Joy of Love in Family
പേജ് - 3ൽ നിന്നും നിന്നും തുടരുന്നത്..
1981 ജൂൺ 25 നാണ് പരിശുദ്ധ അമ്മ ഇവിടെ ആറ് കുട്ടികൾക്ക് ആദ്യമായി ദർശനം കൊടുക്കുന്നത്. ഇന്നും മുടങ്ങാതെ അമ്മ ഇവരെ ഒറ്റയ്ക്കു൦ ആൾക്കൂട്ടത്തിനിടയിലും വച്ച് കണ്ടു സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ആറ് പേരും വിവാഹിതരാണ്. ഓരോരുത്തർക്കും ഓരോ പ്രത്യേക നിയോഗ൦ മാതാവ് നൽകിയിട്ടുണ്ട്. ഇവാനെ അമ്മ ഏൽപ്പിച്ചത് യുവജനങ്ങൾക്കും, വൈദികർക്കു൦ വേണ്ടി പ്രാർത്ഥിക്കുവാൻ ആണ്. ഇദ്ദേഹത്തിന് മാതാവ് മുടങ്ങാതെ ദർശനം കൊടുത്തു കൊണ്ടിരിക്കുന്നു. മിരിയാനയോട് മാതാവ് പറഞ്ഞത്- വിശ്വാസമില്ലാത്തവർക്കും പിന്നെ ദൈവത്തിന്റെ സ്നേഹം ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർക്കു൦ വേണ്ടി പ്രാർത്ഥിക്കുവാൻ ആണ്. മാസത്തിന്റെ എല്ലാ രണ്ടാം തീയതിയും അമ്മ മിരിയാനക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇവാങ്കയെ അമ്മ ഏൽപ്പിച്ചത് കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആണ്. വർഷത്തിൽ ഒരിക്കൽ അമ്മ ഇപ്പോഴും ഇവളെ കാണുവാൻ വരാറുണ്ട്. ജാക്കോവിനെ അമ്മ കാണുന്നത് എല്ലാ ക്രിസ്തുമസ് രാത്രിയിലാണ്. രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനാണ് ആവശ്യപ്പെട്ടത്. മരിയയ്ക്ക് മാതാവ് ഇടയ്ക്കിടെ പ്രത്യക്ഷപെടാറുണ്ട്. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള ദൗത്യമാണ് മരിയയെ ഏൽപ്പിച്ചത്. വിക്കയ്ക്കും മാതാവ് ഇടയ്ക്കിടെ ദർശനം നൽകാറുണ്ട്. രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് അവൾക്കുള്ള ദൗത്യം. അമ്മയ്ക്ക് ഇവരോടും ഇവരിലൂടെ ലോകത്തോട് പറയാനുള്ളത് ഒന്നേയുള്ളൂ.... നിനക്ക് സാധിക്കുന്നതുപോലെ നന്നായി പ്രാർത്ഥിക്കുക, ബാക്കി ഈശോയും മാതാവും ചെയ്തുകൊള്ളും. അതാണ് ഇവിടെ മലകൾ ചുറ്റി കാവൽ നിൽക്കുന്ന അമ്മയുടെ നെഞ്ചോട് ചേർത്തുപിടിച്ചുള്ള ബോസ്നിയ-ഹെ൪സഗോവിനയിലുള്ള കൊച്ചു ഗ്രാമമായ മെഡ്ജുഗോറിയിൽ നടക്കുന്നത്.
മെഡ്ജുഗോറിയുടെ ആത്മീയത ഒരു ഇടവക പള്ളിയുടെ ആത്മീയതയാണ്. ഇടവക പള്ളിയെ ചുറ്റിപ്പറ്റിയാണ് എല്ലാം നടക്കുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മലയിലേക്ക് പോകുന്നതിനു മുമ്പ് ഈ ഇടവക ദേവാലയമുറ്റത്ത് വന്ന് പ്രാർത്ഥിച്ച്, മാനസാന്തരപ്പെട്ട്, കുമ്പസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ച് പിന്നെ ജപമാല ചൊല്ലി കൊണ്ടാണ് മലകയറുന്നത്. ഇവിടെ വരുന്നവരെ മാതാവ് രണ്ടുകയ്യും നീട്ടി സ്വീകരിച്ച്, അനുഗ്രഹിച്ച് ആത്മീയ നിർവൃതിയിലേക്ക് നയിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത രീതിയിൽ .........
