Joy of Love in Family
'ഈ ജീവിതം വിട്ടു പോകാൻ തുടങ്ങുന്നവർക്ക് സഭ രോഗിലേപനത്തിനു പുറമേ തിരുപ്പാഥേയ൦ എന്ന നിലയിൽ ദിവ്യകാരുണ്യവും നൽകുന്നു...... മാമോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം എന്നീ കൂദാശകൾ, "ക്രൈസ്തവ പ്രാരംഭത്തിന്റെ കൂദാശകൾ" എന്ന പേരിൽ ഐക്യപ്പെട്ടിരിക്കുന്നത് പോലെ തന്നെ, അനുതാപ കൂദാശ, രോഗിലേപനം, തിരുപാഥേയമായ ദിവ്യകാരുണ്യം എന്നിവ ക്രൈസ്തവ ജീവിതത്തിന്റെ അന്ത്യത്തിൽ "സ്വർഗ്ഗീയ പിതൃഭവനത്തിലേക്ക് ഒരുക്കുന്ന കൂദാശകൾ അഥവാ ഭൗമിക തീർത്ഥാടനത്തെ പൂർത്തിയാക്കുന്ന കൂദാശകൾ എന്ന നിലയിൽ ഐക്യപ്പെട്ടിരിക്കുന്നു. (CCC-1524-2).
ഓരോ ക്രൈസ്തവനെയും സംബന്ധിച്ചിടത്തോളം ഈ ലോക ജീവിതം ഒരു തീർത്ഥാടനമാണ്,'We are the pilgrim people of God'എന്നാണ് നാം അറിയപ്പെടുന്നത്. "ഭൂമിയിൽ ഞാനൊരു പരദേശിയാണ്;തീർത്ഥാടകനായ ഞാൻ പാർക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങൾ ആയിരുന്നു എന്റെഗാനം"(സങ്കീ 119 :19, 54 ).
ഈ ലോക ജീവിതത്തിൽ ജീവിക്കുമ്പോൾ ഈ ഭൂമി നശ്വരമാണെന്നും അനശ്വരമായ സ്വർഗീയ ഭവനം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് നാം ഓരോരുത്തരും എന്ന ബോദ്ധ്യം നമ്മെ നയിക്കണം. "ഞങ്ങൾ വസിക്കുന്ന ഭൗമിക ഭവനം നശിച്ചു പോകുമെങ്കിലും കരങ്ങളാൽ നിർമ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തിൽ നിന്നുള്ളതുമായ സ്വർഗീയ ഭവനം ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾ അറിയുന്നു" (2 കൊറിന്തോസ് 5 : 1). ഈശോ സ്വർഗം വിട്ടിറങ്ങി വന്ന് മനുഷ്യനെ പാപത്തിൽ നിന്ന് രക്ഷിച്ച് നിത്യജീവനിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു. ഈ ജൂബിലി വർഷത്തിൽ ലോകമെമ്പാടും പ്രത്യേകമായി തുറന്നിട്ടുള്ള Holy Door ലൂടെയുള്ള കടന്നുപോകൽ നിത്യ ജീവനിലേക്കുള്ള വാതിൽ കടക്കുന്നതിന്റെ പ്രതീകാത്മ ചിത്രമാണ്. പ്രത്യാശയുടെ തീർത്ഥാടകർ എന്ന മുദ്രാവാക്യവുമായി ജൂബിലി വർഷത്തിൽ മുന്നേറുന്ന ഓരോ ക്രൈസ്തവനും നിത്യജീവിതത്തെ മുന്നിൽ കണ്ടു വേണം ഈ ജീവിതത്തിലെ സഹനങ്ങളെ നേരിടാൻ.
