Joy of Love in Family
ആഗോള കത്തോലിക്കാ സഭ 2025 ജൂബിലി വ൪ഷമായി ആചരിക്കുന്ന ഈ സമയത്ത് പ്രത്യാശയുടെ സുവിശേഷo ലോകത്തിന്റെ അതി൪ത്തികൾ വരെ പ്രഘോഷിക്കാനു൦ അനുഭവിക്കുവാനു൦ തൃശ്ശൂ൪ അതിരൂപതയിൽ സ്ഥാപിതമായിരിക്കുന്ന ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (LOAF) ഒരുക്കിയ ഒരവസരമായിരുന്നു ജൂബിലി തീ൪ത്ഥാടന൦. പ്രത്യാശയുടെ ചൈതന്യത്തിൽ ജീവിക്കുവാനു൦ മറ്റുള്ളവർക്ക് പ്രത്യാശ പകരാനു൦ സഭാ മക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ദിവ൦ഗതനായ ഫ്രാ൯സീസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വ൪ഷാചരണത്തിന്റെ ഭാഗമായി മെയ്, ജൂൺ മാസത്തിൽ വത്തിക്കാനിൽ വച്ച് നടക്കുന്ന "ജൂബിലി ഓഫ് ഫാമിലീസ്" സംഗമത്തിൽ പങ്കെടുക്കുക എന്നതായിരുന്നു പരമമായ ലക്ഷ്യം. ഇരുപത് കുടുംബങ്ങൾ അടങ്ങുന്ന ഒരു ഗ്രൂപ്പ് ഇതിനായി രജിസ്റ്റർ ചെയ്ത് ഒരുക്കങ്ങൾ തുടങ്ങി. ക്രിസ്തുവിൽ എല്ലാം സാധ്യമാണ് എന്ന പ്രത്യാശയിൽ മുറുകെപ്പിടിച്ച് നടത്തിയ ക്രമീകരണങ്ങൾ ഏറെക്കുറെ വിജയകരമായി. മെയ് ഇരുപത്തിമൂന്നാം തീയതി ബഹുമാനപ്പെട്ട ഫാദർ ദേവ് അക്കര അച്ചന്റെ ആത്മീയ നേതൃത്വത്തിൽ ഗ്ലോറിയ ട്രാവൽസിന്റെ സഹകരണത്തോടു കൂടെയു൦, ലോഫിന്റെ ഭാരവാഹികളുടെ ഉത്തരവാദിത്വത്തിലു൦ ഞങ്ങൾ യാത്രതിരിച്ചു .
എല്ലാ യാത്രകളും ജീവിതത്തെ ആനന്ദിപ്പിച്ചേക്കാം, എന്നാൽ മറക്കാനാവാത്ത യാത്രകളാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. എത്രമാത്രം സത്യസന്ധമായും ആത്മാർത്ഥമായും ജീവിതത്തെ ഗൗരവമായെടുത്ത് യാത്ര നടത്തുന്നുവോ, അത്രമാത്രം യാത്രകൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കും .എങ്ങോട്ടാണ് യാത്ര എന്നതിലുപരി എന്തിനാണ് ഈ യാത്ര എന്നതാണ് പ്രധാനപ്പെട്ടത്. വളരെ നാളുകൾക്കു മുൻപേ പ്രാർത്ഥിച്ച് ഒരുങ്ങിയുള്ള ഞങ്ങളുടെ ഈ തീർത്ഥാടനം മറക്കാനാവാത്ത, ജീവിതത്തെ സ്വാധീനിച്ച ആത്മീയ ഉണർവ് നൽകിയ യാത്രയായിരുന്നു.
റോമുo വത്തിക്കാനും പാദുവായും മെഡ്ജുഗോറിയുമെല്ലാ൦ ഞങ്ങളുടെ മനസ്സിൽ മാറിമാറി ആവേശം വിതറുകയായിരുന്നു .