അന്ന് രാത്രി ക്രൊയേഷ്യയിലെ സ്പില്റ്റിൽ(Split) നിന്നും ഞങ്ങൾ വീണ്ടും ഇറ്റലിയിലേക്ക് കപ്പൽ കയറി. പതിനൊന്ന് നിലകളുള്ള കപ്പലിന്റെ എട്ടാമത്തെ നിലയിലുള്ള കത്തോലിക്ക ചാപ്പൽ ഞങ്ങൾക്ക് ഒരു വിസ്മയമായിരുന്നു. ഇറ്റലിയുടെ മധ്യത്തിലായുള്ള അസ്സീസി പട്ടണത്തിലേക്കാണ് അടുത്ത യാത്ര ...കുന്നുകളും, മലകളും, പാലങ്ങളും, ടണലുകളും താണ്ടിയുള്ള യാത്ര..... പക്ഷേ സുന്ദര് കാഴ്ചകൾ ആയിരുന്നു, എല്ലായിടത്തും. പ്രകൃതിയിലെ ദൈവത്തിന്റെ കരവേലകൾ വാക്കുകൾ കൊണ്ട് വരച്ച് കാണിക്കാനാവില്ല. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെയും വിശുദ്ധ ക്ലാരയുടെയും ഭൗതികാവശിഷ്ടങ്ങൾ കണ്ടു വണങ്ങി. വിശുദ്ധ ഫ്രാൻസീസ് അസ്സീസി ക്രൂശിത രൂപത്തി൯ മുമ്പിൽ പ്രാർത്ഥിക്കുമ്പോൾ ക്രൂശിത രൂപത്തിൽ നിന്ന് ഒരു സ്വരം കേട്ടു. പ്രധാന അൾത്താരയുടെ ബലിപീഠത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രസ്തുത ക്രൂശിത രൂപവും ഞങ്ങൾ കണ്ടു വണങ്ങി. ദിവ്യകാരുണ്യത്തിന്റെ ശക്തിയിൽ അടിയുറച്ച് വിശ്വസിക്കുകയും, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ മുമ്പിൽ മുട്ടുകുത്തി സന്യാസത്തിലേക്ക് പ്രവേശിച്ച വിശുദ്ധ ക്ലാര പുണ്യവതിയുടെ അഴുകാത്ത ശരീരം കർത്താവ് ഈ വിശുദ്ധയെ എത്രത്തോളം പരിപാലിച്ചിരുന്നു എന്നതിന് ദൃഷ്ടാന്തമാണ് ...
ആധുനിക കാലഘട്ടത്തിൽ ജീവിച്ച് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി, ദൈവോചിതമായി ഉപയോഗിച്ച് വിശുദ്ധയിലേക്ക് വളർന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിന്റെ ഭൗതികശരീരം ഇന്നും അഴുകാതെ പുഞ്ചിരിയോടെ കിടക്കുന്നതു കണ്ടപ്പോൾ ഞങ്ങൾ ആനന്ദ കണ്ണീർ പൊഴിച്ചു. ഈശോയ്ക്ക് സജീവസാക്ഷ്യം വഹിക്കുന്നതായിരുന്നു ഹ്രസ്വമായ കാർലോയുടെ ജീവിതം. ദിവ്യകാരുണ്യമായിരുന്നു അവന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തതു വഴി അവൻ ഒരേസമയം ദിവ്യകാരുണ്യത്തിനോടുള്ള തന്റെ ഭക്തി പ്രദർശിപ്പിക്കുകയും ദിവ്യകാരുണ്യത്തിന്റെ ശക്തി ലോകത്തെ അറിയിക്കുകയും ചെയ്തു. ഈ കൊച്ചു വിശുദ്ധ ജീവിതം പ്രായഭേദമന്യേ ഞങ്ങൾക്ക് എല്ലാവർക്കും വലിയൊരു ഉത്തേജനം ആയി.
അടുത്ത സ്ഥലം ഇതിന്റെ തുടർച്ചയെന്ന പോലെയായിരുന്നു . ഇറ്റലിയിലെ ലാൻസിയാനോയിൽ ഫ്രാൻസിസ്കൻ സന്യാസവൈദികർ ഏറ്റെടുത്ത് നടത്തുന്ന ദേവാലയവും, അതിന്റെ പ്രധാന അൾത്താരയിൽ സൂക്ഷിച്ചിരുന്ന ഈശോയുടെ തിരുമാംസവും തിരുരക്തവും ഞങ്ങൾ ദർശിക്കുവാൻ ഇടയായത്. 1300 ൽ അധികം വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നു൦ വ്യക്തമായി കാണുന്ന ദിവ്യകാരുണ്യ അത്ഭുതം ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കുവാനും ഈശോയോട് ഐക്യപ്പെടുവാനും ഇടവരുത്തി. ഈശോ തന്റെ സാന്നിധ്യവും സ്വരൂപവും മനുഷ്യർക്ക് പലയിടങ്ങളിലും ഇന്നും വ്യക്തമാക്കി വെളിപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ട്. ഈശോയെ ആരാധിക്കാ൦, ഭക്തിയോടെ സ്വീകരിക്കാ൦, വിശുദ്ധി പ്രാപിക്കാം .....