കഴിഞ്ഞ മെയ് മാസത്തിൽ ലോഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 11 ദിവസം നീണ്ടുനിൽക്കുന്ന ജൂബിലി ഓഫ് ഫാമിലീസ്, റോം തീർഥാടനത്തിൽ പങ്കെടുത്തപ്പോഴും നമ്മൾ എല്ലാവരും സ്വർഗ്ഗം ലക്ഷ്യമാക്കിയുള്ള തീർത്ഥാടനത്തിലാണ് എന്ന ചിന്ത പലപ്പോഴും നയിച്ചിരുന്നു. യാത്രക്കിടയിൽ വിശുദ്ധ കുർബാന മുടങ്ങരുത് എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം എന്ന് ആത്മാർത്ഥമായി നാം ആഗ്രഹിക്കുമ്പോൾ ഒരു സാധ്യതയും ഇല്ലാത്തപ്പോഴും തമ്പുരാൻ വിശുദ്ധ കുർബാന ഒരുക്കിവെച്ച് കാത്തിരിക്കുന്നത് ജീവിതത്തിൽ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. "യേശു പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ" (യോഹന്നാൻ 21: 12). ഈശോയുടെ കുരിശു മരണത്തിനുശേഷം നിരാശയിൽ മുങ്ങിപ്പോയ മീൻ പിടിക്കാൻ പോയ ശിഷ്യന്മാരുടെ അടുത്ത് വന്ന് അവർക്ക് വീണ്ടും പ്രത്യാശ പകർന്ന് അവർക്കുവേണ്ടി പ്രാതൽ ഒരുക്കി കാത്തിരിക്കുന്ന തമ്പുരാന്റെ ചിത്രം എത്രയോ മനോഹരമാണ് .
ഞങ്ങളുടെ ജൂബിലി യാത്രയുടെ അവസാന ഒരുക്കങ്ങളിലേക്ക് എത്തുമ്പോഴും ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു വൈദികൻ ഉണ്ടായിരുന്നില്ല. വരാമെന്ന് പറഞ്ഞിരുന്ന അച്ചൻ പിന്നീട് വരാൻ സാധിക്കില്ല എന്ന് അറിയിച്ചു. എങ്കിലും ദൈവത്തിന്റെ പ്രത്യേക ഇടപെടൽ എന്നപോലെ അവസാന സമയത്ത് ഞങ്ങളുടെ സുഹൃത്തായ വൈദികൻ അമ്മയോടൊപ്പം ഞങ്ങളുടെ യാത്രയുടെ ഭാഗമായത് വലിയൊരു ദൈവാനുഗ്രഹമായി തിരിച്ചറിയുന്നു. നമുക്കായി പ്രാതലൊരുക്കി കാത്തിരിക്കുന്ന തമ്പുരാൻ, ഞങ്ങളുടെ ജൂബിലി യാത്രയിൽ അങ്ങിനെ വിശുദ്ധ കുർബാന- തീർത്ഥാടനത്തിനിടയിലെ വിശുദ്ധ ഭക്ഷണം- തിരുപ്പാഥേയം- മുടങ്ങാതിരിക്കാൻ ഉള്ള പിതാവായ ദൈവത്തിന്റെ വലിയ കരുതൽ ഞങ്ങൾ കണ്ടു.
പേജ് - 8ൽ തുടർന്ന് വായിക്കുക..
ഡോ.ജോർജ് ലിയോൺസ് &
അനി ജോർജ്
പേജ് - 1ൽ നിന്നും നിന്നും തുടരുന്നത്..
