Joy of Love in Family
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പ്രത്യാശയുടെ തീർത്ഥാടകരാകാനാണ്. പ്രത്യാശ നശിച്ചാൽ മനുഷ്യ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം അതീവ ദുഷ്കരമാകും. പ്രത്യാശ നശിച്ച സമൂഹം അതിവേഗം ഈ ലോകത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകും. ഈ ലോകത്തിന്റെ സുഖസൗഭാഗ്യങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സഹനങ്ങളുടെയും നശ്വരത തിരിച്ചറിഞ്ഞ് അവയ്ക്കൊക്കെ അപ്പുറത്തുള്ള അനശ്വരതയിലേക്ക്.... നിത്യജീവനിലേക്ക്.... സ്വർഗ്ഗ സൗഭാഗ്യത്തിലേക്കുള്ള തീർത്ഥാടനം ആണ് ഈ ലോക ജീവിതമെന്ന തിരിച്ചറിവ്, ഉത്തമ ബോധ്യമാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം. നമ്മുടെ ദൈവത്തിന്റെ അനന്ത സ്നേഹത്തിലും, കരുണയാലും അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യജീവനിലുമുള്ള ഉറച്ച വിശ്വാസമാണ് ഈ ബോധ്യത്തിലേക്ക് നമ്മെ എത്തിക്കുന്നത്.
യഥാർത്ഥ പ്രത്യാശ എന്നാൽ നല്ലത് മാത്രമേ ജീവിതത്തിൽ സംഭവിക്കാവൂ എന്ന ആഗ്രഹമല്ല; കഴിവുകളും അവസരങ്ങളും നഷ്ടപ്പെടുത്തി അലസമായി ജീവിച്ചാലും നമ്മെ രക്ഷിക്കാൻ ഒരു തമ്പുരാൻ ഉണ്ടെന്ന മിഥ്യാ ധാരണയുമല്ല; പിന്നെയോ അനുദിന ജീവിതത്തിലെ ഓരോ നിമിഷവും ദൈവം നമുക്ക് തന്നിട്ടുള്ള ചെറുതും വലുതുമായ കഴിവുകളും സാഹചര്യങ്ങളെ വികസിപ്പിക്കാനും വിനിയോഗിക്കാനും അത്യധ്വാനം ചെയ്തു കൊണ്ടിരിക്കുക. അതുവഴി നാം ആയിരിക്കുന്ന സമൂഹത്തിന് നന്മ ചെയ്യാൻ പരിശ്രമിക്കുക. എങ്കിൽ യഥാർത്ഥ ആനന്ദവും സംതൃപ്തിയും നമുക്ക് ലഭിക്കുമെന്ന് നമ്മെയും നമ്മുടെ കൂടെയുള്ളവരെയും നിത്യതയിലേക്ക് നയിക്കാൻ സാധിക്കും എന്നുമുള്ള വിശ്വാസമാണ് യഥാർത്ഥ പ്രത്യാശ. യഥാർത്ഥ പ്രത്യാശ നിഷ്ക്രിയമല്ല സജീവമാണ്.
കാൽവരിയിൽ പീഡകൾ സഹിച്ച് കുരിശിൽ മരിച്ച്, മൂന്നാം നാൾ ഉത്ഥാനം ചെയ്ത ഈശോയാണ് നമ്മുടെ പ്രത്യാശയുടെ ഉറവിടം. ക്രൂശിൻ ചുവട്ടിലെ നിസ്സഹായതയിലും ഈശോയിൽ ശരണപ്പെട്ട് പ്രതീക്ഷ കൈവെടിയാത്ത പരിശുദ്ധ അമ്മയാണ് നമ്മുടെ പ്രത്യാശയുടെ മാതൃക.