അടുത്ത ദിവസം ഞങ്ങൾ സാൻ ജിയോവാനിയിലേക്കുള്ള യാത്രാമദ്ധേൃ ഓർത്തോണയിൽ ഇറങ്ങി. നമ്മുടെ അപ്പോസ്തലനായ മാർ തോമസ് ശ്ലീഹായുടെ തിരുശേഷിപ്പുകൾ സന്ദർശിച്ചു. അവിടുന്ന് വിശുദ്ധ പാദ്രേ പിയോ താമസിച്ചിരുന്ന പള്ളിയിൽ എത്തി. മനോഹരമായ ദേവാലയവും കബറിടവും സന്ദർശിച്ചു. വിശുദ്ധ പാദ്രോപിയോ അവസാന നാളുകളിൽ ബലിയർപ്പിച്ചിരുന്ന ചാപ്പലിൽ ഞങ്ങൾ വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചു. പഞ്ചക്ഷതങ്ങൾ ഏറ്റ വിശുദ്ധന്റെ തിരുശേഷിപ്പുകൾ, അദ്ദേഹം സ്ഥാപിച്ച ആശുപത്രി, ലോകത്തിലെ തന്നെ ഏറ്റവും വലിയ പിയാനോ എന്നിവ അവിടെ ഞങ്ങൾ കണ്ടു.
പിറ്റേദിവസം റോമിലേക്ക് .. അതിരാവിലെ ചരിത്ര പുരാതനമായ സാന്റാ അനസ്താസിയാ ബസിലിക്കയിലേക്ക്. കോൺസ്റ്റസ്റ്റയി൯ ചക്രവർത്തി സഭയ്ക്ക് സ്വാതന്ത്ര്യം നൽകിയതിനു ശേഷം റോമിൽ പണി കഴിപ്പിച്ച ആദ്യ ദേവാലയം. ഫ്രാൻസിസ് പാപ്പ ഈ ബസിലിക്ക സീറോ മലബാർ സഭയ്ക്കായി നൽകി. തൃശ്ശൂർ അതിരൂപതാ൦ഗമായ റവ . ഡോ ബാബു പാണാട്ടുപറമ്പിൽ അച്ചനാണ് ഇപ്പോഴത്തെ റെക്ടർ. അദ്ദേഹത്തിന്റെ സഹായത്താൽ രണ്ട് ദിവസം ഞങ്ങൾക്ക് ഈ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുവാൻ സാധിച്ചു. വിശുദ്ധനായ ജറോ൦ ഈ ബസിലിക്കയിൽ താമസിച്ച് ബലിയർപ്പിച്ചിരുന്നു. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും, മറിയത്തിന്റെ ശിരോവസ്ത്രവും , യൗസേപ്പിതാവിന്റെ മേലങ്കിയും ഈ ബസിലിക്കയിൽ സൂക്ഷിച്ചിട്ടുണ്ട്. റോമിൽ വരുന്ന സീറോ മലബാർ സഭാ വിശ്വാസികളുടെ സമൂഹങ്ങളിൽ ആദ്യമായി സീറോ മലബാർ റീത്തിൽ ഈ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചത് ഞങ്ങളാണ് എന്ന് റെക്ടർ അച്ചൻ സാക്ഷ്യപ്പെടുത്തി.
ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ റോമിലേക്ക് ആകർഷിക്കുന്ന പൗരാണികമായ വാസ്തുശിലയുടെ അവശിഷ്ടമാണ് കൊളോസിയം. ആർച്ച് രൂപത്തിലുള്ള ഒരു ആ൦ഫി തിയേറ്റർ ആണിത്. റോമൻ സാമ്രാജ്യത്തിൽ മതപീഢനം നടന്നിരുന്ന കാലഘട്ടത്തിൽ ക്രിസ്ത്യാനികളെ വന്യമൃഗങ്ങൾക്ക് ഇരയായി ഇട്ടുകൊടുത്ത്… അത് കണ്ട് ആസ്വദിക്കാൻ രാജാവും പരിവാരങ്ങളും ഒത്തുചേരുന്ന ഒരു തീയേറ്റർ. കൊളോസിയത്തിന്റെ ചില ഭാഗങ്ങൾ ജീർണ്ണിച്ചു തുടങ്ങിയെങ്കിലും അതിനെ പഴയപോലെ നിലനിർത്താൻ അധികാരികൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് കാണാൻ കഴിഞ്ഞു.