സഭയുടെയും ലോകത്തിന്റെയും ജീവിതകാലം തലമുറകളുടെ കടന്നുപോക്കിന്റെ വെളിച്ചത്തില്‍ മാത്രമേ മനസിലാക്കാന്‍ കഴിയുകയുള്ളു. ജീവിതം വര്‍ത്തമാനകാല നിമിഷങ്ങള്‍ക്കും അപ്പുറമാണെന്നും ഉപരിപ്ലവമായ കണ്ടുമുട്ടലുകളിലൂടെയും ക്ഷണികമായ ബന്ധങ്ങളിലൂടെയും പാഴാക്കാനുള്ളതല്ലെന്നും മനസിലാക്കാന്‍ വയോധികരെ സ്വീകരിക്കുന്നതിലൂടെ നമുക്കു സാധിക്കുന്നു. പകരം, ജീവിതം നമ്മെ നിരന്തരം ഭാവിയിലേക്കു വിരല്‍ചൂണ്ടുന്നു. വൃദ്ധനായ യാക്കോബ് തന്റെ പേരക്കുട്ടികളെ, ജോസഫിന്റെ മക്കളെ, അനുഗ്രഹിക്കുന്ന വികാരഭരിതമായ രംഗം ഉത്പത്തി പുസ്തകത്തില്‍ നമുക്കു കാണാം; ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്ന സമയമെന്ന നിലയില്‍, ഭാവിയെ പ്രത്യാശയോടെ നോക്കാനുള്ള ഒരു അഭ്യര്‍ത്ഥനയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ (cf. Gen 48:8-20). വൃദ്ധരുടെ ബലഹീനതയ്ക്ക് യുവാക്കളുടെ ശക്തി ആവശ്യമാണെന്നതു പോലെ ശരിയാണ്, ഭാവിയെ ബുദ്ധിപൂര്‍വ്വം കെട്ടിപ്പടുക്കുന്നതിനു യുവാക്കളുടെ പരിചയക്കുറവിന് പ്രായമാവരുടെ അനുഭവം ആവശ്യമാണെന്നതും. നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാർ, പരീക്ഷണ ഘട്ടങ്ങളില്‍, എത്രയോ തവണ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പൗരബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഓര്‍മ്മ ശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകങ്ങളായിരുന്നിട്ടുണ്ട്! പ്രത്യാശയോടും സ്‌നേഹത്തോടും അവര്‍ നമുക്കു കൈമാറിയ വിലയേറിയ പൈതൃകം എപ്പോഴും കൃതജ്ഞതയുടെ ഒരു ഉറവിടവും സ്ഥിരോത്സാഹത്തിനുള്ള ഒരു ആഹ്വാനവുമാണ്.
വയോധികര്‍ക്ക് പ്രത്യാശയുടെ അടയാളങ്ങള്‍
ബൈബിള്‍ കാലം മുതല്‍, ജൂബിലിയെ ഒരു വിമോചനത്തിനുള്ള സമയമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അടിമകളെ മോചിപ്പിച്ചു, വായ്പകള്‍ ഇളച്ചുകൊടുത്തു, ഭൂമി അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കു തിരികെ നല്‍കി. ദൈവം ആഗ്രഹിച്ച പ്രകാരമുള്ള സാമൂഹിക ക്രമം പുനഃസ്ഥാപിക്കുകയും ദീര്‍ഘകാലമായി അടിഞ്ഞുകൂടിയ അസമത്വങ്ങളും അനീതികളും പരിഹരിക്കപ്പെടുകയും ചെയ്ത ഒരു സമയമായിരുന്നു ജൂബിലി. നസറത്തിലെ സിനഗോഗില്‍ ദരിദ്രര്‍ക്കു സുവിശേഷവും അന്ധര്‍ക്കു കാഴ്ചയും അടിമകള്‍ക്കും ദരിദ്രര്‍ക്കും മോചനവും പ്രഖ്യാപിച്ചപ്പോള്‍ യേശു ആ വിമോചനത്തിന്റെ നിമിഷങ്ങളെ ഉണര്‍ത്തുകയായിരുന്നു (cf. Lk 4:16-21).
ജൂബിലിയുടെ ഈ ആത്മാവിലൂടെ വൃദ്ധരെ നാം വീക്ഷിക്കുമ്പോള്‍, പ്രത്യേകിച്ച് ഏകാന്തതയില്‍ നിന്നും ഉപേക്ഷിക്കലില്‍ നിന്നുമുള്ള മോചനം അനുഭവിക്കാന്‍ അവരെ സഹായിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഈ വര്‍ഷം. തന്റെ വാഗ്ദാനങ്ങളോടുള്ള ദൈവത്തിന്റെ വിശ്വസ്തത നമ്മെ പഠിപ്പിക്കുന്നത്, വാര്‍ദ്ധക്യത്തിലും ഒരു അനുഗ്രഹമുണ്ടെന്നും വയോധികര്‍ പലപ്പോഴും അകപ്പെട്ടിരിക്കുന്ന നിസംഗതയുടെ അതിരുകളെ ഭേദിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സുവിശേഷത്തിന്റെ ഒരു യഥാര്‍ത്ഥ ആനന്ദമുണ്ടെന്നും ആണ്. നമ്മുടെ സമൂഹങ്ങള്‍, ലോകത്തെല്ലായിടത്തും അവരുടെ ജീവിതത്തിന്റെ പ്രധാനവും സമ്പന്നവുമായ ഭാഗത്തെ പാര്‍ശ്വവത്കരിക്കാനും വിസ്മൃതിയിലാക്കാനും അനുവദിക്കുന്നത് പതിവു ശീലമായി വളരുകയാണ്.