അനുദിന ജീവിതത്തിലെ കൊച്ചു കൊച്ചു സുഖങ്ങളുടെ നശ്വരത നമുക്ക് തിരിച്ചറിയാം. അവ തമ്പുരാന് വേണ്ടി വേണ്ടെന്ന് വയ്ക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും അനുഭവിക്കാൻ പരിശ്രമിക്കാം. ഉദാഹരണമായി വെളുപ്പിന് 5 മണിക്ക് എഴുന്നേറ്റ് ഒരുങ്ങി 6 മണിയുടെ ഇടവക ദേവാലയത്തിലെ ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദവും സംതൃപ്തിയും നമുക്ക് അനുഭവിക്കാം. അതുപോലെ കാലത്ത് ഏഴ് മണി വരെ കിടന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് നമുക്ക് തിരിച്ചറിയാം. അനുദിന ജീവിതത്തിൽ നമുക്ക് യഥാർത്ഥ പ്രത്യാശയുടെ തീർത്ഥാടകരാകാം…
ഡോ. ജോണി തോമസ് & ഡോ. ബെറ്റ്‌സി തോമസ്
ലോഫ് പ്രസിഡന്റ് ദമ്പതികൾ
ദൈവത്തെ മറക്കുന്നവരുടെ പാതയും അങ്ങനെതന്നെ; ദൈവഭക്തിയില്ലാത്തവന്‍റെ പ്രത്യാശ നശിക്കും.
ജോബ് 8 : 13'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല'. ( റോമ 5.5) ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലിയുടെ ആപ്തവാക്യമായി ജൂബിലി വർഷ പ്രഖ്യാപനത്തിൽ ലോകത്തെ ഓർമിപ്പിച്ച ദൈവ വചനം. വിവിധ മിനിസ്ട്രികളുടെ ജൂബിലി ആഘോഷങ്ങൾക്കൊപ്പം വത്തിക്കാനിൽ 2025 ജൂൺ ഒന്നാം തീയതി മാർപാപ്പയുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന അർപ്പണത്തിൽ പങ്കെടുത്ത് കുടുംബങ്ങളുടെ ജൂബിലി ആഘോഷ പരിപാടികളിൽ സംബന്ധിക്കുവാനായി തൃശൂർ അതിരൂപതയിലെ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലി (LOAF) സംഘടിപ്പിച്ച ജൂബിലി തീർത്ഥാടനത്തിന്റെ ഒരു യാത്രാക്കുറിപ്പ് വരുന്ന ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുകയാണ്.
ഭാഗം - 1
മെയ് 23, 2025 മുതൽ ജൂൺ 2, 2025 വരെ, 11 ദിവസം നീണ്ടുനിൽക്കുന്ന ഒരു തീർത്ഥാടനം. വലിയ തയ്യാറെടുപ്പുകളും പ്രാർത്ഥനകളും നടത്തി 17 കുടുംബങ്ങളിലെ 45 അംഗങ്ങൾ പങ്കെടുത്ത തീർത്ഥാടനം. 70 വയസ്സായ കുണ്ടുകുളങ്ങര പോളേട്ടനും ഭാര്യ ജെസ്സി പോൾ, ആളൂർ സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും ഇളയവനായ രണ്ടു വയസ്സുകാരൻ മിക്കയും ഉൾപ്പെടുന്ന 45 പേരുടെ സംഘം. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോറിയ ടൂർസ് ആയിരുന്നു ഇതിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിച്ചത്.
വിശുദ്ധ അന്തോനീസ് പുണ്യവാളനോടും, ഫ്രാൻസിസ് അസീസിയോടും, ക്‌ളാര പുണ്യവതിയോടും, പദ്രേ പിയായോടും പ്രാർത്ഥിക്കുമ്പോൾ ഓർത്തിട്ടുണ്ട് പലപ്പോഴും ഈ പുണ്യാത്മാക്കൾ ജീവിച്ചിരുന്ന സ്ഥലത്ത് പോകണമെന്നും അവരുടെ തിരുശേഷിപ്പുകൾ കണ്ടു വണങ്ങണമെന്നും. ആ വലിയ സൗഭാഗ്യത്തിന്റെ ദിനങ്ങൾ മനസ്സിൽ കണ്ടായിരുന്നു ഞങ്ങളുടെ തീർത്ഥാടനം മെയ് 23 നു തുടങ്ങിയത്.