ഇറ്റലിയിലെത്തിയ ആദ്യദിനം മിലാനിലെ ബ്രഹ്മാണ്ഡമായ കത്തീഡ്രൽ കണ്ടശേഷം റോസാമിസ്റ്റിക്ക മാതാവിനെ കാണുന്നതിനായി യാത്രതിരിച്ചു. ഇറ്റലിയിലെ മോണ്ടിക്കാരിയിലെ ഒരു സാധാരണക്കാരിയായ "പിയ൪നാ ജെല്ലി"ക്ക് പ്രത്യക്ഷപ്പെട്ട റോസാമിസ്റ്റിക്കാ മാതാവിന്റെ ഗ്രോട്ടോ പൂക്കളാൽ അലങ്കരിച്ചിരുന്നു. ആ ഗ്രാമവു൦ ചാപ്പലിന്റെ പരിസരപ്രദേശങ്ങളുമെല്ലാം റോസാപ്പൂക്കളുടെ വർണ്ണവിസ്മയം കൊണ്ട് പൊതിഞ്ഞിരുന്നതായി കാണപ്പെട്ടു. അവിടെ ഞങ്ങൾ ദിവ്യബലി അർപ്പിച്ച് സഭയിൽ ഇനിയും അത്ഭുതങ്ങളും അനുഗ്രഹങ്ങളും നൽകി പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും അരൂപിയിലൂടെ സഭയെ വളർത്തണമെന്ന് പ്രാർത്ഥിച്ചു .
അടുത്ത ദിവസത്തെ യാത്ര അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ സവിധത്തിലേക്ക് ആയിരുന്നു. വിശുദ്ധ അന്തോണീസിന്റെ ഭക്തരായ ഞങ്ങൾക്ക് പാദുവായും വിശുദ്ധ അന്തോണീസിന്റെ കബറിടവും സന്ദർശിക്കുവാൻ അവസരം കിട്ടിയത് തന്നെ മഹാഭാഗ്യമാണ്. പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ ബസിലിക്കയുടെ സമീപം അന്തോണീസിന്റെ ശിഷ്യൻ വിശുദ്ധ ബോണയവെഞ്ച൪ പ്രാർത്ഥിക്കാൻ വന്നിരുന്ന മനോഹരമായ ചാപ്പലിൽ ഞങ്ങൾ ദിവ്യബലി അർപ്പിച്ചു. വിശുദ്ധന്റെ അഴുകാത്ത നാവും തിരുശേഷിപ്പുകളും വണങ്ങുവാൻ സാധിച്ചു. യാത്രയുടെ വിജയത്തിന് സമയനിഷ്ഠ ആവശ്യമാണെന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തിയ ടൂ൪ മാനേജർ ഞങ്ങളെ അവിടെനിന്നും നിർബന്ധമായി വിളിച്ചു കൊണ്ടു പോയി.
വെനീസിലേക്ക് പോകാൻ വേണ്ടി പാദുവായോട് യാത്ര പറയുമ്പോൾ ഞങ്ങൾക്ക് പാദുവായിൽ ചെലവഴിച്ചത് മതിയായില്ല എന്ന തോന്നലായിരുന്നു. പക്ഷേ നിശ്ചിത സമയം കൊണ്ട് ഉദ്ദേശിച്ച സ്ഥലങ്ങളിൽ എല്ലാം എത്തണമല്ലോ, അതുകൊണ്ട് വെനീസിനെ കേന്ദ്രമാക്കി ഞങ്ങളുടെ പ്രയാണമാര൦ഭിച്ചു. 118 ദ്വീപുകളുടെ സമുച്ചയമായ വെനീസിലേക്കുള്ള യാത്ര ബോട്ടിലായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജലപാതകൾക്കിടയിലൂടെയുള്ള യാത്ര വെനീസ് പട്ടണത്തിന്റെ സൗന്ദര്യം വിളിച്ചോതുന്നുണ്ടായിരുന്നു. നിരവധി പഴയ കെട്ടിടങ്ങളും ദേവാലയങ്ങളും യാത്രയിൽ കാണുവാൻ ഇടയായി. വി മാർക്കോസിന്റെ നാമധേയത്തിലുള്ള സ്ക്വയറും മനോഹരമായ ദേവാലയവും ഏറെ ആകർഷകമായി. പ്രധാനമായിട്ടുള്ളത് ഒരു സിംഹത്തിന്റെ പടമാണ് സുവിശേഷകനായ വിശുദ്ധ മാർക്കോസിന്റെ ചിഹ്നവു൦ സിംഹം തന്നെയാണല്ലോ!
തുടർന്ന് ഇറ്റലിയിലെ മനോഹരമായ താഴ് വരകളും, കൃഷിസ്ഥലങ്ങളും, മേപ്പിൾ മരങ്ങളും ഒലിവ് തോട്ടങ്ങളും താണ്ടി സ്ലൊവേനിയിലേക്ക് ഒരു ദീർഘ യാത്ര ....