ഈ സാഹചര്യത്തില്‍, മുഴുവന്‍ സഭയും ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതു പ്രകടമാക്കുന്ന തരത്തിലുള്ള ഒരു മാറ്റത്തിനു ഗതിവേഗം ആവശ്യമാണ്. വയോധികരെ പതിവായി സന്ദര്‍ശിച്ചും അവര്‍ക്കൊപ്പവും അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥനയുടെ ശൃംഖലകള്‍ സൃഷ്ടിച്ചും വിസ്മൃതിയിലായെന്നു തോന്നുന്നവര്‍ക്ക് പ്രത്യാശയും അന്തസും പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ബന്ധങ്ങള്‍ കെട്ടിപ്പടുത്തും ഓരോ ഇടവകയും സംഘടനയും സഭാ സമൂഹവും കൃജ്ഞതയുടെയും കരുതലിന്റെയും ഈ 'വിപ്ലവത്തില്‍' ഒരു പ്രധാന കഥാപാത്രമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മെ ധീരരാക്കാനും വിശാലമായി ചിന്തിക്കാനും ഇപ്പോഴുള്ളതിലും മെച്ചമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനും ക്രിസ്തീയ പ്രത്യാശ എപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍, വയോധികര്‍ക്ക് അര്‍ഹമായ വാത്സല്യവും ബഹുമാനവും വീണ്ടും നല്‍കാന്‍ കഴിയുന്ന ഒരു മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.
പ്രധാനമായും ഒറ്റപ്പെട്ട വയോധികരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തോടെ മുത്തശ്ശീമുത്തശ്ശന്മാരുടെ ലോക ദിനം ആഘോഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രധാനമായും ആഗ്രഹിച്ചത് അതുകൊണ്ടാണ്. ഇക്കാരണത്താല്‍, ഈ വിശുദ്ധ വര്‍ഷത്തില്‍ തീര്‍ത്ഥാടനത്തിനായി റോമിലേക്കു വരാന്‍ കഴിയാത്തവര്‍ക്ക്, വയോധികരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം അവസരോചിതമായ സമയം ചെലവഴിച്ചാല്‍ ജൂബിലി ദണ്ഡവിമോചനം നേടാം... ഒരര്‍ത്ഥത്തില്‍ അവരില്‍ സന്നിഹിതരായിരിക്കുന്ന ക്രിസ്തുവിലേക്കുള്ള ഒരു തീര്‍ത്ഥാടനമാണത് (cf. Mt 25:34-36)" (APOSTOLIC PENITENTIARY, Norms for the Granting of the Jubilee Indulgence, III). വാർദ്ധക്യത്തിലുളള ഒരാളെ സന്ദർശിക്കുന്നത് നിസംഗതയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും നമ്മെ മോചിപ്പിക്കുന്ന യേശുവിനെ കണ്ടുമുട്ടാനുള്ള മാര്‍ഗ്ഗം കൂടിയാണത്.