റോമിൽ പോപ്പിന്റേതായ നാല് മേജർ ബസിലിക്കകൾ ഉണ്ട്. ഈ ബസിലിക്കകളിൽ പ്രധാന അൾത്താരയിൽ പോപ്പിനായി വെളുത്ത നിറത്തിലുള്ള പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്. ജൂബിലി പ്രമാണിച്ച് ഈ നാല് ബസിലിക്കയിലെ പ്രധാന കവാടങ്ങൾ (Holy Door) ജൂബിലി വിശുദ്ധ കവാടങ്ങൾ ആയി മാർപാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിശുദ്ധ കവാടങ്ങളിലൂടെ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ഈ ജൂബിലി വർഷത്തിൽ ദണ്ഡ വിമോചനം ലഭിക്കുന്നതാണ്.
വത്തിക്കാനിലെ പ്രശസ്തമായ ഒരു ബസ്സിലിക്കയാണ് സാന്താ മരിയ മേജോറി (സെൻറ് മേരി മേജർ ബസിലിക്ക). ഈ ദേവാലയത്തിൽ അൾത്താരയുടെ താഴെ അടി പള്ളിയിൽ ബെത് ലേഹേമിലെ പുൽക്കൂടിന്റെ ഏതാനും ഭാഗങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ ലൂക്കാ വരച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രവും ഈ ദേവാലയത്തിൽ കാണാം. ഫ്രാൻസിസ് പാപ്പാ തന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്കു ശേഷം ആദ്യമായി ദിവ്യബലി അർപ്പിച്ചത് ഈ ദേവാലയത്തിലാണ്. അദ്ദേഹത്തിൻ്റെ കബറിടവും ഇവിടെ ആണ്.
ഉച്ചകഴിഞ്ഞ് ഞങ്ങൾ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ......ക്രിസ്തുവിന്റെ ശിഷ്യരിൽ പ്രധാനിയായ വിശുദ്ധ പത്രോസിന്റെ കബറിടം ഈ ദേവാലയത്തിലെ അൾത്താരയുടെ അടിഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ജോൺപോൾ രണ്ടാമന്റെയും കബറിടം ഈ ദേവാലയത്തിലാണ്. സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപത്ത് തന്നെയുള്ള അതിമനോഹരമായ കാഴ്ചകളിലൊന്നാണ് വത്തിക്കാൻ മ്യൂസിയം. കത്തോലിക്കാ സഭയുടെ പ്രൗഢിയും ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന അതിമനോഹരങ്ങളായ പെയിന്റിങ്ങുകൾ, വാസ്തു ശില്പങ്ങൾ, കൊത്തുപണികൾ അങ്ങനെ നിരവധി നിരവധി കാഴ്ചകൾ. മൈക്കൽ ആഞ്ചലോ, റാഫേൽ തുടങ്ങി വിശ്വപ്രസിദ്ധ കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെയുണ്ട്. ഈ മ്യൂസിയത്തോടു ചേർന്ന് തന്നെയാണ് സിസ്റ്റൈൻ ചാപ്പൽ. മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയായ ‘കോൺക്ലേവ്’ നടക്കുന്നത് ഈ സിസ്റ്റൈൻ ചാപ്പലിൽ വച്ചാണ്.
'നാഥാ നിനക്കായ് പാടി പാടിയെൻ' എന്ന ഗാനത്തിന്റെ രണ്ടാമത്തെ വരികൾ ഇത്രയും മനസ്സറിഞ്ഞ് ഒരിക്കലും ഞാൻ പാടിയിട്ടില്ല. "നിനക്കായേറെ നടന്നു നടന്നെന്റെ പാദം തളർന്നാൽ തളർന്നീടട്ടെ..." വത്തിക്കാൻ മ്യൂസിയം കണ്ട് നടക്കുമ്പോഴാണ് ഗാനത്തിന്റെ ഈരടികൾ എന്റെ മനസ്സിൽ വന്നത്. അന്ന് ഏകദേശം ഞങ്ങൾ 13 കിലോമീറ്റർ അധികം ദൂരം നടന്നു പിന്നിട്ടിരുന്നു .
പേജ് - 9ൽ തുടർന്ന് വായിക്കുക..