രാവിലെ സെൻറ് സ്റ്റീഫന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച് (postojna 'പോസ്റ്റോജ്ന' ഗുഹ കാണുന്നതിനായി പോയി. ലോകത്തിലെ രണ്ടാമത്തെ വലിയ ഗുഹാസമുച്ചായമായ പോസ്റ്റോജ്ന ഗുഹ "പിവക്ക്" നദിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിശയിപ്പിക്കുന്ന ദൈവത്തിന്റെ കരവേല കണ്ട ഞങ്ങൾ സ്തംഭിച്ചു പോയി. ദൈവത്തിനു നന്ദി പറയുവാൻ വാക്കുകൾ തികയാതെ വന്നു.
ഇനി ലോക ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റുന്ന 'കത്തോലിക്കാ സഭയുടെ കുമ്പസാരക്കൂട്' എന്നറിയപ്പെടുന്ന മെഡ്ജുഗോറിയിലേക്ക് യാത്ര.... ഇതൊരു സാധാരണ യാത്രയല്ല, പ്രാർത്ഥനയുടെ യാത്രയാണ്. ദീർഘദൂര ബസ് യാത്രയിൽ ജപമാല മാത്രമായിരുന്നു മനസ്സിലും അധരത്തിലും ...
മെഡ്ജുഗോറി ഇടവകയുടെ സ൦രക്ഷണമുള്ള ഫ്രാ൯സിസ്കൻ വൈദികനെ കണ്ടു. അവിടുത്തെ ചാപ്പലിൽ ദിവ്യബലിയോടെ തുടക്കം. മറിയത്തിന്റെ മേലങ്കിക്കുള്ളിൽ അഭയം തേടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി ഇടവക ദേവാലയത്തിൽ പോയി ജപമാല തുടങ്ങി. എല്ലാവരും ഒരു പ്രത്യേക അനുഭൂതിയിൽ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ആയിരുന്നു. മെഡ്ജുഗോറിയിലെ അമ്മ തന്നെ പരിചയപ്പെടുത്തുന്നത് 'സമാധാനത്തിന്റെ അമ്മ' എന്നാണ്. സമാധാനം അതാണ് ദൈവത്തിന്റെ സ്വപ്നം. അതിനുവേണ്ടി പരിശുദ്ധ അമ്മ നമ്മെ സഹായിക്കും . പരിശുദ്ധ അമ്മ നമ്മുടെ കൂടെ ചേർന്നിരുന്ന് ഇവിടെ പ്രാർത്ഥിക്കുന്നതായി നമുക്ക് അനുഭവപ്പെടും. പേജ് - 9ൽ തുടർന്ന് വായിക്കുക..
ഷാജി പറമ്പൻ
St.പീറ്റേഴ്സ് ചർച്ച്,
നെഹ്‌റു നഗർ.
"പ്രത്യാശയിൽ സന്തോഷിക്കുവിൻ; ക്ലേശങ്ങളിൽ സഹന ശീലരായിരിക്കുവിൻ; പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുവിൻ” (റോമാ 12 : 12 )
"പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല ".
എന്റെ കുട്ടിക്കാലത്ത് എന്നെ ഏറ്റവും വിഷമിപ്പിച്ച രണ്ട് സംഭവങ്ങളാണ് രണ്ട് മരണങ്ങൾ. ഒന്ന് സ്കൂളിൽ പോകുന്ന വഴിയിൽ റെയിൽവേ ട്രാക്കിനടുത്ത് എന്തോ കാരണത്താൽ ആത്മഹത്യ ചെയ്ത് പുതപ്പിച്ചു കിടത്തിയ ഒരു സ്ത്രീയുടെ മൃതദേഹം. രണ്ടാമത് ഞങ്ങളുടെ തറവാട് വീടിന്റെ അടുത്ത് ഒരു മരണവീട്ടിൽ ചെന്നപ്പോൾ കണ്ട തണുത്ത തറയിൽ പുതപ്പിച്ച് കിടത്തിയ മൃതദേഹത്തിന്റെ മറക്കാത്ത രൂപം. ഏകദേശം രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇത് രണ്ടും കണ്ടത് .എന്റെ കുഞ്ഞു മനസ്സിൽ ധാരാളം സംശയങ്ങൾ ഉയർന്നു - മരണശേഷം എന്ത്? വർഷങ്ങളോളം പ്രതാപത്തോടെ ജീവിച്ച് ഒരുനാൾ നാം ഇല്ലാതാകുന്നുവോ? ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല, I do not exist after my death ???
