Joy of Love in Family
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് പ്രത്യാശയുടെ തീർഥാടകരായി, യേശു ജനിച്ച് 2025 വർഷത്തിന്റെ ജൂബിലി നിറവിൽ റോമിലേക്ക് യാത്ര പോയത്. എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള യാത്രയായിരുന്നു ഇത്. വളരെയധികം ആഗ്രഹിച്ച യാത്രയായിരുന്നു ഇതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ യാത്ര വേണ്ടെന്നു വയ്ക്കാനായി ഞങ്ങൾ തീരുമാനിച്ചു. അപ്പോൾ ഈശോയോട് ചോദിച്ചിട്ടാവാം അവസാന തീരുമാനം എടുക്കുന്നത് എന്ന് കരുതി ഞങ്ങൾ ബൈബിൾ എടുത്തു വായിച്ചു. ഏശയ്യാ 66:12 ലൂടെ കർത്താവ് ഞങ്ങളോട് സംസാരിച്ചു. കർത്താവ് അരുളിച്ചെയ്യുന്നു: ഐശ്വര്യം നദി പോലെ അവളിലേക്ക് ഞാൻ ഒഴുക്കും. ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവി പോലെയും. ഈ വചനത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ഞങ്ങളുടെ റോമിലേക്ക് പോകാനുള്ള തീരുമാനം.
യാത്രയുടെ പല സന്ദർഭങ്ങളിലും യേശു ഞങ്ങളെ കൈപിടിച്ചുനടത്തിയതായി ഞങ്ങൾ അനുഭവിച്ചു. വിശുദ്ധരുടെ കബറിടങ്ങളിൽ സന്ദർശിച്ചപ്പോൾ അവിടെയൊക്കെ ദൈവത്തിന്റെ പരിപാലന ഞങ്ങൾ നേരിൽ കണ്ടു.അസീസിയിലെ വിശുദ്ധ ക്ലാരയുടെയും വി.പാദ്രോ പിയോയുടെയും കാർലോ അക്യൂറ്റസിന്റെയും അഴുകാത്ത ശരീരം ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാതെ ഇരിക്കുന്നു. തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തപ്പോൾ ഈശോയോടുള്ള സ്നേഹത്താൽ നിറഞ്ഞ അവരുടെ ഭൗതീക ശരീരം, മരിച്ചിട്ട് അനേകം വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്വർഗ്ഗത്തിലുള്ള ഈ വിശുദ്ധരുടെ ശരീരങ്ങളെ ഇപ്പോഴും അഴുകാതെ കാണാൻ പറ്റിയപ്പോൾ, ദൈവം അവർക്കു കൊടുക്കുന്ന ആ ബഹുമാനത്തെ, അവരുടെ ശരീരങ്ങളോട് ദൈവം എത്രമാത്രം വിലകല്പിക്കുന്നു എന്നതിനെ ഓർത്ത് ഹൃദയത്തിൽ എന്തെന്നില്ലാത്ത ആത്മീയ ആനന്ദം അനുഭവിക്കാൻ കഴിഞ്ഞു. ദൈവത്തിൽ വിശ്വാസമർപ്പിച്ചിട്ടുള്ള അവരുടെ ജീവിതം നമുക്ക് വലിയൊരു പാഠമാണ്.
പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ കബറിടത്തിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത ഹൃദയവ്യസനം അനുഭവിക്കാൻ കഴിഞ്ഞതും കണ്ണീരിലൂടെ ഹൃദയത്തിന്റെ ഭാരം മാറി സമാധാനം അനുഭവിക്കാൻ കഴിഞ്ഞതും ജീവിക്കുന്ന ഈശോയുടെ സാന്നിധ്യം വിശുദ്ധ അന്തോണീസിലൂടെ അനുഭവിക്കാൻ കഴിഞ്ഞതും ഞങ്ങൾക്ക് പ്രത്യാശ നിർഭരമായ ജീവിതം നയിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തുന്നതാണ്.
അസീസിയിലെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചപ്പോൾ എന്തെന്നില്ലാത്ത സുഗന്ധം ഞങ്ങൾ അനുഭവിച്ചു. അതൊരു സ്വർഗീയ സുഗന്ധം ആണെന്നാണ് ഞങ്ങൾ ഇന്നും വിശ്വസിക്കുന്നത്. വിശുദ്ധ കുർബാനയിൽ ഇന്നും ജീവിക്കുന്ന സത്യ ദൈവത്തിന്റെ സാന്നിധ്യത്തോടൊപ്പം വിശുദ്ധരും ആ ബലിയിൽ ഞങ്ങളോടൊപ്പം പങ്കുചേരുന്നു എന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
യേശുവിനോടുള്ള സ്നേഹത്താൽ കത്തി ജ്വലിച്ചിരുന്ന നമ്മുടെ വിശുദ്ധ തോമാശ്ലീഹായുടെ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളും ലഭിച്ചിട്ടുള്ള ഓർത്താനോ സെൻറ് തോമസ് കത്തീഡ്രലിലും ഞങ്ങൾ പോയി. അവിടെ വിശുദ്ധനെ വണങ്ങാനും യേശുവിന്റെ സ്നേഹവും യേശുവിനോടുള്ള തോമാശ്ലീഹായുടെ സ്നേഹവും അനുഭവിച്ചറിയാനും ഞങ്ങൾക്ക് സാധിച്ചു.
വിശുദ്ധരുടെ ജീവിതത്തിലൂടെ അവർ കണ്ടറിഞ്ഞ യേശുവിനെ ഹൃദയത്തിൽ ഏറ്റെടുത്തുകൊണ്ട് സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ പ്രത്യാശയുടെ തീർത്ഥാടകരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ദൈവനാമത്തിന് എപ്പോഴും മഹത്വം ഉണ്ടായിരിക്കട്ടെ, ആമ്മേൻ.
സിനി സെബാസ്റ്റ്യൻ
അന്തപ്പൻ ഒരു മണ്ടൻ ആയിരുന്നു. അടുത്തറിഞ്ഞ എല്ലാവരും പറഞ്ഞു .കാലത്തിനനുസരിച്ച് ജീവിക്കാൻ അറിയാത്ത മണ്ടൻ. ചെറുപ്പം മുതലേ മണ്ടത്തരങ്ങൾ അന്തപ്പന്റെ കൂടെപ്പിറപ്പായിരുന്നു. മഞ്ഞുക്കാലത്തും മഴക്കാലത്തും അതിരാവിലെ ദിവ്യബലിയിൽ സംബന്ധിക്കുന്നത് മുടക്കാതിരുന്നതിനാൽ പനിപിടിച്ച് പല അരക്കൊല്ല പരീക്ഷകൾക്കും ശരിയായി എഴുതാൻ പറ്റാതെ തോറ്റത് പോകട്ടെ, SSLC പരീക്ഷയ്ക്ക് അന്തപ്പൻ എഴുതുന്ന ഉത്തരം തെറ്റാണ് എന്ന് കണ്ട് സോമൻ പിള്ള സാർ അടുത്തുള്ള കുട്ടിയുടെ ശരിയുത്തരം എഴുതിയ ഉത്തര കടലാസ് അന്തപ്പന് കാണാവുന്നതുപോലെ എടുത്തു വച്ചിട്ട് പോയി. അന്തപ്പൻ കോപ്പിയടിക്കാൻ ശ്രമിച്ചില്ല. എനിക്ക് അറിയാവുന്നതേ ഞാൻ എഴുതാവൂ എന്ന് തന്നെ അന്തപ്പൻ ഉറപ്പിച്ചു .ക്ലാസ്സിൽ അന്തപ്പന് മാത്രം കൃത്യം പാസ്സ്മാർക്ക്, ബാക്കിയുള്ളവർക്കൊക്കെ ഫുൾ A+ ഉം A യും ഗ്രേഡുകൾ. തുടർന്നങ്ങോട്ടും മണ്ടത്തരങ്ങൾ തന്നെ ചെയ്തു. കഷ്ടപ്പെട്ട് പാസ്സായ സർക്കാർ പ്യൂൺ ജോലിക്കായുള്ള ഇൻറർവ്യൂ ഞായറാഴ്ച ആയതിനാൽ അന്തപ്പൻ പോയില്ല. ജോലിയും കിട്ടിയില്ല. ഞായറാഴ്ച അന്തപ്പന് കർത്താവിനായുള്ള ദിവസമായിരുന്നു.
അന്തപ്പേട്ടൻ അങ്ങനെ മണ്ടത്തരങ്ങൾ കാണിച്ച് തട്ടിയും മുട്ടിയും ജീവിച്ചു. ഭാര്യ റോസി അന്തപ്പേട്ടനെ പോലെ ഒരു മണ്ടി. പക്ഷേ വിശ്വാസ കാര്യത്തിൽ അന്തപ്പനെക്കാൾ മിടുക്കി. അഞ്ചു മക്കൾ - തന്റെ മണ്ടത്തരത്തിന്റെ അംശങ്ങൾ അവർക്കും പകർന്നു കൊടുത്തിരുന്നതിനാൽ അവരും തട്ടിയും മുട്ടിയും ഒക്കെ കുടുംബവും മക്കളും ഒക്കെയായി ജീവിക്കുന്നു.