45 പേർ അടങ്ങുന്ന ഈ സംഘത്തിലേ 35 പേർ കൊച്ചി വിമാനത്താവളത്തിൽ നിന്നും അന്നേദിവസം നാലു മണിക്കുള്ള ഖത്തർ എയർവെയ്സിൽ ദോഹ വഴി ഇറ്റലിയിലെ മിലാനിലേക്ക് പുറപ്പെട്ടു. ബാക്കി പത്തുപേർ രാത്രി 9 മണിക്ക് പുറപ്പെട്ട എത്തിഹാദ് വിമാനത്തിൽ അബുദാബി വഴി മിലാനിലേക്ക്.
പത്തു പേരടങ്ങുന്ന സംഘം കയറിയ എത്തിഹാദ് വിമാനം കൊച്ചിയിൽ നിന്നും കൃത്യസമയത്ത് തന്നെ പുറപ്പെട്ടെങ്കിലും സെക്യൂരിറ്റി കാരണം പറഞ്ഞ് 30 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്. അബുദാബി എയർപോർട്ടിൽ എത്തിയത് ഒരു മണിക്കൂർ വൈകിയായിരുന്നു. സമയം ഞങ്ങളുടെ വാച്ചിൽ രണ്ടു മണി. അബുദാബിയിൽ നിന്നും മിലാനിലേക്കുള്ള വിമാനം 2.10 നാണ് പുറപ്പെടേണ്ടത്. മിലാൻ വിമാനം കൃത്യസമയത്താണ് പുറപ്പെടുന്നതെങ്കിൽ എന്താകും എന്ന ഒരു അനാവശ്യ ടെൻഷൻ. ടൈം സോണിൽ അബുദാബി 2 മണിക്കൂർ പുറകിലാണ് എന്ന കാര്യം ഓർമ്മയിലേ വന്നില്ല. എയർപോർട്ടിലെ ക്ലോക്കിൽ നോക്കുമ്പോൾ സമയം രാത്രി 12 മണി. ആശ്വാസമായി ഇനിയും സമയമുണ്ട്. ട്രാൻസ്ഫർ ഫിർമാലിറ്റികളും സെക്യൂരിറ്റി ചെക്കും കഴിഞ്ഞ ഞങ്ങൾ വിമാനം കയറാനായി നിശ്ചിത ഗേറ്റിൽ എത്തിയപ്പോൾ അവിടെ വലിയ ക്യൂ. ഞങ്ങളുടെ ഊഴം കാത്തുനിന്ന് വിമാനത്തിൽ ബോർഡ് ചെയ്തു. അബുദാബി ടൈം 2.15ന് തന്നെ മിലാനിലേക്ക് വിമാനം പുറപ്പെട്ടു. പിന്നെ ചെറിയ സ്നാക്കൊക്കെ കഴിച്ച് ഉറക്കത്തിലേക്ക്. 6 മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രയിൽ രാവിലെ വിമാനത്തിൽ വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ്. മിലാനിൽ വിമാനം എത്തിയത് അരമണിക്കൂർ വൈകിയാണ്.
ആദ്യം പുറപ്പെട്ട വരും ഞങ്ങളും 15 മിനിറ്റിന്റെ വ്യത്യാസത്തിൽ 24)o തീയതി രാവിലെ 8. 15ന് മിലാൻ എയർപോർട്ടിൽ ഒത്തുചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കുവാനും ഇനിയുള്ള ഞങ്ങളുടെ പത്ത് ദിവസങ്ങളെ ഏകോപിപ്പിക്കുവാനുമായി ഗ്ലോറിയയുടെ പ്രതിനിധി തോമസ് ചേട്ടനും ഞങ്ങൾക്ക് ഇനി യാത്ര ചെയ്യാനുള്ള ബസിന്റെ സാരഥിയായി പോളണ്ട്കാരൻ മാത്യുവും റെഡി.