പലസ്ഥലങ്ങളിലും പല സ്ക്കൂളുകളിലും മാറിമാറി ഓടി നടന്ന ഒരു കുട്ടിക്കാലത്ത് ,ഏകദേശം മൂന്നാം ക്ലാസ് വരെ വേദോപദേശം 'over head projection’ മാത്രമായിരുന്നു. പലപ്പോഴും വീട്ടുജോലിക്കാർ പറഞ്ഞു തന്നിട്ടുള്ള പേടിപ്പെടുത്തുന്ന കഥകളിൽ മരണം ഒരു വില്ലൻ കഥാപാത്രം തന്നെയായിരുന്നു. മരണത്തിനപ്പുറം വെറും ശൂന്യത ......ഈ ചിന്താധാരകൾക്ക് വിരാമം ഇട്ടത് ആദ്യകുർബാന സ്വീകരണത്തിനായി ഒരുക്കിയ എന്റെ പ്രിയപ്പെട്ട സിസ്റ്റേഴ്സ് ആയിരുന്നു. അപ്പ. പ്രവർത്തനങ്ങൾ 7:56 ഒരുവന്റെ മരണസമയം വിവരിക്കുന്നു; "അവൻ പറഞ്ഞു : ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും ഞാൻ ദർശിക്കുന്നു”. സഭയുടെ ആദ്യ രക്തസാക്ഷിയായ സ്തേഫാനോസിന്റെ മുഖം ദർശിച്ച് മാനസാന്തരപ്പെട്ട സാവൂൾ - വിശുദ്ധ പൗലോസ് നമുക്ക് ഏറ്റവും വലിയ പ്രത്യാശയുടെ പാഠം നൽകുന്നു.
പ്രത്യാശ തന്നെയാണ് നമ്മുടെ വിശ്വാസത്തിൻറെ അടിസ്ഥാനം. ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ കൂടി കടന്നു പോകുമ്പോൾ ഇതിനപ്പുറം ഒരു നിത്യ സൗഭാഗ്യം നമ്മെ കാത്തിരിക്കുന്നു എന്നുള്ള ഉറപ്പാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഏതൊരു രാത്രിയുടെ അന്ത്യത്തിലും ഒരു സൂര്യോദയം ഉണ്ടെന്നും, ഏതൊരു പേമാരിയുടെ അപ്പുറം ഒരു ശാന്തതയുണ്ടെന്നും, ഏതൊരു കൊടുങ്കാറ്റിനും ഒരു ശമനം ഉണ്ടാകുമെന്നും, ഏതൊരു പ്രളയത്തിനൊടുവിലും വെള്ളം ഇറങ്ങും എന്നുള്ള പ്രത്യാശ! ഇതുതന്നെയല്ലേ നമ്മെ അനുദിനം മുന്നോട്ടു നയിക്കുന്നത്?
ഈ ലോകത്തെ മുഴുവൻ സൃഷ്ടിച്ചു പരിപാലിക്കുന്ന എന്റെ കർത്താവ് തന്റെ തൊണ്ണൂറ്റിയൊൻപത് ആടിനെയും വിട്ടിട്ട് വഴി തെറ്റി അലയുന്ന എന്നെ തേടി വരുന്നവൻ ........ എന്റെ ദുഃഖ കാലങ്ങളിൽ എന്നെ തോളിലേറ്റി നടക്കുന്നവൻ ........., ഞാൻ പലപ്പോഴും ഹൃദയ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോഴും സ്നേഹത്തോടെ വാതിൽക്കൽ കാത്തിരിക്കുന്നവൻ......ഊതിയാൽ പറക്കുന്ന ഗോതമ്പത്തിന്റെ രൂപത്തിൽ എന്റെ ഓരോ അണുവിലേക്കും കടന്നു വരുന്നവൻ ........സ്വർഗ്ഗത്തിൽ വീട് ഒരുക്കി എന്നെ കാത്തിരിക്കുന്നു ....... - എന്തേ ഇനിയും ഞാൻ അമാന്തിക്കുന്നത്? എന്റെ ഈശോയെ ഈ ലോകത്തോട് ഏറ്റുപറയുവാൻ .....മരണശേഷം ശൂന്യത മാത്രമാണെന്ന് വിശ്വസിക്കുന്നവരോട്, നിരാശയുടെ പടുകുഴിയിൽ ജീവിതം തള്ളി നീക്കുന്നവരോട്, പാപത്തിൽ മുഴുകി ജീവിതം നാശത്തിലേക്ക് തള്ളി നീക്കുന്നവരോട്
പ്രത്യാശയിൽ മുന്നേറാൻ ഈശോ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
ഡോ. ബെറ്റ്‌സി തോമസ്
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
റോമ 5:5