വയോധികരെന്ന നിലയില്‍ നമുക്കു പ്രത്യാശിക്കാം
പ്രഭാഷകന്റെ പുസ്തകം പ്രത്യാശ നഷ്ടപ്പെടാത്തവരെ ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നു (cf. 14:2). ഒരു പക്ഷേ, പ്രത്യേകിച്ച് നമ്മുടെ ആയുസ് ദീര്‍ഘമെങ്കില്‍, ഭാവിയിലേക്കു നോക്കാതെ ഭൂതകാലത്തേക്കു നോക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നിരുന്നാലും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അവസാന ആശുപത്രിവാസക്കാലത്ത് എഴുതിയതുപോലെ, 'നമ്മുടെ ശരീരങ്ങള്‍ ദുര്‍ബ്ബലമാണ്, എന്നിരുന്നാലും സ്‌നേഹം, പ്രാര്‍ത്ഥന, സമര്‍പ്പണം എന്നിവയിലൂടെയും വിശ്വാസത്തിലും പ്രത്യാശയുടെ തിളക്കമാര്‍ന്ന അടയാളങ്ങളിലൂടെയും പരസ്പരം സഹായിക്കുന്നതില്‍ നിന്നും നമ്മെ തടുക്കാന്‍ യാതൊന്നിനും കഴിയില്ല പ്രഭാഷകന്റെ പുസ്തകം പ്രത്യാശ നഷ്ടപ്പെടാത്തവരെ ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നു" (Angelus, 16 March 2025). ഒരു ക്ലേശത്തിനും കവര്‍ന്നെടുക്കാന്‍ കഴിയാത്ത ഒരു സ്വാതന്ത്ര്യം നമുക്കുണ്ട്: സ്‌നേഹിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള സ്വാതന്ത്ര്യം. എല്ലാവര്‍ക്കും എല്ലായിപ്പോഴും സ്‌നേഹിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയും.
പ്രിയപ്പെട്ടവരോടുള്ള - നമ്മുടെ ജീവിതത്തില്‍ ഏറെയും ചെലവഴിച്ച ഭാര്യയോടോ ഭര്‍ത്താവിനോടോ നമ്മുടെ കുട്ടികളോടോ നമ്മുടെ ദിവസങ്ങള്‍ പ്രഭാപൂരിതമാക്കുന്ന നമ്മുടെ പേരക്കുട്ടികളോടോ - നമ്മുടെ സ്‌നേഹം നമ്മുടെ ശക്തി ക്ഷയിക്കുന്നതോടെ മങ്ങുന്നില്ല. തീര്‍ച്ചയായും അവരുടെ സ്‌നേഹം പലപ്പോഴും നമ്മുടെ ഊര്‍ജ്ജത്തെ പുനരുജ്ജീവിപ്പിക്കുകയും നമുക്കു പ്രത്യാശയും ആശ്വാസവും നല്‍കുകയും ചെയ്യുന്നു.
ദൈവത്തില്‍ തന്നെ വേരൂന്നിയ ഈ സജീവ സ്‌നേഹത്തിന്റെ അടയാളങ്ങള്‍ നമുക്കു ധൈര്യം നല്‍കുകയും 'ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു" (2 Cor 4:16). പ്രത്യേകിച്ച് നമ്മള്‍ പ്രായമാകുമ്പോള്‍, കര്‍ത്താവിലുള്ള വിശ്വാസത്തോടെ നമുക്കു മുന്നോട്ടു പോകാം. പ്രാര്‍ത്ഥനയിലൂടെയും കുര്‍ബ്ബാനയിലൂടെയുമുള്ള അവനുമായുള്ള ഓരോ സമാഗമവും നമ്മെ അനുദിനം നവീകരിക്കട്ടെ. വര്‍ഷങ്ങളായി നാം ജീവിച്ച വിശ്വാസം നമ്മുടെ കുടുംബങ്ങളിലുള്ളവര്‍ക്കും ദൈനംദിനം നാം കണ്ടുമുട്ടുന്ന മറ്റുള്ളവര്‍ക്കും സ്‌നേഹപൂര്‍വ്വം പകര്‍ന്നു നല്‍കുക. ദൈവിക നന്മയ്ക്കായി നമുക്ക് എപ്പോഴും അവനെ സ്തുതിക്കാം, നമ്മുടെ പ്രിയപ്പെട്ടവരുമായി ഐക്യം വളര്‍ത്തിയെടുക്കാം, അകലെയുള്ളവര്‍ക്കും, പ്രത്യേകിച്ച്, ആവശ്യക്കാര്‍ക്കും വേണ്ടി നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. ഈ രീതിയില്‍, നമ്മുടെ പ്രായം എത്രയായാലും, നാം പ്രത്യാശയുടെ അടയാളങ്ങളായിരിക്കും.
ലെയോ പതിനാലാമന്‍ മാര്‍പാപ്പ - (വത്തിക്കാനില്‍ നിന്നും, 2025 ജൂണ്‍ 26ന്)