ഇറ്റലിയിലെ ഗതാഗത നിയമങ്ങളുടെ കാർക്കശ്യം കൊണ്ടാവാം ഡ്രൈവർ (പൊതുവേ ഒരു പരുക്കൻ ആണെന്ന് ലഗേജ് കയറ്റിയപ്പോൾ തോന്നിപ്പിച്ച) മനുഷ്യൻ അല്പം കലിപ്പിലായിരുന്നു.( പിന്നീട് ഞങ്ങളുടെ യാത്രയുടെ ഏതാണ്ട് അവസാനത്തിന് മുമ്പ് അദ്ദേഹവുമായി ഒരു സൗഹൃദ സംഭാഷണത്തിൽ ഇപ്പോഴും അവിവാഹിതനായി കഴിയുന്ന പോളണ്ടിൽ സഹോദരിയും അമ്മയുമൊക്കെയുള്ള ഈ മനുഷ്യൻ എത്ര സൗമ്യൻ ആയിരുന്നു എന്ന് മനസ്സിലായി. നമ്മുടെ മറ്റുള്ളവരെ പറ്റിയുള്ള ചില ധാരണകൾ ശരിയായിരിക്കണം എന്ന് ഇല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ ഒരു അവസരം കൂടി) .
പാസ്പോർട്ട് വെരിഫിക്കേഷൻ എമിഗ്രേഷൻ എന്നിവയൊക്കെ കഴിഞ്ഞ് ബസ്സിലേക്ക് കയറുവാൻ തുടങ്ങുമ്പോഴാണ് അറിയുന്നത് ഞങ്ങളുടെ കൂടെയുള്ള എയ്ഞ്ചൽ ആർമിയുടെ സാരഥികളായ ജോസഫിന്റെയും മേരിയുടെയും പേഴ്സ് കാണാനില്ല. എല്ലായിടത്തും അന്വേഷണം. 'പുത്തരിയിൽ കല്ലുകടി' ആണോ എന്ന ചില സംസാരവും അടക്കം പറിച്ചിലും കേട്ടെങ്കിലും അത് ദൈവ പദ്ധതിയാണെന്ന് വിശ്വസിക്കാനാണ് ഏറെ പേരും ശ്രമിച്ചത്. കാണാതെ പോകുന്ന വസ്തുക്കളെ കാണിച്ചു കൊടുക്കുന്ന അന്തോനീസ് പുണ്യാളനും നിവേദനം പോയി. എയർക്രാഫ്റ്റിൽ അത് വീണിട്ടുണ്ടാകാം എന്ന നിഗമനത്തിൽ അന്വേഷിച്ചപ്പോൾ അവിടെ കണ്ടെത്തി .എന്നാൽ എയർക്രാഫ്റ്റിലേക്ക് തിരിച്ചുപോകുവാൻ അനുവാദമില്ലാതിരുന്നതിനാൽ ആ പേഴ്സ് തിരിച്ചു കിട്ടുന്നവരെയും ഞങ്ങൾ അവിടെ കാത്തിരുന്നു. രാവിലത്തെ ഭക്ഷണം ഫ്‌ളൈറ്റിൽ കിട്ടിയിരുന്നതിനാൽ എല്ലാവരും പേഴ്സ് ലഭിക്കുന്നിടം വരെ കാത്തിരിക്കുകയും ഗൂഗിൾ മീറ്റിലൂടെയും മറ്റും കണ്ടിട്ടുള്ള ആളുകളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു.
ഏതായാലും ഷെഡ്യൂൾ ചെയ്ത സമയത്തിൽ നിന്നും ഒരു മണിക്കൂർ കൂടി വൈകിയതിനാൽ ഗ്ലോറിയയുടെ തോമസ് ചേട്ടന് ആദ്യദിവസത്തെ പ്രോഗ്രാം എങ്ങനെയാകും എന്ന് ചെറിയ ടെൻഷൻ. ഞങ്ങൾ ബസ്സിൽ കയറി സന്ദർശന പരിപാടിയിൽ ഉണ്ടായിരുന്ന മിലാൻ ടൗണിലേക്ക് പുറപ്പെട്ടു. പേജ് - 10ൽ തുടർന്ന് വായിക്കുക..
അഗസ്റ്റിൻ ജോസഫ്, മിസ്സിയോ, കറുകുറ്റി