾ ഞങ്ങളും അവിടെയിരുന്ന് നമ്മുടെ ഭാഷയിൽ ജപമാല അർപ്പിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആ സ്ഥലത്ത് ജപമാല അർപ്പിച്ചപ്പോൾ അത് ഒരു ദിവ്യ അനുഭൂതി നൽകുന്ന ഒന്നായി.

1911 ജനിച്ച് 1991ൽ മരണപ്പെട്ട Pierina ക്ക് 1946 ൽ, സഭയിലെ വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെടുന്ന പരിശുദ്ധ മാതാവിന്റെ ഒരു ദർശനമാണ് ആദ്യം ഉണ്ടായത്. ആ സമയത്ത് മാതാവിന്റെ ഹൃദയത്തിൽ മൂന്ന് വാളുകൾ കുത്തിയിറക്കിയിരിക്കു ക്കുന്നതായി ആയിരുന്നു കാണപ്പെട്ടത്. എന്നാൽ പിന്നീട് ജൂലൈ 13. 1947 ന് ദർശനം കിട്ടുമ്പോൾ മൂന്ന് വാ ളുകൾക്ക് പകരം മാതാവിന്റെ നെഞ്ചിൽ മൂന്ന് റോസാപ്പൂക്കൾ ആണ് കാണപ്പെട്ടത്. ഒന്ന് വെള്ള മറ്റൊന്ന് ചുവപ്പ് മൂന്നാമത്തെത് മഞ്ഞ. വെള്ള റോസാപ്പൂവ് നമ്മുടെ വിശ്വാസത്തേയും, ചുവന്നത് നമ്മുടെ സഹനങ്ങളെയും മഞ്ഞ നമ്മുടെ പ്രായശ്ചിത്തത്തെയും ആണ് ആവശ്യപ്പെടുന്നത്. ഇന്നും റോസാമിസ്റ്റിക്ക മാതാവ് ലോകമെമ്പാടുമുള്ള മരിയൻ ഭക്തരെ ഇവ ഓർമിപ്പിക്കുകയും റോസാമിസ്റ്റിക്കായിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ആ സ്ഥലത്തിരുന്ന് മാതാവിനോട് പ്രാർത്ഥിക്കുവാൻ കിട്ടിയ വലിയ ഭാഗ്യത്തെ ഓർത്ത് ദൈവത്തിന് ഒത്തിരി നന്ദി.

റോസാമിസ്റ്റിക്ക മാതാവിനെ പറ്റിയും അവിടെ നടക്കുന്ന അത്ഭുതങ്ങളെ പറ്റിയും കൂടുതലായി അറിയേണ്ടവർ ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയുവാൻ സാധിക്കും.( www.rosamisticafontanelle.it) .

വിശുദ്ധ കുർബാന അർപ്പണശേഷം ഞങ്ങൾ വീണ്ടും ബസ്സിൽ കയറി തീർഥാടനത്തിന്റെ മൂന്നാം ദിവസം പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ദേവാലയത്തിൽ പോകുവാനായി പാദുവായിലെ ഹോട്ടലിൽ രാത്രി എത്തുകയും അത്താഴം കഴിഞ്ഞ് യാത്രയുടെ ക്ഷീണം കൊണ്ട് സുഖമായി ഉറങ്ങുകയും ചെയ്തു.

(തുടരും)

 അഗസ്റ്റിൻ ജോസഫ്, മിസ്സിയോ, കറുകുറ്റി

August 2025| Vol: 09 © Trimonthly Newsletter of LOAF https://www.loaffamilies.com
1 2 3 4 5 6 7
8 9 10 11 12 13 14
1 2 3 4 5 6 7
8 9 10 11 12 13 14