അന്തപ്പേട്ടൻ മരിച്ചു. ഭാഗ്യം കഷ്ടപ്പാടിന്റെ നടുവിൽ നിന്നും രക്ഷപ്പെട്ടു എന്ന് പറയുകയേ നിവൃത്തിയുള്ളൂ. സ്വർഗ്ഗ കവാടത്തിൽ ഉഗ്രപ്രതാപിയായ പത്രോസ് ശ്ലീഹായുടെ മുൻപിൽ അന്തപ്പേട്ടനെ കൊണ്ടു നിർത്തി. പത്രോസ് തന്റെ പുസ്തകത്തിൽ നോക്കി. അന്തപ്പൻ - മണ്ടൻ എന്ന പേര് കണ്ടു; പത്രോസ് ചിരിച്ചു. പോയി പുറകിൽ നിൽക്കെടാ - പത്രോസ് ശ്ലീഹാ ആജ്ഞാപിച്ചു. അന്തപ്പൻ പേടിച്ചു വിറച്ചു പിറകിലേക്ക് നടന്നു. പോകുന്ന വഴിക്ക് തന്റെ പത്താം ക്ലാസ് സഹപാഠികളെ മുഴുവനും അവിടെ കണ്ട അന്തപ്പൻ അത്ഭുതപ്പെട്ടു. ഏറ്റവും പുറകിൽ പോയി നിന്നു. സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്ന ജോമോനെ പത്രോസ് ശ്ലീഹാ ആദ്യം വിളിച്ചു. പുസ്തകത്തിൽ അയാളുടെ ഈ ലോകത്തിലെ നേട്ടങ്ങൾ മുഴുവൻ രേഖപ്പെടുത്തിയിട്ടുണ്ട്. പത്രോസ് ശ്ലീഹാ എഴുന്നേറ്റുനിന്ന് അയാളെ അഭിനന്ദിച്ചു. പക്ഷേ നരകം വിധിച്ചു. ബാക്കി എല്ലാവരും ധാരാളം കാര്യങ്ങൾ ലോകത്തിൽ നേടിയിട്ടുണ്ട്. പക്ഷേ മിക്കവർക്കും നരകം തന്നെ കിട്ടി. ചിലർക്ക് ശുദ്ധീകരണ സ്ഥലം.
അന്തപ്പൻ തന്റെ ഊഴത്തിനായി കാത്തിരുന്നു. നരകത്തേക്കാൾ മോശം സ്ഥലം ഏതായിരിക്കും അന്തപ്പൻ ചിന്തിച്ചു. അവസാനം പത്രോസ് അന്തപ്പനെ വിളിച്ചു. പുസ്തകത്തിൽ നോക്കി ഒന്നുകൂടി ഊറിച്ചിരിച്ചു. അന്തപ്പൻ കീഴോട്ട് നോക്കി നിന്നു. പെട്ടെന്ന് അന്തപ്പന്റെ രൂപവും ഭാവവും മാറി. വസ്ത്രങ്ങൾ മഞ്ഞുപോലെ വെണ്മയുള്ളതായി, അന്തപ്പേട്ടൻ അതീവ സുന്ദരനായി .മാലാഖമാരോട് അന്തപ്പനെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാൻ പത്രോസ് ശ്ലീഹാ ആജ്ഞാപിച്ചു. അവിടെ അന്തപ്പേട്ടൻ എല്ലാവരെയും കണ്ടു. ഈശോയെ, മാതാവിനെ, സകല പുണ്യവാന്മാരെയും, വേദപാഠ ക്ലാസ്സിൽ ഈ മണ്ടത്തരങ്ങൾ ഒക്കെ പറഞ്ഞു പഠിപ്പിച്ച ലൂയിസാമ്മ ഒരു മൂലയ്ക്കിരുന്ന് ചിരിക്കുന്നു. ഇതെന്തുറക്കമാ മനുഷ്യാ..... പശുവിനെ കറന്നില്ല. ഇന്ന് പള്ളിയിൽ പോക്കും താമസിക്കും. റോസി ഏടത്തിയുടെ ശകാരം കേട്ട് ഉറക്കമുണർന്നു. "നിങ്ങൾ പ്രത്യാശയുടെ തീർത്ഥാടകരാകണം"- വികാരിഅച്ചന്റെ തലേന്നത്തെ പ്രസംഗം അന്തപ്പേട്ടന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു..........
ഡോ. ജോണി തോമസ്.